പതിമൂന്ന്‌

സീതയ്‌ക്കെന്നും കൂട്ടായി മാറി രമാചൗധരിയുടെ ആ വാക്കുകൾ.

“എന്റെ സ്‌നേഹം അറപ്പിക്കുന്നതല്ലെങ്കിൽ ഒന്നോർത്തുകൊളളൂ… സീത ഇവിടെ ഒറ്റയ്‌ക്കല്ല.”

ശരിയാണ്‌. താൻ ഒറ്റയ്‌ക്കല്ലായിരിക്കും. രാമേട്ടൻ ഉണ്ടായിട്ടുപോലും താൻ ഒറ്റപ്പെട്ടുപോയി. ഭർത്താവിന്റെ മുന്നിൽ ആരുമല്ലാതായിത്തീരുന്ന ഭാര്യ. ഓർത്തപ്പോൾ ഒരു വല്ലാത്ത വൈജാത്യം തോന്നി. പാതിവ്രത്യത്തേയും ചാരിത്രത്തേയും എല്ലാറ്റിനെക്കാളും ഉപരി കാണുന്ന തനിക്ക്‌ കൂട്ടായി കടന്നുവന്നിരിക്കുന്നത്‌ ചില്ലിക്കാശുകൾക്കു മുന്നിൽ എല്ലാം മറന്നുപോകുന്ന പെണ്ണിന്റെ സ്‌നേഹവാക്കുകൾ! സ്‌നേഹത്തിനങ്ങനെ പതിത്വം ഉണ്ടോ!

“എല്ലാ ഫിലോസഫിയും ജീവിതത്തിനു കൊളളാം. പക്ഷേ, എല്ലാ ഫിലോസഫിക്കും അപ്പുറമാണ്‌ ജീവിതം.” നമ്പൂരിസാർ പറഞ്ഞത്‌ ശരിയാണെന്നു തോന്നിപ്പോകുകയാണ്‌.

രമാ ചൗധരി അന്നു വിളിച്ചതിൽപ്പിന്നെ വിളിച്ചിട്ടില്ല. എങ്കിലും ഏതു നിമിഷവും വിളിക്കപ്പെടാം എന്ന തോന്നലോടെ സീത ടെലിഫോൺ ബെല്ലിനുവേണ്ടി കാത്തിരുന്നു. ഓരോ ദിവസവും നീങ്ങിയിട്ടും അവൾ നിരാശപ്പെട്ടില്ല. വിളിക്കും… രമ വിളിക്കാതിരിക്കില്ല. അവൾ ആശ്വസിച്ചു.

ഒരാഴ്‌ച കഴിഞ്ഞ ഒരു സന്ധ്യയ്‌ക്ക്‌ രാമകൃഷ്‌ണൻ എത്തിയത്‌ വളരെ സന്തോഷത്തോടെയായിരുന്നു. അവൾക്കുവേണ്ടി അയാൾ ഒട്ടേറെ പലഹാരങ്ങളും വസ്‌ത്രങ്ങളും കൊണ്ടുവന്നിരുന്നു. അവൾക്ക്‌ ഓരൊന്നോരോന്നായി അയാൾ എടുത്തുകൊടുത്തു. വസ്‌ത്രങ്ങളുടെ പായ്‌ക്കറ്റ്‌ കൊടുക്കുമ്പോൾ അയാൾ പറഞ്ഞു.

“അതഴിക്കാൻ വരട്ടെ.. അതിനുമുൻപ്‌ ദെ… ഇത്‌ കഴിക്കൂ…”

സ്വീറ്റിന്റെ ഒരു കഷണം എടുത്ത്‌ അവൾക്കു നീട്ടി. അവൾ അതു വാങ്ങാൻ കൈനീട്ടി.

“നൊ.. നൊ.. വാ തുറക്കൂ…”

അവൾ പതിവില്ലാതെ അയാളുടെ ശൃംഗാരം കണ്ടുകൊണ്ട്‌ വായ തുറന്നു. സ്വീറ്റ്‌ കഷണം അയാൾ അവളുടെ വായിൽ വച്ചുകൊടുത്തു.

