ബാലിഗഞ്ചിലെ സൂര്യൻ അഥവാ ലാൽസലാം

അമ്പലപ്പുറം മധുശാല വഴി വീട്ടിലേക്കു നീന്തിവന്ന തന്തയോട്‌ ഒരു മൂവന്തിക്ക്‌ കിടാത്തൻ അഭ്യർത്ഥിച്ചു ഃ

നരി പിടിക്കുംമുമ്പ്‌ ഈ കുട്ടനെയും പാക്ക്‌ ചെയ്യണേ, പിതാശ്രീ.

എങ്ങോട്ട്‌?

ഭാർഗ്ഗവക്ഷേത്രത്തിനു വെളിയിലുള്ള ഏതെങ്കിലും നഗരരാണ്യത്തിലേക്ക്‌. പണ്ട്‌ രഘുരാമനെ ദശരഥൻ പാക്കിയതുപോലെ.

ദശതരനെവിടെ, ഈ ചായക്കടക്കോമരമെവിടെ! പറഞ്ഞേക്കാം, ന്റെ കയ്യിൽ ഒരു മെതിയടിക്കുള്ള പൈപോലുമില്ല.

മെതിയടി പോരച്ഛാ, കാൽശരായിയും വേണം. മറുനാട്ടിൽ മുണ്ടുടുത്തു നടന്നാൽ മലയാളിയുടെ മുണ്ട്‌ പൊക്കിരസിക്കും അമലയാളികൾ. മെതിയടിയും കാൽശരായിയും പോരച്ഛാ, ഒരു ഷേവിംഗ്‌സെറ്റും വേണം. ഞാൻ താടി വടിച്ച്‌ കുട്ടപ്പനായാലേ, ജോലി തരുന്ന മാർവാഡിയ്‌ക്ക്‌ ഒരാത്മവിശ്വാസമുണ്ടാകൂ. പിന്നെ ഉമിക്കരിയും പത്താംക്ലാസ്‌ സർട്ടിഫിക്കറ്റും ഈർക്കിൽനാക്കുവടിക്കെട്ടും ഭഗവദ്‌ഗീതയും സൗന്ദര്യലഹരിയും കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയും മറ്റും സൂക്ഷിച്ചുവെക്കാൻ ഇരുപത്തെട്ടിഞ്ചിന്റെ തുകൽപ്പെട്ടി വേണം. തലയണ വേണമെന്നില്ല. എനിക്ക്‌ തലയില്ലല്ലോ. തലയണയാക്കാൻ പറ്റുന്ന ഒരു ഏർബാഗ്‌ വാങ്ങിച്ചുതന്നാൽ മതി. ബാഗിലിടാൻ ജർമ്മൻ ഡോവ്‌ സോപ്പ്‌ ചീപ്പ്‌ കണ്ണാടി പിണ്ഡതൈലക്കുപ്പി മാങ്ങാടൻതോർത്ത്‌ അവലോസുണ്ട ചക്കച്ചുളവറ ഇത്യാദിക്കുപുറമെ ഒരു കൊച്ചുവണ്ടി ടിക്കറ്റും വേണം ഃ കണ്ണൂർ ടു കൽക്കത്ത, രണ്ടാംക്ലാസ്സ്‌. അത്‌ കിട്ടില്ലെങ്കിൽ ജനറൽപാട്ടയിൽ ഒരു തറട്ടിക്കറ്റ്‌…

കേറ്റുമതിക്ക്‌ ദ്രവ്യമെത്ര ഇറക്കേണ്ടിവരും?

കണക്കറിയുമെങ്കിൽ ഞാൻ പത്തിൽ പൊളിയുമായിരുന്നോ!

തന്ത കീഴടങ്ങി. ഒരാഴ്‌ചയ്‌ക്കകം കുടിയാധാരം പണയപ്പെടുത്തി ഇറ്റാനുകൾ സംഘടിപ്പിച്ചതിനുപുറമേ ആയിരത്തൊന്നുറുപ്യ പോക്കറ്റുമണിയായും പാസ്സാക്കി പൊന്നു പിതാശ്രീ.

നൊന്തുപെറ്റോളെന്നും കരയേണ്ടവൾതന്നെ. കലിയുഗത്തിലാവുമ്പോൾ കനക്കെ പോളിഫോണിക്കിൽത്തന്നെയാകട്ടെ.

