പുറത്ത് ആകാശം ചോരുകയായിരുന്നു. മഴ! ചില്ലു ജാലകങ്ങളിൽ മഴയുടെ വായ്‌ത്താരി. പുന്നെല്ലിന്റെ മണവും പുതുമഴയുടെ കുളിരും ഉളള ഗ്രാമം ഒരോർമ്മ പിശകുപോലെ ഇടയ്‌ക്കിടെ മാറിയും മറിഞ്ഞും സീതയുടെ മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ ഹൃദയം മൂടിക്കെട്ടി. ആകാശംപോലെ ചോരാൻ മിഴിയിണകളും തയ്യാറായി നിന്നു.
സീത ചില്ലുജാലകത്തിലേക്കു നോക്കി. കുഞ്ഞുകുട്ടിയുടെ കവിളിലെ കണ്ണീർപാടുപോലെ വെളളപ്പാടുകൾ. ഇടയ്‌ക്കിടെ ഇടിമുഴങ്ങിയപ്പോൾ മഴ ഒരു പൊട്ടിക്കരച്ചിൽപോലെയായി. എന്നിട്ടും പൊട്ടിക്കരയാൻ വയ്യാതെ സീത ഇരുന്നു. എന്തിനാണ് പൊട്ടിക്കരയേണ്ടത്? മനസ്സിൽ നഷ്‌ടപ്പെട്ട ഒരു കിനാത്തുണ്ടിനെ ഓർത്തോ. ങേ… ഹേ! അല്ല. പിന്നെ, ഗ്രാമത്തെ ഓർത്തോ..സങ്കൽപ്പ യാഥാർത്ഥ്യ വൈചിത്ര്യങ്ങളെ ഓർത്തോ.
ഒട്ടുമേ അല്ലേ. പിന്നെ…എന്തിനെന്നറിയില്ല. എങ്കിലും ഒന്നു പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിൽ… അവൾ വെറുതെ ആശിച്ചു. എന്നിട്ടും സീത കരഞ്ഞില്ല.
“സീതെ… മഴ കാലം തെറ്റിയാണ് പെയ്യുന്നതെന്നു തോന്നുന്നു അല്ലേ..”
രാമകൃഷ്‌ണന്റെ ശബ്‌ദംകേട്ട് അവൾ ഉണർന്നു. കുളിയും കഴിഞ്ഞ് രാമകൃഷ്‌ണൻ എത്തിയിരിക്കുന്നു. ടർക്കിടൗവ്വലിന്റെ തുമ്പുകൊണ്ട് ചെവിയിലെ വെളളം കളയുകയാണയാൾ.
“ബ്രേക്ക്‌ഫാസ്‌റ്റ് എടുത്തുവയ്‌ക്കട്ടെ..”
“ങും… എന്താ നിന്റെ വിഭവം.”
“ഇഡ്‌ഡലി…”
“നിനക്ക് മറ്റൊന്നും ഉണ്ടാക്കാൻ അറിയില്ലെന്നുണ്ടോ… ഇവിടം ഇപ്പോൾ ഏതോ പാണ്ടിപട്ടരുടെ ഹോട്ടലുപോലായി.”
സീത ഒന്നും പറയാതെ നിന്നപ്പോൾ അയാൾ പറഞ്ഞു.
“ങും… വിളമ്പിക്കോ.. നിനക്കും എടുത്തോ..”
സീത എളുപ്പം തന്നെ ഇരുവർക്കും വേണ്ടത് എടുത്തുവച്ചു.
“നീയും ഇരുന്നോ. എന്നെ വയറുനിറപ്പിക്കാനൊന്നും നില്‌ക്കണ്ട. ആ ശീലോക്കെ മനസ്സിലുണ്ടെങ്കിൽ അതൊക്കെ മാറ്റിയേക്കൂ…”
സീത ചായ കുടിക്കാനിരിക്കുമ്പോൾ വെറുതെയെന്നോണം പറഞ്ഞു. “ശരിയാ… എത്ര ശ്രമിച്ചിട്ടും ചിലതെല്ലാം മാറ്റാൻ മനസ്സിനു കഴിയുന്നില്ല.”