“ങും… എന്റെ സന്തോഷത്തിൽ നീയും പങ്കുചേര്‌..” അയാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

രാമേട്ടന്‌ മാത്രമായി ഒരു സന്തോഷം…. എന്താണത്‌? അപ്പോഴേക്കും ഒരു കഷണം സ്വീറ്റ്‌ അവളുടെ കൈയിൽ കൊടുത്തശേഷം അയാൾ വാ പിളർന്ന്‌ ഇരിപ്പായി. അവൾ അത്‌ അയാളുടെ വായിൽ വച്ചുകൊടുത്തു. ഇങ്ങിനെയും അഭിനയിക്കേണ്ടി വരുന്നല്ലോ. അവൾ മനസ്സിൽ ഓർത്തു.

“ഹായ്‌! നീ എന്റെ മൂഡുകളയാതെ ചോദിക്കൂ.. സന്തോഷത്തിന്‌ കാരണമെന്താണെന്ന്‌…” സ്വീറ്റ്‌ നുണയുന്നതിനിടയിൽ അയാൾ പറഞ്ഞു.

പുതിയ കാർ വല്ലതും ബുക്കുചെയ്‌തിട്ടുണ്ടാകാം…. അല്ലെങ്കിൽ ബാങ്കിലെ എമൗണ്ട്‌ വർധിച്ചിരിക്കാം… അല്ലെങ്കിൽ ഫൈവ്‌ സ്‌റ്റാർ… ഓരോന്നും ഓർക്കുന്നതിനിടയിൽ അയാൾ വീണ്ടും പറഞ്ഞു.

“ഓ… എന്റെ ഒരു ഭാര്യ… ചോദിക്കൂ പെണ്ണേ എന്താണ്‌ സന്തോഷമെന്ന്‌…”

“ഞാൻ ചോദിച്ചൂന്ന്‌ കരുതിക്കോ. പറഞ്ഞോളൂ..”

“അങ്ങനെ കരുതിയാപ്പോര… ചോദിക്കുകതന്നെ വേണം…”

“ങും… ന്നാൽ പറയൂ.. എന്താ സന്തോഷത്തിനു കാരണം…”

“ദേ… പറയാൻ പോണൂ.. പറഞ്ഞുകഴിഞ്ഞാൽ നിനക്ക്‌ ആ ഡ്രസുകളുടെ പാക്കറ്റുകൾ തുറക്കാം.”

“ശരി…”

അയാൾ അത്യാഹ്ലാദത്തോടെ പറയാൻ തുടങ്ങി.

“എന്റെ ട്രീറ്റ്‌ ശരിക്കും ഫലിച്ചിരിക്കുന്നു. മേലധികാരികൾക്ക്‌ ഭയങ്കര സ്‌നേഹം… ഡബിൾ പ്രമോഷൻ..”

സീതയുടെ മുഖം വിളറിപ്പോയി. രമാചൗധരിയെ അവർക്കു നല്‌കിയതിന്റെ പ്രതിഫലം! അതും അവർ അവളെ രാമേട്ടന്റെ ഭാര്യയായിട്ടാണ്‌ കണ്ടിരിക്കുന്നത്‌. അപ്പോൾ ഭാര്യാസ്ഥാനം അവർക്കു നല്‌കിയ സന്തോഷത്തിന്റെ പ്രതിഫലം.

ശ്ശെ! കഷ്‌ടമായിപ്പോയി.

“എന്ത്യേ… എന്റെ ഉയർച്ചയിൽ നിനക്ക്‌ സന്തോഷം തോന്നുന്നില്ലേ.”

അവളെത്തന്നെ നോക്കിക്കൊണ്ടിരുന്ന രാമകൃഷ്‌ണൻ ചോദിച്ചു. അവൾ ഉണ്ടെന്നോ, ഇല്ലെന്നോ പറഞ്ഞില്ല.

