ഏറെ വൈകിയശേഷമാണ് രാമകൃഷ്‌ണൻ എത്തിയത്. കാത്തിരുന്നു വിഷമിച്ച സീത ഡൈനിംഗ് ടേബിളിൽ മുഖം കമഴ്‌ത്തി ഉറക്കത്തിന്റെ മേഖലകളിലേക്ക് കടന്നു തുടങ്ങിയിരുന്നു.
കോളിംഗ്‌ബെല്ലിന്റെ നാദം ഒരു വെളിപാടുപോലെ അവളെ ഉണർത്തി. വാതിൽ തുറന്നപ്പോൾ ആദ്യം അകത്തുകടന്നതു മദ്യഗന്ധമായിരുന്നു. പിന്നാലെ നല്ല ഫോമിൽ രാമകൃഷ്‌ണനും. സീതയെ അയാൾ ഒന്നിരുത്തിനോക്കി. ആദ്യമായി കാണുംപോലെ. പിന്നെ, അയാൾ ചോദിച്ചു.
“എന്റെ പതിവ്രതയായ ഭാര്യേ… ഇന്ന് ആരും വന്നു പുകവലിച്ചിവിടെ വിശ്രമിച്ചിട്ടു പോയില്ലല്ലോ.”
സീത വാക്കിലെ മുളളിൽ മുനയൊടിക്കാനും സ്വീകരിക്കാനും ശ്രമിച്ചില്ല. വാക്കിലെ മുളളിനെ വാക്കുകൊണ്ടെടുക്കണമെന്ന് അവൾക്കറിയാമായിരുന്നു. എന്നിട്ടും, സീത ഒന്നും പറയാതായപ്പോൾ അവളെനോക്കി ഒരു വില്ലൻചിരി ചിരിച്ചു അയാൾ. എന്നിട്ടും അവൾ ഒരു നോട്ടം കൊണ്ടുപോലും പ്രതികരിച്ചില്ല.
“അല്ലെങ്കിലും എനിക്കറിയാം.” അത്രയും പറഞ്ഞയാൾ നിർത്തി. ബാക്കിക്കുവേണ്ടി എന്തറിയാം എന്നവൾ ചോദിക്കുമെന്ന് അയാൾ കരുതി. പക്ഷേ, അതുണ്ടാവാതായപ്പോൾ അയാൾതന്നെ ബാക്കികൂടി പറഞ്ഞു. “ഇനി സിഗരറ്റുകുറ്റിയോ മറ്റോ വീണാൽ ഞാൻ വരുംമുമ്പ് നീ എടുത്തുമാറ്റും എന്നെനിക്കറിയാം…”
പിന്നെ, ബാക്കി പറയാൻ നില്‌ക്കാതയാൾ ടൈയും ഷർട്ടും അഴിച്ചുകൊണ്ട് ബെഡ്‌റൂമിലേക്കു പോയി. കാൽ പതറാതെ നടക്കാൻ ശ്രമിക്കുന്ന അയാൾ.. ഒരു വിദൂഷകനാണെന്നവൾക്കു നോന്നി. ഈ വിദൂഷകവേഷം തന്റെ ജീവിതത്തിൽ എന്തു നാടകമാണു കെട്ടിയാടുന്നത്?
അധികം മദ്യപിച്ചുകഴിഞ്ഞാൽ വേഷം പോലും മാറാതെ ബെഡ്‌ഡിൽ ചെന്നു വീണുറങ്ങാറാണു പതിവ്. ഷൂ അഴിക്കേണ്ട ചുമതലപോലും സീതയ്‌ക്കായി മാറുകയാണ് ഉണ്ടാകാറ്.
പക്ഷേ, അകത്തേക്കു പോയ അയാൾ പതിവുതെറ്റിച്ചു. ബുദ്ധിമുട്ടിയാണെങ്കിലും വേഷം സ്വയം മാറി, ഒരു കൈലിയെടുത്ത് ഉടുത്തുകൊണ്ടയാൾ വീണ്ടുമെത്തി.
അയാൾ പതിവുതെറ്റിച്ചപ്പോൾ അവൾക്ക് അത്ഭുതം തോന്നി. അതൊന്നും പ്രകടിപ്പിക്കാതെ കസാരയിൽത്തന്നെ സീതയിരുന്നു.
“നോക്കൂ സീതേ… ഇതു കണ്ടോ..” അയാൾ കൈയിൽ എന്തോ ഉയർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
“എന്താ അത്..”
“രണ്ടു റെയിൽവെ ടിക്കറ്റുകൾ. നാളെ നമ്മൾ നാട്ടിലേക്കു പോകുന്നു.”
