പന്ത്രണ്ട്‌

രാമകൃഷ്‌ണനും വല്ലാത്ത അവസ്ഥയിൽപ്പെട്ടു കഴിഞ്ഞിരുന്നു. പെട്ടെന്ന്‌ എന്താണു ചെയ്യാൻ കഴിയുക എന്നയാൾക്ക്‌ അറിയില്ലായിരുന്നു. ഇരയെ കണ്ട വ്യാഘ്രത്തെപ്പോലെ എല്ലാവരും ഒത്തുകൂടിയിരിക്കുകയാണ്‌. ഒരു നിമിഷം! എന്തും സംഭവിക്കാവുന്ന അവസ്ഥ. തടിയനൊരാൾ അകത്തേക്കു കടന്നു. അയാൾ സീതയുടെ കൈയിൽ കയറിപ്പിടിച്ചു.

“അയ്യോ…” സീത ഒന്നലറിക്കരഞ്ഞു.

തന്നെ വസ്‌ത്രാക്ഷേപം ചെയ്യാനൊരുമ്പെട്ടവരുടെ മുന്നിൽ ദ്രൗപതിയെ രക്ഷിക്കാൻ ഒരു ശ്രീകൃഷ്‌ണനെങ്കിലും ഉണ്ടയിരുന്നു. ഇപ്പോൾ ഇതിഹാസം മറുമൊഴി ആടുകയാണ്‌. രക്ഷിക്കപ്പെടേണ്ടവന്റെ മുന്നിൽവച്ചുളള… ഇവർ ഈ ശരീരം പിച്ചിച്ചീന്തട്ടെ. പിന്നെ ഭർത്താവെന്നു പറഞ്ഞവന്റെ മുഖത്തു കാർക്കിച്ചു തുപ്പണം. ഇതിലും ഭേദം അതുതന്നെയാണ്‌. അപ്പോഴും ഒരുപക്ഷേ, ഈ മനുഷ്യന്‌ എന്തെങ്കിലും ലോജിക്‌ ഉണ്ടാകും പറയാൻ. മനുഷ്യനല്ല, മൃഗത്തിന്‌. അങ്ങനെയൊക്കെ തോന്നിപ്പോയി സീതയ്‌ക്ക്‌. കൈക്കുപിടിച്ചയാൾ സീതയെ തന്നിലേക്കു വലിച്ചടുപ്പിക്കാൻ ശ്രമിക്കുകയാണ്‌. സീത ആവതും എതിർത്തു നിൽക്കാൻ ശ്രമിച്ചു. രാമകൃഷ്‌ണൻ നിന്നു വിയർക്കാൻ തുടങ്ങി.

“രാമേട്ടാ എന്താ നോക്കിനിൽക്കണെ… നിങ്ങൾ… നിങ്ങൾ ഒരാണാണോ…” സീത വേദനയോടെ ചോദിച്ചു.

രാമകൃഷ്‌ണൻ ഒരു ശിലപോലെ നിൽക്കുകയാണ്‌. ആ മാത്രയിൽ എവിടെനിന്നോ ഒരു ദേവദൂതിയെപ്പോലെ രമാചൗധരി ഓടിയെത്തി. അവൾ ഈ രംഗം കണ്ടു. രമ സീതയുടെ കൈയ്‌ക്കു കയറിപ്പിടിച്ചവനെ വട്ടം പിടിച്ചു.

“പ്ലീസ്‌ ഡാർലിംഗ്‌..” ഒരു കൊഞ്ചലോടെ അവൾ വിളിച്ചു. രമയുടെ ശക്തിയേറിയ പിടുത്തത്തിൽ അയാൾ കൈവിട്ടു.

നാണലേശമെന്യേ അവളുടെ മുന്നിൽവച്ചുതന്നെ അയാളെ രമ ചുംബിച്ചു. കണ്ണിൽ കാമവും വശ്യതയും നിറച്ചു. പിന്നെയും മൊഴിഞ്ഞു.

“പ്ലീസ്‌ ഡാർലിംഗ്‌….. കമോൺ…”

മറ്റു നോക്കിനില്‌ക്കുന്ന കഴുകന്മാരോട്‌ രമ ഹിന്ദിയിൽ എന്തോ പറഞ്ഞു.