അതുകേട്ടപ്പോൾ രാമകൃഷ്‌ണൻ അവളെ ഒന്നിരുത്തി നോക്കി. സീത ആ നോട്ടം കണ്ടതായി പോലും ഭാവിച്ചില്ല.
അതൊരു അവഗണനയാണോ എന്നയാൾ സംശയിച്ചു. “പല ചിട്ടകളും മാറ്റാനാവുന്നില്ല എന്നെനിക്കറിയാം. പക്ഷേ, ശീലിച്ച ചിട്ടകളെല്ലാം എല്ലാ സ്ഥലത്തും തുടരണം എന്ന് ശാഠ്യപ്പെടാതിരിക്കുന്നതല്ലേ ബുദ്ധി.‘
അവൾക്ക് ഒന്നും മനസ്സിലായില്ല. മനസ്സിലായില്ലെന്ന കാര്യം അയാൾക്ക് ബോധ്യപ്പെടുകയും ചെയ്‌തു. ഒരു ഇഡ്‌ഡലി പൊട്ടിച്ചെടുത്ത് ചട്‌നിയിൽ മുക്കി. പിന്നെ, അവളെ നോക്കി അയാൾ ഒരു പ്രത്യേകരീതിയിൽ കണ്ണിറുക്കി. എന്തിന്റെ നാന്ദിയാണ് ഇത് എന്നൊന്നും മനസ്സിലാക്കാൻ അവൾക്കായില്ല.
”സീതേ…“ അയാൾ വിളിച്ചു.
മെല്ലെയാണ് വിളിച്ചതെങ്കിലും ശബ്‌ദം ഉറച്ചതായിരുന്നു. അവൾ വിളി കേൾക്കാതെതന്നെ അയാളുടെ മുഖത്തേക്കു നോക്കി. ആ മുഖത്ത് വ്യവഛേദിക്കാനാവാത്ത വികാരത്തിരകളുടെ വേലിയേറ്റം. അടുത്ത നിമിഷം തിരയൊന്നടങ്ങി. അയാൾ മെല്ലെ, നിർത്തി നിർത്തി പറഞ്ഞു.
”ഏതു പെണ്ണിനും പൂർവകാല കഥകൾ ഉണ്ടാകും എന്നറിവില്ലാത്തവനല്ല ഈ രാമകൃഷ്‌ണൻ..“
ഈശ്വരാ… എന്തിന്റെ പുറപ്പാടാണ്. ഈ വാക്കുകൾ ഏതു കഥയാടാനുളള കേളികൊട്ടാണ്.
”പാതിവ്രത്യം എന്ന സങ്കല്പത്തിൽ ഞാനൊട്ടും വിശ്വസിക്കുന്നുമില്ല, കന്യകാത്വം എന്നത് വെറും വിഡ്‌ഢിത്തമാണെന്നു കരുതുകയും ചെയ്യുന്നുണ്ട്.“
”എന്നുവെച്ചാൽ….“ ഒരു ഉൾചൂടോടെ അവൾ ചോദിച്ചു.
”എന്നുവെച്ചാൽ ഒന്നുമില്ല. പിന്നെ, ഇങ്ങനെയൊക്കെ പറയുന്നത് എന്തെന്നുവച്ചാൽ നമ്മൾ ഭാര്യാഭർത്താക്കന്മാരല്ലേ ചില കാര്യങ്ങളെല്ലാം ചർച്ചചെയ്യേണ്ടി വരില്ലേ.“
രാമകൃഷ്‌ണന്റെ മുൻപില്ലാത്ത മുഖമാണ് ആ നിമിഷം സീത ആ വാക്കുകളിലൂടെ ദർശിച്ചത്.
പാതിവ്രത്യം സ്‌ത്രീയുടെ എല്ലാമാണെന്ന് വിശ്വസിച്ചത് തെറ്റായിപ്പോയോ…ഇതിനൊന്നും വിലകാണാത്ത, വിഡ്‌ഢിത്തമായി കരുതുന്ന ഈ മനുഷ്യന്റെ മുന്നിൽ താനാരാണ്. ഭാര്യയോ… അതോ… പിന്നെ ഇപ്പോൾ ഇതെല്ലാം പറയുന്നതിന്റെ പിന്നിൽ… ഒരു പിടിയും കിട്ടുന്നില്ലല്ലോ.