“എന്റെ സന്തോഷം നിനക്കും പങ്കിടണ്ടെ?” രാമകൃഷ്‌ണൻ അവളോടു വീണ്ടും ചോദിച്ചു.

എന്റെ ദുഃഖം ആരു പങ്കിടും? അതായിരുന്നു അവളുടെ മനസ്സ്‌ അപ്പോൾ ചോദിച്ചിരുന്നത്‌.

മനംപിരട്ടുംപോലെ. അന്നത്തെ ആ സംഭവത്തിന്റെ പ്രതിഫലമായിരുന്നോ സ്വീറ്റായി ലഭിച്ചത്‌. അവൾക്ക്‌ മനംപിരട്ടൽ കൂടിക്കൂടിവന്നു. ഓടി വാഷ്‌ബയ്‌സനിൽ പോയി ഛർദിച്ചു. കഴിച്ച സ്വീറ്റ്‌ മുഴുവനും പോകട്ടെ. അതിലെ ഒരു അംശം പോലും ഉണ്ടാകാതിരിക്കട്ടെ.

അവൾ ഛർദ്ദിക്കുന്നതുകണ്ട്‌ പിന്നാലെ രാമകൃഷ്‌ണനും എത്തി.

“ങും…എന്തുപറ്റി? ഗൈനക്കോളജിസ്‌റ്റിന്റടുത്തു പോണോ..”

ഛർദ്ദിച്ച്‌ അവശയായ അവൾ വേണ്ടെന്ന്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു.

“ങാ… വിശേഷം വല്ലതുമുണ്ടെങ്കിൽ വേണ്ടെന്നു വയ്‌ക്കണം. കുട്ടികളൊക്കെ ഭാരങ്ങളാ..”

ഈശ്വരാ… ഈ മനുഷ്യൻ പറയുന്നത്‌…?! എ.സി. ഓൺ ചെയ്‌തിട്ട്‌ അവൾ സെറ്റിയിൽ വന്നിരുന്നു. തൊട്ടടുത്തായി രാമകൃഷ്‌ണനും ഇരുന്നു.

രാമേട്ടൻ നല്ല മൂഡിലാണ്‌. എന്തെങ്കിലും പറഞ്ഞ്‌ ആ മൂഡ്‌ കളയേണ്ട എന്ന്‌ സീതയ്‌ക്കു തോന്നി.

“ഇനി സ്വീറ്റ്‌ എടുത്താലോ…

”വേണ്ട… പിടിക്കണില്ല.“ അത്രമാത്രം സീത പറഞ്ഞു.

”ങും… ഞാൻ പറഞ്ഞതു തന്നായിരിക്കും സംഗതി. വൈകിച്ചാൽ കോംപ്ലിക്കേറ്റാവും. എളുപ്പം ഡോക്‌ടറെ കണ്ട്‌ അവോയ്‌ഡ്‌ ചെയ്യണം. ഇന്നല്ലെങ്കിൽ നാളെത്തന്നെ…“

”ങും…“ സീത മൂളി.

”ഛെ! എല്ലാ മൂഡും പോവുകയാണല്ലോ.“

അയാൾ സ്വയം പറഞ്ഞു. കഷ്‌ടംതന്നെ. തനിക്ക്‌ കന്നിക്കുഞ്ഞ്‌ പിറക്കാൻ പോണു എന്നു കാണുമ്പോൾ മൂഡുപോകുന്ന പുരുഷൻ!

”ങാ… ഇനി മറ്റൊന്നുകൂടി പറയാനുണ്ട്‌?“

അവൾ എന്തെന്ന അർത്ഥത്തിൽ അയാളെ നോക്കി.

”അച്‌ഛൻ ഇടയ്‌ക്കു വിളിച്ചിരുന്നു. ഞാനതു പറയാൻ വിട്ടു.“

അവൾക്ക്‌ ഉത്‌കണ്‌ഠയേറി.

