ഒന്ന്
ആരാ വിളിക്ക്‌ണേ?
രാവണപ്രഭു…. I mean… മോഹൻലാൽ
ബോളിവുഡ്‌ഡ്‌ന്നാ ട്രിവാൻഡ്രത്ത്‌ന്നാ?
തൽക്കാലം മങ്കേ, ലങ്കാവിൽ നിന്ന്.
ആരെ വേണം?
ഉങ്കളെത്തന്നെ സീതേ, സവാരി ഗിരിഗിരി….
റോങ്ങ് നമ്പർ. പ്ലീസ്.
ദെൻ കുഡ് യു പ്ലീസ് ഗിവ് ദ റൈറ്റ് നമ്പർ?
രണ്ട്
ആരാ?
ഹഹഹ!
അട്ടഹാസത്തിനു തന്ത പേരിട്ടിട്ടില്ലേ?
ഉണ്ട്, ഹൈജാക്ക്‌വീരൻ ഏലിയാസ് ശ്രീരാഭണൻ.
വിളിച്ചത് വെറുതെയായി. ഇവിടെയില്ല, പോയി. ചിന്താവിഷ്ടയായി പോയി.
എന്റെ കരൾ പോയോ…. എങ്ങനെ….. എങ്ങോട്ട്?
തെക്കോട്ട്. അയോദ്ധ്യയിൽ മണ്ണെണ്ണക്ഷാമമുള്ളതുകൊണ്ടും അക്കാലത്ത് അവിടെ മൊച്ചകൾ റെയിൽവേ ട്രാക്കിടാത്തതുകൊണ്ടും ഭൂമി കനിഞ്ഞു.
സീതാമയ്യ പോയി, ഇങ്ങിനി വരാത്തവണ്ണം പോയി…. എങ്ങോട്ടോ.
കൊല്ലപ്പെട്ടിട്ടും എനിക്കൊരു സ്വസ്ഥതയില്ല. ഓരോ നിമിഷവും അവരുടെ ഓർമ്മയിൽ നീറിപ്പുകയുകയാണ് ഞാൻ.
താനങ്ങനെ അധികം പുകയില്ല. തന്നെ നാളെ കൊല്ലും.
ഇന്നെന്താ കൊല്ലാത്തെ?
ഇന്ന് പറ്റിയ ദിവസല്ല, നാളെയാണ് ദസറ!
വർഷങ്ങളായി ആര്യപുത്രന്മാർ എന്നെ കത്തിച്ചുകൊല്ലാൻ തുടങ്ങിയിട്ട്. എന്നിട്ടും ഞാൻ ചാവുന്നില്ലല്ലൊ ന്റെ വേളാങ്കണ്ണീ മാതാവേ. അല്ല, ഇടയ്‌ക്ക് മൊബൈലിൽ കേറിക്കൊത്ത്‌ണതാരാ, മര്യാദാപുരുഷോത്തം ചീരാമന്റെ ചാരനൊ മറ്റോ ആണോ?
അല്ല, മൊബൈലിൽ കേൾക്കുന്നത് മാമാങ്കപ്പൂകിലാ, ഒരു പാലത്തിന്റെ പേരിൽ.
എന്തു പാലം ഏതു പാലം, നക്സലുകൾ തൂറിയിട്ട ഹൗറാപ്പാലമാണോ? ദളിതൻ ചൂണ്ടയിടുന്ന നീണ്ടകരപ്പാലമാണൊ? ഗോവന്മാർ ഫെന്നിയും പോർട്ടുമടിച്ച് കണകുണ പറയുന്ന കൊങ്കണം ബ്രാൻഡ് പാലമാണോ? അതോ വിദേശത്തെ ബ്രൂക്ക്‌ലിൻ സേതുവാണോ?
ആവകപ്പാലമൊന്നുമല്ല. ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്ന ഒരു ജഗജില്ലിപ്പാലമാ, സേതു രാമപ്പാലം!
എന്റെ ആജന്മശത്രുവിന്റെ പേരിലൊരു പാലമൊ! ആരാണത് പണിതത്?
അണ്ണാരക്കണ്ണന്മാർ.
വരട്ടെ അവറ്റകളുടെ വാല് മുറിച്ച് ഞാൻ ഷോ കേസിൽ വെക്കുന്നുണ്ട്. പോട്ടെ, പാലം ഉദ്‌ഘടിച്ചത് ആരാ?