”ഞാൻ പറഞ്ഞുവരുന്നത്…“ ഒരുനിമിഷം പറഞ്ഞ് അയാൾ അവളുടെ മുഖത്തേക്കു നോക്കിയിരുന്നശേഷം തുടർന്നു.
”ഒരു പെണ്ണും പൂർവ്വകഥകളിൽ ജീവിതം കെട്ടിയിടാൻ ശ്രമിക്കുന്നത് വിഡ്‌ഢിത്തമായിരിക്കും എന്നാണ്. ആ വിഡ്‌ഢിത്തം സ്വീകരിക്കാനാണ് മനസ്സുവെമ്പുന്നതെങ്കിൽ പരിക്കുകൾ ശക്തമായിരിക്കും.“
ഓ… ധ്വനിപ്പിക്കുകയാണ്. ഉണ്ണിയേട്ടൻ വന്നതിനെക്കുറിച്ചുളള ഏതോ ധാരണയിലാണ്. തുറന്നു ചോദിച്ചുകൂടെ. എങ്കിൽ എല്ലാം പറഞ്ഞേനെയല്ലോ. എന്തിനീ വളച്ചുകെട്ടലുകൾ. തുറന്നുചോദിക്കാനുളള അടുപ്പവും അധികാരവുമുളളപ്പോൾ ഈ വളച്ചുകെട്ടലുകൾ ജീവിതത്തെ അന്യവൽക്കരിക്കുകയല്ലേ.
കഷ്‌ടംതന്നെ. ഒന്നു തുറന്നു ചോദിച്ചിരുന്നെങ്കിൽ എല്ലാം തുറന്നു പറഞ്ഞേനെയല്ലോ. എല്ലാം തുറന്നു പറയാനുളള ഒരു നിമിഷത്തിനുവേണ്ടി എത്രകാലമായി കാത്തിരിക്കുന്നു. എന്തായാലും സഹിക്കാൻ തയ്യാറാണ്. ഇപ്പോഴുളള അവസ്ഥയെക്കാൾ ഭേദമായിരിക്കാനെ വഴിയൊളളൂ.
”സീത എന്താ ഇത്ര ചിന്താവിഷ്‌ടയായത്… വെറുതെ പ്ലെയിറ്റും തടവി ഇരിക്കുന്നതെന്തിനാ…“ രാമകൃഷ്‌ണൻ അതും പറഞ്ഞ് ഒന്നുചിരിച്ചു. ”ഞാൻ ലോകകാര്യം പറഞ്ഞതല്ലേ. അതിലിത്ര വിഷമിക്കാൻ എന്തിരിക്കുന്നു സീതേ..“
”ഞാൻ വിഷമിച്ചില്ലല്ലോ..“ സീത ശബ്‌ദം താഴ്‌ത്തി പറഞ്ഞു.
”എന്നു പറയുവാനും ഒരു വിഷമം അല്ലേ.“
വീണ്ടും രാമകൃഷ്‌ണൻ ചിരിച്ചു. ആ ചിരിയൊലികൾ അമ്പെയ്‌ത്തുകളാണെന്ന് അവൾക്കു തോന്നി.
”എല്ലാ ബന്ധങ്ങളും നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നു ചിന്തിക്കണം.“
”നേട്ടം എന്നുവെച്ചാൽ..“
”നമ്മൾ കാണുന്ന സ്വപ്‌നസദൃശ്യമായ ജീവിതത്തിനുവേണ്ട മുതൽകൂട്ടുകൾ..“
അവളുടെ ചുണ്ടൊന്നു കോടി. ”ജീവിതം മുഴുവൻ വസ്‌തുക്കൾകൊണ്ടു മെനഞ്ഞെടുത്തതാണെങ്കിൽ മനസ്സ്..“
ബാക്കി അവൾ പറയുംമുമ്പ് അയാൾ കാറി. ”ഛായ്… മനസ്സ്… മണ്ണാങ്കട്ട… എനിക്കറിയാട്ടോ സീതേ..“
”എന്താണ് രാമേട്ടാ..“
”ഞാൻ നിന്റെ മനസ് ആഗ്രഹിക്കുന്ന ഭർത്താവല്ലെന്ന്. അതാവാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ, എന്നെ ആഗ്രഹിക്കുന്ന ഒട്ടേറെപേർ ഇവിടെ ഉണ്ടെന്ന് നീ ഓർക്കണം.“
”എന്തിനാണങ്ങനെ ഓർക്കേണ്ടത്.. ഭാര്യയ്‌ക്ക് ഭർത്താവുപോലും സ്വന്തമല്ലെങ്കിൽ അങ്ങനെ ഓർത്തെന്തിനാ ഊറ്റം കൊളളുന്നത്.“
അവളുടെ ചോദ്യത്തിനുമുന്നിൽ ഒരു നിമിഷം അയാൾ മൗനിയായി. അടുത്ത നിമിഷം അയാൾ പറഞ്ഞു.
