ഏകദേശം ഉച്ചയോടടുത്തു കാണും. അപ്പോഴാണ് കോളിംഗ് ബെൽ മുഴങ്ങിയത്. രാമേട്ടനായിരിക്കും. സീത കരുതി. അവൾ വാതിൽ തുറന്നു. കടന്നുവരുന്ന ആളെക്കണ്ട് അവൾ അമ്പരന്നു നിന്നു.
“ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ.”
ആ ചോദ്യം കേട്ടപ്പോൾ എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ അവൾ കുഴഞ്ഞു.
“ജീവിതവും അങ്ങിനെതന്നെയായിരുന്നില്ലേ സീതേ. പ്രതീക്ഷിക്കാത്തതൊക്കെ നടക്കുന്നു.”
അതേ ചിരി. ഒന്നു പൊളളിയതുപോലെയായി അവൾ.
“ന്താ… എന്നെ വാതിൽപ്പുറത്തു നിർത്താനാണോ ഭാവം. അകത്തേക്കു കയറ്റുന്നില്ലേ.”
ഉപചാരവാക്കുപോലും പൊടുന്നനെ മറന്നുപോയല്ലോ എന്നവൾ കരുതി. അടുത്തനിമിഷം സീത വിളിച്ചു.
“ഉണ്ണിയേട്ടൻ… അകത്തേക്കു കയറിവരൂ.”
ഉണ്ണി അകത്തേക്കു കയറി.
സ്വീകരണമുറി ഒരു അത്ഭുതശാലയെപ്പോലെ ഉണ്ണി നോക്കി.
“ഇരിക്കൂ.”
അവൾ കസേര ചൂണ്ടിക്കാണിച്ചു.
ഉണ്ണി കസേരയിൽ ഇരുന്നു.
പഴയ ഉണ്ണിയേട്ടൻ തന്നെ. ലേശം ക്ഷീണം. താടിയും ലേശം വളർന്നിരിക്കുന്നു.
സീത വാതിൽ അടയ്‌ക്കുന്നത് ഒരു പരിഭ്രമത്തോടെ ഉണ്ണി നോക്കി.
“ഇവിടെയൊക്കെ ഇങ്ങിനാ ഉണ്ണിയേട്ടാ..”
“വാതിൽ തുറന്ന് ആരും ഇരിക്കില്ല.”
“ആരെങ്കിലും കണ്ടാൽ..”
ഉണ്ണി വീണ്ടും പരിഭ്രമം പൂണ്ടു.
“ഇവിടെ ആരും ആരുടെയും കാര്യം അന്വേഷിക്കാറില്ല ഉണ്ണിയേട്ടാ..”
ഉണ്ണി ദീർഘമായി ഒന്നു നിശ്വസിച്ചു.
“സീതേ നീ ലേശം തടിച്ചിരിക്കുന്നു.”
ഉണ്ണി വെറുതെ ഒരഭിപ്രായം പറഞ്ഞു.
“ഇവിടെ വെറുതെ ഇരിപ്പല്ലേ… നാട്ടിലെപ്പോലെയാണോ..”
പിന്നെ എന്താണ് പറയേണ്ടതെന്നറിയാതെ ഉണ്ണി ഒരു നിമിഷം വലഞ്ഞു. അപ്പോഴേക്കും ഗ്യാസിൽ ചായയ്‌ക്കു വെളളം വച്ചുകഴിഞ്ഞിരുന്നു സീത.
“എന്റെ ഒരു കൂട്ടുകാരൻ ഗൾഫിൽ പോകുന്നു. അവന് കൂട്ടുവന്നതാണിവിടെ. ഇന്നലെ അവൻ വിമാനം കേറി.”
മൂളിയതല്ലാതെ ഏതാണ് കൂട്ടുകാരനെന്നു സീത ചോദിച്ചുമില്ല; ഉണ്ണി പറഞ്ഞുമില്ല.
“കമ്പനി അഡ്രസുണ്ടായ കാരണം ഇന്നലെ രാമകൃഷ്‌ണനെ പോയി കണ്ടു. ലോഡ്‌ജിൽ തങ്ങി. ഇവിടംവരെ വന്ന സ്ഥിതിക്കു നിന്നെക്കൂടി കാണാല്ലോന്നു കരുതി.”
“ങും..”
സീത അപ്പോഴേക്കും ചായയും ബിസ്‌ക്കറ്റുമായി എത്തി.
