ഏഴ്‌

സുകന്യയ്‌ക്കും സൂര്യയ്‌ക്കും ഒട്ടേറെ പറയാനുണ്ടായിരുന്നു. സീതയ്‌ക്കു മൂളിക്കേൾക്കാനും. രണ്ടു ദിവസത്തിനകം രാമകൃഷ്‌ണൻ ബോംബെയിലേക്കു മടങ്ങി. മടങ്ങാൻനേരം സീതയെ അയാൾ രഹസ്യമായി വിളിച്ചുവരുത്തി പറഞ്ഞു.

“മനസ്സിൽ പഴയതു പലതും നിറഞ്ഞു നില്‌ക്കുമ്പോൾ നിനക്കു പുതിയ സീതയാകാൻ കഴിയില്ല. ഇനി കുറച്ചുദിവസം നീ ഇവിടെ നിൽക്ക്‌… മനസ്സിലുളളതെല്ലാം പെയ്‌തുതീർത്ത്‌ അങ്ങോട്ടു വരാൻ തയ്യാറായാൽ മതി.”

രാമകൃഷ്‌ണൻ പറഞ്ഞതിന്റെ അർത്ഥം വ്യവഛേദിച്ചറിയാനാകാതെ സീത കുഴങ്ങി.

“മനസ്സിലായില്ലേ… വെറുതെ അവിടെ നിന്നു വീർപ്പുമുട്ടണ്ട. എല്ലാം തീരട്ടെ. ഇനി വരുമ്പോഴെങ്കിലും എനിക്കു വേണ്ടതു പുതിയ സീതയെയാണ്‌. അത്രയും ദിവസം നിന്റെ ഇഷ്‌ടം. ഞാൻ ഒന്നും അന്വേഷിക്കാനും അറിയാനും ശ്രമിക്കില്ല.”

രാമകൃഷ്‌ണൻ സീതയെ സൂത്രക്കണ്ണുകൊണ്ട്‌ നോക്കി ചിരിച്ചു. സീത അപ്പോഴും മൂളിക്കേൾക്കുകയായിരുന്നു. എന്നും കാലം അവൾക്കു നല്‌കിയ ജീവിതവും അതുതന്നെയായിരുന്നു.

“ഇപ്പോഴെങ്കിലും നിനക്കു തോന്നുന്നില്ലേ ഞാൻ വലിയ പുരോഗമനവാദിയാണെന്ന്‌. അംഗീകരിക്കപ്പെടേണ്ടവനാണെന്ന്‌.”

ആ നിമിഷം സീതയുടെ നാവു ചലിച്ചു. “എന്റെ തോന്നൽ അവിടെ നിൽക്കട്ടെ. രാമേട്ടന്‌ സ്വയം തോന്നുന്നുണ്ടോ ഇതൊക്കെ.”

രാമകൃഷ്‌ണൻ ഒന്നു നോക്കിയതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല. ഈ മനുഷ്യന്റെ വാക്കുകൾ എങ്ങനെ സംസ്‌കാരത്തിന്റെ, സ്‌നേഹത്തിന്റെ, പരിശുദ്ധതയുടെ സീമകൾ ലംഘിക്കുന്നു?

ഓരോ ഉച്ഛ്വാസനിശ്വാസങ്ങളിലും തന്റേതുമാത്രമായിരിക്കണം ഭാര്യ എന്നു ശാഠ്യം പിടിക്കേണ്ട ഭർത്താവ്‌.. പുരോഗമനത്തിന്റെ പേരിൽ എന്തുചെയ്യാനുമുളള എൻ.ഒ.സി. നല്‌കുന്നു. ഇതു പുരോഗമനത്തിന്റെ പേരിലല്ല.. തനിക്കു പയറ്റാനുളള ഒരു വാളിനു മൂർച്ചവയ്‌പിക്കലാണ്‌. പറഞ്ഞൊഴിയാൻ ഒരു സൂത്രവാക്യവും-പുരോഗമനം! കഷ്‌ടം… ബോംബെയിലെ ഒരു കോൾഗേളിനെ വിവാഹം കഴിക്കുകയായിരുന്നു ഇദ്ദേഹത്തിനു നന്ന്‌. ഒരുപക്ഷേ, അവർക്ക്‌ ശാലീനതയില്ലെന്നു കരുതിയിട്ടാവാം ഗ്രാമത്തിലേക്ക്‌ എഴുന്നളളിയത്‌. സീതയുടെ മനസ്സിൽ വെറുപ്പോ അറപ്പോ നിറയുകയായിരുന്നു.

“ങും… നീ എന്തേ ആലോചിക്കുന്നത്‌?”

“ഒന്നൂല്യ…”

“ഇല്ലെടി പെണ്ണേ.. നിന്റച്ഛനോട്‌ ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല.”

“എങ്ങനെ?”

അയാൾ ഒരർത്ഥവിരാമംപോലെ അവളെ നോക്കിയശേഷം വീണ്ടും തുടർന്നു.

“ഒരു ചെയിഞ്ചിന്‌ കൊണ്ടുവന്നു എന്നാണ്‌ പറഞ്ഞത്‌. ഒരാഴ്‌ച കഴിഞ്ഞ്‌ ഞാൻ വിളിക്കാമെന്നും ബുദ്ധിമുട്ടില്ലെങ്കിൽ അച്‌ഛനോട്‌ കൊണ്ടുവന്നാക്കാനും പറഞ്ഞിട്ടുണ്ട്‌.”

“ങും..”

