“നീ എന്താ ഇങ്ങനെ എന്നെ തുറിച്ചുനോക്കുന്നത്. ഒരന്യനെ കാണുംപോലുളള നോട്ടം.”
സീത മറുപടി പറഞ്ഞില്ല. ആ നോട്ടം പിൻവലിച്ചതുമില്ല.
“പോലീസുകാരും കമ്മീഷണറുമൊക്കെ ഇവിടെ വന്നിരുന്നതു ഞാനറിഞ്ഞു. നീ ആകെ ഭയന്നു പോയല്ലേ. എന്തിനാ ഇങ്ങനെ ഭയക്കുന്നത്.”
ഒരു ചെയറിൽ ഇരുന്നു രാമകൃഷ്‌ണൻ. മറ്റൊരു ചെയറിൽ അഭിമുഖമായി സീതയും ഇരുന്നു. സീതയുടെ നാവിനു ജീവൻ വച്ചു തുടങ്ങിയിരുന്നു.
“എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്? അതു തന്നെയാണ് ഞാനും ചോദിക്കുന്നത്?”
അങ്ങിനൊരു ചോദ്യം രാമകൃഷ്‌ണൻ പ്രതീക്ഷിച്ചില്ലെന്നു തോന്നി, അയാളുടെ മുഖഭാവം കണ്ടപ്പോൾ.
“അല്ല… അല്ല.. ഞാനെന്തിനാ ഭയന്നത്? അല്ലെങ്കിലും ഞാനെന്തിനാണ് ഭയക്കുന്നത്?”
“അത് അവരവർക്കല്ലേ അറിയൂ. ഭയന്നില്ലായിരുന്നുവെങ്കിൽ ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നോ?”
ഒരു നിമിഷം.. ദീർഘമായി ഒന്നു നിശ്വസിച്ചു രാമകൃഷ്‌ണൻ. പിന്നെ, ഏറെ ശബ്‌ദം താഴ്‌ത്തി പറഞ്ഞു.
“പണത്തിനുമീതെ പരുന്തും പറക്കില്ലെന്നു കേട്ടിട്ടില്ലെ. എല്ലാ ഭയങ്ങളും ഞാൻ പണംകൊണ്ട് തീർത്തിരിക്കുന്നു. മേലിൽ നീ ഒട്ടും ഭയപ്പെടേണ്ട.”
അതു കേൾക്കുമ്പോൾ കൃതജ്ഞത കൊണ്ടോ, ആരാധനകൊണ്ടോ അവളുടെ മുഖം നിറയുമെന്നാണ് രാമകൃഷ്‌ണൻ കരുതിയത്. പക്ഷേ, ആ കരുതൽ തെറ്റി. ഒട്ടും നിനച്ചിരിക്കാതെ ആ മുഖം ഭയം കൊണ്ടാണു നിറഞ്ഞത്.
“അപ്പോൾ… അപ്പോൾ… രാമേട്ടനാണ് രമാചൗധരിയെ കൊന്നത് അല്ലേ…”
“എന്ന് ആരെങ്കിലും പറഞ്ഞോ…”
രാമകൃഷ്‌ണനും ഒരുനിമിഷം പരിഭ്രമത്തിലായി.
“ഉവ്വല്ലോ. പറഞ്ഞല്ലോ.”
സീതയുടെ കണ്ണുകൾ തീക്കണ്ണുകളായി.
“ആര്… ആരു പറഞ്ഞു.”
“പറഞ്ഞത് രാമേട്ടൻ തന്നെ..”
“ഞാൻ എന്തു പറഞ്ഞെന്ന്.”
“പണം കൊണ്ട് എല്ലാം ഒതുക്കിയെന്ന്. നിരപരാധിയായിരുന്നുവെങ്കിൽ പണംകൊണ്ട് എല്ലാം ഒതുക്കുന്നത് എന്തിനാണ്.”
രാമകൃഷ്‌ണൻ വല്ലാത്ത ഭാവത്തിലായി. പിന്നെ പെട്ടെന്നു ഭാവംമാറ്റി ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.
