മുഖത്ത് ഒരു ഇംപീരിയൽമീശ പിരിച്ചുവെച്ചതിന്റെ പേരിൽ ഇവനെ ജനം അഹങ്കാരിയെന്നു വാഴ്‌ത്തി. മീശ വടിച്ചു സിംപ്ലനായി ചെത്തി നടന്നപ്പോൾ, ചിലർ, ആണത്തമില്ലാത്തവനെന്നു പരിഹസിച്ചു. പാതിവടിച്ചും പാതി വടിക്കാതെയും ഒരു സർറിയലിസ്‌റ്റിക്‌ശൈലിയിൽ ജീവിതത്തെ കൊണ്ടുനടന്നപ്പോൾ, താന്തോന്നിയെന്നു മുദ്രയടിക്കാനുളള സീലുമായി കരക്കാർ മുന്നോട്ടു വന്നു.
പുരുഷനുമാത്രം ദൈവം എന്തിനീ മുഖവര നൽകി? സമത്വം ഇസങ്ങൾക്കേ ചേരു. ജീവൻ സമം അസമത്വമാണെന്നു പരസ്യം ചെയ്യാനാണോ? അല്ലെങ്കിൽ മൂക്കിള വായിൽ വീഴാതിരിപ്പാനും ദുഷിച്ച വായുവെ അരിച്ചെടുക്കാനുമുളള ഒരുതരം അരിപ്പയുടെ പണിത്തരമായി സംഭവം പൊട്ടിമുളച്ചതാകാം.
ഹിന്ദുമതത്തിലെ മിക്ക അവതാരങ്ങൾക്കും മീശയില്ല. ദേഹത്തിൽ തീരെ വിശ്വസിക്കാത്ത ദേഹികൾക്ക് മീശ ഒരപമാനചിഹ്‌നമായിരിക്കാം. പക്ഷെ അത് കിളിർക്കാത്ത നഗ്‌നചുണ്ടനെ കണ്ടാൽ താടി തഴച്ചു വളരുന്ന യുവതിയെ കണ്ട അറപ്പ് തോന്നുകില്ലേ?
സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും മിശിഹായുടെ മീശ ശുദ്ധസുന്ദരമായിരിക്കും. ഇക്കാര്യം ദലായിലാമപോലും തല കുലുക്കി സമ്മതിച്ചുതരും. ചെഗുവേരയുടെ താടിയും മീശയും വിപ്ലവത്തിന്റെ മൂലക്കല്ലായിരുന്നുവെന്നു ബൂർഷ്വാസികൾ പറയാൻ മടിക്കുമോ? കീഴ്‌ച്ചുണ്ടിനു താഴെയെത്തുന്ന നിഷേയുടെ ബൃഹദ്‌മീശാരണ്യകത്തിൽ ജർമ്മൻപക്ഷികൾ കൂട് പണിതു മുട്ടയിട്ടുണ്ടാവില്ലേ?
ഇന്ന് ലോകത്തിൽ വച്ചേറ്റവും നീളംകൂടിയ മീശയുടെ ഉടമ ഒരിന്ത്യക്കാരനാണ്. അതു കൊണ്ട് ഇന്ത്യാരാജ്യത്തിനു വല്ല നേട്ടവുമുണ്ടൊ എന്നതു മറ്റൊരു കാര്യം. മീശച്ചാമ്പ്യനു സ്വന്തം എരുമയെ കെട്ടാൻ കാശു മുടക്കി കയറ് വാങ്ങിക്കേണ്ട. ഭാര്യയെയും കുഞ്ഞുകുട്ടിപരാതീനങ്ങളെയും താഡിക്കാൻ മീശയെ ചാട്ടയാക്കാം. പതിനാലടി നീളം വരുന്ന മീശകൊണ്ട് വേണമെങ്കിൽ അയയൊ തൊട്ടിലൊ കെട്ടാം. മീശ കുരുത്തതിൽപ്പിന്നെ കക്ഷി ഒരമ്പിട്ടനെ കണ്ടിട്ടുണ്ടാവില്ല. പുരുഷരെല്ലാം കാടന്മാരായി മീശ വളർത്താൻ തുടങ്ങിയാൽ വടിക്കാരെന്തു ചെയ്യും. കത്തിയും കത്രികയും തുരുമ്പിച്ചു പോവില്ലേ. കുലവിദ്യയൊഴിച്ചു മറ്റൊരുമറിയാത്ത ക്ഷുരകവർഗ്ഗത്തിന്റെ റൈസ് സൂപ്പടി മുട്ടിപ്പോവില്ലേ.