”നിനക്ക് ഒരു യാഥാസ്ഥിതിക ഭർത്താവിനെ…. ഒരു തുണ്ടുഭൂമിയും നോക്കി സ്വപ്‌നം കാണുന്ന ഒരു പഴമ്പാട്ടിലെ നായകനെയാണ് ഇഷ്‌ടം. എനിക്കറിയാം. പക്ഷേ, നീ ഒന്നോർക്കണം ഇന്നലെ ഞാനൊരു യാഥാസ്ഥിതിക ഭർത്താവ് ആയിരുന്നെങ്കിലോ..“
സീതയുടെ മുഖം വിളറി. രാമകൃഷ്‌ണൻ ചായകുടിയും കഴിഞ്ഞെഴുന്നേറ്റു. വാഷ്‌ബെയ്‌സിനിൽ പോയി വായ കഴുകി. തോളിൽ കിടന്നിരുന്ന ടർക്കിടൗവ്വലിൽ ചുണ്ട് ഒപ്പി. കൈതുടച്ചു. അപ്പോഴും സീത അതേ ഇരിപ്പിലായിരുന്നു. അതുകണ്ടപ്പോൾ ഒരു വിജയിയുടെ ആത്മാനന്ദമാണ് രാമകൃഷ്‌ണന് തോന്നിയത്.
”നിനക്കു മനസ്സിലായില്ലേ സീതേ…“
മനസ്സിലായെന്നോ ഇല്ലെന്നോ ഉളള ഉത്തരത്തിനു കാതോർക്കാതെ അയാൾ തുടർന്നു. ”ഞാനൊരു യാഥാസ്ഥിതികനും നിന്റെ സങ്കല്പകാരനുമായിരുന്നെങ്കിൽ ഇന്നലെ കിട്ടിയ ഒരു സിഗരറ്റിന്റെ തുണ്ടുമാത്രം മതി നീ ഇന്നു വീട്ടിലേക്കു യാത്ര പുറപ്പെടാൻ. അറിയ്വോ നിനക്ക്..“ സീത തലകുനിച്ചു.
”ഇത് പട്ടണമാണ്. ഞാൻ രാവിലെ പോയാൽ രാത്രിയാണ് കയറിവരുന്നത്. നിന്നിൽ ഒരു ജാരസംയോഗത്തെ ആരോപിക്കാൻ ഒരു സിഗരറ്റിന്റെ കുറ്റി മതിയായ തെളിവുതന്നെയാണ്. അല്ലേ..“
സീത ഒന്നും പറഞ്ഞില്ല. തല കുനിച്ചു.
”ഇക്കാരണം കൊണ്ട് നീ നാട്ടിലെത്തുകയും നാടുമുഴുവൻ ഇത് പാടിപ്പടരുകയും ചെയ്‌താൽ വീടിന്റെ സ്ഥിതി ഓർക്കുന്നുണ്ടോ.“
സീതയ്‌ക്ക് അപ്പോഴും ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.
”പല കാര്യങ്ങൾക്കും നീക്കുപോക്കുകൾ പറയുമ്പോൾ നിന്റെയുളളിൽ ഞാനൊരു നിന്ദ്യനാകുകയാണെന്ന് എനിക്കറിയാം. ഇപ്പോഴെങ്കിലും തോന്നുന്നില്ലേ ഞാൻ അത്ര നിന്ദ്യനല്ലെന്ന്..“
രാമകൃഷ്‌ണൻ ഒരു പുഞ്ചിരികൂടി തൊടുത്തശേഷം ഡ്രസുചെയ്യാനായി മുറിയിലേക്കുപോയി.
