രമ എങ്ങനെ രമാ ചൗധരിയായി? ഇനി ഒരിക്കൽകൂടി കാണാൻ കഴിഞ്ഞാൽ… അതു പറയാമെന്നാണ് അവൾ പറഞ്ഞത്. സീത ഓർത്തു. എന്താണ് അങ്ങനെ പറയാൻ കാരണം. ഒട്ടാകെ ആലോചിച്ചിട്ടും സീതയ്‌ക്ക് മറുപടി കാണാൻ കഴിഞ്ഞില്ല. ഈ ലോകത്ത് എന്തൊക്കെ അതിശയങ്ങൾ! ലോകാത്ഭുതങ്ങൾ തേടിനടക്കുന്നവർ ആദ്യം നോക്കേണ്ടത് മനുഷ്യജീവിതത്തിലേക്കും മനസ്സിലേക്കുമാണ്. അവിടുളളത്രയും വൈവിദ്ധ്യങ്ങളും അതിശയങ്ങളും മറ്റെവിടെയാണ് കാണാൻ കഴിയുക.
സീതക്ക് ജീവിതംപോലെ തന്നെ മറ്റൊരു സമസ്യയായി തോന്നി രമയുടെ വരവും സംഭാഷണങ്ങളുമെല്ലാമെല്ലാം. എന്താണിതിന്റെയൊക്കെ അർഥങ്ങൾ?
അല്ലെങ്കിൽതന്നെ എന്തിന് അർഥങ്ങൾ തേടി അലയണം. ജീവിതം തുടങ്ങുന്നതും തുടരുന്നതും തിരിയുന്നതുമെല്ലാം യാദൃശ്ചികതകളിൽ നിന്നല്ലേ.
ഒരിക്കൽക്കൂടി… ഒരിക്കൽകൂടി മാത്രം രമയുടെ വിളിക്കായി കാതോർത്തു സീത. പക്ഷേ, ഒരു വിളിയും ഉണ്ടായില്ല. രമയുടെ പേജർ നമ്പർപോലും വാങ്ങിവയ്‌ക്കാൻ കഴിയാതിരുന്നത് വലിയ കഷ്‌ടമായിപ്പോയെന്ന് സീതക്കു തോന്നി. ആ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഒന്നു കോണ്ടാക്‌ടു ചെയ്യാനെങ്കിലും ആവശ്യപ്പെടാമായിരുന്നു. പക്ഷേ, എല്ലാം അതാത് അവസരങ്ങളിൽ ചോദിക്കാനും നേടാനും കഴിയാത്ത സീതയുടെ വിധിപോലെ. ഇതും..!
രമ പോയപ്പോൾ മുതൽ സീതയുടെ മനസിൽ രമ നിറഞ്ഞുനിൽക്കാൻ തുടങ്ങി. ഏതു നിമിഷത്തിലും രമ സീതയുടെ മനസിൽ സന്നിഹിതയായിരുന്നു. പലവട്ടം രാമകൃഷ്‌ണനോട് രമയെക്കുറിച്ച് ചോദിക്കാനാഗ്രഹിച്ചതാണ്. പക്ഷേ, അപ്പോഴൊക്കെ മനസ് വിലക്കി. എന്തർഥത്തിൽ, എങ്ങനെ ചോദിക്കും.. തിരിച്ച് രാമേട്ടൻ എന്തു ചോദിച്ചാലും മറുപടി പറയാൻ തനിക്ക് വാക്കുകളില്ലല്ലോ. രണ്ടുദിവസം പതിവിൻപടിയുളള ആവർത്തനവിരസദിനങ്ങൾ.
എന്തിനാണ് ഈ കൂട്ടിലടക്കപ്പെട്ട കിളി കാത്തിരിക്കുന്നതെന്നറിയില്ലായിരുന്നു. ചിത്രക്കാർഡുകളുമായി കിളിയുടെ അന്നദാതാവ് എത്തുമ്പോൾ ആരുടെ ഭാഗ്യകാർഡാണ് എടുത്തുകൊടുക്കേണ്ടത്? അച്‌ഛന്റെയോ-അനുജത്തിമാരുടെയോ-അതോ അന്നദാതാവിന്റെയോ… ആരുടെ ഭാഗ്യജാതകം കണ്ടറിയാനാണെങ്കിലും കിളിയുടെ കാർഡെടുക്കാനും പറയാനും ആരുമില്ലല്ലോ.