“എന്റെ ഭാര്യ അങ്ങനെ മണ്ടിയൊന്നുമല്ല. പോലീസുകാരെക്കാൾ ബുദ്ധി എന്റെ ഭാര്യയ്‌ക്കുണ്ട്.”
“ആർക്ക്… രമാചൗധരിക്കോ..” ഒരമ്പെയ്യുംപോലെ സീത ചോദിച്ചു.
“രമാചൗധൗരിക്കല്ല, എന്റെ ഭാര്യയ്‌ക്ക്…”
“ഭാര്യ രമാചൗധരിയല്ലേ…”
അതിന് എന്ത് ഉത്തരം പറയും എന്നു വിഷമിച്ചിരിക്കുമ്പോഴേക്കും സീത പത്രമെടുത്ത് രാമകൃഷ്‌ണന്റെ മുന്നിലേക്കിട്ടു കൊടുത്തു.
രാമകൃഷ്‌ണൻ പത്രം നിവർത്തി. വാർത്ത വായിച്ചു. അതിൽ രമാചൗധരിയെ തന്റെ ഭാര്യയായി എഴുതിയിരിക്കുന്നതും രാമകൃഷ്‌ണൻ കണ്ടു. എങ്ങനെ പ്രതികരിക്കണം എന്നു രാമകൃഷ്‌ണന് അറിയില്ലായിരുന്നു. സീതയുടെ ദൃഷ്‌ടിക്ക് ഒരു കുന്തമുനയുടെ മൂർച്ചയുണ്ടെന്നു രാമകൃഷ്‌ണനു തോന്നി.
“ങ്‌ഹാ… പത്രക്കാര് അതുമിതും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു കണ്ടിട്ടാണോ… ഞാനൊന്നു ഡ്രസുമാറട്ടെ…”
രാമകൃഷ്‌ണൻ മറ്റൊന്നും പറയാതെ ഡ്രസുമാറാനായി അകത്തേക്കു കടന്നു.
കുറച്ചു സമയം കൂടുതലെടുത്തു ഡ്രസു മാറാനായി. അത്രയും സമയം കൊണ്ട് സീതയെ എന്തു പറഞ്ഞു സമാശ്വസിപ്പിക്കണമെന്ന് അയാൾ ആലോചിക്കുകയായിരുന്നു. ഒരു ഉത്തരവും മനസിലുദിച്ചില്ല.
അപ്പോഴും സീത പുറത്തിരുന്ന് പുകയുകയായിരുന്നു. ഒന്നു കരയാൻ പോലും മറന്ന് അവളിരുന്നു.
ഒരു ഭാര്യ എന്ന ഐഡന്റിറ്റിപോലും തനിക്കു നഷ്‌ടപ്പെട്ടിരിക്കുന്നു. താനിവിടത്തെ ആരാണ്? പാർട്ടിക്കാർ അവതരിപ്പിച്ചതുപോലുളള സർവന്റോ? ഒരു മനുഷ്യൻ ഒരിക്കലും ഇഷ്‌ടപ്പെടാത്ത ഒന്നാണ് ഐഡന്റിറ്റിയുടെ മരണം. അതും സംഭവിച്ചിരിക്കുന്നു. സീതയ്‌ക്ക് എന്നും ഇഷ്‌ടപ്പെടാത്തതു നേടാനായിരുന്നല്ലോ വിധി. അതോ, വിധിയെന്നു കരുതി എല്ലാം സഹിച്ചതോ തെറ്റായിപ്പോയത്. ഇനിയും സീതയ്‌ക്ക് തെറ്റുപറ്റണോ…
അവൾ അങ്ങനെയും ആലോചിച്ചു തുടങ്ങവേ ഡ്രസു മാറിയ രാമകൃഷ്‌ണൻ പുറത്തിറങ്ങി. ഒരു കൈലിയും ചെമന്ന ബനിയനും. അതു കണ്ടിട്ട് ഒരു കൊലയാളിയുടെ വേഷമായേ സീതയ്‌ക്കു തോന്നിയുളളു.