രാമേട്ടാ… ഈ നിമിഷമാണ് നിങ്ങൾ നിന്ദ്യനായി എനിക്കു തോന്നുന്നത്. എല്ലാം തുറന്നു ചോദിക്കുന്നു, ഞാൻ തെറ്റുചെയ്‌തെങ്കിൽ ശിക്ഷിക്കുന്ന നട്ടെല്ലുറച്ച ഭർത്താവിനെയാണ് ഞാൻ കൊതിക്കുന്നത്. അല്ലാതെ ഇത്തരം….
സീത വല്ലാതിരുന്നു. കുറച്ചുസമയം കൂടി അതേ ഇരിപ്പു തുടർന്നു. പിന്നെ, ഒന്നും കഴിക്കാനാവാതവൾ ഭക്ഷണം എടുത്തുവെച്ചു. ചായമാത്രം ഒറ്റവലിക്കു കുടിച്ചു. കൈകഴുകി വീണ്ടും കസാലയിൽ വന്നിരുന്നു. അപ്പോഴേക്കും അകത്തുനിന്നും രാമകൃഷ്‌ണൻ വിളിച്ചു.
”സീതേ..“
സീത വിളികേട്ടുകൊണ്ട് മുറിയിലേക്കു ചെന്നു. അയാൾ ഡ്രസു മാറിക്കഴിഞ്ഞിരുന്നു.
”ഒരു കൗതുകംകൊണ്ടു ചോദിക്കുകയാണ്. നീ സത്യം പറയണം.“
സീത മിണ്ടിയില്ല.
”വിവാഹത്തിനു മുന്നേ പ്രേമബന്ധമുണ്ടായതൊന്നും ഞാൻ ചോദിക്കുന്നില്ല. എന്നാൽ, ഒരു കാര്യം…“
”ങും…?“
”കാമുകനുമായി നീ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ.“
സീത ഇരുകൈകളുംകൊണ്ട് ചെവി പൊത്തിപ്പിടിച്ചു. കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടതുപോലെയായി അവൾ.
”ഷെയിം! വിവാഹത്തിനു മുന്നേ ഇതൊക്കെ അറിയുന്നതിൽ വല്യതെറ്റില്ല. എന്റെ ജീവിതത്തിലാണെങ്കിൽ…“
ബാക്കി കേൾക്കാനാവാതെ സീത പുറത്തേയ്‌ക്കോടി.
എന്തൊരു വിധി. ഏതു മുജ്ജന്മ പാപംകൊണ്ടാണ് ഇയാൾ തന്റെ ഭർത്താവായി തീർന്നത്.
അവൾക്കു പിമ്പേ രാമകൃഷ്‌ണനും ചെറുചിരിയോടെ മുറിക്കു വെളിയിലേക്കിറങ്ങി. അയാളെ ഒരു ഭർത്താവായി അവൾക്കു തോന്നിയില്ല. ഒരു അധമനായ വിടൻ! മനസ്സിൽ എന്തൊക്കെ വിഗ്രഹങ്ങളാണ് തകർന്നു പോകുന്നത്. കന്യകാത്വം ഫൂളീഷ്‌നസ്! പാതിവ്രത്യം സങ്കല്പം! വിവാഹപൂർവ്വ വേഴ്‌ചകൾ അഭിമാനകരം. ഇതെല്ലാം പറയുന്നത് ഭർത്താവ്… ഇതിനേക്കാൾ വലിയൊരു നീചത്വം.