അതും പറഞ്ഞ് അയാൾ അവളെ നോക്കി ഒന്നു ചിരിച്ചു.
വിമാനറാഞ്ചികൾ കോക്ക്‌പിറ്റിൽ കടന്നു കൈയിൽ ബോംബുയർത്തിക്കാണിച്ച് ഭീഷണിപ്പെടുത്തുന്നതിനു തുല്യമായി തോന്നി അവൾക്കിത്. ഉളളിൽ വെപ്രാളത്തിന്റെ അഗ്‌നിശാലകൾ ഉണരുകയും ഉയരുകയും ചെയ്‌തു. വെപ്രാളം മറച്ചുകൊണ്ട് അവൾ ചോദിച്ചു.
“എന്തിനാണ് നാളെ നാട്ടിലേക്കുളള പോക്ക്.”
അയാൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. അടുത്തനിമിഷം ഒരു കസാരവലിച്ച് അതിലിരുന്നു.
“സീതേ… ഞാൻ നിനക്ക് എന്തു കുറവാ വരുത്തീട്ടുളളത്. ഭക്ഷണത്തിനു ഭക്ഷണം, വസ്‌ത്രത്തിനു വസ്‌ത്രം അങ്ങനെ… അങ്ങനെ… എല്ലാമെല്ലാം നല്‌കിയിട്ടില്ലേ.”
ഇപ്പോൾ എന്തിനാണ് ഇതൊക്കെ പറയുന്നതെന്ന് അവൾക്കാദ്യം മനസ്സിലായില്ല.
“അതായത് ഒരു ഭർത്താവെന്നനിലയിൽ എന്റെ ജോലികൾ ഞാൻ ഭംഗിയായി ചെയ്യുന്നു എന്നർത്ഥം.”
അപ്പോൾ ഭർത്തൃസ്ഥാനം ഒരു ഉദ്യോഗമാണോ… ഇതൊക്കെയായാൽ ഒരു ഭർത്താവായോ. ഇതു മാത്രമെ ഒരു ഭാര്യയ്‌ക്കു ഭർത്താവിൽനിന്നും പ്രതീക്ഷിക്കാനാവൂ..
“അതായത്…” അല്‌പമൗനത്തിനുശേഷം അയാൾ വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു. “ഇത്രയ്‌ക്കു ഉത്തരവാദിത്വത്തോടെ നീങ്ങുന്ന മറ്റൊരു ഭർത്താവിനെ ഈ ബോംബെ സിറ്റിയിൽ നിനക്കു കാണിച്ചുതരാമോ?”
മറ്റു ഭർത്താക്കൻമാർ എങ്ങനെയൊക്കെ എന്നന്വേഷിക്കുന്നതു തന്റെ ഉത്തരവാദിത്വത്തിൽപ്പെട്ടതാണോ? തന്റെ ഭർത്താവിനെ അളക്കേണ്ടത് മറ്റു ഭർത്താക്കൻമാർ എങ്ങനെ എന്ന മാനദണ്‌ഡം വച്ചാണോ? ബോംബെ സിറ്റിയിൽ ഇതായിരിക്കണോ തന്റെ അന്വേഷണ വസ്‌തുത. അവൾ മിണ്ടാതിരിക്കുന്നതു കണ്ടപ്പോൾ അതൊരു തോൽവിയായി അയാൾക്കു തോന്നി.
“മനസ്സിലായില്ലെ ഒരാളെപ്പോലും കാണാൻ കഴിയില്ല എന്ന്. ഇത്രയും ഭംഗിയായി കാര്യങ്ങൾ ചെയ്യുന്ന എന്നോടൊപ്പം എന്റെ വിജയത്തിനുവേണ്ടി സഹകരിക്കാൻ നിനക്കാവുന്നില്ല. ശരിയല്ലേ..”
ആണെന്നും അല്ലെന്നും അവൾ പറഞ്ഞില്ല. പക്ഷേ, അയാളുടെ ഉദ്ദേശ്യം അവൾക്കു വ്യക്തമായിക്കഴിഞ്ഞിരുന്നു. തീറ്റയും വെളളവും കൊടുത്ത് ഉരുക്കളെ പോറ്റുന്ന അതേ അറവുകാരന്റെ ചിന്ത.
രാമകൃഷ്‌ണന്റെ കൈകളിൽ പാപത്തിന്റെ രക്തക്കറകളാണെന്നും മനസ്സിൽ അറവുകാരന്റെ ലാക്കാണെന്നും അവൾക്കു തോന്നി.
ഒരു അറവുകാരനെ ഉരു നോക്കുംപോലെ അവൾ നോക്കി. അയാൾ ആ നോട്ടം കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ തുടരാൻ തുടങ്ങിയിരുന്നു.