രാമകൃഷ്‌ണൻ പോയിക്കഴിഞ്ഞപ്പോൾ അച്‌ഛൻ പറഞ്ഞു.

“ന്തൊക്കെയായാലും.. എത്ര തിരക്കായാലും… അവനു കുടുംബസ്‌നേഹോണ്ടെടോ…”

“ഇവള്‌, വീട്ടിലേക്കു വരണംന്നു പറഞ്ഞു ബഹളമുണ്ടാക്കി കാണും.” അമ്മ മറ്റൊരു ന്യായം പറഞ്ഞു.

“അതെയോ മോളേ?” അച്‌ഛൻ അവളോടു ചോദിച്ചു.

സീത ഒരു വിളറിയ ചിരി ചിരിച്ചതേയുളളൂ.

നിങ്ങളുടെയെല്ലാം സമാധാനത്തിനുവേണ്ടി ഈ സീതയെ പടിയിറക്കി വിട്ടതല്ലേ. ഇനീം ഈ പടികയറാൻ സീത ബഹളോണ്ടാക്കൂന്നു കരുതണുണ്ടോ?

“ഒരു ഉത്സവംപോലെയായിരുന്നു രാമേട്ടനുണ്ടായപ്പോൾ.” സുകന്യ പറഞ്ഞു.

“എന്തൊരു സ്‌റ്റൈലാ രാമേട്ടന്റേത്‌. ആ തമാശപറച്ചിലും ഇടപെടലുമൊക്കെ എത്ര സ്‌മാർട്ടായിട്ടാ.. ശരിക്കും ഒരു സിനിസ്‌റ്റാറിനെപ്പോലെ.” സൂര്യയും പറഞ്ഞു.

“എല്ലാം ഭാഗ്യാണേ..” എല്ലാം കേട്ടുകൊണ്ടിരുന്ന അച്‌ഛൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

ആ നിമിഷം സീതയ്‌ക്കു ചോദിക്കാൻ തോന്നി. “ആരുടെ ഭാഗ്യാണ്‌…?”

പക്ഷേ, ചോദിച്ചില്ല. അവളപ്പോൾ വീടിന്റെ കോലായിൽ പണ്ടൊരിക്കൽ കൂട്ടിലിട്ടിരുന്ന തത്തയെ തുറന്നുവിട്ടതിനെക്കുറിച്ചും അതിനു ശകാരം കേട്ടതിനെക്കുറിച്ചും ഓർക്കുകയായിരുന്നു.

ആ തത്ത ഇപ്പോൾ എവിടെയായിരിക്കും? അതിരുകളില്ലാത്ത ആകാശത്ത്‌ അത്‌ പാറിപ്പറക്കുകയായിരിക്കും.

സായാഹ്നം തളർന്നു തുടങ്ങിയപ്പോൾ സീത സുകന്യയോടു പറഞ്ഞു.

“നമുക്കിന്ന്‌ അമ്പലത്തിൽ പോണോട്ടോ…”

അതുകേട്ടപ്പോൾ അവൾ സീതയെ വല്ലാതൊന്നു നോക്കി. അടുക്കളയിലായിരുന്ന അമ്മയും സീതയുടെ ആവശ്യം കേട്ടു. അമ്മ അടുക്കളയിലേക്കു വിളിച്ചു.

“സീതേ…”

സീത അടുക്കളയിലേക്കു ചെന്നു.

“നീ എന്തു ഭാവിച്ചാ?” അമ്മയുടെ കണ്ണിൽ ക്രോധം കത്തുന്നതു കാണാത്തതുപോലെ സീത നിന്നു.

“മനസ്സിലായില്ല.”

“നിനക്കൊന്നും മനസ്സിലാവില്ലല്ലോ. ഇവിടെ മനസ്സിലാകുന്നതും മനസ്സു വേദനിക്കുന്നതും ഞങ്ങൾക്കല്ലേ?”

പച്ചക്കളളം എന്നു പറയണമെന്നു തോന്നി.

“ഇനീം പ്രശ്‌നങ്ങൾ വരുത്തിവയ്‌ക്കാനാണോ നിന്റെ പുറപ്പാട്‌?”

“പ്രശ്‌നങ്ങളെല്ലാം തീരാനല്ലേ അമ്മേ അമ്പലത്തിൽ പോണത്‌..”

“അച്‌ഛനോടു ചോദിച്ചിട്ട്‌..” ബാക്കി അമ്മ പറയും മുൻപ്‌ സീത തടഞ്ഞു.

“വേണ്ട.. ഞാൻ അമ്പലത്തിൽ പോണു. സുകന്യ വരീണെങ്കിൽ വരട്ടെ.”

അമ്മ പിന്നീടു പറയുന്നതൊന്നും കേൾക്കാൻ സീത നിന്നില്ല. അവൾ അടുക്കളവിട്ടു പോന്നു.

സുകന്യ മാത്രമല്ല, സൂര്യയും സീതയോടൊപ്പം അമ്പലത്തിലേക്കു കൂടി.

“അമ്പലത്തിലേക്കെന്നാൽ, അങ്ങോട്ടുതന്നെ പോണം. കണ്ടിടത്തൊക്കെ നിന്ന്‌ കണ്ടവരോടൊക്കെ സംസാരിച്ചു നിൽക്കണ്ടാട്ടോ..” അമ്മ പിന്നിൽനിന്നും ഒരു താക്കീതുപോലെ പറഞ്ഞു.

Generated from archived content: akasham7.html Author: vennala_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English