”സതിയുടെ കഥ പുരാണത്തിൽ വായിക്കാൻ നല്ല രസാ അല്ലേ…“
രാമകൃഷ്‌ണൻ വീണ്ടും കൊളുത്തിട്ടു. ”സീതേ… സൗന്ദര്യവും ഒരു ഗിഫ്‌റ്റാ.. പരയോഗപ്പെടുത്താവുന്ന ഒരു ഗിഫ്‌റ്റ്..“
”എന്നുവച്ചാൽ..“
”ഗ്രാമത്തിലെ ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിച്ചത് വെറുതെയെന്നു കരുതിയോ..ഇവിടെയും സൗന്ദര്യമുളളവരുണ്ട്.. ശാലീനകളില്ല..ശാലീനയും സൗന്ദര്യവതിയുമായ നീയും എനിക്ക് ഒരു കരുവല്ലെ..“
”രാമേട്ടാ..“
”സോറി.. നമുക്കു വെട്ടിപ്പിടിക്കാമെടീ. നമുക്കു വെട്ടിപ്പിടിക്കണോ… ഒരു സിഗരറ്റിൻ തുണ്ടിൽ എല്ലാം കളയണോ..“
”രാമേട്ടൻ ഞാൻ പറയുന്നതു കേട്ടില്ലല്ലോ. സിഗരറ്റിന്റെ..“
”വേണ്ട ഒന്നും എനിക്കറിയണ്ട പെണ്ണേ… ഞാനത്രയ്‌ക്ക് പഴഞ്ചനൊന്നുമല്ല. ശരി.. ബൈ.. ഇറങ്ങട്ടെ..“ പൊടുന്നനെ ബ്രീഫ്‌കെയ്‌സും എടുത്തു രാമകൃഷ്‌ണൻ പുറത്തേക്ക് ഇറങ്ങി.
വാതിൽ അകത്തുനിന്നും ലോക്കുചെയ്‌തശേഷം സീത കസാലയിൽ വന്നിരുന്നു. അവൾ വല്ലാതെ വിയർക്കുകയായിരുന്നു. രാമകൃഷ്‌ണന്റെ ചൂണ്ടയിലെ ഇരയാണോ സിഗരറ്റുകുറ്റി? അവൾ സംശയിച്ചു. രാമേട്ടൻ തന്റെ ഭർത്താവാണോ, അതോ..
ആ നിമിഷം കോളിംഗ് ബെൽ മുഴങ്ങുന്നതുകേട്ടു. സാവധാനം എഴുന്നേറ്റ് വാതിൽ തുറക്കാനായി പോയപ്പോഴേക്കും വെന്റിലേറ്ററിലൂടെ ഒരു കത്ത് അകത്തേക്കു വീണു.
പോസ്‌റ്റുമാനാണ്. കോളിംഗ്‌ബെൽ അമർത്തിയശേഷം കത്ത് ഇടുന്ന പതിവ്. സീത കത്തെടുത്തു. വാതിൽ തുറന്നില്ല. കൈയക്ഷരം കാണുമ്പോഴേ മനസ്സിലായി.
കത്ത് അച്ഛന്റേതാണ്. കുടുംബത്തിലെ വിശേഷങ്ങളോടൊപ്പം ഇത്തരം ഒരു ബന്ധം കിട്ടിയതിലുളള അഭിമാനത്തിന്റെ അക്ഷരമണികളും ഉണ്ടാകും കൊത്തിപ്പെറുക്കാൻ. അനുജത്തിമാരും മറ്റും അവരുടെ പങ്കും എഴുതിയിട്ടുണ്ടാകും. ഒടുവിൽ എല്ലാവരും എഴുതുന്ന പ്രധാന ചോദ്യം നിന്നു തുടിക്കും.
വിശേഷം ഒന്നും ആയില്ലേ? സുഖം തന്നെയല്ലേ! തന്റെ സുഖമറിയാനുളള താൽപ്പര്യമാണോ? അതോ സ്വയം ആശ്വസിക്കാനുളെളാരുപായമാണോ ഇവർക്ക് ഈ കത്തുകൾ…
തനിക്കു സുഖം എന്നെഴുതാൻ ഇതുമുഴുവൻ വായിക്കേണ്ടതുണ്ടോ.. അനാഥയായിപ്പോയ സീത. ഇന്നു നടന്ന ഈ സംഭവങ്ങൾക്കുശേഷവും സുഖമെന്നെഴുതാൻ വിധിക്കപ്പെട്ടിരിക്കുന്നു.
സുഖമാണല്ലോ അല്ലേ… അവൾ സ്വയം ചോദിച്ചു. പിന്നെ, കത്ത് കുനുകുനെ കീറി വേസ്‌റ്റ് ബാസ്‌കറ്റിലേക്കിട്ടു.
Generated from archived content: akasham5.html Author: vennala_mohan