“രാമകൃഷ്‌ണൻ ഇങ്ങോട്ടൊന്നും ക്ഷണിച്ചില്ല. വരണ്ടാന്നു കരുതീതാ. ന്നാലും ഇത്രേടംവരെ വന്നിട്ട്..”
സീത ഒന്നു ദീർഘമായി നിശ്വസിച്ചു.
“വീട്ടിൽ സുഖം തന്നെ. വല്ലതും വീട്ടിൽ പറയാനുണ്ടോ.”
“ഇവിടേം സുഖാന്നു പറഞ്ഞേക്കൂ..”
“ഞാനതു പറയാൻ ചെന്നാൽ ഇവിടെ ഞാൻ വന്നതിനെന്റെ കാലു തല്ലിയൊടിക്ക്വോ നിന്റച്ഛൻ…”
സീത ചിരിച്ചു. പിന്നെ മെല്ലെ ചോദിച്ചു.
“ഉണ്ണിയേട്ടന്റെ വിവാഹം..”
ഉത്തരത്തിന് അരനിമിഷംപോലും വൈകിയില്ല.
“ഹായ്! ഇതു നല്ല കൂത്ത്… അത് എന്നേ കഴിഞ്ഞു. ഒരു കല്യാണോല്ലെ എനിക്കൊളളൂ. ന്നു വച്ചാൽ…”
സീതയുടെ മുഖത്തേക്കു നോക്കുമ്പോൾ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
മെല്ലെ അവൻ വിളിച്ചു.
“സീതേ…”
ഉണ്ണിയുടെ മിഴികൾ നിറഞ്ഞെങ്കിലും തൂവിപ്പോയത് സീതയുടെ കണ്ണീർത്തുളളികളാണ്.
“ഒരു തീപ്പെട്ടി തരൂ..”
സിഗരറ്റ് ഒരെണ്ണമെടുത്ത് ചുണ്ടത്തുവച്ചുകൊണ്ട് അന്തരീക്ഷം ലാഘവപ്പെടുത്തി ഉണ്ണി പറഞ്ഞു.
സീത തീപ്പെട്ടി എടുത്തുകൊടുത്തു.
ഉണ്ണി സിഗരറ്റ് പുകച്ചു.
പുകച്ചുരുളുകളിലേക്കു നോക്കിയശേഷം മെല്ലെ ചോദിച്ചു.
“സീതേ നിനക്കു സുഖം തന്നെയോ..”
“കണ്ടില്ലേ… ഇവിടെയില്ലാത്തത് ഒന്നുമില്ല. എല്ലാ ഉപകരണങ്ങളുമുണ്ട്. നഗരമധ്യത്തിൽ ഇങ്ങനൊരു ഫ്ലാറ്റ് ഇവിടത്തുകാരുടെ മാത്രമല്ല എല്ലാവരുടെയും സ്വപ്‌നമാണ്. രാമേട്ടൻ കൂടുതൽ ഉയർച്ചയിലേക്കു കയറുകയാണ്. ഇതെല്ലാം സുഖമാണെങ്കിൽ എനിക്കും സുഖമാ..”
“എന്നുവച്ചാൽ..”
“ഉണ്ണിയേട്ടനല്ലേ ഒരിക്കൽ പറഞ്ഞത് സുഖത്തിന് പൊതുവായൊരു മാനദണ്‌ഡമില്ലെന്ന്…”
“അത് പറഞ്ഞത് ജീവിതം നിശ്ചലം നിൽക്കുന്ന ഒരു ഗ്രാമത്തിലെ ചെറുപ്പക്കാരനല്ലേ…. ഇവിടെ ജീവിതം പറപറക്കുകയല്ലേ. അപ്പോൾ..”
“എവിടെയായാലും സീത മാറീന്ന് ഉണ്ണിയേട്ടനു തോന്നുന്നുണ്ടോ.”
ഉണ്ണി സീതയുടെ മുഖത്തേക്ക് ഒന്നു നോക്കി.
“ഞാൻ പോവ്വായി…”
ഉണ്ണി എഴുന്നേറ്റു.
ഊണു കഴിഞ്ഞിട്ടുപോകാം എന്നുപറയുവാൻ സീതയ്‌ക്കും മനസ്സുവന്നില്ല. വാതിൽവരെ നടന്നുചെന്നശേഷം ഉണ്ണി ഒന്നു നിന്നു. എന്നിട്ട് ഒരു രഹസ്യംപോലെ പറഞ്ഞു.