ഇനിയെന്നാടാ ഒരു നോക്ക്‌ കാണുന്നത്‌!

കവനപ്പെടാതെ. കിടാത്തൻ ഒരു കുടുംബചിത്രത്തിലെ ഹീറോയെപ്പോലെ ഡബ്ബ്‌ ചെയ്തുഃ

ഒരു ദിവസം പട്ടുസാരിയും കൈ നിറയെ പൂത്ത കാശുമായി ഞാനിങ്ങെത്തും അമ്മീജാൻ. (അപ്പോൾ മുറ്റത്തെ സുന്ദരിത്തെങ്ങുകൾക്ക്‌ മണ്ഡരി പിടിപെടുകയാണെങ്കിൽ അതിനു എന്നെ കുറ്റംപറയരുത്‌)

ജോലി കിട്ടി വലിയ ആളായി പെണ്ണും പെടക്കോഴിയൊക്കെ ആവുമ്പം നീ ഈ അമ്മയെ മറക്കണം കേട്ടൊ.

പെറ്റമ്മയെ മറക്കാനൊ! അതിന്‌ അമ്മ വീണ്ടും ഒന്ന്‌ പെറണം ന്നെ.

അന്നംപിടിക്കാനായെന്മകനും

മറുനാട്ടിലേക്കൊരു യാത്രയാണേ!

മറുതലയെക്കണ്ട്‌ പേടിക്കുമൊ

മറുതുണിയില്ലാതെ പോകയല്ലെ

ഞാറ്‌ നടുന്ന സീസണിൽ പാടത്ത്‌ പ്രവർത്തിച്ചു പരിചയമുള്ള കുടുംബശ്രീയ്‌ക്ക്‌ നാട്ടിപ്പാട്ട്‌ തോന്നിയതിൽ അസാംഗത്യമൊന്നുമില്ല. മദരാശി മെയിലിനു ഇനിയും നേരമുണ്ട്‌. ക്ടാവ്‌ അടുത്ത ലക്കത്തിലെ ജീവൽസാഹിത്യത്തിനായി കാതോർത്തു ഃ

ഇങ്ങുചത്തതിനൊത്തു കഴിയുവോരെ

ഓരക്കുകയുറക്കിലും പൊന്മകനെ

അകവും പുറവും നിറച്ചെഴുതി

കത്തയക്കേണമാഴ്‌ചയ്‌ക്ക്‌ രണ്ടുവട്ടം

തൻമാതാ പൊൻമാതാ. പ്രോലിറ്റേറിയൻ ആന്റ്‌ ലിറ്ററേറ്റ്‌ മദർ. ക്ടാവിന്റെ കുറുങ്കണ്ണ്‌ നിറഞ്ഞുപോയി. അവൻ അമ്മയുടെ പ്യാരെലാലായി പലവട്ടം എളയിട്ട്‌ കോലായ കണ്ണീർപ്പാടമാക്കി. ആ പാടത്തും ഒരു പൈങ്കിളിപ്പാട്ടിറക്കാൻ പൊന്നമ്മ ഉത്സാഹിച്ചു.ഃ

അന്നവും പൊന്നും പണവും പട്ടും

മാത്രം പോരല്ലോ പോരല്ലോ പൊന്മകനെ

ആവണിച്ചിങ്ങത്തിലല്ലെങ്കിൽ മേടത്തിൽ നീ

മേളത്തിൽ താളത്തിലോടി വായോ!

തൊഴുത്തിലെ ജർസിപ്പശു കയർപൊട്ടിക്കണ്ട…

കോമൻ നമ്പ്യാർ ഇടപെട്ടുഃ

യാത്രക്കിറങ്ങ്‌മ്പാ ഇവൾടെ ഒരു പാട്ട്‌ വെക്കല്‌…

അക്ഷരം അമ്പത്താറും അറിയാമെനക്ക്‌.

പാർവതിയമ്മ വിട്ടുകൊടുത്തില്ല ഃ

സ്‌കൂളില്‌ പോകാതെ കുറ്റിക്കാട്ടിലൊളിച്ചുകൂടിയ പാരമ്പര്യൊക്കെ ന്‌ങ്ങക്കാരിക്കും, ഇതെന്ത്‌ ജന്മാപ്പാ ൻത്!

