മണി പത്തു കഴിഞ്ഞിരുന്നു. പതിവിൻപടി ഇനിയും രാമേട്ടൻ വൈകുമെന്നാണ് തോന്നുന്നത്. ഇത്രയും നേരം താനിവിടെ ഒറ്റയ്‌ക്കായിരുന്നുവെന്ന് വിശ്വസിക്കാൻ അവൾക്കു ബുദ്ധിമുട്ടു തോന്നി. അയവിറക്കാൻ ഏറെയുളളതുകൊണ്ട് ഏകയാകുന്നു എന്നു തോന്നുന്നില്ല.
എന്നാൽ, രാമേട്ടൻ എത്തുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെയാണ് താൻ ഏറെ ഒറ്റപ്പെട്ടവളാണെന്ന് തോന്നുന്നത്.
എന്തൊരു വിധിവൈപരീത്യം. ഭർത്താവു കൂടെ ഉണ്ടാകുമ്പോൾ കൂടുതൽ ഒറ്റപ്പെട്ടുപോകുക.
ബിനിനസ്, എക്‌സിക്യൂട്ടീവ് ലൈൻ, യാത്ര, കോൺഫറൻസ്, ക്ലിക്കുകൾ… അങ്ങനെ ഒത്തിരി ഒത്തിരി രാമേട്ടൻ പറയാറുണ്ട്.
ഒന്നും തനിക്കു മനസ്സിലാകാറില്ല. മനസ്സിലായില്ലെന്നു വച്ചും പ്രശ്‌നമൊന്നുമില്ലാത്തതുകൊണ്ട് എല്ലാം മനസ്സിലാകുന്നതുപോലെ നടിച്ച് തലയാട്ടി മൂളിയിരിക്കും.
തനിക്കു പറയാനുളള ആയില്യംകാവിലെ പൂരവും ആമ്പൽക്കുളത്തിലെ പനിനീർവെളളത്തിന്റെ പഴങ്കഥയും, അമ്മിണിപ്പശുവിന്റെ ആദ്യത്തെ പേറും ഒന്നും രാമേട്ടനും മനസ്സിലാവില്ലെന്നറിയാം. അതുകൊണ്ടുതന്നെ അതൊട്ടു പറയാറുമില്ല.
പിന്നെ, പരസ്‌പരം അറിയാനും പറയാനും പങ്കുവയ്‌ക്കാനും മനസ്സിന്റെ വർണങ്ങളുണ്ടായിരുന്നു.
പക്ഷേ, അതിലൊന്നിലും രാമേട്ടന് താത്‌പര്യവുമില്ലായിരുന്നു. പറയുന്നത് പലപ്പോഴും മനസ്സിലാകാതെ ജീവിക്കുക. അതിനോളം വലിയ അപരിചിതത്വം വേറെ എന്തുണ്ട്.
ഭർത്താവിനോടൊപ്പം ഇരുന്ന് അത്താഴം കഴിക്കുക. ഒരുപിടി ചോറ് ആ കൈകൊണ്ട് വായിൽ വാങ്ങുക. ഇതെല്ലാം മോഹമായിരുന്നു. ഊണു കഴിക്കാതെ കാത്തിരിക്കാറുണ്ട്. എങ്കിലും ഉണ്ണേണ്ടി വരിക പലപ്പോഴും ഒറ്റയ്‌ക്കായി പോകുന്നു.
പ്രത്യേകിച്ച് പറഞ്ഞിട്ടുളളതുമാണ്. “എന്നെ കാത്ത് ഇരിക്കുന്നത് എനിക്കിഷ്‌ടമല്ല. നിനക്കു വിശക്കുമ്പോൾ ഉണ്ണാം. വിളിക്കുമ്പോൾ ഒന്നു വാതിൽ തുറന്നു തന്നേച്ചാൽ മാത്രം മതി.”
കാത്തിരിക്കാനും കാണാനുമല്ല കാത്തിരിക്കാതിരിക്കാനും കാണാതിരിക്കാനും വേണ്ടിയുളള ജീവിതം.
പിന്നെയും എന്തൊക്കെയോ ഓർത്തുകൊണ്ടിരിക്കുമ്പോൾ കോളിംഗ് ബെൽ ശബ്‌ദിച്ചു.
സീത ഞെട്ടിപ്പിടഞ്ഞെണീറ്റു. വാതിൽ തുറന്നു. പഴയ ഫോമിൽ തന്നെയാണ് വരവ്. ആദ്യം കടന്നത് മദ്യഗന്ധം. പിന്നിൽ കടന്നത് രാമേട്ടൻ.