ഒരു പരിചയത്തിന്റെ പേരിലെങ്കിലും രമാചൗധരി മരിച്ചതിൽ ദുഃഖം വേണ്ടതല്ലേ. അല്ലെങ്കിലെന്തിനു രാമേട്ടൻ ദുഃഖിക്കണം. കൊന്നവർക്ക് മരിച്ചവരെപ്പറ്റി ദുഃഖം ഉണ്ടാകേണ്ടതില്ലല്ലോ.
“ങ്‌ഹാ… എന്തൊരു ഭാര്യ… എനിക്കല്‌പം ഭക്ഷണംപോലും എടുത്തുതരാൻ നിനക്കു തോന്നണില്ലല്ലോ.”
പാതി കളിയും പാതി കാര്യവുമായി രാമകൃഷ്‌ണൻ പറഞ്ഞു. ചോദ്യോത്തരങ്ങൾ മാറിവീഴട്ടെ എന്നായിരുന്നു അപ്പോഴും രാമകൃഷ്‌ണൻ കരുതിയത്. സീത ഒരുത്തരവും പറഞ്ഞില്ല. ഒരു ശിലപോലെ അവൾ അവിടെ ഉറച്ചിരുന്നു. ഇവൾ ഇങ്ങനെ ആയിരുന്നില്ലല്ലോ. കണ്ടാൽ ഉടനടി ഭക്ഷണം തരുവാൻ ശ്രമിച്ചിരുന്നവൾ. ശക്തിയായി മനസ്സിനു ക്ഷതമേറ്റിരിക്കുന്നു. ഇനി അതു മാറ്റാൻ ദിവസങ്ങൾ വേണ്ടിവരും. അതിനുമുമ്പ് എന്തു പറഞ്ഞാലും അത് അവൾ അംഗീകരിക്കില്ല. അതു മാത്രവുമല്ല തനിക്കെതിരെ തെളിവുകൾ നിരത്താനും വാക്കുകൾ തൊടുക്കാനുമെ ഇനി അവൾ ശ്രമിക്കൂ. അതിനൊന്നിനും മറുപടി പറയാൻ പറ്റാതായാൽ അവളതിൽ പിടിച്ചുകയറാനും തുടങ്ങും. അതുകൊണ്ടുതന്നെ രാമകൃഷ്‌ണൻ ഒന്നിനും നിന്നില്ല.
“എനിക്കല്‌പം ക്ഷീണമുണ്ട്. ഞാനൊന്നു വിശ്രമിക്കാൻ പോകുകയാണ്.”
അപ്പോഴെങ്കിലും ഭക്ഷണം സീത എടുക്കുമെന്ന് രാമകൃഷ്‌ണൻ പ്രതീക്ഷിച്ചു. എന്നാൽ, ആ പ്രതീക്ഷ തെറ്റി, സീത ധ്യാനത്തിൽനിന്ന് ഉണർന്നതേയില്ല. കുറച്ചുനേരം കൂടി അവളെ നോക്കി ഇരുന്നശേഷം രാമകൃഷ്‌ണൻ അകത്തേയ്‌ക്കു കിടക്കാനായി പോയി.
സീത അതേ ഇരിപ്പ് തുടരുകയായിരുന്നു. എന്താണ് ഇനി ചെയ്യേണ്ടത്. സമൂഹത്തിന്റെ മുന്നിൽ രാമേട്ടന്റെ ഭാര്യ രമാചൗധരിയാണ്. നിയമത്തിനു മുന്നിൽ ഒരു കൊലപാതകിയും അനധികൃത ബിസിനസുകാരനുമാണ് രാമേട്ടൻ.
