എട്ട്‌

വളഞ്ഞുപുളഞ്ഞുപോകുന്ന തോട്ടിറമ്പിലൂടെ അവർ നടന്നു. പിന്നെ, വിശാലമായ പാടശേഖരങ്ങൾ. പാടവരമ്പിലൂടെ മൂവരും വരിവരിയായി നടന്നു.

ഈ വരമ്പിലൂടെ ബാല്യത്തിന്റെ കൈവിരൽത്തുമ്പു പിടിച്ച്‌ ഉണ്ണിയേട്ടനോടൊപ്പം കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും മറുപുറങ്ങളിലെത്രവട്ടം കയറിയതാണ്‌. സീത ഓർത്തു.

ആ ഓർമ്മകളെല്ലാം താലോലിച്ചുനടക്കെ പൊടുന്നനെ സീത ചോദിച്ചു.

“സൂര്യേ… നീ ഉണ്ണിയേട്ടനെ കാണാറുണ്ടോ?”

ഉത്തരമൊന്നും കിട്ടാതായപ്പോൾ മുന്നിൽ നടന്നിരുന്ന സീത ഒന്നു നിന്നു. തൊട്ടുപിന്നിൽ നടന്നിരുന്ന സുകന്യ അവളെ വന്നിടിച്ചു. പിമ്പെ സൂര്യയും.

“ഒരു ബോധോല്ല… പാടവരമ്പത്ത്‌ ഒറ്റ നിപ്പാ…” സുകന്യ പറഞ്ഞു.

“അല്ല.. ഞാൻ ചോദിച്ചതിന്‌ സൂര്യ ഒന്നും പറഞ്ഞില്ലല്ലോ.”

വീണ്ടും നടന്നുകൊണ്ട്‌ സീത ചോദ്യത്തെക്കുറിച്ച്‌ ഓർമ്മിപ്പിച്ചു.

“ഇനീം ചേച്ചി എല്ലാം മനസ്സിൽ കൊണ്ടുനടക്ക്വാ?” സൂര്യ ചോദിച്ചു.

“ആ പ്രതിഷ്‌ഠകളൊന്നും ഇളക്കാനും മാറ്റി പ്രതിഷ്‌ഠിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല സൂര്യേ..”

“കഷ്‌ടം..രാമേട്ടൻ.. ഇതുപോലൊരു ഭർത്താവിനെ കിട്ടാൻ തപസ്സിരിക്കണം. എന്നിട്ടും പറയണതു കേട്ടില്ലേ..” സുകന്യയ്‌ക്കു ദേഷ്യം വന്നു.

“മറ്റുളളവർ തപസിരുന്നു കിട്ടിയ ഫലമായിരിക്കും. അത്‌ എനിക്കെന്തിനാണു തന്നത്‌?”

ആരുമാരും ഒന്നും പറഞ്ഞില്ല. പാടവരമ്പിൽ മൗനം വിളഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും സീത പറഞ്ഞു.

“എല്ലാവർക്കും ഇഷ്‌ടമുളളതിനെ സ്വീകരിക്കാനും ഇഷ്‌ടമില്ലാത്തതിനെ നിരാകരിക്കാനും അവകാശോണ്ടന്ന്‌ നമ്മൾ പറയാറില്ലേ. അപ്പോൾ ഉണ്ണിയേട്ടനെ മനസ്സിൽ സ്വീകരിക്കാൻ എനിക്കവകാശമില്ലേ?”

“ചേച്ചി ഒരു ഭാര്യയാ.. പതിവ്രതയായ ഭാര്യ..”

പാതിവ്രത്യമാണ്‌ രാമേട്ടൻ തന്നിൽ കാണുന്ന ആദ്യ ദുർഗുണമെന്ന്‌ സീത ഓർത്തു.

പിന്നെ, താൻ ആരുടെ ഭാര്യ? എന്ത്‌ അർത്ഥത്തിൽ, ഏത്‌ അർത്ഥത്തിൽ താൻ രാമേട്ടന്റെ ഭാര്യയാണ്‌?