മൂന്നാംദിവസം, രാമകൃഷ്‌ണൻ വളരെ വൈകിയാണ് വന്നത്. ഒട്ടും മദ്യഗന്ധമില്ലാതെ. പതിവിനു വിപരീതസ്വഭാവത്തിലുളള വരവ്. അയാൾ ആകെ പരിഭ്രമിച്ചവശനായി കഴിഞ്ഞിരുന്നു.
“നോക്കൂ സീതേ… ഞാൻ രണ്ടു ദിവസത്തേക്ക് ഇവിടെ ഉണ്ടായെന്നുവരില്ല.” ആകെ വിയർക്കുകയാണ് രാമേട്ടൻ.
“എവിടെ പോണൂ രണ്ടു ദിവസത്തേക്ക്…” സീത ചോദിച്ചു.
“അത്… അത്…” ഒരു ഉത്തരം പറയാനാകാതെ രാമകൃഷ്‌ണൻ വിക്കി.
“ബിസിനസ് ടൂറിലാണോ…” സീത ചോദിച്ചു.
ഒരാശ്വാസംപോലെ രാമകൃഷ്‌ണൻ പറഞ്ഞു. “അതെ… അതെ.. ഒരു ബിസിനസ് ടൂർ…”
“എങ്ങോട്ടാ?”
“ഔട്ട് ഓഫ് സ്‌റ്റെയിറ്റാണ്.”
“എങ്കിലും ആ സംസ്ഥാനത്തിനു പേരില്ലേ.”
സീത ഇങ്ങനൊന്നും ചോദിക്കാറില്ലാത്തതാണ്. രാമകൃഷ്‌ണന്റെ പരിഭ്രമവും എന്തോ ഒളിക്കാനുളള തത്രപ്പാടും കണ്ടപ്പോഴാണ് അവൾ അങ്ങിനെയൊക്കെ ചോദിക്കാൻ തുടങ്ങിയത്.
സീതയുടെ സ്വഭാവം അറിയാവുന്ന രാമകൃഷ്‌ണൻ അവളിൽനിന്ന് ഇങ്ങനെയുളള ഒരു ചോദ്യവും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തരം ചോദ്യങ്ങൾക്കുളള മറുപടിയും അയാൾ കണ്ടുവച്ചിട്ടില്ലായിരുന്നു. അതുമാത്രമല്ല, പ്രശ്‌നത്തിന്റെ ഗൗരവം ഓർത്തപ്പോൾ അയാൾ വല്ലാതെ നടുങ്ങുകയും ചെയ്‌തു.
സീത രാമകൃഷ്‌ണനെത്തന്നെ നോക്കിനില്‌ക്കുകയായിരുന്നു. എല്ലാം വളരെ ലാഘവത്തോടെ പറയുകയും ചെയ്യുകയും ചെയ്യുന്ന മനുഷ്യനിൽ ആദ്യമായി കാണുകയായിരുന്നു ഈ ഭാവമാറ്റവും പരിഭ്രമവും.
“രാമേട്ടൻ വല്ലാതെ വിയർക്കുന്നല്ലോ.. ഡ്രസൊക്കെ മാറ്റിയിട്ടു വരൂ.. ” സീത പറഞ്ഞു.
“ങും..” അയാളൊന്നു മൂളി.
ഡ്രസ് ചെയിഞ്ചു ചെയ്യാൻ ബെഡ്‌റൂമിലേക്കു പോയി.
“ചോറു വിളമ്പട്ടെ… ” സീത വിളിച്ചു ചോദിച്ചു.
“വേണ്ട” ഉടനെ മറുപടിയും വന്നു.
അല്‌പസമയത്തിനുളളിൽ ഡ്രസ് ചെയിഞ്ചു ചെയ്‌ത് രാമകൃഷ്‌ണനെത്തി.