പണംകൊണ്ട് പലതിൽനിന്നും ഊരിപ്പോന്നെന്നിരിക്കാം. പക്ഷേ, ഒരു പെണ്ണിന്റെ മനം… അത് അറിയാൻപോലും രാമേട്ടന് കഴിയുന്നില്ലല്ലോ. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുളള പ്രയാണമല്ലേ. എന്നിട്ട് ഒന്നും വെട്ടിപ്പിടിച്ചു കണ്ടില്ലല്ലോ. അതോ വെട്ടിപ്പിടിച്ചത് ഇതൊക്കെത്തന്നെയാണോ. ഇതെല്ലാം നേടാനായിരുന്നോ പ്രയാണം.
സാമൂഹികാംഗീകാരമുളള സ്‌ത്രീപുരുഷ സംഗമമാണ് വിവാഹം. വിവാഹത്തിലൂടെ മാത്രമേ ഭാര്യയും ഭർത്താവും ആകുന്നുളളു. അവരുടെ ജീവിതമാണ് കുടുംബജീവിതമായി മാറുന്നത്.
പക്ഷേ, തന്റേതോ…രാമേട്ടന്റെ സാമൂഹികാംഗീകാരമുളള ഭാര്യയാണു മരിച്ചുപോയത്. അല്ല, കൊന്നുകളഞ്ഞത്. താനപ്പോൾ ആര്? എന്തിനിവിടെ ജീവിക്കുന്നു?
പണം കൊടുത്തും സ്വാധീനം ചെലുത്തിയും പല കുറ്റങ്ങളിലും ശിക്ഷകിട്ടാതെ നിയമത്തിൽനിന്നും രക്ഷപ്പെടാൻ കഴിഞ്ഞേക്കാം. എന്നാൽ, സ്വന്തം മനസ്സിൽനിന്നും രക്ഷപ്പെടാൻ കഴിയുമോ? അതോ, ഈ മനുഷ്യന് മനസ്സ് എന്നൊന്നില്ലെന്നു വരുമോ!
എങ്കിൽപ്പിന്നെ ഇദ്ദേഹം എന്തൊരു മനുഷ്യൻ. ഈശ്വരാ… ഈ സീതയ്‌ക്ക് ഒരു മനുഷ്യനെപ്പോലും ഭർത്താവായി നേടാനാവില്ലെന്നോ? സീത വല്ലായ്‌മയിലാണ്ടു.
എല്ലാം വീട്ടിലേക്കെഴുതി അറിയിച്ചാലോ- എന്നിട്ടെന്തു കാര്യം?
വീട്ടിലേക്ക് പോയാലോ? അവിടെ അനുജത്തിമാരുടെ വിവാഹം വലിയൊരു ചോദ്യചിഹ്‌നമായി മാറും. അച്‌ഛന്റെ അഭിമാനം മുറിപ്പെടും. ഇനിയും ഇവിടത്തന്നെ തങ്ങുക എന്നുവച്ചാൽ…
എന്റെ ഈശ്വരാ.. ആലംബമില്ലാതെ, എന്തിനെന്നറിയാതെ ഇങ്ങനെ ജീവിക്കലായിരുന്നോ സീതയ്‌ക്ക് നിയോഗം. എല്ലാവർക്കും വേണ്ടി വഴിയൊഴിഞ്ഞു കൊടുക്കാൻ വിധിക്കപ്പെട്ട തനിക്കുമാത്രം സഞ്ചരിക്കാൻ ഒരു വഴിയുമില്ലേ.
ഇനിയും സഹിക്കുക എന്നുവച്ചാൽ… അതിലും ഭേദം മരിക്കുകയല്ലേ. മരിച്ചാലും പ്രശ്‌നം തന്നെ. എല്ലാംകൂടി ആലോചിച്ചിട്ട് ഭ്രാന്തു പിടിക്കുംപോലെ സീതയ്‌ക്ക് തോന്നി. എ.സി. കൂട്ടിവച്ചു. മുറി കൂടുതൽ ശീതീകരിക്കപ്പെട്ടിട്ടും മനസ്സ് ഒട്ടുമേ ശീതീകരിക്കാൻ എ.സിക്കു കഴിഞ്ഞില്ല. അപ്പോഴും അവളുടെ മനസ്സ് ഉമിത്തീപോലെ നീറിക്കൊണ്ടിരുന്നു. ബുദ്ധി വഴിയറിയാതെ ഉഴലുകയുമായിരുന്നു.
