റൊട്ടിക്കുവേണ്ടി മറുനാട്ടിൽ
ആത്മാവ് വറ്റിവറട്ടിക്കും
കോലങ്ങൾക്കിടയിലീ
കോലത്തുകാരനും.
നിറയില്ല പുത്തരിയില്ലാതിരയില്ല
തിരിയുന്ന പമ്പരം ജീവിതം.
വിഷുവിനു ലീവ് കിട്ടാതെ പൊട്ടിക്കുന്നു
കുപ്പി, കുടിച്ചു കൂത്താടുന്നു ലോഡ്‌ജിൽ
ഒരു പെഗ്ഗ് കൊന്നക്കായ്
ഒരു പെഗ്ഗ് കോയക്കായ്
ഒരു പെഗ്ഗ് കിട്ടാക്കൈനേട്ടത്തിനായ്
ഒരു പെഗ്ഗ് നൽകാൻ മറന്ന കൈനീട്ടത്തിനായ്
കണ്ണെഴുതിക്കുറിയിട്ടിമയൊന്നു ചിമ്മാതെ
കാത്തിരിക്കും കണിക്കരളിനൊരു പെഗ്ഗ്.
അച്ഛൻ മരിച്ചപ്പോൾ
അമ്മാവൻ ചത്തപ്പോൾ
അച്ചമ്മ പോയപ്പോൾ
കേവഞ്ചിയിക്കരെ!
തുഴഞ്ഞാലുമെത്ര തുഴഞ്ഞാലും
അക്കര കാണില്ലയെന്റെ കേവഞ്ചി
ആത്‌മാക്കൾ വെളളപ്പുകയായ്
നഭസ്സിലലിഞ്ഞാലും
കാണ്‌മാൻ കൊതിച്ചോരെ
കാണുവാനായ്‌ക്കണ്ണ്
കനലായൊളിഞ്ഞുനിൽപ്പൂ
ചിതാഭസ്‌മത്തിൽ!
ഒരു കുമ്പിൾ ഭസ്‌മത്തിനായെരിയുന്നു ഞാൻ
ഏന്റെ നാടേതു വീടേതു കൂടേതു?
മുറിച്ചിട്ട പൊക്കിൾക്കൊടി വിലപിക്കുന്നുഃ
ചുറ്റിവരിയട്ടെ ഞാനൊന്നു നിന്നെ
വരികയില്ലേ ഏന്റെയരികത്ത് നീ!
Generated from archived content: poem1_apr10.html Author: venu_nambyar