“ഇവിടത്തന്നെ നമ്മളധികം പുറത്തൊന്നും പോകാറില്ല. നമ്മുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ വ്യത്യസ്‌തമാണ്. അതിലേറെ എനിക്ക് നല്ല തിരക്കുമാണ്.”
വീണ്ടും തുടരാനായി ഒന്നു നിർത്തിയ ഇടവേളയിൽ അവൾ ചോദിച്ചു. “വളരെ വൈകിയിരിക്കുന്നു.. രാമേട്ടന് ഭക്ഷണം വല്ലതും…”
“വേണ്ട… വേണമെങ്കിൽ ഞാൻ പറയില്ലേ. അപ്പോൾ ഞാൻ പറഞ്ഞുവന്നതെന്താണ്. ങാ..പുറത്തുപോകാറില്ലെന്ന്…അല്ലേ.”
“ങും..”
“ഞാനിന്ന് അതിനെക്കുറിച്ച് ചിന്തിച്ചു. അപ്പോഴാണു തോന്നിയത് നാടുവരെ ഒന്നുപോകാമല്ലോ എന്ന്.”
ഇവിടെ പുറത്തിറങ്ങാൻ സമയമില്ലാത്ത ആൾക്ക് നാടുവരെ പോകാനുളള സമയം! ഉദ്ദേശ്യം അതല്ലെന്നു വ്യക്തം.
“എന്നിട്ടെന്തിനാ..” അവൾ ചോദിച്ചു.
ആ ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നതുപോലെയായിരുന്നു.
“ആ… നാട്ടിൽ പോകുന്നത് ഇഷ്‌ടമല്ലെ. സ്വന്തം നാടല്ലെ… പിന്നെ, എന്തൊക്കെ സ്വന്തങ്ങളും സ്വപ്‌നങ്ങളുമാണ് അവിടെയുളളത്…”
അതുകൂടി കേട്ടപ്പോൾ അവളുടെ മനസ്സിൽ അഗ്‌നി കത്തിപ്പടരാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
“ങും… ഉറക്കം വരണുണ്ടോ.. കിടന്നോളൂ… കിടന്നോളൂ. നാളെ നേരത്തെ ഉണരേണ്ടതല്ലേ…”
രാമകൃഷ്‌ണൻ അതു പറഞ്ഞപ്പോൾ അതൊരു ഭാഗ്യമായി അവൾ കരുതി.
“രാമേട്ടൻ…”
“ഞാൻ അല്‌പംകൂടി കഴിഞ്ഞിട്ടു കിടന്നോളാം. നീ കിടന്നോളൂ..”
സീത തീപിടിച്ച മനസ്സുമായി ഉറങ്ങാൻ കിടന്നു. ഉറക്കം വരാതവൾ വിഷമിച്ചു. പിന്നീടെപ്പോഴോ അവൾ നിദ്രയിലേക്ക് നിപതിച്ചു. അപ്പോഴും രാമകൃഷ്‌ണൻ എത്തിയിട്ടുണ്ടായിരുന്നില്ല. ഉണരുമ്പോൾ അയാൾ അടുത്തുകിടപ്പുണ്ടായിരുന്നു.
തൊട്ടടുത്താണു കിടന്നതെങ്കിലും എത്രയോ അകലത്താണെന്നവൾക്കു തോന്നി. എളുപ്പം എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ കഴിച്ചപ്പോഴേയ്‌ക്കും രാമകൃഷ്‌ണനും ഉണർന്നുകഴിഞ്ഞിരുന്നു.
“സീതേ.. ഇനീപ്പോ ഫുഡ്‌ഡൊന്നും ശരിയാക്കണ്ട. പുറത്തുനിന്നും കഴിക്കാം. നാട്ടിലേക്കു കൊണ്ടുപോകാൻ കുറച്ചു തുണികളും മറ്റും വാങ്ങണം.”
സീത രാമകൃഷ്‌ണൻ പറഞ്ഞതനുസരിച്ചു. അവൾ വേഷം മാറാൻ തുടങ്ങി. അതുകണ്ട് ഒരവജ്ഞയോടെ അയാൾ പിറുപിറുത്തു.
“ഓ.. ഒരു കാട്ടുജാതി. മോഡേൺ ഡ്രസുപോലും താത്‌പര്യമില്ല.”
