ഓയിൽ ഷോക്ക്‌

എണ്ണക്ക്‌ തീവില. ബാരലിനു നൂറ്റിനാൽപ്പത്തിയേഴ്‌ ഡോളർ. താമസിയാതെ സൂചിക ഇരുനൂറിൽ മുട്ടുമെന്നാണ്‌ അങ്ങാടിനിരീക്ഷകരുടെ നിഗമനം. ഇങ്ങനെ പോയാൽ ലോകം എവിടെയെത്തും. ഇത്‌ എണ്ണക്കിണർമുതലകളുടെ ആതങ്കവാദമല്ലേ. പിന്തിരിപ്പൻ എണ്ണച്ചൂതാട്ടക്കാർ ആഗോളജീവിതത്തിനു പാര വെക്കുകയല്ലേ. ബുദ്ധിമാന്മാർ ചിന്തിക്കേണ്ടതാണ്‌. Diamonds are for ever, but not oil. പെട്രോളിനുപകരം പച്ചവെളളം കൊണ്ട്‌ വണ്ടിയോടിക്കാനുളള സാങ്കേതികവിദ്യ ശാസ്‌ത്രജ്ഞജൂതർ എന്തുകൊണ്ട്‌ കണ്ടുപിടിക്കുന്നില്ല.

പണ്ട്‌ നമ്മൾ ഭാരതീയർ എന്തൊക്കെ എന്തൊക്കെ കണ്ടുപിടിച്ചില്ല. പൂജ്യം മുതൽ പുഷ്‌പകവിമാനംവരെ കണ്ടുപിടിച്ചത്‌ നമ്മളല്ലേ. ലോകത്തെ എണ്ണാൻ പഠിപ്പിച്ചത്‌ ആരാ. ലോകത്തിനു വാരിക്കോരിത്തിന്നാൻ ച്യവനപ്രാശം കണ്ടുപിടിച്ചതാരാ. പറയുമ്പോൾ പറയണമല്ലൊ, നളന്ദയും തക്ഷശിലയും ഹാർവാഡിലും ഓക്‌സ്‌ഫോർഡിലുമായിരുന്നൊ.

പൗരാണികകാലത്ത്‌ ദൈവങ്ങൾ പക്ഷിമൃഗാദികളെ വാഹനങ്ങളാക്കി എണ്ണയുടെ ഓശാരം കൂടാതെ കാലക്ഷേപം ചെയ്‌തിരുന്നു. ധർമ്മത്തെ പുഷ്‌പസമാനം സംസ്ഥാപിച്ചിരുന്നു. ശ്രീകൃഷ്‌ണൻ ഗരുഡനെ വാഹനമായി വരിച്ചപ്പോൾ ഗണപതി എലി എന്ന ലാംബ്രട്ടയെ ഉപയോഗിച്ചു. ആ വാഹനങ്ങൾ മറിഞ്ഞതായോ കൂട്ടിയിടിച്ചതായോ കാർബൺ മോണോക്‌സൈഡ്‌ പുറത്തുവിട്ട്‌ അന്തരീക്ഷത്തെ മലിനീകരിച്ചതായോ റിപ്പോർട്ടില്ല. അത്തരം വാഹനങ്ങളെ അധുനാതനകാലം എന്തുകൊണ്ട്‌ ഉപയോഗിക്കുന്നില്ല. ബഹുമാനപ്പെട്ട പ്രസിഡണ്ടിന്‌ ആനയും അമ്പാരിയും. പ്രധാനമന്ത്രിക്ക്‌ കാള. മുഖ്യമന്ത്രിക്ക്‌ മൂട്ട. ആരോഗ്യമന്ത്രിക്ക്‌ കൊതുക്‌, വകുപ്പ്‌ മന്ത്രിമാർക്ക്‌ ഒച്ച്‌, വോട്ടർമാർക്ക്‌ ആമ… ഈ രീതിയിൽ മുന്നോട്ട്‌ പോയാൽ എന്തുണ്ട്‌ ദോഷം. ഊർജ്ജ പ്രസിസന്ധിക്ക്‌ ഇതൊരു പരിഹാരമാവില്ലേ.