വാതിൽ അടച്ച് കുറ്റിയിട്ടു.
ടൈയുടെ കുരുക്ക് അയച്ചിട്ടുകൊണ്ട് രാമേട്ടൻ ചോദിച്ചു.
“ഹായ്…. ഉറങ്ങീല്ലാരുന്നോ.”
സീത വെറുതെ ചിരിച്ചു.
ഡൈനിംഗ് ടേബിളിനോടു ചേർത്തിട്ടിരുന്ന കസാല വലിച്ചിട്ട് രാമകൃഷ്‌ണൻ ഇരുന്നു.
അവൾ ഭക്ഷണം എടുക്കാനായി തിരിഞ്ഞു. അതു മനസ്സിലാക്കിയ രാമകൃഷ്‌ണൻ പറഞ്ഞു.
“വേണ്ട. വേണ്ടത്ര ഫുഡ് ഞാൻ കഴിച്ചിട്ടുണ്ട്.”
നീ കഴിച്ചോ, എന്നൊരു ചോദ്യവും പ്രതീക്ഷിച്ച് അല്‌പസമയം സീത നിന്നു. രാമകൃഷ്‌ണനിൽനിന്ന് അതുണ്ടായില്ല.
“ഒരു പാർട്ടി ഉണ്ടായിരുന്നു. അതാ ഇത്ര വൈകീത്.”
സീത ഒന്നും പറഞ്ഞില്ല.
“ചൗധരി സംഘടിപ്പിച്ച പാർട്ടിയാ… പോകാതെ പറ്റില്ലല്ലോ. എത്ര കക്ഷികളാ എത്തുക.. അവരുമായൊരു പരിചയം ഉയർച്ചയ്‌ക്കുളള പടികളാണ്.”
എന്നിട്ടും സീത ഒന്നും പറഞ്ഞില്ല. സീത ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും നോക്കാതെ വീണ്ടും തുടർന്നു രാമകൃഷ്‌ണൻ.
“ചൗധരിയുടെ ഭാര്യ രേണുക. അവളാണ് മദ്യം വിളമ്പിയത്. എന്താ… ഒരു… ഒരു…”
വാക്കുകിട്ടാതെ വിക്കി വിക്കി രാമകൃഷ്‌ണൻ സീതയുടെ മുഖത്തേയ്‌ക്കുനോക്കി.
അപ്പോഴാണ് അവളുടെ മുഖത്തെ നിർവികാരത അയാൾ കണ്ടെത്തിയത്. പൊടുന്നനെ, അയാൾക്കു തോന്നി സീതയ്‌ക്കു രേണുകയെ മനസ്സിലാകാത്തതു കൊണ്ടായിരിക്കും ഈ ഭാവമെന്ന്.
“ങാ… നിനക്കവളെ പിടികിട്ടിയില്ലേ..”
“ഞാനെപ്പോഴും പറയാറുളള ആ തടിച്ച നിതംബം സമ്പത്തായുളളവൾ… ചൗധരിയുടെ ഭാര്യ…”
സീതയ്‌ക്കതുകേട്ടപ്പോൾ അറപ്പു തോന്നി. ചെവിപൊത്തണം എന്നുതോന്നി. ഓരോ സ്‌ത്രീയെയും ഭാര്യയുടെ അടുത്തു പരിചയപ്പെടുത്തുന്നത് അവരുടെ ശരീരത്തിന്റെ അളവുകൾ പറഞ്ഞ്…ഹൊ, എന്തൊരു കഷ്‌ടം.
രാമകൃഷ്‌ണൻ നല്ല മൂഡിലായിരുന്നു. “വിവാഹം കഴിക്കണോങ്കി അതുപോലുളള പെണ്ണിനെ വേണം കഴിക്കാൻ… എന്തൊരു പെർഫോമൻസ്… ചൗധരി എത്ര പെട്ടെന്നാ ഉയർന്നതെന്നറിയ്യോ നിനക്ക്, ഞാൻ കാണുമ്പോൾ…”
ചൗധരിയുടെ പൂർവകഥകളിലേക്ക് രാമകൃഷ്‌ണന്റെ വാക്കുകൾ നീണ്ടു. ഒന്നും ശ്രദ്ധിക്കാതെ തന്നെ സീത തലയാട്ടുകയും ഇടയ്‌ക്കിടെ പുഞ്ചിരിക്കുകയും ഒക്കെ ചെയ്‌തു. അത്രയല്ലേ വേണ്ടൂ… പൊടുന്നനെ, രാമകൃഷ്‌ണൻ നിർത്തി. ശബ്‌ദകോലാഹലങ്ങളും പൊട്ടിച്ചിരികളും അംഗവിക്ഷേപങ്ങളും നിന്നപ്പോൾ സീത ശ്രദ്ധിച്ചു. അടുത്ത മാത്രയിൽ അടക്കം പറയുന്നതുപോലെ അയാൾ പറഞ്ഞു.
