കൊന്ന പൂക്കവെ
കണ്ണാ, യെന്നകതാരിൽ
നിറന്ന പീലിയായ്
കുളിർമ്മ പകരുമൊ
കാണാവിഷുക്കിളി
നീട്ടിക്കുറുകവെ
കണിപ്പാത്രം നിറയ്‌ക്കാനൊരു
ചിന്ത് കടം തരുമോ
ഏറുപടക്കങ്ങളാൽ
ചേട്ടയെ ചിട്ടയിൽ
മുട്ടുകുത്തിപ്പാനുൾ
ക്കരുത്തേകുമൊ;
ഉള്ളതുള്ളതായ്
കാണുവാനുള്ളൊരുള്ളം
തരുമൊ കണിക്കൈനീട്ടമായ്
മുൾമുനയിലെൻ കാലടികൾ
പാപരക്തം ചൊരിയവെ
കരുണ കാട്ടുമൊ
ചൂണ്ടിക്കാട്ടുവാൻ
തീർത്ഥസംഗമത്തിന്നുറവ
കീറിയതാമെൻ
കോടിയിണപ്പുടവ
തുന്നിപ്പിടിപ്പിക്കുവാൻ
സമയം തരുമൊ;
നൽകുമൊ സമ്മതം
പൊട്ടിച്ചുതീർക്കുവാൻ
സഞ്ചിതകർമ്മപ്പടക്കങ്ങളൊക്കെയും.
Generated from archived content: poem1_apr10_07.html Author: venu_nambyar
Click this button or press Ctrl+G to toggle between Malayalam and English