ഓയിൽഷോക്കിനു ഒരു ഒറ്റമൂലി പറഞ്ഞിട്ടുണ്ട്‌ ബിലാത്തിയിലെ ഒരു ഓയിൽ കൺസൽട്ടന്റ്‌. മനുഷ്യൻ വാഹനങ്ങളെയുപേക്ഷിച്ച്‌ സ്വയം ഒരു വാഹനമാകാൻ പഠിക്കുക. ഗുരുത്വാകർഷണനിയമത്തെ ലംഘിച്ച്‌ റോട്ടിൽനിന്നുയരുക. “പെട്രോൾ പെട്രോൾ മൂർദ്ദാബാദ്‌” വിളിച്ചും കൊണ്ട്‌ തെരുവിൽ മുദ്രാരാക്ഷസമാടിയാൽ ഇത്‌ സംഭവിക്കില്ല. ചെറിയ ഒരു ഓപ്പറേഷന്റെ പണിയുണ്ട്‌. ഗുരുത്വാകർഷണനിയമം നമ്മെ പിടിക്കുന്നത്‌ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ സംയോഗത്തിൽ നിന്നുണ്ടാവുന്ന ജിറോസ്‌കോപ്പിലൂടെയാണ്‌. ഒരു മൈനർ ശസ്‌ത്രക്രിയയിലൂടെ ജിറോസ്‌കോപ്പിനെ മാറ്റുവാനും കുറച്ചെടുക്കുവാനും കഴിയും. അത്‌ കുറയുന്ന തോതനുസരിച്ച്‌ നമ്മുടെ കാലുകൾ ഗുരുത്വാകർഷണത്തെ മറികടന്നു ആകാശത്തിലേക്ക്‌ ഉയർന്നുകൊണ്ടിരിക്കും. പിന്നെ ബാറ്ററികൊണ്ട്‌ പ്രവർത്തിപ്പിക്കാവുന്ന ഒരു റബ്ബർ പ്രൊപ്പല്ലർ പുറത്ത്‌ വെച്ചുകെട്ടേണ്ട കാര്യമേയുളളൂ. ഇന്ധനം കൂടാതെയുളള സ്വച്ഛന്ദവിഹാരം ഒരു യാഥാർത്ഥ്യമായി.

കാര്യം ഇങ്ങനെ പോവുകയാണെങ്കിൽ ഒപ്പെക്കിന്റെ അടപ്പ്‌ തെറിക്കും. തെറിക്കണം. “ക്രൂഡ്‌ വേണോ ക്രൂഡ്‌, നല്ല ക്രൂഡുണ്ട്‌ സഹായപ്പൈസക്ക്‌ വിൽക്കാൻ” എന്ന്‌ നിലവിളിച്ചുംകൊണ്ട്‌ ഒപ്പെക്കിന്റെ ഫീൽഡ്‌ എക്‌സിക്യൂട്ടീവുകൾ ദേശാടനത്തിനിറങ്ങും. ഇറങ്ങിത്തെണ്ടണം മണ്ടകെണേശന്മാർ.