“രേണുകയുമായി ഒരടുപ്പം നല്ലതാ. ഞാൻ രണ്ടു നമ്പരുകൾ പാസാക്കി. പാർട്ടി സമയത്ത് ആരും കാണാതെ അവളുടെ ബാക്കിൽ. പിന്നെ, ഇറങ്ങും വഴി സ്‌റ്റെയർകെയ്‌സിന്റെ നിഴലിൽ…” ചുണ്ടുകൾ അമർത്തിത്തുടച്ചു രാമകൃഷ്‌ണൻ.
അവൾക്ക് ആകെ അറപ്പുതോന്നി. അയാളുടെ ചുണ്ടുകൾ കൊത്തിയരിയാൻ തോന്നി. ആ തോന്നലുകളെല്ലാം ഒതുക്കി അവൾക്ക് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. ഞാനൊരു ഭാര്യയാണ്. പക്ഷേ, അങ്ങനെ വിളിച്ചു പറഞ്ഞാലും അയാൾക്കതു മനസ്സിലാകുമോ എന്ന് നിശ്ചയമില്ലാത്തതുകൊണ്ടവൾ വിളിച്ചു പറഞ്ഞില്ല. പിന്നെയും രാമകൃഷ്‌ണൻ എന്തൊക്കെയോകൂടി പറഞ്ഞു. അവൾ കേട്ടതേയില്ല. കുറച്ചുകഴിഞ്ഞ് എഴുന്നേറ്റ് വാഷ്‌ബെയ്‌സനിൽ മുഖം കഴുകി അയാൾ ബെഡ്‌റൂമിലേക്ക് കയറി. സീതയ്‌ക്ക് ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കാൻ തോന്നിയില്ല.
ഇന്നും അത്താഴപ്പട്ടിണി. ചോറും കറികളും പാത്രത്തോടെ എടുത്ത് ഫ്രിഡ്‌ജിലേക്കു വച്ചു.
രാമേട്ടൻ എന്തൊക്കെയാണ് വന്നുപറയുന്നത്. ഈ രാത്രി ഉറക്കവും കമ്മിയാകുമെന്നു തോന്നുന്നു. പണ്ട് മുൻഷിസാർ ക്ലാസിൽ പറയാറുണ്ടായിരുന്ന കാര്യം സീത ഓർത്തു.
“ആകാശത്തിലെ മുപ്പത്തിരണ്ട് നക്ഷത്രങ്ങളെ എണ്ണുക. എന്നിട്ട് ഇഷ്‌ടമുളള കാര്യം അല്ലെങ്കിൽ ആളെ വിചാരിച്ച് ഉറങ്ങാൻ കിടക്കുക. വിചാരിച്ചതെല്ലാം നിങ്ങൾക്കു സ്വപ്‌നം കണ്ടു സുഖമായി ഉറങ്ങാം.”
ഒന്നു പരീക്ഷിച്ചാലോ. സീത ജാലകം തുറന്ന് ആകാശത്തേക്കു നോക്കാൻ ശ്രമിച്ചു. ഇല്ല. ആകാശം കാണാൻ കഴിയുന്നില്ല. സൺഷെയ്‌ഡുകളും മറ്റു ഫ്ലാറ്റുകളുടെ മേൽക്കൂരകളും ആകാശത്തെ കാണാൻ കഴിയാതാക്കിയിരിക്കുന്നു.
ആകാശം കാണാതെങ്ങനെ മുപ്പത്തിരണ്ടു നക്ഷത്രങ്ങളെ എണ്ണും! താഴേക്കു നോക്കിയാൽ വാഹനങ്ങളുടെ നിരകളാണ്. ഭൂമിയും കാണാനില്ല. സ്വപ്‌നം കാണാൻ ഒരാകാശം പോലും ഇല്ലാത്തവൾ! ഭൂമിയും ആകാശവും ഒരുപോലെ നഷ്‌ടപ്പെട്ടവൾ. അതോർത്തപ്പോൾ സീതയ്‌ക്ക് വല്ലാത്തൊരു വിഷമം തോന്നി. ഒരുനിമിഷം കൂടി അങ്ങനെ നിന്നപ്പോഴേക്കും അകത്തു നിന്നും രാമകൃഷ്‌ണൻ സീതയെ വിളിച്ചു. അങ്ങോട്ടേയ്‌ക്കു ചെല്ലാതെ തന്നെ അവൾ വിളികേട്ടു.