സർദാർ സുഗ്രീവ് ബലവന്ത്‌സിംഗ് പണിക്കളോർക്കർ.
വരട്ടെ, അവന്റെ കഴുത്ത് ഞാൻ എടുക്കുന്നുണ്ട്. പോട്ടെ. ദരിദ്രവാസി വയറ്റുപിഴപ്പിനുവേണ്ടി ചെയ്തതായിരിക്കും. എങ്കിലും ശത്രുവിന്റെ മിത്രവും ഉഗ്രശത്രു എന്ന ലൈനിൽ അബനെ ഒരു ദിനം ചെങ്കടൽ കാണിക്കുന്നുണ്ട്.
അധർമ്മത്തിനു ഹാനി പറ്റുമ്പോൾ താങ്കൾ യുഗേ യുഗേ എന്നൊരു പുരാണമുണ്ടല്ലോ.
ധർമ്മപുരാണത്തിൽ പറഞ്ഞത് വള്ളിപുള്ളി ശരിയാക്കാൻ തവണകളായി ഞാൻ അവതരിച്ചുകഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിന്റെ ഏടുകൾ വാക്കണ്ണീര് കൂട്ടി ഒന്ന് മറിച്ചോളൂ. കഥ മുഴുക്കെ രാവണവിജയം ആട്ടക്കഥയോഃ ടൈമൂർലങ്ങ്‌സ്, ടങ്കീസ് ഖാൻ, ഹിറ്റ്‌ലർ, മുസ്സാറ്, അരിങ്ങോടർ, ഈദി അമീൻ, ഫൂലൻദേവി, ബീരപ്പൻ, ബിൻ ലാഡൻ, സദ്ദാം ഹുസൈൻ, ബുഷ് രണ്ടാമൻ… ഇവരിലൂടെ സനാതനമായി ഞാൻ അവതരിച്ചുകൊണ്ടേയിരിക്കും.
ഒരു മണിക്കൂറിന്റെ താങ്കളുടെ ആത്മകഥയെയല്ലേ കാനാ ചാനൽ അടിച്ചുപരത്തി പതിനായിരത്തൊന്നു രാവുകൾക്കുള്ള വിഷയമാക്കുന്നത്, അഹോ മഹാശ്ചര്യം!
കഥയെ ചുരുട്ടിക്കൂട്ടി ഒരു മിനുട്ടിന്റെ ന്യൂസ്‌റീലാക്കി റിലീസാക്കാനും വകുപ്പുണ്ട്. തപസ്സ് ചെയ്തു. വരം കിട്ടി. പെണ്ണിനെ കട്ടു. കോട്ടപോയി. കൊട്ടാരം പോയി. കട്ടായം തല പത്തുംപോയി. അവിഘ്‌നമസ്ത!
മൂന്ന്
മറ്റൊരു സീതയെ കാട്ടിലേക്കയച്ചൊരു
ദുഷ്ടനാം ദുർവ്വിധി…
ആൾ ഇന്ത്യ റേഡിയോ കണ്ണൂർ ഓഫാക്കി പുസ്തകമെടുത്ത് വായിക്ക് മോനെ.
പാഠം രണ്ട് മൊബൈൽ
പണ്ടാരം പണ്ട് കാലത്ത് ഉണ്ടായിരുന്നില്ല. സാധനം വന്നതിൽപ്പിന്നെ മനിതൻ മനിതനോട് സമാധാനത്തിലൊരക്ഷരം മിണ്ടിയിട്ടില്ല. ഇതിന്റെ ഉപജ്ഞാതാവ് ഏതെങ്കിലുമൊരു സായ്പ് തന്നെയായിരിക്കണം. അവർക്കേ ഇത്തരമൊരു കുരുട്ടുബുദ്ധി തോന്നൂ.
വിശക്കുന്നമ്മേ, കഞ്ഞി താ
അരിയ്‌ണ്ട് റേഷൻകടയിലെ ചാക്കില്. നിന്റെച്ചന്‌ണ്ട് തെങ്ങ്‌മ്മല്. മോങ്ങാതെ പഠിക്കെന്റെ കുട്ട്യേ.