ഹിന്ദി സീതയ്‌ക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും രമ ഹിന്ദിയോടൊപ്പം പറഞ്ഞ ഇംഗ്ലീഷ്‌ വാക്കിൽനിന്നു കാര്യം മനസ്സിലായി. താൻ രജസ്വലയാണെന്നു രമ അവരോടു പറഞ്ഞു ബോധിപ്പിക്കുകയാണ്‌. തൊടാൻപോലും നന്നല്ലാത്ത പീരിഡാണെന്നവൾ പറയുകയാണ്‌. കൂട്ടം കൂടിനിന്നിരുന്ന കഴുകന്മാർ കൂട്ടം തെറ്റിയതുപോലെ തിരിച്ചു നടന്നു. അവളുടെ ഭംഗിയായ കളളം തന്നെ രക്ഷിച്ചിരിക്കുന്നു. രമയുടെ കാൽക്കൽ വീഴണമെന്നു സീതയ്‌ക്കു തോന്നിപ്പോയി. യുക്തിഭദ്രവും വിശ്വസനീയവുമായ അവളുടെ കളളം മാത്രവുമല്ല വശ്യമായ അവളുടെ അഭിനയവും.. സീത ദീർഘമായി നിശ്വസിച്ചു.

പലരുടെയും കാര്യസാധ്യങ്ങൾക്ക്‌ ആരുടെയും കൂടെ കിടക്ക പങ്കിടാനായി എത്തുന്ന കോൾഗേൾ. നോട്ടുകെട്ടുകൾക്കു മുന്നിൽ ചാരിത്രത്തിന്റെ വിലമറന്നുപോയ രമാചൗധരി. തന്റെ മനസ്സു കണ്ടത്‌, തന്റെ ചാരിത്രത്തിന്റെ വില മനസ്സിലാക്കിയത്‌ അവളായിരുന്നു. അവൾ മാത്രം… ഒരു വലിയ വിരോധാഭാസം!

രാമകൃഷ്‌ണനും ഇളിഭ്യതയോടെ പോയി.

സീത കിച്ചണിന്റെ വാതിൽ കൊട്ടിയടച്ചു. അകത്തുനിന്നും ലോക്കുചെയ്‌തു. ഇനി ആരെത്തിയാലും തുറക്കുന്ന പ്രശ്‌നമേയില്ല. രാത്രിയുടെ ഏതോയാമത്തിൽ പാർട്ടി കഴിഞ്ഞു. സീൽക്കാരങ്ങളും ഉഷ്‌ണനിശ്വാസങ്ങളും പുതുപദങ്ങളും കിടപ്പുമുറിയിൽ ആടിത്തളർന്നു. മദ്യം കുഴഞ്ഞ സംസാരങ്ങൾ തീർന്നു. ആരോ വാതിലിൽ മുട്ടി. സീത വിളിച്ചു ചോദിച്ചു.

“ആരാദ്‌?”

“രമാ… രമാചൗധരി.”

സീത വാതിൽ തുറന്നു. ആടിത്തളർന്ന്‌ അവശയായി നില്‌ക്കുകയാണ്‌ രമ. അവൾ സീതയുടെ അടുത്തെത്തി. ഉച്‌ഛ്വാസംപോലും സ്‌പർശിക്കാത്ത അകലത്തിൽ നിന്നു.

“സീത… റിയലി…ഐയാം സോറി… സോറി…”

അതു പറയുമ്പോൾ രമയുടെ കണ്ണുകളിൽ സങ്കടത്തിന്റെ ലാഞ്ഞ്‌ഛന ഉണ്ടായിരുന്നു.

“ദെൻ… ബൈ…” കൈ വീശിക്കൊണ്ട്‌ രമ തിരിഞ്ഞു.

ഇനി ഒന്നും മറയ്‌ക്കാനില്ലാത്ത രാമകൃഷ്‌ണൻ വിളിച്ചുപറഞ്ഞു. “ഞാൻ രമയെ ടാക്‌സിയിലയച്ചിട്ട്‌ ഇപ്പോ വരാം.”

സീത ഒന്നും മിണ്ടിയില്ല. രാമകൃഷ്‌ണനും രമയും ഇറങ്ങി. സീതയ്‌ക്ക്‌ അടുക്കളവിട്ടു കിടപ്പുമുറിയിലേക്കു പോകാൻ തോന്നിയില്ല. ഫ്ലാറ്റുമുഴുവൻ ചാണകവെളളത്തിൽ മുക്കിയെടുത്താലും ശുദ്ധമാവില്ലെന്നവൾക്കു തോന്നി. പിന്നെ, അവൾ ആശ്വസിച്ചു. ഫ്ലാറ്റ്‌ എങ്ങനെയെങ്കിലും വൃത്തിയാക്കാം. ശുദ്ധിയാക്കാം. പക്ഷേ, ഇതിനൊക്കെ കളമൊരുക്കിയ ആളുടെ മനസ്സ്‌ എന്തിലാണ്‌ കഴുകിയെടുക്കേണ്ടത്‌.

