അവളുടെ ചോദ്യത്തിനു മുന്നിൽ അച്‌ഛൻ പകച്ചുനിന്നു.
മകൾ… എന്നും അനുസരിക്കാൻ മാത്രം പഠിച്ചവൾ.
അവൾ ചോദിക്കുന്നു. തന്റെ ഏതാകാശമാണ് ഇടിഞ്ഞുവീണതെന്ന്. ഒരിക്കലും ഇങ്ങനൊരു ചോദ്യം സീതയിൽ നിന്നും പ്രതീക്ഷിച്ചില്ല.
“അച്‌ഛാ.. നിങ്ങളൊക്കെ എന്നെ ഒരു സ്‌ത്രീയായിട്ടെങ്കിലും പരിഗണിക്കൂ…”
“എന്നുവച്ചാൽ..?!”
“എനിക്കും എന്റേതായ ഇഷ്‌ടാനിഷ്‌ടങ്ങൾ… ജീവിതം ഇതൊക്കെ വേണ്ടേ…. അതോ, ഓരോരുത്തരുടേയും ഇഷ്‌ടങ്ങൾ മാത്രം നടപ്പാക്കാനുളള പാവമാത്രമാണോ ഞാൻ..”
സുകന്യയും സൂര്യയും ചേച്ചിയെ അത്ഭുതത്തോടെ നോക്കുകയായിരുന്നു.
സീതയ്‌ക്ക് ഇങ്ങനെ നാവുമുളച്ചത് അവരൊന്നും അറിഞ്ഞിരുന്നില്ല.
“ആളുകളെ എനിക്കറിയില്ല. പക്ഷേ, എനിക്ക് എന്നെ അറിയാം. അച്‌ഛന് അറിയാതെ പോയത് എന്നെയാണ്.”
അച്‌ഛൻ സീതയെ നോക്കി. അവൾ ഏറെ വളർന്നു പോയി എന്നച്‌ഛനുതോന്നി. എവിടെയെങ്കിലും പിശകു പറ്റിയോ.
കോപത്തിന്റെ അമ്പുകൾ സീതയുടെ വാക്കുകൾക്കു മുന്നിൽ ഒടിയുന്നത് മറ്റുളളവർ നോക്കിനിന്നു.
അച്‌ഛൻ ഒന്നും പറയാതെ കിടപ്പുമുറിയിലേക്കു പോയി. പിന്നാലെ അമ്മയും.
“ചേച്ചി എന്തൊക്കെയാ പറയണത്…” സുകന്യ ശബ്‌ദം താഴ്‌ത്തി ചോദിച്ചു.
അതിന് ഉത്തരം പറയാതെ സീത പറഞ്ഞു. “ഞാൻ ഇപ്പോഴും ഉണ്ണിയേട്ടനെ സ്‌നേഹിക്കുന്നു.”
“എന്താ ഈ പറയണത്?”
“എന്താ… ഓരോരുത്തരുടേയും ഭാവിക്കും മാനത്തിനും വേണ്ടി നിർബ്ബന്ധിച്ച്, ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചയയ്‌ക്കുമ്പോൾ മനസ്സും സ്‌നേഹോമെല്ലാം കുഴിച്ചുമൂടാൻ പറ്റ്വോ സുകന്യേ…”
“ചേച്ചീടേം ഭാവിക്കുവേണ്ടിയല്ലായിരുന്നോ..”
“എന്റെ ഭാവിക്കുവേണ്ടിയായിരുന്നെങ്കിൽ എന്റെ ഇഷ്‌ടാനിഷ്‌ടങ്ങൾ കൂടി കണക്കിലെടുക്കണ്ടെ..”
“ഇനീം ചേച്ചി പ്രശ്‌നമുണ്ടാക്കിയാ ഞങ്ങളെയാണ് ബാധിക്കുക…” സൂര്യ പറഞ്ഞു.