മുഷ്ടിക്കുള്ളിൽ കൊണ്ടുനടക്കാൻ പറ്റുന്നതും ലോകം തന്റെ മുഷ്ടിക്കുള്ളിലാണെന്ന ഭ്രമം ജനിപ്പിക്കുന്നതുമായ ഈ യന്ത്രത്തിനു ഇപ്പോൾ മെമ്മറി രണ്ട് ജി.ബിയിലധികം വരും. ഈ ചെറിയ കുന്ത്രാണ്ടത്തിനുള്ളിൽ ടേപ്പിനും ക്യാമറക്കും പുറമെ ഇന്റർനെറ്റുമുണ്ട്.
അമ്മേയമ്മേ, എനിക്കും വേണമൊരെണ്ണം. വാങ്ങിച്ചുതരാൻ അച്ഛനോട് പറയ്വോ? എട്ട് സിയിലെ അമ്മിണിക്കുട്ടിയോട് കണകുണ പറയാനാമ്മേ.
മൊത്തിക്കൊന്ന് വച്ച് തര്‌ന്ന്‌ണ്ട്. മിണ്ടാതെ വായിക്കെടാ, പട്ടി.
ഇന്ന് സമൂഹത്തിൽ മന്ത്രിതൊട്ട് തെണ്ടിവരെ മൊബൈൽ ഉപയോഗിക്കുന്നുണ്ട്. പട്ടികൾക്കുവേണ്ടി സിഗരറ്റ്‌ലൈറ്ററിന്റെ സൈസിലുള്ള പ്രത്യേകമൊരു മൊബൈൽ ആവിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങൾ പരീക്ഷണശാലകളുടെ അണ്ടർഗ്രൗണ്ടിൽ അരങ്ങേറിവരികയാണ്.
മൊബൈൽ കൂടുതൽ ജനകീയമാക്കുന്നതിനുവേണ്ടിയാണ് ടെലഫോൺകമ്പനികൾ ഉദാരമായി ഫ്രീ ടോക്ക് ടൈം സ്‌കീമുകൾ കൊണ്ടുവരുന്നത്. ഒരു ശരാശരി പൗരന്റെ താൽപ്പര്യമെന്നും തീറ്റയിലും കാലാവസ്ഥയിലുമായിരിക്കാം. ഈ വിഷയങ്ങളിൽ ആവർത്തിച്ചു സംസാരിക്കുന്നവർ ഭാരതത്തിൽ നൂറ്റൊന്നുകോടിയോളംവരും. ജനസംഖ്യയുടെ ശിഷ്ടഭാഗത്തിൽ മുലകുടിപ്പുള്ളകളൊഴിച്ച് ബാക്കിയെല്ലാവരെയും ശുദ്ധപൊട്ടന്മാർ എന്ന ശീർഷകത്തിനു കീഴെ കാണാം.
ആനുഷംഗികമായി, ഫ്രീ ടോക്കിന്റെ ഒരു മാതൃക താഴെ ചേർത്തിരിക്കുന്നുഃ
ഹലോ മഴയ്‌ണ്ടാ?
ആ തകർക്കുവാ, തുമ്പിയുടെ കുംഭീപാകത്തിൽ
ഇവ്‌ടെ നല്ല ചൂട്. ഇങ്ങനെ പോയാല് മൊബൈലും ഉരുകും. പോട്ടെ, ചായക്കെന്താ കടി?
കൂൺ മെഴുക്കു പെരട്ടി.
കൂണെന്തു പുരട്ടിയെന്നല്ല ചോദിച്ചത്. കടിയെന്താ ചായക്കെന്നാ.
കൂൺ മെഴുക്കു പെരട്ടി.
പുരട്ടിയത് പോട്ടെ. ബില്ല് കൂട്ടണ്ട. ഉച്ചക്കെന്താ ഊണിന്?
പ്രാതലിനു വായിച്ചുവെച്ച പാചകക്കുറിപ്പ്.
കുറിപ്പിന്റെ മോളെ എന്തൊക്കെയുണ്ട് വിശേഷം?
നിങ്ങള് കടലിനക്കരെയാകുമ്പം ഇക്കരെ എന്തോന്ന് വിശേഷം
മൊബൈൽ പ്രക്ഷേപണം ചെയ്യാൻ അമാന്തിച്ചുപോയ അന്തിമവാക്യം ഃ
അല്ല, വിശേഷംണ്ടായാൽ നിങ്ങളെന്നെ ബാക്കിവെച്ചത് തന്നെ!
Generated from archived content: humour1_oct12_07.html Author: venu_nambyar