പാടവരമ്പ്‌ കഴിഞ്ഞു. തെങ്ങിൻതോപ്പിലേക്കു കയറി. പിന്നെ തോപ്പുവിട്ട്‌ നാട്ടുപാതയിലൂടെ അവർ ക്ഷേത്രത്തിലേക്കു നടന്നു.

സീതയുടെ മനസ്സ്‌ പ്രതീക്ഷിച്ചതുപോലെ-ദൂരെ ഉണ്ണി നിൽക്കുന്നു. എന്തോ കണ്ടു ഭയന്നതുപോലെ, സംസാരിച്ചു നടന്നിരുന്ന സൂര്യയും സുകന്യയും നിശ്ശബ്‌ദരായി.

“ഹായ്‌! ഉണ്ണിയേട്ടൻ.” സീത മെല്ലെയാണു പറഞ്ഞതെങ്കിലും സുകന്യയും സൂര്യയും അതു കേട്ടു.

“ചേച്ചീ..”

അവർ ഒരു താക്കീതുപോലെ വിളിച്ചു. അതവഗണിച്ചുകൊണ്ടവൾ ഉണ്ണിയുടെ നേരെ നടന്നു.

“എന്തായിത്‌. സമയത്ത്‌ അമ്പലത്തിൽ എത്തണ്ടേ?” സുകന്യ വിളിച്ചുചോദിച്ചു.

“ധൃതിയാച്ചാൽ നടന്നോ… ഞാൻ പിന്നാലെയുണ്ട്‌..” സീത വിളിച്ചു പറഞ്ഞു.

ഉണ്ണിയുടെ അടുത്തെത്തിയപ്പോൾ എന്താണു ചോദിക്കേണ്ടതെന്നും അവൾക്കറിയില്ലായിരുന്നു.

ഉണ്ണിയാണ്‌ ആദ്യം സംസാരിച്ചത്‌. “ഞാൻ അവിടെ വന്നത്‌ രാമകൃഷ്‌ണനറിഞ്ഞു അല്ലേ. അതാ ഇവിടെ കൊണ്ടാക്കിയത്‌ അല്ലേ?”

സീത ചിരിച്ചു.

“രണ്ടൂസം മുമ്പേ ഞാൻ സീത വന്നതറിഞ്ഞു. ഒന്നു കാണാൻ കൊതിയായിരുന്നു. അതിൽ കൂടുതൽ ഈ കാര്യം അറിയാനുളള ആകാംക്ഷ.”

“ഇല്ല. വെറുതെ നാട്ടിലേക്ക്‌ ഒരു വരവുവന്നതാ.”

“സത്യം തന്ന്യാ..”

“സത്യം.”

ഉണ്ണി ദീർഘമായി നിശ്വാസിച്ചു. ഇനി എന്താണു പറയേണ്ടത്‌ എന്നറിയാതെ നില്‌ക്കെ സീത പറഞ്ഞു.

“വീട്ടിലെ ഒഴിഞ്ഞ തത്തക്കൂട്‌ കാണുമ്പോ എനിക്കു സങ്കടംവർവാ..”

ഉണ്ണി വല്ലാതായി. “സീതേ… നീ ജീവിതത്തിലെ വല്യ വല്യ കാര്യങ്ങളെപ്പറ്റി പറയ്‌.. ഞാൻ കേൾക്കാം. ഈ കൊച്ചുകൊച്ചു കാര്യങ്ങൾ പറഞ്ഞാൽ എന്നെപ്പോലുളള കൊച്ചുകൊച്ചു മനുഷ്യർക്ക്‌ സങ്കടം വരും.”

ഉണ്ണി സീതയുടെ കണ്ണുകളിലേക്കു നോക്കി. പഴയ ആ പാവാടക്കാരി പെണ്ണ്‌ അതേപടി നില്‌ക്കുംപോലെ ഉണ്ണിക്കു തോന്നി.

ഇതിനിടെ, ആ വഴി നടന്നവർ പലരും ആ നില്‌പും സംസാരവും ശ്രദ്ധിച്ചു കടന്നുപോയി.

“ഓരോരുത്തരും എന്തെങ്കിലുമൊക്കെ പറയൂട്ടോ..”