“ഉറങ്ങുന്നില്ലെ.”
“നീ കിടന്നോളൂ..” എന്തോ ആലോചിച്ചുകൊണ്ട് രാമകൃഷ്‌ണൻ പറഞ്ഞു.
സീത പിന്നെ അധികം നിൽക്കാൻ തുനിഞ്ഞില്ല. ഉറങ്ങാനായി അകത്തേക്കു കടന്നു.
രാമകൃഷ്‌ണൻ വിലകൂടിയ സിഗരറ്റൊന്നിന് തീ കൊളുത്തി. കിടന്നപാടെ സീത ഉറങ്ങിപ്പോയിരുന്നു. ഇടയ്‌ക്കെപ്പോഴോ ഉണർന്നപ്പോഴും രാമകൃഷ്‌ണൻ സിഗരറ്റു പുകയുടെ നടുവിലായിരുന്നു. കുപ്പിയും ഗ്ലാസും. സീത ശ്രദ്ധിച്ചുനോക്കി. കുപ്പിയിൽനിന്നു ഗ്ലാസിലേക്കു പകരുന്നു. ഐസ്‌വാട്ടർ ഒഴിക്കുന്നു. കഴിക്കുന്നു. സീതക്ക് വല്ലാത്തൊരു വിമ്മിട്ടം തോന്നി. അവൾ കണ്ണടച്ചു കിടന്നു. അല്‌പസമയം കഴിഞ്ഞപ്പോൾ രാമകൃഷ്‌ണൻവന്ന് അവളെ തട്ടിയുണർത്തി. സീത ഉറക്കമുണരുംപോലെ എഴുന്നേറ്റിരുന്നു.
“ങാ… നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്..” രാമകൃഷ്‌ണന്റെ മുഖം വിവർണമായിരുന്നു.
എന്തൊ പ്രധാനപ്പെട്ട പ്രശ്‌നമുണ്ടെന്ന് സീതക്കും തോന്നി.
“ഞാൻ നാളെ വെളുപ്പിന് സ്ഥലംവിടും.”
“ങും…”
“ബിസിനസ് ടൂറിനൊന്നുമല്ല. ഒരു ഫ്രണ്ടിന്റടുത്തേക്കാണ് യാത്ര. രണ്ടുദിവസം എന്നത് ഒരാഴ്‌ചയായേക്കാം.”
സീത നടുങ്ങി. നടുക്കം വ്യക്തമായും കണ്ടു രാമകൃഷ്‌ണൻ.
“ഭയക്കാനില്ല. ഒരാഴ്‌ചയ്‌ക്കപ്പുറം പോയേക്കില്ല.”
“അതുവരെ ഞാനൊറ്റക്കിവിടെ കഴിയേണ്ടേ…”
“എല്ലാ സാധനങ്ങളുമില്ലേ. കുറച്ചു പണവും വച്ചേക്കാം.”
സീതയ്‌ക്കതു കേട്ടപ്പോൾ സങ്കടം നിറഞ്ഞ ചിരി വന്നു. ഭക്ഷണത്തിനുളള സാധനങ്ങളും പണവുമുണ്ടെങ്കിൽ ഒറ്റയ്‌ക്കു കഴിയാന്നാണോ?
“എനിക്കു ഭയം തോന്നുന്നു. ഞാനും ഫ്രണ്ടിന്റെ വീട്ടിലേക്കു വരാം.”
“ഭയക്കണ്ട.. ഒരാഴ്‌ച ഞാൻ കുറെ കൂട്ടിപറഞ്ഞതാണ്. അതിനുമുന്നേ ഞാനെത്തും. പിന്നെ ഫ്രണ്ടിന്റെ വീട്ടിലേക്കു നീ വരണ്ട…”
“എന്നാൽ നാട്ടിൽ പൊയ്‌ക്കോട്ടെ..”
അല്‌പനേരം രാമകൃഷ്‌ണൻ ആലോചിച്ചിരുന്നു. പിന്നെ പറഞ്ഞു. “നാട്ടിൽ പോകാമായിരുന്നു. പക്ഷേ, ഈ അവസ്ഥയിൽ ഇവിടെ നമ്മൾ രണ്ടുപേരും ഇല്ലാതായാൽ അതും പ്രശ്‌നമാകും.”