ജിറോസ്‌കോപ്പിന്റെ വെളിപാട്‌ ബിലാത്തിയിലെ സായ്‌വിനു പുത്തനാകാം. എന്നാൽ നമ്മുടെ ഋഷിനാരദന്മാർ പ്രസ്‌തുതവിദ്യയിൽ പണ്ടേ നിപുണരായിരുന്നു. നിന്നുകൊണ്ടിരുന്നിടത്ത്‌ പെട്ടെന്ന്‌ കാണാതാവുക. ശൂന്യതയിൽ പെട്ടെന്ന്‌ ഉളനാവുക. ഇത്തരം മറിമായങ്ങളൊക്കെ ഭൂമിയിൽ നല്ലൊരളവിൽ അവർ പ്രദർശിപ്പിച്ചതാണ്‌. പക്ഷെ അന്നത്തെ ജനത്തിനെന്നപോലെ ഇന്നത്തെ ജനത്തിനും ബ്രഹ്‌മശാസ്‌ത്രജിജ്ഞാസ കഷ്‌ടിപിഷ്‌ടിയായതിനാൽ ജിറോസ്‌കോപ്പിക്‌ വിജ്ഞാനശാഖ കരിഞ്ഞു മുടിഞ്ഞു നാറാണത്തായെന്നു പറഞ്ഞാൽ മതിയല്ലോ. പിന്നെ മറ്റൊരു കാര്യമുണ്ട്‌. തങ്ങൾക്ക്‌ ഹൃദയച്ചുരുക്കം വന്നുപോമെന്ന ഭയംമൂലം ഋഷിനാരദന്മാർ ആരോടും ശാസ്‌ത്രരഹസ്യങ്ങൾ തുറന്നു പറയാറില്ല. വല്ലതും പറഞ്ഞാൽത്തന്നെ ശൈലി അത്തുംപുത്തുമാകാനാണ്‌ സാധ്യതഃ അത്‌ ഇതാകുന്നു. നീ അതാകുന്നു. അതും ഇതും ഏതാകുന്നു. അതല്ലാതെ മറ്റൊന്നും തന്നെയില്ല. ഞാൻ ഇബടീംണ്ട്‌. പക്കെങ്കിൽ ഞ്ഞി ഏബ്‌ട്യാ ബഡ്‌ക്കൂസേ. ആദിയിൽ യാഥാർത്ഥ്യം ഞാനും ഞ്ഞിയുമായി പൊട്ടിത്തെറിച്ചുപിരിഞ്ഞത്‌ വീണ്ടും ഒന്നിച്ച്‌ മാന്തിപ്പറിക്കാനാണൊ. അണ്ടകടാഹത്തെ ചത്ത മണിപ്രവാളത്തിൽ ഒരു പച്ചത്തെറി വിളിക്കാൻ തോന്ന്‌ണു. ശൃണുഃ ഹും കോഹം ബംക്രാസായ ഓമഹോമ അതിരാത്രക്കുഴി നമഹായ ഫട്‌ ചട്‌ ഫട്‌!

മഹാഭാരതത്തിൽ ഒരു രംഗമുണ്ട്‌. യുദ്ധക്കളത്തിലെ ശരശയ്യയിൽ ഭീക്ഷ്‌മപിതാമഹർ യമൻസാറിന്റെ വാഹനമായ പോത്തിനെ പ്രതീക്ഷിച്ചു കഴിയുന്നു. ദാഹം കൊണ്ട്‌ തന്റെ തൊണ്ട വരളുന്നതായി പിതാമഹൻ അറിയിക്കുന്നു. കത്തിവേഷമായ ദുര്യോധൻജി പൊയ്‌ക തേടി മണ്ടിയ തക്കത്തിൽ സമർത്ഥനായ അർജുൻ മണ്ണിലേക്ക്‌ ഒരമ്പെയ്യുന്നു. അതാ, വരുന്നു വാനിലേക്കു ചീറ്റിക്കൊണ്ട്‌ ഒരു ധാര, ബ്ലാക്കിൽ.

ക്രൂഡല്ല, മൂഢാ, ഭീക്ഷ്‌മപിതാമഹർ ഹതാശനായി പറഞ്ഞുഃ നാം മിനറൽവാട്ടറാണ്‌ ആവശ്യപ്പെട്ടിരുന്നത്‌.

അർജുൻ ഇളിബിളിയായി അന്ധാളിച്ചുനിന്നു.

ഇന്ധനത്തെ ഇനിയെന്തു ചെയ്‌വാൻ ഗുരോ!

തിന്നാനും കുടിക്കാനും മണൽത്തരി മാത്രം കിട്ടുന്ന ഒരിടമുണ്ട്‌ ഗൾഫിൽ, ഭീക്ഷ്‌മർ അരുളി ഃ വസ്‌തുവെ ഒരു പ്രതിബാണമെയ്‌ത്‌ അങ്ങോട്ടേക്ക്‌ നാട്‌ കടത്തൂ, സുതാ.

Generated from archived content: humour1_oct17_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമഹാത്മജിയും 41 കോൺഗ്രസുകാരും
Next articleഅക്രമമോ? ലാത്തിച്ചാർജ്ജ്‌ മാത്രമല്ലേ….
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here