”എന്നിട്ടെന്തു പറഞ്ഞു.“

”ലേശം സാമ്പത്തികാവശ്യം പറഞ്ഞു. കടമായിട്ടാണ്‌ പറഞ്ഞത്‌.“

സീത ബാക്കി കേൾക്കാൻവേണ്ടി രാമകൃഷ്‌ണനെ ഇമയനക്കാതെ നോക്കിയിരുന്നു.

”കടമായിട്ടല്ലാതെത്തന്നെ ഇന്നു ഞാൻ കുറച്ചുരൂപ അയച്ചിട്ടുണ്ട്‌. എന്റെ സന്തോഷം അവരും അനുഭവിക്കട്ടെ അല്ലെ..“

അതുകേട്ടപ്പോൾ അവളുടെ കണ്ണ്‌ നിറഞ്ഞുപോയി. പാവം അച്‌ഛൻ! അച്‌ഛന്റെ മകളെന്ന വ്യാജേന ഒരു സ്‌ത്രീയെ കൂട്ടിക്കൊടുത്തതിനുകിട്ടിയ പ്രതിഫലം സ്വീകരിക്കേണ്ടിവരുന്നു. കഷ്‌ടം! വിധി ഫലം!

”നിനക്കെന്താ ഇഷ്‌ടമായില്ലെ.“ രാമകൃഷ്‌ണൻ ചോദിച്ചു.

”വേണ്ടായിരുന്നു.“

”നിന്റെ വീട്ടിലേക്കല്ലെ കൊടുത്തത്‌. പിന്നെന്തിനാ വിഷമിക്കുന്നത്‌.“

ശരിയാണ്‌. ഇവിടെ എന്റെ വിഷമങ്ങളും സന്തോഷങ്ങളും ആർക്കാണ്‌ മനസ്സിലാവുക.

”ങാ… എട്ടുമണിക്ക്‌ ഒരു പാർട്ടിയുണ്ട്‌. സന്തോഷം പങ്കിടാൻ ഞാൻ സംഘടിപ്പിച്ചിരിക്കുന്ന പാർട്ടി. ഞാൻ പോയിവരാം. അപ്പോഴേക്കും സാവധാനത്തിൽ ക്ഷീണമെല്ലാം കഴിയുമ്പോൾ ഡ്രസൊക്കെ എടുത്തുനോക്കൂ… ഇഷ്‌ടപ്പെട്ടത്‌ ഇന്നുതന്നെ ധരിക്കൂ..“

സീത ഒന്നും പറഞ്ഞില്ല. കാലത്തിന്റെ കളിയാട്ടം തകർക്കുകയാണല്ലോ. ഒരുവളുടെ വസ്‌ത്രമുരിഞ്ഞതിന്‌ മറ്റൊരുവൾക്കു വസ്‌ത്രം. ഒരുവളെ നാണംകെടുത്തി മറ്റൊരുവളെ നാണം മറയ്‌ക്കുന്നു.

രാമകൃഷ്‌ണൻ മുടിയൊക്കെ ഒന്നുകൂടി ശരിപ്പെടുത്തിയശേഷം ഇറങ്ങി. സീത ചെന്ന്‌ വാതിൽ അടച്ചു.

എന്തൊരു ജീവിതം. എത്രകാലം അഭിനയിച്ചിങ്ങനെ ജീവിക്കണം? ഇതു നരകതുല്യം തന്നെ. ഒന്ന്‌ ഉറക്കെ പൊട്ടിക്കരയാൻ കഴിഞ്ഞിരുന്നെങ്കിൽ… അതിനുപോലും മനസ്സിൽ വിലക്കുകളോ? ഒന്നിനും ആവാതെ സീത വെറുതെയിരുന്നു.

അടുത്ത നിമിഷം ടെലിഫോൺ ശബ്‌ദിച്ചു. ആരാകും ഇപ്പോൾ? ഒരു ഊഹവും കിട്ടുന്നില്ല. സീത പോയി റിസീവർ എടുത്തു.