ശിലായുഗത്തിൽ മനുഷ്യൻ കല്ലുകൊണ്ട് ക്ഷൗരം നിർവ്വഹിച്ചുപോന്നു. ലോഹയുഗത്തിൽ സമ്പ്രദായം ഉരുക്കുബ്ലേഡ് കൊണ്ടായി. ഇത് ബഹിരാകാശയുഗമാണല്ലോ. ഇനി പ്രഭാതക്ഷ്രത്തിനുപോലും ലേസർരശ്‌മിയാകാം. ബാർബർഷാപ്പിന്റെ വെബ്‌സൈറ്റിൽനിന്നു ലേസർ ഡ്ൺലോഡ് പണ്ണി വാഷ്‌ബേസിനിൽ അപ്‌ലോഡ് ചെയ്‌താൽ മതി. പതപ്പിക്കാനുളള കുന്ത്രാണ്ടമൊന്നും വേണ്ട. ലേസർ ഷേവ് ടേക്ക്‌സ് ലസ്‌സർ ടൈം. ഇറ്റ് വിൽ ബി ഏ സിലസ്‌റ്റ്യേൽ എക്‌സ്‌പീരിയൻസ്. യൂ ആർ ഫാർ അവേ ഫ്രം ദ സ്‌മെല്ലി ംത്ത് പീസ് ഓഫ് ഏ ടാക്കറ്റീവ് ഡൗൺ ടൗൺ ബാർബർ. ക്ഷൗരാനന്തരം കഴുത്തിനു മീതെ പുരട്ടാൻ ഒരു മോന്തയുണ്ടാവില്ലെന്നതിനാൽ ആഫ്‌ടർ ഷേവ് ലോഷനും ലാഭിക്കാം.
ഒരു സുപ്രഭാതത്തിൽ ഞാനറിയാതെ, എന്റെ സ്വന്തം മീശ എന്നെ ചതിച്ചു; അത് അപ്പൂപ്പൻതാടിപോലെ നരച്ചു വെളുത്തു. മരണം ഇൻസ്‌റ്റാൾമെന്റായി ജീവിതത്തിൽ പ്രവേശിക്കയാണോ? നാൽപ്പതിലും എനിക്കു പ്രായം അമ്പതു തോന്നിച്ചു. സഹതാപംമൂലം ഭാര്യ എനിക്കൊരു ഐ ബ്രോ കടം തന്നു. കാമാശയ്‌ക്കു നരയുണ്ടൊ? ഞാൻ മീശയിൽ ഐ ബ്രോ പ്രയോഗിച്ചു. വെട്ടത്തെ കൂരിരുട്ടാക്കി. കൂരിരുട്ടിനും ഓട്ട. അത് വൃത്തിയിൽ കൂരിരുട്ടുകൊണ്ട് തന്നെ അടച്ചു. എന്റെ പ്രായം അമ്പതിൽനിന്നു കുത്തനെ ഇടിഞ്ഞു. മുപ്പതായി. ചെത്തിക്കുറഞ്ഞുവരുന്ന പെൻസിൽപോലെയുളള ജീവിതത്തിൽ പ്രണയം പക്ഷെ പിഗ്‌മി. ഞാനുമ്മവെക്കുമ്പോഴൊക്കെ രണ്ടാംപാതിയുടെ മുഖത്ത് ഒരു മീശയുടെ ഫോട്ടൊകോപ്പി അവതരിക്കും. പകർപ്പവകാശമില്ലാത്ത മീശയുംവെച്ച് ഭാര്യയെന്നോട് കണ്ണുരുട്ടുംഃ At home I am the boss. Listen, I don’t like any official seal kiss. മീശ വന്നതിനുശേഷമാണ് ചരിത്രത്തിൽ പുല്ലുവെട്ട് യന്ത്രം വരുന്നത്. ആവശ്യംതന്നെ ആവിഷ്‌കാരത്തിന്റെ അമ്മായി. അബദ്ധത്തിൽ താനടക്കം പലരുടെയും മൂക്ക് പോയതിന്റെ പേരിൽ പിൽക്കാലത്ത് ഒരു മൂക്കില്ലാ ശാസ്‌ത്രജ്ഞൻ യന്ത്രത്തെ ലോൺമൂവറായി വിന്യസിച്ചതാണത്രെ.