സീത ഞെട്ടി. പൊടുന്നനെ അവൾ ചോദിച്ചു. “ഏതവസ്ഥയിൽ… എന്തു പ്രശ്‌നം.”
വായിൽനിന്ന് അബദ്ധം ചാടി എന്ന വിഷമത്തോടെ രാമകൃഷ്‌ണൻ കുറച്ചുസമയം മിണ്ടിയില്ല.
“ആരെങ്കിലും വന്ന് അന്വേഷിച്ചാൽ ഇന്നലെ… നോക്കൂ.. ഇന്നല്ല; ഇന്നലെ മുതൽ ഞാൻ എന്റെ നാട്ടിലേക്കു പോയെന്നു പറഞ്ഞാൽമതി.”
എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് സീതയ്‌ക്കു തോന്നിത്തുടങ്ങി.
“ഇന്നലത്തെ തീയതി ഓർത്തുവയ്‌ക്കണം. രാവിലെത്തന്നെ പോയെന്നും പറയണം.”
“ങും..”
“മറക്കരുത്. എന്നുവരും എന്നു ചോദിച്ചാൽ അറിയില്ലെന്നും പറയണം.”
“പക്ഷെ രാമേട്ടാ, ആരു ചോദിച്ചാലാണ് ഞാനിതൊക്കെ പറയേണ്ടത്.”
“ആരു ചോദിച്ചാലും.”
“അതിനിപ്പോ ആരാണ് ഇങ്ങോട്ടു ചോദിക്കാൻ വരുന്നത്.” സീത വീണ്ടും സംശയം ചോദിച്ചു.
“ആരാണ് ഇനി ചോദിക്കാൻ വരാത്തതെന്ന് ആരറിഞ്ഞു. അങ്ങിനെയല്ലേ കാര്യങ്ങളുടെ കിടപ്പ്.”
“എന്തു കാര്യം?”
അതിനും ഉത്തരം പറയാതെ മറ്റൊന്നുകൂടി രാമകൃഷ്‌ണൻ അവളോടു പറഞ്ഞു. “അന്ന് പാർട്ടിയിൽ ഉണ്ടായിരുന്ന ആരെങ്കിലും ആരോടൊപ്പമെങ്കിലും വന്നാലോ, പാർട്ടിയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാലോ നീ പറയണം, അങ്ങനെ ഒരു പാർട്ടി ഇവിടെ നടന്നിട്ടില്ലെന്നും നീയാണ് എന്റെ ഭാര്യയെന്നും.”
സീത തലയാട്ടി. എന്തോ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് സീതക്കു തോന്നി. എന്നിട്ടും അതെന്താണെന്നു ചോദിക്കാൻ അവളുടെ മനസ് അനുവദിച്ചില്ല. സഫോടനം സൃഷ്‌ടിക്കുന്ന ഒന്നാണെങ്കിലോ-അത് ഏറ്റുവാങ്ങാൻ മനസിന് കരുത്തില്ലാതായാലോ-അതിലും ഭേദം അത് എന്താണെന്ന് അന്വേഷിക്കാതിരിക്കുകയും അറിയാതിരിക്കുകയുമല്ലേ.
എന്നെങ്കിലും അറിയേണ്ടിവന്നേക്കാം. അപ്പോളാ സ്‌ഫോടനം ഏറ്റുവാങ്ങേണ്ടിയും വന്നേക്കാം. എന്നാലും താനത് ചോദിച്ചറിഞ്ഞ് ഏറ്റതല്ലല്ലോ എന്നു സമാധാനിക്കാമല്ലൊ.
സീത എന്തൊക്കെയോ ഓർക്കുന്നുണ്ടെന്ന് രാമകൃഷ്‌ണനു തോന്നി.
“നീ ഇങ്ങനെ ആലോചിച്ചിരിക്കുന്നതെന്തിനാണ്. ഒറ്റയ്‌ക്ക് രണ്ടു ദിവസമെന്നല്ല രണ്ടു യുഗം ബോംബെയിൽ കഴിയുക എന്നത് ഒരു പ്രശ്‌നമുളള കാര്യമല്ല.”