“കണ്ടോ… അതാണു പ്രശ്‌നം. ഓരോരുത്തരുടേയും പ്രശ്‌നങ്ങളാണ് അവരവർക്കു വലുത്. അച്‌ഛന് അച്‌ഛന്റെ മാനം.. നിങ്ങൾക്ക് നിങ്ങളുടെ ഭാവി… സമൂഹത്തിന് അവരുടെ പ്രമാണങ്ങൾ.. ഇതിനിടയിൽ ഈ സീതയുടെ മനസ്സെന്താ നിങ്ങളാരും കാണാത്തത്..”
പറഞ്ഞു നിർത്തുമ്പോൾ സീത തേങ്ങിപ്പോയിരുന്നു.
“നിങ്ങൾ കാണുന്ന കാഴ്‌ചകൾക്കും അപ്പുറത്തു കാഴ്‌ചകളില്ലെ… അറിയുന്ന ജീവിതത്തിനും അപ്പുറത്ത് ജീവിതങ്ങളില്ലെ… എന്താ അത് ഓർക്കാത്തത്… അംഗീകരിക്കാത്തത്..”
സീത പറഞ്ഞുതീരും മുമ്പ് അകത്തേക്കു പോയ അച്‌ഛൻ തിരിച്ചുവന്നു. പിന്നാലെ നിഴൽപോലെ അമ്മയും.
“എല്ലാം അംഗീകരിക്കാം ഞാൻ.. പക്ഷെ, ആ അവനുണ്ടല്ലോ… ഉണ്ണി… അവനെ കാണുന്നത് അംഗീകരിക്കാനാവില്ല… അനുവദിക്കാനാവില്ല..”
സീത അച്‌ഛന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു. ആ ചിരി ഒരു കുന്തമുനപോലെ അയാളിലേക്കു നിപതിച്ചു.
“ധിക്കാരമായി കരുതരുത്… ഉണ്ണിയേട്ടനെ കാണാനുളള അനുവാദവും അംഗീകാരവും ഇനി അച്‌ഛനല്ല; എന്റെ ഭർത്താവാണ് തരേണ്ടത്… ഭർത്താവു മാത്രം.”
“എന്താ അവന്റെ സമ്മതം വാങ്ങീട്ടാണോ നീ ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത്..” അമ്മയായിരുന്നു ചോദിച്ചത്.
“അമ്മേ… ഇക്കാര്യം ഞാൻ എന്റെ ഭർത്താവുമായി സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതല്ലെ… ഭാര്യാഭർത്തൃ ബന്ധത്തിലെ ഇതും ഞാൻ തുറന്നു പറയണോ… ബോധിപ്പിക്കണോ..”
അമ്മയും അടിയേറ്റപോലെ ഒരു ചൂളി. മൗനത്തിലാണ്ടു. സീതയും പിന്നീടൊന്നും പറഞ്ഞില്ല. ഷർട്ടുപോലും മാറാതെ അച്‌ഛൻ ചാരുകസാലയിൽ ആലോചനാ നിമഗ്‌നനായി കിടന്നു. അച്‌ഛനേയും നോക്കി അമ്മ താഴെ ഇരുന്നു. സുകന്യയും സൂര്യയും അടുക്കളയിൽ പിറുപിറുക്കലുമായി ഒത്തുകൂടി. സീത മാത്രം ഒറ്റപ്പെട്ടു.
“അവള് അറിവില്ലാതെ വല്ലതുമൊക്കെ പറഞ്ഞൂന്നുവച്ച് മനസ്സ് വിഷമിപ്പിക്കുന്നതെന്തിനാ..” അമ്മ അച്‌ഛനോടു ചോദിച്ചു.
“അവൾ അറിവോടെ പറയുമ്പോൾ ഞാൻ അറിവില്ലാത്തവനായി എന്നതാണ് എന്റെ വിഷമം.”
അമ്മയ്്ക്ക് അച്‌ഛൻ പറഞ്ഞതിന്റെ പൊരുൾ ഒട്ടുമേ ബോധ്യപ്പെട്ടില്ല.
കുറച്ചുനേരം കൂടി സീത അങ്ങിനെതന്നെ നിന്നു. പിന്നെ അവൾ ബെഡ്‌റൂമിലേക്കു പോയി. റൂമിൽ ചെന്നതും കിടക്കയിലേക്കു വീണതും ഒരുമിച്ചായിരുന്നു. അവൾക്കു പിടിച്ചു നിൽക്കാനായില്ല. തലയണയിൽ മുഖമമർത്തി അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞു.