എന്താടാ നിനക്കൊരു കൊറവ്‌. തേക്കാൻ എണ്ണ കിട്ടുന്നില്ലേ, ഉടുക്കാൻ ലുങ്കി കിട്ടുന്നില്ലേ, വിഴുങ്ങാൻ മാമം കിട്ടുന്നില്ലേ?

ക്‌ട്ട്‌ന്ന്‌ല്ലേ, തോന ക്‌ട്ട്‌ന്ന്‌ല്ലേ! കോവിലകത്തെ രാജരാജവർമ്മവരെ എന്നെ കാണാൻ വന്ന്‌നി. പക്ഷെ എന്റെ തലയിലെഴുതിയത്‌ ആർക്കാ മായ്‌ക്കാൻ പറ്റ്‌​‍്വാ!

ഒരു വടക്കൻവീരഗാഥപോലെ ഹൃദ്യമാണ്‌ കിടാത്തന്‌ രക്ഷിതാക്കളുടെ നിത്യവക്കാണം. ട്രാക്കിനി അടുത്തകാലത്തൊന്നും കേൾക്കേണ്ടിവരില്ല. അതോർക്കുമ്പോൾ നേർത്ത ഒരു വിഷാദം കരളിനെ കാരുന്നു.

പിന്നിട്ട വഴിയിൽ തിരിഞ്ഞുനോക്കാനുള്ള ശേമുഷിയില്ലാതെ അവൻ പെട്ടിയും ബാഗുമെടുത്ത്‌ ഒരൊറ്റ നടത്തം. ലോംഗ്‌ ഷോട്ട്‌. ഇടവഴിക്കിരുവശവും നിസ്സംഗമായി തലയുയർത്തി നിൽക്കുന്ന മുണ്ടക്കൈതകളെ കാണുവാൻ വർഷങ്ങൾക്കുശേഷം ഒരു ദിനം അവൻ തിരിച്ചുവരില്ലേ? അതൊ മഹാനഗരം എ പ്ലസ്‌ രക്തം വലിച്ചൂറ്റി കുടിച്ച്‌ അവന്റെ സ്‌കെലട്ടനെ ഓടയിലേക്കെറിയുമോ? തൽക്കാലം മറുകരയിലെ വണ്ടിപ്പാലത്തിൽ അവനുവേണ്ടി ഒരു മെയിൽവാഹനം ഇരമ്പി. അത്‌ വിട്ടുകൊണ്ടിരുന്ന പുകയേറ്റ്‌ ആകാശം കുമകുമാ കറുത്തു. ദൃശ്യത്തെ സിനിമാറ്റിക്‌ശൈലിയിൽ ഇവിടെ ഫ്രീസിയിരിക്കുന്നു. കട്ട്‌!

വംഗപുത്രരുടെ മഹാനഗരത്തിലേക്കുള്ള പ്രശസ്തമായ തൂക്കുസേതു. അത്‌ കടന്നതും കിടാത്തൻ ഴരു കൂരായണനായി. എന്ന്‌വച്ചാൽ ഔട്ട്‌സൈഡർ. ഓം ആൽബർട്ട്‌ കാമുവായ നമഃട്രാമുകൾ, ഇരുനിലബസ്സുകൾ, ആകാശചുംബികൾ, ആനത്തലയോളം വെണ്മുലയുള്ള ഉണ്ടക്കണ്ണിച്ചികൾ, തൃണമൂലങ്ങളെ വെല്ലുന്ന ഗോഥിക്സ്‌റ്റൈൽ കെട്ടിടങ്ങൾ, നിർവാണത്തിലിരിക്കുന്ന പുകക്കുഴലുകൾ, പുതിയഗന്ധങ്ങൾ, മുഖമില്ലാത്ത മുഖോപദ്ധ്യായകൾ, സാമ്പാറും മുറുക്കാനും ഒലിക്കുന്ന പട്ടന്മാർ, ചട്ട നഷ്ടപ്പെട്ട ചട്ടോപാദ്ധ്യായകൾ, റിക്ഷവലിക്കുന്ന ബിഹാരിക്കോലുനാരായണന്മാർ, ചാരുത കുളംകുത്തിയ ചാരുമജൂംദാരുവാലകൾ…

കോത്തായ്‌ ജാബൊ?