“ആരെന്തു പറഞ്ഞാലും ഞാൻ ഭാര്യയാണ്‌. എന്റെ ഭർത്താവു പറയുന്നത്‌ ഞാൻ ശ്രദ്ധിച്ചാൽ മതി.”

“ഞാനോ?”

ഉണ്ണിയുടെ ചോദ്യത്തിന്‌ ഒരു മറുപടി കൊടുക്കുംമുമ്പ്‌ സുകന്യ വിളിച്ചു.

“ചേച്ചി..”

“ചെല്ല്‌. പോകുംമുൻപ്‌ നമുക്ക്‌ ഇനീം കാണാം.” ഉണ്ണി പറഞ്ഞു.

സീത സാവധാനം നടന്ന്‌ അവരുടെ അടുത്തെത്തി.

ദേഷ്യംകൊണ്ട്‌ അവർ വല്ലാതായിക്കഴിഞ്ഞിരുന്നു.

“നാണോല്ലെങ്കിൽ വേണ്ട. ഞങ്ങടേം കൂടി ഭാവി കളയാനാ ചേച്ചീടെ ഒരുക്കം?”

സുകന്യയുടെ ചോദ്യം കേട്ട്‌ സീത വല്ലാതായി. ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും ഓർത്തു. എല്ലാവർക്കും അവരവരുടെ ഭാവിയും ജീവിതവുമാണ്‌ പ്രശ്‌നം. ഇതിനിടെ സീതയ്‌ക്ക്‌ എന്താണു പ്രശ്‌നം?

അമ്പലത്തിലേക്ക്‌ നടന്നപ്പോഴും തൊഴുത്‌, തിരിച്ചു വീട്ടിലേക്കു നടന്നപ്പോഴും മൂവരും മൗനത്തിൽതന്നെയായിരുന്നു.

ചെന്നുകയറുമ്പോൾ അമ്മ കാത്തിരിക്കുകയായിരുന്നു.

“പഴയ പരിചയക്കാരെയൊക്കെ കണ്ടോ?” സീതയോട്‌ അമ്മ കൊളുത്തുവച്ചു.

കണ്ടെന്നും ഇല്ലെന്നും അവൾ പറഞ്ഞില്ല. വസ്‌ത്രം മാറിയുടുക്കാനായി അകത്തേക്കു പോയി.

ഏറെനേരം കഴിഞ്ഞില്ല, മുറ്റത്ത്‌ അച്ഛന്റെ അലർച്ച കേട്ടു. “എവിടെടീ അവള്‌..?”

ഈ ശബ്‌ദം, ഈ അലർച്ച.. പഴയ ഓർമ്മകളിലേക്കു നയിക്കുന്നു. അന്നും ഇതുതന്നെയായിരുന്നു ശബ്‌ദം.

“സീതേ… ദേ അച്‌ഛൻ വിളിക്കുന്നു.”

സീത വസ്‌ത്രം മാറി പുറത്തേക്കു ചെന്നു. അച്‌ഛൻ വെളിച്ചപ്പാടിനെപ്പോലെ തുളളിവിറയ്‌ക്കുകയാണ്‌.

“നീ എവിടെപ്പോയിരുന്നെടീ..?”

“അമ്പലത്തിൽ..”

“ഏതു ദൈവത്തെ തൊഴാനാ നീ പോയത്‌?”

സീത ഉത്തരം പറഞ്ഞില്ല. അമ്മയും സുകന്യയും സൂര്യയും ഭയന്ന്‌ വല്ലാതെ നിൽക്കുകയാണ്‌.

“നീ മാനംകെടുത്തിയേ അടങ്ങൂ അല്ലേ?”

“ഞാൻ അമ്പലത്തിൽ പോയതുകൊണ്ട്‌ അച്‌ഛന്റെ ഏതാകാശമാണ്‌ ഇടിഞ്ഞുവീണത്‌?” സീത ചോദിച്ചു.

ആദ്യമായി, തനിക്കെതിരെ വാക്കുകൾ നീട്ടുന്ന മകളെക്കണ്ട്‌ അച്‌ഛൻ ഒന്നു പകച്ചു.

Generated from archived content: akasham8.html Author: vennala_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English