രാമകൃഷ്‌ണനും വിശ്രമിക്കുകയായിരുന്നില്ല. എന്തുപറഞ്ഞാണ് സീതയെ ഒന്നു മയപ്പെടുത്തേണ്ടത് എന്നോർക്കുകയായിരുന്നു. എത്ര ഓർത്തിട്ടും അതിനൊരു വഴിയും മുന്നിൽ തെളിഞ്ഞു കണ്ടില്ല.
അടുത്ത നിമിഷം അയാൾ ആലോചിച്ചു. എന്തിനാണ് മയപ്പെടുത്തുന്നത്. അവൾക്കിഷ്‌ടമുളളതൊക്കെ അവൾ വിശ്വസിക്കുകയോ പറയുകയോ ചെയ്‌തുകൊളളട്ടെ. തനിക്ക് ജീവിതമാണ് മുന്നിലുളളത്. തന്റെ ജീവിതം. ഒരു ഉത്സവംപോലെ കൊണ്ടാടേണ്ട ജീവിതം. അതിനിടയ്‌ക്ക് ഇതെല്ലാം ആലോചിക്കുക എന്നുവച്ചാൽ… ശ്ശെ! ശ്ശെ… എങ്ങനെ പ്രശ്‌നങ്ങളൊതുക്കി എന്ന് തന്നോടന്വേഷിച്ചറിഞ്ഞ് അതിൽ അഭിമാനം കൊളളുന്ന ഭാര്യയെയായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, ഒരു ഏക പത്‌നീവ്രതനിഷ്‌ട പറയുന്നവൾ ഇക്കാലത്ത് ഇങ്ങനെയും ഉണ്ടല്ലോ. രാമകൃഷ്‌ണൻ ലേശം ഈർഷ്യയോടെ തിരിഞ്ഞു കിടന്നു.
ഒരു ദിവസം കഴിഞ്ഞു. പിറ്റേന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ തന്നെ രാമകൃഷ്‌ണൻ എഴുന്നേറ്റു. ദിനകൃത്യങ്ങളെല്ലാം എളുപ്പം കഴിച്ചു. പിന്നെ, ഡ്രസും മാറി ബ്രീഫ്‌കെയ്‌സുമെടുത്ത് ഇറങ്ങാൻ ഭാവിച്ചു. ഒരു മാത്ര തിരിഞ്ഞുനിന്നു. സീതയോടായി പറഞ്ഞു.
“ഒരുപക്ഷേ… ഇന്നു ഞാൻ വരാനല്‌പം വൈകിയെന്നുവരും കേട്ടോ…”
കേട്ടതായി മൂളിയില്ല; ഭാവിച്ചില്ല. എങ്കിലും കേട്ടു എന്ന് രാമകൃഷ്‌ണന് അറിയാമായിരുന്നു. രാമകൃഷ്‌ണൻ പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ സീത വാതിൽ അടച്ചു ലോക്കുചെയ്‌തു.
ഉച്ചവരെ വീണ്ടും പലതും ആലോചിച്ചു കൊണ്ട് സീത ഇരുന്നു. ഉച്ചയായപ്പോൾ പോസ്‌റ്റുമാൻ കത്തു കൊണ്ടുവന്നു. ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലായി. കത്ത് വീട്ടിൽ നിന്നാണ്. ഒരായിരം കാര്യങ്ങളും രാമേട്ടനെ എനിക്കു നേടിത്തരാൻ ചെയ്‌ത ത്യാഗങ്ങളും കൂടെ ഒരു ക്ഷേമാന്വേഷണവുമാകും. തനിക്കു സുഖം എന്നറിയണം. ആ ഒരു വാക്കിൽ പിടിച്ച് ഊറ്റം കൊളളണം. ഈ സീതയ്‌ക്ക് നിങ്ങളൊക്കെ നല്‌കുന്ന ‘സുഖ’ത്തിന്റെ അർഥം ഇനിയും പിടികിട്ടിയിട്ടില്ല. കത്തു തുറക്കാൻപോലും മനസ്സു കൂട്ടാക്കിയില്ല. സുഖമന്വേഷിച്ചെത്തുന്ന കത്തുകൾ… സീതയ്‌ക്ക് വെറുപ്പാണ് തോന്നിയത്.