ചെറിയ വായ, ചെറിയ വർത്തമാനം. എങ്കിലും കിടാത്തന്‌ പരിഭ്രമം. തലക്കുമീതെ പറക്കയാണ്‌ വംഗഭാഷ. ലോകത്തിലുള്ള എല്ലാ കണ്ടക്ടർമാരും നിരക്കുന്നതേ സി.ടി.സി ജീവനക്കാരനും ചോദിച്ചിരിക്കൂ. ആ ഊഹനിൽ ചുട്ടി കുത്താതെ ഒന്നു രണ്ട്‌ മുദ്രകളെടുത്തു.

ബൊംഗ്ല കോത്ത ബോൽത്ത പാറിനാ?

വംഗഭാഷതൻ അനഭിജ്ഞാനത്തെക്കുറിച്ച്‌ കണ്ടക്ടൻ അനുസ്മരിച്ചത്‌

സൂപ്പർ ഇഗോയെ നീറ്റി. ആകാശത്തിനു കീഴെ പുതുതായിട്ടെന്തുണ്ട്‌ തനിക്കറിയാൻ കൊള്ളുന്നതായിട്ട്‌! ഓൾഡ്‌ ഈസ്‌ ഗോൾഡ്‌. ആംഗലമെടുക്കാൻ സിഗ്‌മണ്ട്‌ ഫ്രോയിഡിന്റെ ശിഷ്യൻ മുതിർന്നുഃ

ദിസ്‌ നൈസ്‌ ട്രാം… മൂവ്‌സ്‌ ലൈക്‌ എ ബ്യൂട്ടിഫുൾ സ്നെയിൽ…

സംസ്‌ അപ്‌ ഏൻ ഇറോട്ടിക്‌ ഫീലിംഗ്‌. വേർ ഡസ്‌ ഇറ്റ്‌ ഫൈനലി ലിബിഡോ?

(ഈ തല്ലിപ്പൊളിവണ്ടി നിർവ്വാണം പുകുന്നതേതു കാണംകേറിയകുന്നിലാണപ്പാ!

ബാലി….ഗഞ്ച്‌.

ദൈവം ഒരു ബുജിയെ ഗൈഡായിറക്കിയത്‌ നന്നായി. ബംഗാളി വശമില്ലാത്ത മലയാളിയുടെയും ഇംഗ്ലീഷിൽ പ്രാരാബ്ധമുള്ള വംഗന്റെയും ഇടയിൽ കക്ഷി പാളത്താറാണ്‌. വൈഷ്ണവരീതിയിൽ ഒരു ഗോപിബ്രാൻഡ്‌ കുറിയുടെ കാർട്ടൂണുണ്ട്‌ നെറ്റിയിൽ. ഈവ്‌ ടീസ്‌ പണ്ണി ടിക്കറ്റെടുക്കാതെ അലക്ഷ്യമായാണ്‌ മൂശായിയുടെ വിനോദസഞ്ചാരമെന്നു പ്രക്ഷിപ്തമായി ചേർക്കാം.

ബാലി…! ആ ദ്വീപിന്റെ നാമസ്മരണയിൽ വിരണ്ടുപോയി കിടാത്തർ. പുറപ്പെട്ടത്‌ ആ തുരുത്തിലേക്കൊന്നുമല്ല. ജോലി തെണ്ടി ഇന്ത്യയുടെ ഒരു സംസ്ഥാനത്തുനിന്ന്‌ മറ്റൊരു പ്രവിശ്യയിലേക്ക്‌ പോന്നതാണ്‌. മൂന്നുദിവസം നേരാംവണ്ണം ഉണ്ണാതെയും ഉറങ്ങാതെയും തീവണ്ടിയിലിരുന്ന്‌ മടുത്തതാണ്‌. ഈ ട്രാം കപ്പലാണൊ? ബാലിദ്വീപ്‌ എവിടെയാണ്‌? കടലിലൂടെ ഓടാനുള്ള ശക്തിയും സാമർത്ഥ്യവും ട്രാമിനുണ്ടാകുമൊ? തന്റെ കൈവശം പാസ്പോർട്ടും വിസയുമൊണ്ടൊ? ഒരു രോഗവുമില്ലാത്ത തനിക്ക്‌ സമസ്തരോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പനുഭവിക്കേണ്ട യോഗമാണോ? ബാലിയെ ഒളിയമ്പെയ്ത്‌ കൊന്നു കുഴിച്ചിട്ടത്‌ ആ ഗഞ്ചിലാണോ? ബാലിപ്പെണ്ണിന്റെ മനസ്സും ബാലിദ്വീപിലെ മഴയും ചതിക്കുമൊ? പൊറ്റെക്കാട്‌ ജീവിച്ചിരിപ്പുണ്ടൊ? കൂറ കപ്പലിൽ പോയതുപോലെ ഉലകംചുറ്റിവന്ന്‌ യാത്രാവിവരണം പടയ്‌ക്കുന്നതിനുപകരം പൊറ്റെക്കാടിനു പുതിയറയിലെ വീട്ടിൽ ചമ്രംപടിഞ്ഞിരുന്ന്‌ ബ്രഹ്‌മം സത്യം ജഗന്മിഥ്യാ എന്ന ലൈനിൽ കവിത കുത്തിക്കുറിച്ച്‌ മലബാറികൾക്കുവേണ്ടി നോബൽപുരസ്‌കാരം നേടാമായിരുന്നില്ലേ. അങ്ങനെ ബംഗാളികളുടെ ഷോവനിസത്തിനിട്ടു കൊടുക്കാമായിരുന്നില്ലേ ഊക്കനൊരിടി? പേർഷ്യൻ സൂഫികളുടെ വായ്‌പ്പാട്ട്‌ ഏറ്റുപാടുന്ന ഗീതാഞ്ജലിയെക്കാൾ എത്രയോ മനോഹരമല്ലേ നമ്മുടെ പൂർവസൂരിയായ കാലടി ശങ്കരന്റെ സൗന്ദര്യലഹരി!