ആണായി പിറന്ന അറാംപിറപ്പുകൾക്ക് വില്ലത്തരത്തിന്റെ ചുക്കാനും ചുരുക്കെഴുത്തുമാണല്ലോ മേൽമീശ. രാജസ്‌ഥാനിൽ മീശയുടെ തുമ്പ് കീഴ്‌ച്ചുണ്ടിനും കീഴെയാണെങ്കിൽ മീശധാരിയെ മുസ്ലീമായി നണ്ണാം. സുന്നിക്കും ശിയാക്കും വകഭേദമില്ല. മീശയുടെ രണ്ടറ്റവും മേൽച്ചുണ്ടിനും മേൽപ്പോട്ടാണെങ്കിൽ മീശയുടെ സർദാർജി ഹിന്ദുവായിരിക്കും. മീശക്കു പക്ഷെ ചാതുർവർണ്ണ്യമില്ല. അങ്ങനെ മീശ ജാതിക്കതീതമായി ഉയർന്ന് ഒരു സനാതനപ്പൂടയായി വിരാജിക്കട്ടെ. മൊഞ്ചത്തിപ്പെണ്ണുങ്ങളെ കൊതിപ്പിക്കട്ടെ. മൂച്ച് നഹി തൊ കുച്ച് നഹി. എഴുപതുകളിലെ ഒരു ഹിന്ദിപ്പടത്തിൽ ബിഗ് ബച്ചന്റെ ബോക്‌സ് ഓഫീസ് ഡയലോഗാണിത് ഃ മീശയില്ലേൽ വീരപ്പനും യേരേരപ്പൻ. മറിച്ചു ചൊല്ലിയാൽ, യേരേരപ്പനും വീരപ്പനാകാം, ഒരു കപ്പടാമീശയുടെ കൃപാകടാക്ഷം മതി.
ഭഗത്‌സിങ്ങിന്റെ ഫോട്ടൊ കണ്ടിരുന്നെങ്കിൽ, ഷേക്‌സ്‌പിയർ ആ ത്രിപദാക്ഷരി വീണ്ടും ചൊല്ലിയേനെഃ ബ്രെവിറ്റി ഈസ് ബ്യൂട്ടി. ബഷീറിന്റെ മീശയുടെ വിശ്വവിഖ്യാതമായ ക്ലോസപ്പ് ഒരു ശങ്കയ്‌ക്കിട തരുന്നുഃ അദ്ദേഹം ചരിത്രത്തിലെ ഹുന്ത്രാപ്പിബുട്ടോസായ ഹിറ്റ്‌ലരുടെ ആരാധകനായിരുന്നുവോ. പ്രശസ്‌ത ചിത്രകാരൻ ദാലിയെക്കുറിച്ചൊരു മീശത്തമാശയുണ്ട്. ആശാൻ ജനിച്ചതുതന്നെ ഒരു തേൾബ്രാൻഡ് മീശയുമായിട്ടാണത്രെ. എന്തിനാ മുഖത്ത് പൂടയുംവെച്ചോണ്ട് ഉലാത്ത്‌ണതെന്ന ചോദ്യത്തിനു ദാലിയൻ പ്രതികരണമിങ്ങനെഃ ഡാ കൂവേ, അത് കണ്ണുളള കുരുടന്മാർക്ക് കാണാണ്ടിരിക്കാനല്ല്യോ.
ഇന്ന് എല്ലാം ഒരു വെപ്പുപരിപാടിയാണല്ലോ. വെപ്പുപല്ല്, വെപ്പുകണ്ണ്, വെപ്പുഭാര്യ, വെപ്പുകാല്. നാട് ഓടുമ്പോൾ നടു പൊളിഞ്ഞാലും നടുവെ ഓടണമെന്നുണ്ടല്ലൊ. താമസിയാതെ മദീയജീവിതത്തിലും വെപ്പുമീശകൾ കടന്നുവന്നു. ബാങ്ക് ലോണെടുത്ത് കോടമ്പാക്കത്തെ മേക്കപ്പ് കമ്പനിയിൽനിന്ന് വി പി പിയായി വരുത്തിച്ച മീശകളുടെ പേരുവിവരവും എണ്ണവും സ്ഥലത്തെ വിശ്വമീശപ്രേമികൾക്കായി ചുവടെ ചേർത്തിരിക്കുന്നുഃ
യേശുമീശ ഒന്ന്
രാവണൻമീശ പത്ത്
സെൻമീശ നാല്
നസീർപ്പെൻസിൽമീശ മൂന്ന്
ബഷീർമീശ രണ്ട്
വി കെ എൻ മീശ മുക്കാലേയരക്കോൽ
ഇരട്ടപ്പുലിനഖമീശ ഒന്നും ഒന്നും ഇടയ്‌ക്ക് മ്മ്‌ണി വല്യ ഒരൊയിവും
പാൽക്കട്ടിമീശ (അദ്വൈതനമ്പറിൽ)
പരമാനന്ദമീശ (എണ്ണത്തിൽ കൂട്ടേണ്ട ജനുസ്സിലല്ലാത്ത പയനിയർ, പൂജ്യനീചർ)