അല്പസമയത്തിനുളളിൽ രാമകൃഷ്‌ണൻ തിരിച്ചെത്തി. അയാൾക്ക്‌ അവളുടെ മുന്നിൽ നിൽക്കാൻ ഒരു ചമ്മൽ ഉണ്ടാകുമെന്ന്‌ അവൾ നിരൂപിച്ചു. എന്നാൽ, അതും തെറ്റി. അയാൾക്ക്‌ ഒരു ചമ്മലും തോന്നിയില്ല.

“ബെഡും ഷീറ്റുമൊക്കെ നാളെ ആരെയെങ്കിലും വിളിച്ച്‌ വൃത്തിയാക്കാം. ഇപ്പോ ഫ്‌ളോറ്‌ വൃത്തിയാക്കി കിടക്കാം അല്ലേ…”

സീത തീക്ഷ്‌ണമായി രാമകൃഷ്‌ണനെ നോക്കി.

“ഞാൻ അടുക്കളയിൽ കിടന്നോളാം…”

“എങ്കിൽ അവിടെ കിടന്നോളൂ..”

രാമകൃഷ്‌ണനിൽ ഒരു ഭാവഭേദോം സീത ദർശിച്ചില്ല.

“പിന്നെ, നീ ഒന്നും കരുതേണ്ട. എന്റെ അപ്പോഴത്തെ അവസ്ഥ നിനക്കു മനസ്സിലായി കാണുമല്ലോ. ഞാൻ അവരെ പിടിച്ചുമാറ്റി മുഷിപ്പിച്ചിരുന്നെങ്കിൽ ഇന്നത്തെ പാർട്ടിയുടെ ഉദ്ദേശ്യം തന്നെ വൃഥാവിലാകുമായിരുന്നു.”

സീത മൂളിയില്ല.

“പക്ഷേ, നിന്നെ രക്ഷിച്ചെടുത്തതിനു സന്തോഷമായി രമയ്‌ക്ക്‌ ഞാൻ അഞ്ഞൂറുകൂടി കൂടുതൽ കൊടുത്തിട്ടുണ്ട്‌. സാരമില്ല, പോട്ട്‌ അല്ലേ..”

സീതയ്‌ക്ക്‌ ദേഷ്യം അണപൊട്ടിക്കഴിഞ്ഞിരുന്നു. അവൾ കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു.

“അപ്പോൾ എനിക്കേറ്റം കൂടിയ വില അഞ്ഞൂറാ അല്ലേ.”

മറുപടി പറയാതെ, എങ്ങും കൊളളാതെ രാമകൃഷ്‌ണൻ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ഒന്നുകൂടി ദേഷ്യം വർധിച്ചു സീതയ്‌ക്ക്‌.

“രാമേട്ടാ… ഒന്നും തോന്നരുത്‌. നമുക്ക്‌ പലതും നേടാൻ നല്ലതു രാമേട്ടന്റെ എക്‌സിക്യൂട്ടീവ്‌ ഉദ്യോഗമല്ല. ഈ കൂട്ടിക്കൊടുപ്പു ജോലിയാണ്‌. രാമേട്ടൻ അതിനു വിരുതനുമാണ്‌.”

അടിയേറ്റപോലെ പുളഞ്ഞ രാമകൃഷ്‌ണൻ കൈ ഉയർത്തി അവളുടെ നേരെ ചാടി.

“നോ.. അടിക്കരുത്‌. അടിക്കാനുളള അവകാശം നഷ്‌ടപ്പെടുത്തിയില്ലേ. രക്ഷിക്കാനറിയാത്തയാൾ ശിക്ഷിക്കാൻ വരുന്നോ..”

“നീ… നീ..”

“ഞാൻ പറഞ്ഞതു മുഴുവൻ സത്യം. സത്യം പറഞ്ഞതിന്റെ പേരിലാണോ അടിക്കാൻ വരുന്നത്‌. അതു മോശം. പിന്നെ, പുരുഷത്വം തെളിയിക്കാനോ… അതിങ്ങനെയാണോ.”

രാമകൃഷ്‌ണന്റെ കൈ താണു.

“രാമേട്ടാ.. ഞാൻ വെറുതെ പറഞ്ഞതാ… ഞാനൊരു പൊട്ടിപ്പെണ്ണല്ലേ… എന്നെ അടിച്ചോളൂ.. പക്ഷെ, അതിനുമുന്നേ ആ കൈകൾ ഡെറ്റോളിൽ കഴുകണം എന്നുമാത്രം.”