അവൾ കത്ത് കുത്തനെ കീറി വെയ്‌സ്‌റ്റ് ബാസ്‌കറ്റിലിട്ടു. പിന്നെ, ഒരു ഇൻലന്റ് എടുത്തു. അതിൽ അച്‌ഛനെ അഡ്രസു ചെയ്‌തു. അവൾ എഴുതി.
എനിക്കു സുഖം. അത്രമാത്രം.
പിന്നെ, അവൾ ഡ്രസുമാറി. മുറിപൂട്ടി, പുറത്തിറങ്ങി. ആകാശവും ഭൂമിയും ഒരുപോലെ മറന്നു പോയിരുന്ന സീത ഭൂമിയിലേക്കിറങ്ങി. ലക്ഷ്യം ഒന്നും അവൾക്കുണ്ടായിരുന്നില്ല. എന്നിട്ടും സന്തോഷത്തിന്റെ വായു അവൾ ശ്വസിച്ചു. സമാധാനത്തിന്റെ ചുറ്റുവട്ടം അവൾ കണ്ടു.
ഫ്ലാറ്റിലെ ശീതീകരിച്ച മുറിയിൽ രാമകൃഷ്‌ണനോടൊത്തുളള ജീവിതത്തേക്കാളേറെ സമാധാനവും സുരക്ഷിതത്വവും അവൾക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. എങ്ങോട്ടെന്നില്ലാതെ നഗരപാതയിലൂടെ അവൾ നടന്നു.
അടുത്ത നിമിഷം പിന്നിൽനിന്നും ആരോ വിളിക്കുന്നതു കേട്ടു.
“സീതേ…”
അവൾ പരിചിതമായ ആ ശബ്‌ദംകേട്ട് തിരിഞ്ഞുനിന്നു.
ഉണ്ണികൃഷ്‌ണൻ!
“എങ്ങോട്ടേക്കാ…”
അവൾക്കുപോലും അതിനുത്തരമില്ലാത്ത ചോദ്യംകേട്ട് അവൾ ചിരിച്ചു.
“ഇത്തവണ സത്യമായിട്ടും ഞാൻ എന്റൊരു സുഹൃത്തിനെ ഗൾഫിലേക്കയക്കാൻവേണ്ടി വന്നതാണ്. അവൻ പോയി. എന്നാൽ തിരിച്ചുപോകുംവഴി ഇതുവഴിയൊക്കെ ഒന്നു ചുറ്റിയേക്കാം എന്നു കരുതി വന്നതാണ്.”
സീത അപ്പോഴും ചിരിച്ചു.
“നിനക്ക് സുഖോല്ലേ…”
എല്ലാവരും ചോദിക്കുന്ന ആ ചോദ്യം കേട്ട് അവളുടെ മുഖം വാടി.
അടുത്ത നിമിഷം അവൾ ഉണ്ണിയുടെ വിരൽത്തുമ്പിൽ പിടിച്ച് ഭൂമിയുടെ മറുകരവരെ നടക്കാൻ തയ്യാറായി നിന്നു.
നീ എന്റെ കൂടെപ്പോരുന്നോ എന്നൊരു ചോദ്യം ഉണ്ണിയിൽനിന്നും കേൾക്കാനവൾ കാത്തുനിന്നു.
(അവസാനിച്ചു)
Generated from archived content: akasham17.html Author: vennala_mohan