അങ്ങേത്തലയ്‌ക്കൽ, വളരെക്കാലം പ്രതീക്ഷിച്ചിരുന്നവൾ തന്നെ. രമാചൗധരി.

”ഞാനാണ്‌ രമ…. എന്നെ സീത മറന്നോ…“

”ഞാൻ എങ്ങനെ മറക്കാനാണ്‌..“

”ശരിയാണ്‌…. ആൾക്കാരെ വെറുക്കാനല്ലെ പറ്റൂ.. മറക്കാനാവില്ലല്ലോ..“ രമ.

”ഞാൻ വെറുക്കുന്നത്‌ എന്നെ മാത്രമാണ്‌ രമേ…“ സീത പറഞ്ഞു.

”അതാണ്‌ ലോകവും സീതയും തമ്മിലുളള വ്യത്യാസം. ഇപ്പോൾ ലോകരെല്ലാം സ്വയം ഇഷ്‌ടപ്പെടുന്നവരും മറ്റുളളവരെ വെറുക്കുന്നവരുമാണ്‌. സീത സ്വയം വെറുക്കുകയും മറ്റുളളവരെ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു.“

അത്രയും പറഞ്ഞ്‌ രമാ ചൗധരി ചിരിച്ചു. ഒരു തമാശ പറയുംപോലുളള ചിരി. ഒരു കോൾഗേളാണോ ഈ പറയുന്നത്‌. സീതയ്‌ക്ക്‌ അത്ഭുതം തോന്നി.

”ന്താ… എന്റെ തമാശ ഇഷ്‌ടപ്പെട്ടില്ലാന്നുണ്ടോ… അതാണോ മിണ്ടാത്തത്‌.“

”തമാശപോലെ കാര്യം പറയുമ്പോൾ അതുൾക്കൊളളാൻ അല്പസമയം വേണ്ടിവരുന്നു..“

സീത പതിയെ പറഞ്ഞു. അതിനു രമയുടെ മറുപടി ഒരു കിലുകിലെ ചിരിയായിരുന്നു. എന്തു പറഞ്ഞാലും ചിരിക്കുന്ന രമ. ഈ ചിരിക്കുപോലും എത്രയെത്ര അർത്ഥതലങ്ങൾ!

”ദേ… പിന്നേം മൗനത്തിലായി…“ രമ വീണ്ടും ഓർമ്മിപ്പിച്ചു.

”ഞാൻ രമയുടെ വിളി കുറച്ചു ദിവസങ്ങളായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.“ സീത പറഞ്ഞു.

”ഞാനും ദിവസങ്ങളായി വിളിക്കണമെന്നു കരുതാൻ തുടങ്ങിയിട്ട്‌. പക്ഷേ, നടന്നില്ല. ഇന്നു നടന്നു.“

”ശരിയാ… ഓരോന്നിനും അതാതിന്റെ സമയമുണ്ട്‌…. ആളുണ്ട്‌..“

”ഛെ! ഇങ്ങനെ ഫിലോസഫിയൊക്കെ പറഞ്ഞ്‌ സീത വല്ലാതെ വയസ്സിയായിപ്പോകല്ലെ.“

പിന്നെയും രമ ചിരിച്ചു. ഈ പെണ്ണിനെങ്ങനെ ചിരിക്കാൻ കഴിയുന്നു? സീത ആലോചിച്ചു.

”ഞാനെങ്ങനാ ഇത്ര ചിരിക്കണെ എന്നല്ലെ സീത ഇപ്പോൾ ആലോചിക്കുന്നത്‌?“ രമ ചോദിച്ചു.

”അതെ… എങ്ങനറിയാം..“ അത്ഭുതത്തോടെ സീത ചോദിച്ചു.