സീത അപ്പോഴും ഒന്നും പറഞ്ഞില്ല.
“ങാ… പറഞ്ഞതുപോലെ… ഒരു ടെൻ തൗസന്റ് അലമാരയിൽ ഇരിപ്പുണ്ട്. ഒരു ചെക്കും ഒപ്പിട്ടുവച്ചിട്ടുണ്ട്. മണി മൂന്നു കഴിഞ്ഞു. ഞാൻ പോകാൻ നോക്കട്ടെ.”
“എനിക്കെന്തിനാ ഇത്ര പണം?”
അത്രയും പണം അയാൾ അവിടെ വയ്‌ക്കുന്നതിൽ എന്തോ ദുഃസൂചന തോന്നി അവൾക്ക്.
“ഇരിക്കട്ടെ… എന്താവശ്യത്തിനും പണം ഒരു താങ്ങല്ലെ?” പിന്നെ, ധൃതിയിൽ വസ്‌ത്രം മാറി രാമകൃഷ്‌ണൻ. വസ്‌ത്രങ്ങളും സാധനങ്ങളും അടുക്കിവച്ചിരുന്ന സൂട്ട്‌കെയ്‌സ് ഒന്നുകൂടി പരിശോധിച്ചു. പിന്നെ, ടാക്‌സി സ്‌റ്റാൻഡിലേക്ക് ടെലിഫോൺ ചെയ്‌ത് ടാക്‌സി എത്താൻ ഏർപ്പാടു ചെയ്‌തു.
ടാക്‌സി എത്തുംമുമ്പേ തന്നെ രാമകൃഷ്‌ണൻ ഇറങ്ങാൻ തയ്യാറായി. ഒരിക്കൽക്കൂടി തിരിഞ്ഞുനിന്ന് അയാൾ മുമ്പേ പറഞ്ഞ കാര്യങ്ങൾ ഓർമ്മിപ്പിച്ചു.
“വാതിൽ ലോക്കു ചെയ്‌തോളൂ..”
സീതക്ക് ആകെ ദേഷ്യം തോന്നി. “കൂടെ രമാ ചൗധരിയുമുണ്ടോ..”
അവളുടെ ചോദ്യത്തിനുമുന്നിൽ രാമകൃഷ്‌ണൻ ഒരുനിമിഷം ഇടിവേട്ടേറ്റവനെപ്പോലെ നിന്നു. അയാളുടെ മുഖം വിളറി. പിന്നെ അയാൾ പിറുപിറുത്തു.
“രമ ഇന്നലെ മരണപ്പെട്ടു.”
ആ നിമിഷം നടുങ്ങിപ്പോയത് സീതയായിരുന്നു.
ആ നടുക്കം കാണാൻ രാമകൃഷ്‌ണൻ നിന്നില്ല. അയാൾ ഇറങ്ങി. അല്‌പനിമിഷങ്ങൾക്കുളളിൽ താഴെ ഒരു ടാക്‌സിവന്നു നില്‌ക്കുന്നതും ഡോർ തുറന്നടയുന്നതും സീത കേട്ടു. പിന്നെ, ടാക്‌സി പോകുന്ന ശബ്‌ദവും.
പക്ഷെ, അപ്പോഴും നടുക്കത്തിൽനിന്ന് വിമുക്തയായിരുന്നില്ല സീത.
അടുത്ത മാത്രയിൽ ടെലിഫോൺ ബെല്ലടിച്ചു. സീത റിസീവർ എടുത്തു. അങ്ങേത്തലയ്‌ക്കൽ നിന്നു സംസാരം ഇംഗ്ലീഷിലായിരുന്നു.
ടെലിഫോണിന്റെ ഉറവിടം അവൾക്കു മനസ്സിലായി. പോലീസ് കമ്മീഷണർ ഓഫീസ്! കമ്മീഷണറാണ് വിളിക്കുന്നത്..!!
Generated from archived content: akasham15.html Author: vennala_mohan