2010 ജൂൺ 2ന് എൺപത്തിയേഴാം വയസ്സിൽ അന്തരിക്കുമ്പോൾ ശവദാഹത്തിന് ഭരണകൂടബഹുമതി ചാർത്തിക്കിട്ടും വിധം സാമൂഹ്യസമ്മാന്യനായിരുന്നു കോവിലൻ. (കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളത്തിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ വിശിഷ്‌ടാംഗവുമായിരുന്നു ഈ എഴുത്തുകാരൻ). എങ്കിലും കോവിലനും അദ്ദേഹത്തിന്റെ രചനകളും സമകാലിക വായനാസമൂഹത്തിന് പൊതുവെ വിദൂരസ്‌ഥമോ ദുഷ്‌പ്രാപ്യമോ ആയിത്തന്നെ നിലകൊണ്ടു. തനിക്ക് പരിമിതമായ വായനക്കാരേ ഉള്ളൂ എന്ന് ജീവിതകാലമത്രയും അദ്ദേഹം ഖേദിക്കുകയും ചെയ്‌തിരുന്നു.
കഥാഖ്യാനചരിത്രത്തിലെ ഉന്നത ശിഖരങ്ങളിലൊന്നായ ‘കോവിലൻ സാഹിത്യം’ വിപുലമായ വായനയും പുനർവായനയും പഠനമനനങ്ങളും അർഹിക്കുന്നുണ്ട്. ഇംഗ്ലീഷിലോ വിവിധ ഇന്ത്യൻ ഭാഷകളിലോ വിവർത്തനം ചെയ്യപ്പെടാത്തതുകൊണ്ടു മാത്രം നമ്മുടെ കാലത്തെ സാർവ്വഭാരതീയപ്രസക്തിയുള്ള ഈ വലിയ എഴുത്തുകാരൻ ഇന്ത്യൻ സാഹിത്യത്തിൽ അറിയപ്പെടാതെ പോകുന്നു എന്ന പരിമിതിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. അക്കാദമികൾക്കും സർവ്വകലാശാലകൾക്കും ഗവേഷണകേന്ദ്രങ്ങൾക്കും പുറത്ത് കോവിലൻസാഹിത്യത്തെ ഗൗരവപൂർവ്വം പിൻതുടരുന്ന ലോകത്തെമ്പാടുള്ള വായനക്കാർക്ക് ഈ ദിശയിൽ സാദ്ധ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി ‘ഇന്റർനേഷണൽ കോവിലൻ സ്‌റ്റഡിഗ്രൂപ്പ’് എന്നൊരു പൊതു ചിന്താവേദിക്ക് രൂപം നൽകിയിട്ടുണ്ട്.
സൈബർ സ്‌പെയ്‌സ് ഉപയോഗപ്പെടുത്തി ജീവചരിത്രപരമായ വിവരങ്ങളുടെ സംശോധിത സമാഹരണം, കൃതികളുടെ ശാസ്‌ത്രീയമായ ബിബ്ലിയോഗ്രാഫി, നാളിതുവരെയുണ്ടായ ഇന്റർവ്യൂകൾ, അനുസ്‌മരണലേഖനങ്ങൾ, പഠനങ്ങൾ, നിരൂപണങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ തുടങ്ങിയവയുടെ ആധികാരിക സൂചികാനിർമ്മിതി, പ്രസാധകരുടേയും കർത്താക്കളുടേയും അനുവാദത്തോടെ ഈ രചനകളുടെ പൂർണ്ണമോ ഭാഗികമോ ആയ പാഠപ്രസിദ്ധീകരണം… ഇവയൊക്കെയാണ് സ്‌റ്റഡി ഗ്രൂപ്പിന്റെ ഉദ്ദിഷ്‌ട പ്രവർത്തനങ്ങളിൽ പ്രാഥമികം. വിവിധ ഭാഷകളിലേക്കുള്ള കോവിലൻ കൃതികളുടെ തർജ്ജമകൾ സാദ്ധ്യമാക്കുന്നതടക്കമുള്ള വിശദമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ധാരണകൾ ഇനിയും രൂപപ്പെടേണ്ടതുണ്ട്.
ഇപ്പോൾ ഗുരുവായൂർ ആസ്‌ഥാനമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കോവിലൻ സ്‌റ്റഡി ഗ്രൂപ്പിന്റെ പ്രാഥമിക സംരംഭകർ കെ.എ. മോഹൻദാസ്, കെ.വി. സുബ്രഹ്‌മണ്യൻ, ഡോ. എ ഹരീന്ദ്രനാഥ് (കൊൽക്കത്ത), എ. പുരുഷോത്തമൻ (മുംെബൈ), കെ. ആർ വിനയൻ (ഹൈദരാബാദ്), വേണു എടക്കഴിയൂർ, പി. ഷംസുദ്ദീൻ (ദോഹ), ഡോ. കെ.എസ്. രവികുമാർ (ശ്രീശങ്കര യൂണിവേഴ്‌സിറ്റി കാലടി), എം.എ. റഹ്‌മാൻ, എന്നിവരാണ്. കോവിലനിലും അദ്ദേഹത്തിന്റെ സാഹിത്യത്തിലും താൽപര്യമുള്ള എല്ലാവരോടും സ്‌റ്റഡിഗ്രൂപ്പിൽ ഔപചാരികമായി അംഗങ്ങളാവാനും തുടർപ്രവർത്തനങ്ങളിൽ പങ്കാളികളാവാനും അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെ വിലാസത്തിൽ ബന്ധപ്പെടാൻ താൽപര്യപ്പെടുന്നു.
വേണു എടക്കഴിയൂർ, കോ ഓർഡിനേറ്റർ, ഇന്റർനാഷണൽ കോവിലൻ സ്‌റ്റഡി ഗ്രൂപ്പ്, ‘ബാംസൂരി’, പുത്തമ്പല്ലി പോസ്‌റ്റ് – 680103, ഗുരുവായൂർ നഗരസഭ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ. ഫോൺഃ 0487 2556716 (വീട്), +919447095760 (മൊബൈൽ).
ഇമെയിൽഃ venuedakkazhiyur@gmail.com, venuedakkazhiyur@yahoo.com
Generated from archived content: news1_dec13_10.html Author: venu_edakkazhiyur
Click this button or press Ctrl+G to toggle between Malayalam and English