കുടുംബശ്രീ

ഈ വീട്ടിലെനിക്കു ശ്വാസം മുട്ടുന്നു. എനിക്കും വേണം ഇത്തിരി സ്വാതന്ത്ര്യമൊക്കെ.

സ്വതന്ത്ര്യത്തിന്റെ കട്ടില്‌ കണ്ട്‌ പനിക്കണ്ട മോളെ. പണ്ടേപ്പോലെ ഇന്നും എന്നും നീയൊരു അടിമയായിരിക്കും.

എന്നാൽ ആഗസ്ത്‌ പതിനഞ്ചിന്റെ ഓർമ്മയെ എവിടെയെങ്കിലും കുഴിച്ചിട്ടുകളയാം. ഇത്തിരി മറ്റേതു താ.

ബ്രഹ്‌മചാരി ഒരു സ്വച്ഛന്ദബീഹാറിയല്ല. മുട്ടുമ്പോൾ തരും. കാത്തിരിക്കൂ.

മറ്റേതെന്നുവെച്ചാൽ മറ്റേതല്ല, മറ്റേത്‌.

നിന്റെ ശ്രീമാൻ പോസ്‌റ്റ്‌ മോഡേൺകവിതയുടെ ഒരാരധകനല്ല, കാര്യം തെളിച്ചുപറ.

പെൻഷൻ പറ്റിയവർ ടെൻഷൻ കുറക്കാൻ കഴിക്കുന്ന റാമറസമില്ലേ, അത്‌.

റമ്മൊ, ദൈവമേ! സ്ര്തീവർഗ്ഗം ഒരുകാലത്തും മദ്യത്തെക്കുറിച്ച്‌ ചിന്തിക്കരുത്‌. അത്‌ വിഷമാണ്‌. ഭൂമിദേവി രണ്ട്‌ പെഗ്ഗടിച്ചാലുള്ള സ്ഥിതിയൊന്നു ചിന്തിച്ചുനോക്കൂ.

എന്നാൽ പോട്ടെ, മുഖത്ത്‌ കൊമ്പൻമീശയുടെ ഒരു വിഗ്ഗ്‌ വാങ്ങിച്ചുവെക്കണമെനിക്ക്‌. അതിന്റെ കാശിങ്ങെടുക്ക്‌.

മീശ വെച്ച്‌ നടന്നാൽ പെണ്ണുങ്ങളും മീശരഹിതന്മാരായ ആണുങ്ങളെപ്പോലെ അരസികന്മാരായിത്തീരും.

പോട്ടെ, വലിക്കാൻ ഒരു മൾബറൊ സിഗററ്റ്‌ താ. ഞാൻ മൂക്കിലൂടെ പുക വിട്ടുകാണിച്ച്‌ നിങ്ങളെ തോൽപ്പിക്കും.

വലി ലങ്ങ്‌സിനു ഹാനികരമാ, ബീഡിതെറുപ്പുകാരന്റെ മോളെ.

ഈ വീട്ടിൽ നിങ്ങളെനിക്ക്‌ ഒരു സ്വാതന്ത്ര്യവും തരില്ല. ഞാനെന്റെ വീട്ടിൽപ്പോവും. നാട്ടിൽ കോൺസ്‌റ്റിറ്റ്യൂഷൻ ഉണ്ടോന്നെനിക്കറിയണം. കുടുംബക്കോടതിയിൽ പരാതി കൊടുത്ത്‌ ഞാൻ നിങ്ങളെയൊരു പാഠം പഠിപ്പിക്കും.

കുടുംബമുണ്ടെങ്കിൽ കോടതിയെന്തിന്‌. കോടതിവരാന്തയാണ്‌ വീടെങ്കിൽ കുടുംബമെന്തിന്‌. കുടുംബക്കോടതി ഒരു വിരോധാഭാസം മാത്രമാണ്‌, പൂങ്കരളേ.

നിങ്ങൾ ബൂർഷ്വാസിയുടെ വാടകക്കല്ല്യാണമണ്ഡപം എന്റെ തലയിൽ കെട്ടിവെച്ചുതന്ന ഒരാഭാസനും…

അതെ, ഇപ്പോൾ എനിക്കു മുട്ടുന്നു മാന്യമായി ഒരാഭാസം നടത്താൻ.

പട്ടാപ്പകൽ അങ്ങനെ മോനിപ്പം മണിമുട്ടണ്ട.

ഞാൻ തോറ്റിരിക്കുന്നു. നൂറ്റൊന്നു ഏത്തമിട്ട്‌ നിന്റെ പാദസരം പിടിക്കാം. അലക്കാനുള്ളതെല്ലാം അലക്കിത്തരാം. തേക്കാനുള്ളതെല്ലാം തേച്ചുതരാം. പൂശാനുള്ളതെല്ലാം പുഷ്പംപോലെ പൂശിത്തരാം.

എന്നാൽ പൊന്നുകിടാത്തൻ താഴെ കിട.

മനുവിന്റെ കാലംതൊട്ടേ നാരീജനത്തിന്‌ വിധിച്ചതാണ്‌ തറ. തൽക്കാലം മോള്‌ ശയനേഷു തറയാക്‌.

തറ പണ്ട്‌. ഇതിപ്പോൾ വുമൺലിബ്ബിന്റെ കാലമാ. നിങ്ങൾ സംസാരിക്കുന്നത്‌ ലോക്കൽ കുടുംബശ്രീയുടെ പ്രസിഡണ്ടോടാണെന്ന്‌ ഓർത്തോ.

ഒരിക്കൽ തപാൽസ്‌റ്റാമ്പാവേണ്ട കൊച്ചുറബ്ബർസ്‌റ്റാമ്പേ, ജനനേന്ദ്രിയനിഗ്രഹം എന്റെ ജാതകത്തിലെ ഗ്രഹപ്പിഴയായിട്ടില്ല. സ്‌റ്റമ്പിതാ തെറിച്ച്‌ വീഴായി, തറട്ടിക്കറ്റെങ്കിൽ തറടിക്കറ്റ്‌, ഒന്ന്‌ സ്പീഡിൽ മുറിച്ച്‌ താ ദുഷ്ടേ!

വാൽക്കഷണം ഃ നമ്മൾ തറയിൽ നിന്നു വന്നു, ഇനി പോകേണ്ടതും തറയിലേക്കു തന്നെ. അതുകൊണ്ട്‌ മണ്ണടിയുംമുമ്പ്‌ തറവാടിത്തത്തോടെ അൽപം തറയാകാം. ശ്രീ വാത്സ്യായന മഹർഷി കീ ജയ്‌!

Generated from archived content: humour1_nov13_07.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസി.ഐ.എയും മാധ്യമ സിണ്ടിക്കേറ്റും പിന്നെ തിരഞ്ഞെടുപ്പും
Next articleശ്രീനാരായണം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here