അവൾ അതു കേട്ടതായി നടിക്കാതെ സാരിചുറ്റാൻ തുടങ്ങി. വഴിക്കുവച്ച് അയാൾ പലപ്പോഴും കാറുകളുടെ നമ്പർ തിരിച്ചറിഞ്ഞ് അതിലെ വി.ഐ.പികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അയാൾക്ക് അവരുമായുളള ബന്ധത്തെക്കുറിച്ചും പിന്നെ, ഇടയ്‌ക്കിടെ അവർ ഇപ്പോൾ അയാളെ കാണരുതെന്ന് ഉച്ചത്തിൽ പ്രാർത്ഥിച്ചു. കാരണം ഒരു മോഡേണിസവും ഇല്ലാത്ത ഒരു പെണ്ണാണ് തന്റെ ഭാര്യ എന്നവർ അറിഞ്ഞാൽ… ശൊ…ശോ…
എന്താണ് മോഡേണിസം എന്ന് അപ്പോൾ അവൾ വെറുതെയെങ്കിലും ചിന്തിക്കുകയായിരുന്നു.
വീട്ടിലേക്കു കുറച്ചു വസ്‌ത്രങ്ങളും മറ്റും വാങ്ങി. ആദ്യ യാത്രയല്ലേ… വിവാഹശേഷമുളള ആദ്യയാത്ര. ഉച്ചയ്‌ക്കുളള ട്രെയിനിൽ കയറി. വീട്ടിലെത്തിയപ്പോൾ അച്‌ഛനും അമ്മയ്‌ക്കുമെല്ലാം അത്ഭുതമായിരുന്നു. നിനച്ചിരിക്കാത്ത സമയത്തുളള എത്തിപ്പെടൽ…
“ന്നാലും നിനക്കൊരു കത്തയ്‌ക്കായിരുന്നില്ലേ വരുന്ന വിവരത്തിന്…” അമ്മ ചോദിച്ചു.
“അല്ലേലും ചേച്ചി ഇങ്ങനാ..” അനുജത്തിയുടെ കുറ്റപ്പെടുത്തൽ.
നമ്മുടെ കൈപ്പിടിയില്ലല്ലോ ജീവിതം എന്നു പറയണമെന്നാണു തോന്നിയതെങ്കിലും അവൾ അതു പറഞ്ഞില്ല. രാമകൃഷ്‌ണൻ പക്ഷേ, അതിനു മറുപടി പറഞ്ഞു.
“വളരെ പെട്ടെന്നാ പോരാൻ തീരുമാനിച്ചത്. അതാ അറിയിക്കാൻ കഴിയാഞ്ഞത്.”
“ങും..?”
ഒരു ചോദ്യഭാവത്തിൽ അച്‌ഛൻ മൂളി.
“അച്‌ഛനുമൊക്കെയായിട്ടു സംസാരിക്കാമല്ലോ എന്നു കരുതി..”
രാമകൃഷ്‌ണൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
താനുമായി സംസാരിക്കാനോ ഈ പെട്ടെന്നുളള യാത്ര..! സംസാരത്തിൽ വല്ല പന്തികേടുമുണ്ടോ? അച്‌ഛൻ സംശയിച്ചു.
അമ്മയും അനുജത്തിമാരും ഇതൊന്നും കേട്ടതേയില്ല. കൊണ്ടുവന്ന വസ്‌ത്രങ്ങളുടെ വർണ്ണപ്പകിട്ടിൽ എല്ലാം മറന്ന് ചേർച്ച നോക്കുകയായിരുന്നു. വർണ്ണപ്പകിട്ടിലെ ചേർച്ചകളാണല്ലോ എല്ലാകാര്യങ്ങളിലും ഇപ്പോഴും നോക്കുന്നത്!
“പ്രത്യേകിച്ചു വല്ലതും സംസാരിക്കാൻ…” അർദ്ധോക്തിയിൽ ആകാംഷ ഒളിപ്പിച്ചു അച്‌ഛൻ.
“ഇനീം സമയോണ്ടല്ലോ… സംസാരിക്കാല്ലോന്നേ..” വിദഗ്‌ദ്ധമായി മറുപടി പറഞ്ഞുകൊണ്ട് ആകാംഷ അതേപടി നിർത്തി രാമകൃഷ്‌ണൻ. സീത വല്ലാത്തൊരവസ്ഥയിലായി.
“സീത വേണേൽ ഫ്രണ്ട്‌സിന്റെ അടുത്തൊക്കെ പൊയ്‌ക്കോളൂ. കുറച്ചുകാലമായില്ലേ അവരെയൊക്കെ കണ്ടിട്ട്… കാണാനും പറയാനും ധാരാളോണ്ടാവില്ലേ..” രാമകൃഷ്‌ണൻ പറഞ്ഞു.
അതിലും വല്ല ദുഃസൂചനയും ഉണ്ടോ… സീതയുടെ മനസ്സ് ചികയാൻ തുടങ്ങി.
Generated from archived content: akasham6.html Author: vennala_mohan