കുച് ദ്യഃ സ്വിദ്യത്തടഘടിതകൂർപ്പാസഭിദുർ

കഷന്താ ദോർമുലേ കനകകലശാഭ് കലയതാ

തവത്രാതും ഭങ്ങ്‌ഗാദലമിതി വലഗ്നം തനുഭവാ

ത്രിധാനദ്ധം ദേവി ത്രിവലിവലീവല്ലിഭിരിവ

{Divine,

Oh my wine of elixir !

Your easily perspriring

Breasts shine like golden pots,

Touch the tickling points of shoulders’ roots

Breaks the costly silk bra.

Baap re Baap!

How the slender waist can shoulder

Such a huge monastic upholstery and

Keep from falling:

Thus thought the cupid and tied three knots

Of Lovely vines on your

Tempting and sexy navel}

മൃതഭാഷയും ഋണഭാഷയുംകൊണ്ട്‌ നാവ്‌ അഴുക്കായി. കടിഞ്ഞാൺ വിട്ട കുതിരയെപ്പോലെയാണ്‌ മനസ്സ്‌ ലക്കില്ലാതെ ഓടുന്നത്‌. മുച്ചാൺവയറിനു നന്നേ വിശക്കുന്നുണ്ട്‌. വായിക്കുന്നത്‌ സുന്ദരകാണ്ഡം പ്രക്ഷിപ്തശ്ലോകങ്ങളടക്കം. വീട്ടിലായിരുന്നെങ്കിൽ ദോശയും ചമ്മന്തിയും കിട്ടേണ്ട സമയമായെന്നു കിടാത്തൻ ഓർത്തു.

ട്രാം അന്നത്തെ ഒന്നാമോട്ടത്തിന്‌ വിരാമം നേർന്നു. ഒച്ചിലും ഒച്ചായ്‌ കോട്ടുവായിട്ടു ട്രാക്കിൽ സമാധി പൂകി. സ്ഥലം ബാലിഗഞ്ച്‌. ബംഗാളിപ്പുള്ളിന്റെ കുഴലൂത്ത്‌ കർണ്ണപുടത്തിനൊരു ഫ്രീ ടോണിക്കായെന്നു പറയാം. റോഡിനരികെ മോഡേൺ ബ്രെഡ്‌ഡിന്റെയും അമൂൽബട്ടറിന്റെയും വർണ്ണപ്പരസ്യങ്ങൾ വെണ്മുരിക്ക്‌ പൂത്തു മലർന്ന പ്രഭാതത്തിനു പാരയായെന്നും പറയാം. ഒരോംപ്ലേറ്റിനുള്ള മുട്ടയുടെ പരസ്യമെവിടെയെന്നു കിടാത്തൻ വെറുതെ ചിന്തിച്ചു.