ഒരിക്കലും ആരോടും എതിർത്തു പറഞ്ഞിട്ടില്ല. എല്ലാം സഹിച്ചിട്ടേ ഉളളൂ. പക്ഷേ, എന്തോ ഇപ്പോൾ മനസ്സിൽ ഒതുക്കാനായില്ല. വേണ്ടായിരുന്നു. അച്‌ഛനേയും അമ്മയേയും മറ്റുളളവരേയും വിഷമിപ്പിക്കരുതായിരുന്നു. അവർ കാണുന്നതാണ് അവരുടെ ജീവിതം. ആ കാഴ്‌ചപ്പാടിലും തന്റെ ജീവിതം സുരക്ഷിതമാക്കാനല്ലെ അവർ ശ്രമിച്ചുളളൂ. ആ ഉദ്ദേശശുദ്ധിയുടെ പേരിലെങ്കിലും അവരെ വേദനിപ്പിക്കരുതായിരുന്നു.
ഓടിച്ചെന്ന് മാപ്പു പറഞ്ഞാലെന്തെന്നുവരെ സീതയ്‌ക്കു തോന്നി. പക്ഷേ, എങ്ങനെ മാപ്പുപറയാൻ. ഒന്നിനും ആവാതെ സീത കരച്ചിൽ തുടർന്നു. ആ രാത്രി ആരും ഒന്നും കഴിച്ചില്ല. സീത ഉറങ്ങിയതുമില്ല. അവൾ ഒരു തീരുമാനം കൈക്കൊണ്ടിരുന്നു. രാവിലെ തന്നെ അവൾ അച്‌ഛന്റെ മുന്നിലെത്തി. സീത അടുത്തെത്തിയതറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ഇരിക്കുകയായിരുന്നു. അല്‌പസമയം കഴിഞ്ഞിട്ടും അച്‌ഛൻ ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോൾ അവൾ വിളിച്ചു.
“അച്‌ഛാ..”
അച്‌ഛൻ തലയുയർത്തി നോക്കി. അടുത്ത നിമിഷം എന്തെന്നുപോലും ചോദിക്കാതെ അവഗണനയുടെ മുഖപടം എടുത്തണിഞ്ഞു.
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”
“ങും..?!”
“ഏറ്റവും അടുത്ത ദിവസം എനിക്കു ബോംബേയ്‌ക്കു തിരിച്ചുപോണം.”
അച്‌ഛൻ അതൊട്ടും പ്രതീക്ഷിച്ചില്ലെന്നു തോന്നി.
“എന്താ.. എന്താ കാര്യം..?”
“അല്ലെങ്കിലും ഞാൻ ഭർത്താവിന്റെടുത്തേക്ക് തിരിച്ചു പോകേണ്ടതല്ലെ. ഇവിടെ വന്നു എല്ലാവരേയും കണ്ടു. ഇനി എത്രയും വേണം തിരിച്ചു പോകുക. അദ്ദേഹവും അവിടെ ഒറ്റയ്‌ക്കല്ലെ.
”അതിന് രാമകൃഷ്‌ണൻ വന്ന് കൊണ്ടു പോയ്‌ക്കൊളളുമെന്നാണല്ലോ പറഞ്ഞിരുന്നത്..“
”ഒന്ന്… അതൊക്കെ അദ്ദേഹത്തിനു ബുദ്ധിമുട്ടാകും. രണ്ട് എനിക്കും എത്രയും വേഗം അവിടെ എത്തണം. പറ്റിയാൽ ഇന്നുതന്നെ യാത്ര തിരിക്കണം എന്നാണ് ആഗ്രഹം.“
അച്‌ഛൻ അടുക്കളയിലേക്കു നോക്കി അമ്മയോടായി വിളിച്ചു പറഞ്ഞു.
”ദേ… ഇവൾക്ക് ഇന്നുതന്നെ തിരിച്ചുപോണന്ന്.“
”ഇതെന്തു കൂത്തു ഈ പറയണത്. രാമകൃഷ്‌ണൻ വരാതെ.“ അമ്മ അത്ഭുതത്തോടെ ഓടിയെത്തി.