മധുപാനവേളയിൽ ഈച്ച, പത, ചെളള്, മൈക്രോബ് ഇത്യാദി സംവരണങ്ങളെ ഫിൽട്ടർ ചെയ്യാൻ പരമാനന്ദമീശ ഉപകരിക്കും. കോമ്രേഡ് ചെന്തെങ്ങിന്റെ മധുരവും നിർവ്യാജവുമായ ഉൽപ്പന്നമാണെങ്കിൽ, കഴിക്കുന്ന അളവ് ഏതാണ്ടിപ്രകാരമാകുംഃ
കണ്ണേറിനു ഒരു തുളളി
മീശക്കൊടിക്ക് ഒരു പെഗ്ഗ്
അണ്ണാക്കിനു ഒരു ഗ്ലാസ്‌സ്
ചെറുകുടലിനു ഒരു കുടം
വൻകുടലിനു ഒരു കന്നാസ്
മൂത്രനാളിക്ക് ഒരു ഡ്രം
കുളി തീറ്റ നിദ്ര എന്നീ താന്ത്രികകർമ്മങ്ങളിൽ വെപ്പുമീശ ത്യജിക്കാറാണ് പതിവ്. ധ്യാനത്തിലിരിക്കുമ്പോൾ പാൽക്കട്ടിമീശയും വെച്ച് അഹം ഞാനല്ലെന്നും തത്വമഷിയാണെന്നും മഷിയിട്ടു നോക്കിയാൽ കിട്ടില്ലെന്നും ഇഹത്തിനു ഈതിബാധയാണെന്നും ഊർദ്ധ്വരേതസ്സായ് ജപാജപത്തിൽ ജപിച്ച് ലഗ്‌നത്തിന്റെ ദൂഹാസനത്തിനു സഹ്യന്റെ ശക്‌തി ആവാഹിച്ചുണ്ടാക്കും. വാ വിട്ട വാക്കും കൈ വിട്ട കല്ലും ഗുദമിട്ട വളിയും തിരിച്ചെടുക്കാനൊക്കുമൊ? ക്ലൈമാക്‌സിൽ അപാനവായു നിർവാണപ്പെട്ടു പടിയിറങ്ങുമ്പോൾ അച്ചി നമ്പീശത്തി ബി എ, എൽ എൽ ബി പിറുപിറുക്കുംഃ ഹൗ യു ഡേർ റ്റു ഫാർട്ട് ഡൂറിങ്ങ് മൈ മെഡിറ്റേഷൻ. (ധ്യാനിക്കുമ്പോൾ വളിയിടാതെ, വളിയിടുമ്പോൾ ധ്യാനിക്കാൻ നോക്ക, ഹര ഹരോ!)
ആണായിപ്പിറന്നതിനുളള പല ശിക്ഷകളിലൊന്നു ഒരു വിസർജ്ജനാവയവത്തെ ദയാരഹിതമായി കൂടെക്കൂടെ ബുദ്ധിമുട്ടിക്കുക എന്നതാണല്ലൊ. ഇരുട്ടിൽ അരങ്ങേറുന്ന മോണോഏക്‌ടിൽ വെപ്പുമീശ വെളിച്ചമാകുന്നു. ഒരു പൈമ്പീക ഡിൽഡോത്തരുടെ പ്രകാശസ്‌തംഭം. സംഭോഗശൃംഗാരത്തിനുമുമ്പ് തങ്ങളുടെ കഴുത്തിൽ ഒരു മേൽമീശയുടെ നനുത്ത സ്‌പർശം കൊതിക്കാത്ത അന്തർജനങ്ങളുണ്ടാവില്ല ഈ ഭൂമിയിൽ. ഒറിജിനൽ ത്രിശൂലം തോൽക്കുന്നിടത്ത് ഒരു പൊയ്‌മീശക്കൊടി വിജയിച്ചെന്നും വരാം. ജീവിതം അങ്ങനെയാണ്.
ബദ്ധപ്പെട്ടാൽ മീശ വരാ. തത്രപ്പെട്ടാൽ താടി വരാ. താടിമീശാദികൾ വരുമ്പോൾ വരും. കറുക്കുമ്പോൾ കറുക്കും. വെളുക്കുമ്പോൾ വെളുക്കും. ശുരുളുമ്പോൾ ശുരുളും. കരിയുമ്പോൾ കരിയും. ഇതിന്റെയെല്ലാം നിയന്ത്രണം അൽപ്പജ്ഞനായ മനുഷ്യന്റെ കയ്യിലാണോ. സർവ്വജ്ഞനായ ഒരമ്പിട്ടർ നക്ഷത്രങ്ങളുടെ ബ്യൂട്ടി പാർലറിൽ ഇപ്പോൾ വിരാജമാനായിരിപ്പില്ലേ.
Generated from archived content: humour1_june9_08.html Author: venu_nambyar
Click this button or press Ctrl+G to toggle between Malayalam and English