രാമകൃഷ്‌ണൻ ഒന്നും പറയാതെ ബെഡ്‌റൂമിലേക്കു നടന്നു.

ഒരു നിമിഷം, ആ പോക്കും നോക്കി സീത നിന്നു. പിന്നെ, അവൾ അടുക്കളയിലേക്കു നടന്നു. അതിനുമൂലയിൽ കുത്തിയിരിക്കുമ്പോൾ അവളോർത്തു- ഈ പെണ്ണിന്‌ ഇങ്ങനെയൊക്കെ പറയാൻ നാവു കൊടുത്തത്‌ ആരാണ്‌.

ഭർത്താവിനെ ദൈവമായി ആരാധിക്കാനെത്തിയ സീതയെ ഇങ്ങനെയാക്കിത്തീർത്തത്‌ ആരാണ്‌?

ഓരോ സ്‌ത്രീയും ഓരോ അനുഭവവും മാറ്റിമറിക്കുകയാണ്‌. നിനച്ചിരിക്കാത്ത വഴികളിലേക്കു ജീവിതത്തെ തളളിവിടുകയാണ്‌. അടുത്ത നിമിഷംപോലും നമ്മുടെ കൈപ്പിടിയിലല്ലല്ലോ.

ഈശ്വരാ… പിറ്റേന്നു നേരംവെളുത്തു പുറത്തിറങ്ങിയപ്പോൾ സീത കണ്ടു. ഫ്ലാറ്റ്‌ മുഴുവൻ വൃത്തിയാക്കിയിരിക്കുന്നു. ആരെയും വിളിച്ചിട്ടില്ല. രാമേട്ടൻ സ്വയം ചെയ്തതാണ്‌. ബെഡ്‌ ചുരുട്ടി മാറ്റിയിരിക്കുന്നു. വാഷിംഗ്‌ മെഷീനിൽ ബെഡ്‌ഷീറ്റ്‌ കഴുകി ഉണക്കിയിരിക്കുന്നു. ഇതു കണ്ടപ്പോൾ യഥാർത്ഥത്തിൽ സഹതാപമല്ല; ഏതഴുക്കും തൊടാൻ ശ്രമിക്കുന്ന ആ മനുഷ്യനെക്കുറിച്ച്‌ വെറുപ്പാണ്‌ തോന്നിയത്‌.

“ഇനി തമ്പുരാട്ടിക്കു പ്രശ്‌നമൊന്നുമില്ലല്ലോ. എല്ലാം വൃത്തിയാക്കിയിട്ടുണ്ട്‌.”

അതുകൂടി കേട്ടപ്പോൾ ആ വെറുപ്പ്‌ ശതഗുണീഭവിച്ചു. എങ്കിലും സീത അതു പുറത്തു കാണിച്ചില്ല.

രാവിലെ, ബ്രേക്ക്‌ഫാസ്‌റ്റിനു മുന്നേ രാമകൃഷ്‌ണൻ ഡ്രസുമാറി പുറത്തേയ്‌ക്കു പോയി. സീതയ്‌ക്ക്‌ ഒന്നും ചെയ്യാൻ തോന്നിയില്ല. ഫ്ലാറ്റു നിറയെ മലീമസതയുടെ ഗന്ധം പറ്റിനിൽക്കും പോലെ. തലേരാത്രി ഓർമ്മിച്ചപ്പോൾ അവൾക്ക്‌ മനംപിരട്ടാൻ തുടങ്ങി.

സീത വാഷ്‌ബെയ്‌സിനിൽ ഏറെ ഛർദിച്ചു. ഒട്ടേറെ ആശ്വാസം തോന്നി. എല്ലാം വേണ്ടെന്നുവച്ചു വീട്ടിലേക്കു പോയാലോ! ഒന്നു കിടക്കാൻ തോന്നിയെങ്കിലും ബെഡ്‌റൂമിലേക്കു കടക്കാതവൾ അവിടെത്തന്നെ ഇരുന്നു.

സ്‌റ്റീരിയോയിൽ ഒരു പഴയ ഗസലിന്റെ കാസറ്റിട്ടു. ഗസൽ തുടങ്ങി. അവൾ അതിൽ ലയിച്ചിരിക്കെ ഡോർബെൽ മുഴങ്ങി. സീത വാതിൽ തുറന്നു. പോസ്‌റ്റ്‌! അച്‌ഛന്റെ കത്താണ്‌.

അവൾ കത്തു പൊട്ടിക്കണോ വേണ്ടയോ എന്ന്‌ ഒരുനിമിഷം സംശയിച്ചു. ക്ഷേമവിവരങ്ങൾ അന്വേഷിച്ചുകൊണ്ടായിരിക്കും. സഹിച്ചു വായിക്കാം. പക്ഷേ, മറുപടി എന്തയയ്‌ക്കും?