“ങാ… നാളെ മറന്നുപോയേക്കും. അതിനുമുൻപ് ഒരു കാര്യം പറയാനാ.”
“ങും..”
പറഞ്ഞോളൂ എന്ന അർത്ഥത്തിൽ സീത നീട്ടിമൂളി.
“ഇന്ന് നിന്റെ നാട്ടീന്ന് ഒരുത്തൻ ഓഫീസിലുവന്നിരുന്നു. ഒരു താടിക്കാരൻ…”
ങേ! സീതയുടെ ഉളെളാന്നു പിടച്ചു. ഉറക്കങ്ങളുടെ കയറ്റിറക്കങ്ങളുടെ താളത്തിലാണ് രാമകൃഷ്‌ണൻ പറയുന്നത്.
“അവന്റെ പേരെന്താണ്… ഹോ…ങാ… ഉണ്ണീന്നാണെന്നു തോന്നുന്നു.”
ന്റ്ശ്വരാ… ഉണ്ണിയേട്ടനോ…രാമേട്ടന്റെ ഓഫീസിൽ വന്നെന്നോ. എന്തിന്… എന്തു പറയാൻ? എന്തന്വേഷിക്കാൻ…സീതയുടെ ഉളളം തുടിച്ചു. അവൾ വല്ലാതായി. എന്നിട്ട്…? എന്നിട്ട്? അവൾ സ്വയം ആയിരംവട്ടം ചോദിച്ചു. അൽപ്പം പോലും ആകാംക്ഷ പുറത്തറിയിക്കാതിരിക്കാൻ അവൾ പാടുപെട്ട് അതേനിൽപ്പ് കുറച്ചുനേരം കൂടിനിന്നു. പിന്നെ, ചെവി കൂർപ്പിച്ചു പിടിച്ചു. ഒരു വാക്കും അകത്തു നിന്നും കേൾക്കുന്നില്ല. ഉറക്കെ വിളിച്ചു ചോദിച്ച് അഭിവാഞ്ഞ്‌ഛ പുറത്തറിയിക്കാൻ അവൾ തയ്യാറായില്ല. വിവേകം വിലങ്ങണിയിച്ചു.
എന്നിട്ടും അവൾ രാമകൃഷ്‌ണനിൽനിന്ന് പിന്നീടൊന്നും കേൾക്കാതായപ്പോൾ ബെഡ്‌റൂമിലേക്കു ചെന്നു. ബെഡിൽ ഷൂപോലും അഴിക്കാതെ വട്ടംകിടന്ന് കൂർക്കം വലിക്കുകയാണ്. ഇനി ഉണർത്തണോ.. ഉണർത്തി ചോദിച്ചാൽ… അതാവും കുഴപ്പം. ചോദിക്കാതിരുന്നാൽ… ഈ രാത്രി ശിവരാത്രി.
ഷൂ അഴിച്ചുമാറ്റി. സോക്‌സും അഴിച്ചെടുത്തു. തിരിഞ്ഞു കിടന്നതല്ലാതെ രാമകൃഷ്‌ണൻ ഉണർന്നില്ല.
രാമകൃഷ്‌ണന്റെ കിടപ്പിന്റെ രീതി ഒരല്‌പസമയം സീത നോക്കിനിന്നു. പിന്നെ, ബഡ്‌ഷീറ്റെടുത്ത് താഴെ വിരിച്ചു. ഒരു തലയണയുംവച്ച് താഴെക്കിടന്നു.
തന്റെ മധുവിധുകാലത്തെ എത്രാം രാവാണിത്? അവൾ വെറുതെ ഓർക്കാൻ ശ്രമിച്ചു. അടുത്ത നിമിഷം വീണ്ടും മനസ്സിലേക്കു തിരകൾ തളളിക്കയറി. ഉണ്ണിയേട്ടനായിരുന്നോ ഓഫീസിൽ ചെന്നിരുന്നത്! എങ്കിൽ എന്തിനായിരുന്നു?
Generated from archived content: akasham2.html Author: vennala_mohan