”എനിക്കറിയാം. ഞാൻ അന്നേ സീതയുടെ മനസ്സു വായിച്ചതല്ലേ.“

”ഓഹോ… മനസ്സൊക്കെ വായിക്കാനറിയ്യ്യോ..“

”അറിയാം… പക്ഷേ, ഒരാളുടെ മനസ്സു വായിച്ചതു തെറ്റിപ്പോയി. അതുകൊണ്ടാണ്‌ രമയ്‌ക്ക്‌ രമാചൗധരിയെന്ന മറ്റൊരു ജന്മം കിട്ടിയത്‌.“

രമാ ചൗധരി ചിരിച്ചില്ല. സീതയും ചിരിച്ചില്ല.

”എനിക്കു മനസ്സിലായില്ല.“

”പറയാം… നാളെ പറ്റിയാൽ ഞാൻ അവിടെവരാം..“

സീത എപ്പോഴാണ്‌ വരാൻ പോകുന്നത്‌ എന്നു ചോദിക്കാൻ തുനിഞ്ഞപ്പോഴേക്കും രമ ടെലിഫോൺ കട്ട്‌ ചെയ്‌തു കളഞ്ഞിരുന്നു.

എന്തോ പൊടുന്നനെ സംഭവിച്ചതുപോലെ. കുറച്ചു നേരംകൂടി സീത റിസീവർ കൈയിൽ വച്ചശേഷം ക്രോഡിലിൽ സ്ഥാപിച്ചു.

ഒരിക്കൽകൂടി രമ വിളിക്കാൻവേണ്ടി കാതോർത്തു. പക്ഷേ, അതുണ്ടായില്ല. നാളെ വരുമോ? എങ്കിൽ അത്‌ എപ്പോഴായിരിക്കും? ഒരു പിടിയുമില്ല. രാമേട്ടൻ ഉളളപ്പോഴായിരിക്കുമോ? എങ്കിൽ എന്തു പറയും? കുറച്ചുനേരം ആലോചിച്ചപ്പോൾ സീതയ്‌ക്ക്‌ മറ്റൊരു സംശയം കൂടി തോന്നാതിരുന്നില്ല. സ്‌ഫോടകാത്മകമായ ഒരു സംശയം. രാമേട്ടൻ തന്നെ മെരുക്കാൻ രമയെ നിയോഗിച്ചതായിരിക്കുമോ? എങ്കിലും… എങ്കിലും… എന്തൊ, രമയോടൊരു പ്രത്യേകത തോന്നുന്നു.

രാത്രി മദ്യഗന്ധവുമായി, ആഹ്ലാദചിത്തനായി രാമകൃഷ്‌ണൻ എത്തിയപ്പോഴേ സീത സ്വയം ചോദിച്ചു. രമ വിളിച്ച കാര്യവും വരുന്ന കാര്യവും രാമേട്ടനോടു പറയേണ്ടേ? അല്ലെങ്കിൽ അതു തെറ്റാകുമോ?

തെറ്റിന്റെയും ശരിയുടെയും നൂലിഴകൾ വേർപിരിച്ചെടുക്കാൻ ശ്രമിക്കുമ്പോഴേക്കും രാമകൃഷ്‌ണൻ പറഞ്ഞു.

”എനിക്കിന്ന്‌ മൂഡാണ്‌…. നല്ല മൂഡ്‌… അതുകൊണ്ട്‌… അത്താഴം വേണ്ട… നീ ഉണ്ടോളൂ…“

സീത മറുപടി പറഞ്ഞില്ല. ചിലപ്പോൾ പറയും ഇന്ന്‌ മൂഡില്ല നീ ഉണ്ടോളൂ എന്ന്‌. സീതയ്‌ക്കും സീത ആഹാരം വിളമ്പിയില്ല.

കിടക്കാൻ പോകുമ്പോൾ രാമകൃഷ്‌ണൻ എന്തോ പിറുപിറുത്തു. രമ എന്നൊരു പേര്‌ സീത കേൾക്കുകയും ചെയ്‌തു. അവളുടെ മനസ്സ്‌ പെരുമ്പറയടിക്കാൻ തുടങ്ങി.

Generated from archived content: akasham13.html Author: vennala_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English