നിർവികാരതയോടെ കത്തു പൊട്ടിച്ചു സീത. പതിവു ചോദ്യങ്ങളും വിശേഷാന്വേഷണങ്ങളും. പക്ഷേ, വിശേഷവിധിയായി ഒരുകാര്യമുണ്ട്‌.

അനുജത്തിക്കു വിവാഹാലോചനകൾ വന്നിരിക്കുന്നു. നല്ല ബന്ധം എന്നു വിശ്വസിക്കാവുന്ന ഒന്ന്‌. രാമേട്ടന്റെ ഉദ്യോഗപവറ്‌ ഈ ആലോചനയെ കൊഴുപ്പിച്ചിട്ടുണ്ടത്രേ! ഇതാണ്‌ നല്ല ബന്ധം മൂത്തയാൾക്കു കിട്ടിയാൽ പിന്നീടുളളവർക്കും നല്ല ബന്ധം ഉണ്ടാകും എന്നു പറയുന്നത്‌ എന്ന്‌ അച്‌ഛന്റെ കുറിപ്പും.

സീത ഒരുനിമിഷം ആലോചിച്ചു. ഇനി താൻ ഇവിടെ വിട്ടുചെന്നാൽ അവർക്കു ലഭിക്കാവുന്ന നല്ല ബന്ധവും തകരും.

എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ-ഭദ്രമാക്കപ്പെടുന്ന നിലകളും ജീവിതവും സ്ഥാനങ്ങളും. പാവം ഈ സീതയ്‌ക്കോ. സീതയുടെ ജീവിതത്തിനു സീതയ്‌ക്കുപോലും ഇറങ്ങിത്തിരിച്ചുകൂടാ. അപ്പോൾ അതു മറ്റുളളവർക്കു പ്രശ്‌നമാകും. തെറ്റാകും. അങ്ങനെയെങ്കിൽ ഈ ജന്മം മുഴുവനും ഇങ്ങനെ…

പിന്നെയും എന്തൊക്കെയോ ആലോചിക്കാൻ തുനിഞ്ഞ സീത ഒരു വിരാമത്തിൽപ്പെട്ടു.

ഗസൽ തീർന്നിരിക്കുന്നു. ഇനി? ഓർക്കുമ്പോൾ ഒരു നിമിത്തം പോലെ ടെലിഫോൺ ബെല്ലടിച്ചു. സീത റിസീവർ എടുത്തു. അങ്ങേത്തലയ്‌ക്കൽ ഒരു സ്‌ത്രീശബ്‌ദം.

“സീതയല്ലേ?”

“അതെ… നിങ്ങളാരാണ്‌?”

“എന്നെ മനസ്സിലായില്ലേ?” ആ ശബ്‌ദം ചിരിക്കുന്നു.

“ഇല്ല” വല്ലായ്‌മയോടെ സീത പറഞ്ഞു.

“സാരോല്ല. ഓർമ്മയെ പരീക്ഷിക്കുന്നില്ല. ഞാൻ രമാചൗധരി. ഇന്നലത്തെ രാവിലെ നിങ്ങളുടെ ഭർത്താവിന്റെ ഭാര്യ.”

സീത നടുങ്ങി. ആ നടുക്കം മനസ്സിലാക്കിയ രമ പറഞ്ഞു.

“സീതേ… ഞാൻ ഒരു ചൗധരിയുമല്ല. മലയാളിയാണ്‌. ഇവിടെ രമാചൗധരിയായി കഴിയുന്നു.”

“ങേ!”

“അതെ… ഞാൻ വിളിച്ചത്‌ രാമകൃഷ്‌ണനോടു പറയണ്ട. ഇനിയും വിളിക്കാം സംസാരിക്കാം..”

“ഞാൻ.. ഞാൻ..”

“വേണ്ട. നിങ്ങളുടെ മാനസികാവസ്ഥ എനിക്കു മനസ്സിലായി. നിങ്ങളോടു സ്‌നേഹം തോന്നി. എന്റെ സ്‌നേഹം സീതയെ അറപ്പിക്കുന്നില്ലെങ്കിൽ ഒന്നോർത്തോളൂ.. ഇവിടെ സീത ഒറ്റയ്‌ക്കല്ല… ഒ…കെ…”

സീത വല്ലാതെ റിസിവറും പിടിച്ചുനിന്നു.

ഫോൺ കട്ടായിക്കഴിഞ്ഞിരുന്നു.

Generated from archived content: akasham12.html Author: vennala_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here