“അല്ല; കളളം പറഞ്ഞിട്ടുപോകാൻ മനസ്സുവരണില്ല. അതുകൊണ്ടാണ്..”
സീത ഒന്നും പറയാതെ നോക്കി.
“കൂട്ടുകാരൻ ഗൾഫ് എന്നൊക്കെ പറഞ്ഞത് ശുദ്ധ പൊളിയാ… എനിക്കൊന്നു കാണണമെന്നു തോന്നി. അതാ വന്നെ. കണ്ടു തൃപ്‌തിയായി. ഇനി ബുദ്ധിമുട്ടിക്കില്ല.”
ഉണ്യേട്ടാ എന്നു വിളിക്കാൻ സീത ഒരുങ്ങി. ആ വിളി തൊണ്ടയിൽ തടഞ്ഞു. പകരം അവൾ പിറുപിറുത്തു.
“എനിക്ക് അപ്പോഴേ തോന്നിയതാണ്.”
“നമ്മൾ മനസ്സറിഞ്ഞവർ… എങ്കിലും…”
വേറൊന്നും പറയാതെ ഉണ്ണി വാതിൽ കടന്നു. സീത ഒരു തേങ്ങലോടെ വാതിലടച്ചു. ആകാശത്തെ നക്ഷത്രങ്ങളെ എണ്ണിക്കിടന്നാൽ സ്വപ്‌നത്തിലെ വരൂ. അതോർത്തു കിടന്നാൽ നേരെയെത്തും. അവൾക്കു തോന്നി.
ഒരുപിടി ചോറു വാരിയുണ്ടു സീത. പിന്നെ ഉണ്ണിയേക്കുറിച്ചവൾ ഓർത്ത് ഇരുന്നു. ലേശം ഭക്ഷണംപോലും കൊടുക്കാതെവിട്ടത് എത്ര കഷ്‌ടമായിപ്പോയി. അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.
രാമേട്ടൻ എന്തുകൊണ്ടാണ് ഇന്നലെ ഇങ്ങോട്ടു ക്ഷണിക്കാനുളള സാമാന്യ മര്യാദപോലും കാണിക്കാതിരുന്നത്.
പതിവിനു വിപരീതമായി സന്ധ്യമയങ്ങിയപ്പോഴേക്കും രാമകൃഷ്‌ണൻ എത്തി.
ഉണ്ണിയേട്ടൻ വന്നത് പറയണോ വേണ്ടയോ എന്നു നിശ്ചയിക്കാനാവാതെ സീത വിഷമിച്ചിരുന്നു. എന്തു പറയണം. ഇഷ്‌ടമാകുമോ അതോ….
കണ്ടിട്ടും ഇങ്ങോട്ടു ക്ഷണിക്കാതിരുന്ന ആളല്ലെ. ഇവിടെ ഉണ്യേട്ടൻ വന്നതിൽ വല്ല അനൗചിത്യവും തോന്നുമോ.
വല്ലാത്തൊരവസ്ഥയിൽ നില്‌ക്കുമ്പോഴേക്കും രാമകൃഷ്‌ണന്റെ പൊട്ടിച്ചിരി ഉയർന്നു.
ഒരു ഡിറ്റക്‌ടീവിനെപ്പോലെയോ, തമാശക്കാരനെപ്പോലെയോ ഒരു സിഗരറ്റുകുറ്റി കൈയിലെടുത്തുകൊണ്ടു പറഞ്ഞു.
“എന്റെ ഭാര്യ സിഗരറ്റു വലിക്കാനും തുടങ്ങി. പിന്നെ, വലിക്കുമ്പോൾ നല്ലയിനം സിഗരറ്റുതന്നെ വലിക്കണേ… ഇത്ര വില കുറഞ്ഞ സിഗരറ്റ് വലിക്കരുത്…”
എന്തു പറയണമെന്നറിയാതെ സീത നിൽക്കുമ്പോഴേക്കും സിഗരറ്റുകുറ്റിയും കൈയിൽപ്പിടിച്ച്, വീണ്ടും ചിരിച്ച് രാമകൃഷ്‌ണൻ ബഡ്‌റൂമിലേക്കു പോയി.
സീത അന്തിച്ചുനിന്നു.
Generated from archived content: akasham4.html Author: vennala_mohan