”അച്‌ഛനു കൊണ്ടുവിടാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ തനിയെ പൊയ്‌ക്കോളാം…“
പിന്നെ, അച്‌ഛന്റെ മറുപടി കേൾക്കാൻ നില്‌ക്കാതെ സീത തിരിച്ചു നടന്നു. അച്‌ഛന്റെ മുഖഭാവം അവൾക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.
സുകന്യ ചോദിച്ചു. ”ചേച്ചിക്കെന്താ ഭ്രാന്തു പിടിച്ചോ…“
”ഇല്ല.. ഞാനിവിടെ നിന്നാൽ നിങ്ങൾക്കാവും ഭ്രാന്തുപിടിക്കുക.. അതിനും മുൻപ്.. നാട്ടുകാർ നിങ്ങളെ നോക്കി പരിഹസിക്കും മുൻപ് ഞാൻ പൊയ്‌ക്കോട്ടെ പെണ്ണേ..“
ഉണ്ണിയേട്ടനോട് ഒരു യാത്ര പറച്ചിൽ.. അതു വേണ്ടെന്ന് സീതയ്‌ക്കുതോന്നി. അല്ലെങ്കിൽത്തന്നെ എന്നും തന്റെ മനസ്സിലുളള ഉണ്ണിയേട്ടനോട് എങ്ങനെ യാത്ര പറയാൻ.. എങ്ങോട്ടു പോകാൻ…
”രാമകൃഷ്‌ണൻ എന്തു കരുതും..“ അമ്മ ചോദിച്ചു.
”എനിക്കറിയില്ല. രാമേട്ടന്റെ കരുതലാണോ അമ്മയ്‌ക്കു പ്രശ്‌നം. എങ്കിൽ വിഷമിക്കേണ്ട. അദ്ദേഹത്തെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊളളാം.“
അച്‌ഛൻ രാവിലെതന്നെ റെയിൽവേ സ്‌റ്റേഷനിലേക്കു പോയി. തിരിച്ചുവന്നപ്പോൾ പറഞ്ഞു.
”മറ്റന്നാൾ പോകാം. അന്നത്തേക്കാണ് റിസർവേഷൻ കിട്ടിയിരിക്കുന്നത്.“
സീത കേൾക്കാൻ ആരോടെന്നില്ലാതെയാണ് അച്‌ഛൻ പറഞ്ഞത്. സീത അതു കേൾക്കുകയും ചെയ്‌തു.
”രണ്ടു ദിവസത്തേക്കു കൂടി ഞാൻ സമാധാനക്കേട്… അല്ലേ.. അമ്മേ…“
അടുക്കളയിൽ വച്ച് സീത അമ്മയോടു പറഞ്ഞു. അമ്മ സീതയുടെ മുഖത്തേക്കു നോക്കി. നിറകണ്ണുകളുമായി നിന്നിരുന്ന സീതയെ നിറകണ്ണുകളോടെ അമ്മ കണ്ടു. ഇരുവരും വിങ്ങിപ്പൊട്ടി.
”ഇല്ലമ്മേ… അമ്മ വിഷമിക്കണ്ട.. എല്ലാവരും എന്റെ സുഖത്തിനും ഭാവിക്കും വേണ്ടിയാണെന്നറിയാം.. എനിക്ക് സുഖമാണമ്മേ.. സുഖമാണ്..“
സൂര്യ മാത്രം സീതയോടു ചോദിച്ചു. ”രാമേട്ടനെ കാണാതെ ചേച്ചിക്ക് കഴിയാനാവൂല്ലാല്ലെ… അതിന് ഓരോ നമ്പരുകള്.. അല്ലെങ്കിൽത്തന്നെ രാമേട്ടൻ എത്ര രസികനാ.. എന്തു സ്‌മാർട്ടാ..“
സീത മറുപടി ഒന്നും പറഞ്ഞില്ല.
Generated from archived content: akasham9.html Author: vennala_mohan
Click this button or press Ctrl+G to toggle between Malayalam and English