ഗഞ്ചിൽ ബൊക്കെസഹിതം വരാമെന്നു വാക്കു തന്നിരുന്ന മച്ചുനൻചന്തുവിനെ കാണാനില്ല. പ്രതീക്ഷയ്‌ക്കൊത്ത്‌തന്നെ ചന്തു ചതിയൻ ചതിച്ചിരിക്കുന്നു. ക്ഷുദ്രൻ. ടെർമിനസ്സിൽ പക്ഷെ മുണ്ടുടുത്ത ഒരാളുണ്ട്‌. അമലയാളമല്ലേ. കിളരം കുറവാണ്‌. മുഖത്ത്‌ കട്ടിച്ചില്ലിന്റെ കണ്ണട. സംസാരിക്കുമ്പോൾ മാത്രം സ്വൽപ്പം വിക്ക്‌ കാണാം. ഗോത്രത്തിന്റെ മതിൽക്കെട്ടുകൾ പൊട്ടിച്ച ഒരു സവ്യസാചിയുടെ തകർപ്പൻചിരി വിടർന്ന ചുണ്ടിലുണ്ട്‌. (സമീപഭാവിയിൽ ചില ബൂർഷ്വാപത്രങ്ങൾപോലും ഈ ചിരിയുടെ പടംവിറ്റ്‌ കാശുവാരുമായിരിക്കും.)

ഏഷ്യയിൽ ഇന്ന്‌ സൂര്യനുദിച്ചുപൊങ്ങിയിരിക്കുന്നത്‌ ബാലിഗഞ്ചിലാണ്‌. സൂര്യതേജസ്സുള്ള നമ്മുടെ പ്രിയങ്കരനായ സഖാവ്‌ തൊട്ടരികെ കൈ കുലുക്കാൻ പാകത്തിൽ! പൊക്കിൾക്കൊടി മുറിച്ച കാലം തൊട്ടേ ഒരു ബോൾഷെവിക്കായി കഷ്ടപ്പെടുന്ന കിടാത്തൻ അശ്രുക്കൾ തൂകി അഭിവാദ്യമർപ്പിച്ചു.

കണ്ടിട്ടുണ്ട്‌ പത്രവാരികാദികളിൽ;

ലാംബരേഖയിൽ വീണ്‌ സാഷ്ടാംഗം പ്രണമിച്ചതിനുശേഷം കിടാത്തൻ വികാരാധീനനായി പറഞ്ഞുഃ

വേദികളിൽ കേട്ടിട്ടുണ്ട്‌ ചിന്തയിൽ സ്‌ഫുടം ചെയ്ത അവിടത്തെ ഗാംഭീരപ്രസംഗങ്ങൾ. പക്ഷെ മുഖദാവിൽ ഇങ്ങനെ കാണുവാൻ കൽക്കത്തതന്നെ വേണ്ടിവന്നു. ഇൻക്വിലാബ്‌ സിന്ദാബാദ്‌!

കൽക്കത്തയിലല്ല താനിപ്പോൾ;

വലിയ സഖാവ്‌ വിദൂരതയിൽ കണ്ണുംനട്ടുകൊണ്ട്‌ അറിയിച്ചുഃ

താൻ കണ്ണൂർ വിട്ടിട്ടുമില്ല. തന്റെയുള്ളിലാണിപ്പോൾ കൽക്കത്തയും കണ്ണൂരുമൊക്കെ. തന്നെപ്പോലുള്ള ലക്ഷോപലക്ഷം കിടാത്തരുടെ ഭാവിജീവിതം ഒരു കൽക്കണ്ടഖനിയാക്കണം. അതിനുവേണ്ടി ധൈര്യം വെടിയാതെ പ്രവർത്തിക്കണം. ഗീതയിൽ പറയുന്ന പതിനാറ്‌ ഈശ്വരീയഗുണങ്ങളിൽ ആദ്യത്തേത്‌ നിർഭയതയാണ്‌. മാർക്സും ഉദ്‌ഘോഷിക്കുന്നു, പേടിച്ചുതൂറികൾക്കു പറ്റിയ പണിയല്ല വർഗ്ഗസമരമെന്ന്‌. ഇന്നത്തെ കൊറോമാണ്ടലിൽ മദിരാശിക്കു തിരിക്കും. യോഗമുണ്ടെങ്കിൽ ഇനി വിപ്ലവം വന്നിട്ട്‌ കാണാം! ലാൽസലാം..!!

Generated from archived content: humour1_feb22_08.html Author: venu_nambyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൂല്യനിർണ്ണയം
Next articleമീശപുരാണം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English