ഇരുണ്ട നിഴലിൽ
ചർക്കയുടെ മൗനസാധകം;
പതിതപാവനന്റെ ഗദ്‌ഗദമുയരുന്നു.
വെടിയുണ്ട നിരപരാധിയുടെ
നെഞ്ച് തേടുന്നു;
സബർമതി വിലപിക്കുന്നു.
ഇരുകണ്ണിലൊന്ന് ചൂഴ്‌ന്നെടുത്ത്
ഒരു നോക്കുകുത്തിയാക്കിത്തീർത്തത്
കണ്ണേറ് തട്ടരുതെന്ന വാശി കൊണ്ടാണോ?
ഹേ റാം, ഗാന്ധിയുടെ വടി ഉത്തരാശ്രമത്തിൽ
ഇന്ത്യയുടെ സുഷുമ്നാകാണ്ഡമായിരുന്നെങ്കിൽ!
രക്തംപുരണ്ട കള്ളനോട്ടുകളിൽ
ആശൈശവച്ചിരി കാണുമ്പോൾ
കരളുള്ളവന്റെ കണ്ണ് നനഞ്ഞുപോകും.
വെപ്പുപല്ലിന്റെ മഹത്വം മാത്രമറിവുള്ള
മന്ത്രിമാർക്കിടയിൽ, ദന്തരഹിതമായ
ആ വായ ഒറ്റപ്പെട്ടിരിക്കുന്നു.
ചരിത്രപുസ്തകത്തിന്റെ
അടിക്കുറിപ്പുകളിൽ വാലൻപുഴുക്കൾ
തുരന്നിട്ട സുഷിരങ്ങൾപോലെ
ദരിദ്രനാരായണന്റെ കാലത്തിന്
ഓട്ട വീണിരിക്കുന്നു.
കാൽനടയാത്രകൾക്കു
തപ്പുകൊട്ടിയ സവാരിവടിക്കു
മുളങ്കാട്ടിലേക്കുള്ള മടക്കയാത്രയിൽ
വഴി തെറ്റുമോ?
മുഖംമൂടി ധരിച്ച
മായാവികളുടെ കയ്യിൽ
വടി പടം കാട്ടിപ്പേടിപ്പിക്കയാണ്
വടിതന്നെ ഇപ്പോൾ മകുടിയും പാമ്പാട്ടിയും!
ദൃശ്യത്തെ അദൃശ്യംകൊണ്ടും
ഹിംസയെ അഹിംസകൊണ്ടും സഹിച്ച
എളിയവരിലും എളിയവനായ
മഹാത്മാവിന്റെ മെതിയടിയും തലയിൽവെച്ച്
അധികാരഭൈരവന്മാർ
ചെരിപ്പിടാതെ ഊരുചുറ്റട്ടെ,
ഇന്ത്യക്ക് മോക്ഷം കിട്ടും,
ഗാന്ധിക്കും!
കുറിപ്പ് ഃ ഗാന്ധിജിക്ക് കൃത്രിമപ്പല്ലിന്റെ ഒരു സെറ്റുണ്ടായിരുന്നെങ്കിലും
അദ്ദേഹം അത് ഭക്ഷണം ചവയ്‌ക്കുവാൻ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.
വെപ്പുപല്ല് പ്രായം കുറച്ച് കാണിക്കുമെന്നതിനാൽ പുറത്തിറങ്ങുമ്പോൾ
അദ്ദേഹം അത് ഉപയോഗിച്ചിരുന്നില്ല.
Generated from archived content: poe1_sept29_07.html Author: venu_nambyar