പതിനൊന്ന്‌

“നിനക്ക്‌ ഒന്നിനും ആവില്ലല്ലോ. എന്റെ പ്രമോഷനും ഉയർച്ചയുമെല്ലാം എനിക്കു നോക്കിയല്ലേ പറ്റൂ..” രാമകൃഷ്‌ണൻ പറഞ്ഞു.

“അതിന്‌?”

“ഇവിടെ ഒരു പാർട്ടി ഇന്ന്‌ അറേഞ്ചു ചെയ്‌തിട്ടുണ്ട്‌..”

അതിലെന്താണ്‌ ഇത്ര വിശേഷവിധിയായിട്ടുളളത്‌ എന്ന ഭാവത്തോടെ സീത രാമകൃഷ്‌ണനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച രാമകൃഷ്‌ണൻ അല്‌പസയമത്തേക്ക്‌ മറുപടി ഒന്നും പറഞ്ഞതേയില്ല. പിന്നെ അവളെ നോക്കി കണ്ണല്പം ഇറുക്കി ചുണ്ടു വക്രിച്ച്‌ ശബ്‌ദം മാറ്റംവരുത്തി ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അർഥം വ്യവഛേദിച്ചു മനസ്സിലാക്കാൻ സീതയ്‌ക്കും കഴിഞ്ഞില്ല.

“ഇതിൽ നീ ഒന്നു കോപ്പറേറ്റു ചെയ്‌തേ പറ്റൂ..”

“ഞാൻ എന്താണ്‌.. എങ്ങനെയാണ്‌ കോപ്പറേറ്റു ചെയ്യേണ്ടത്‌.” സീത ചോദിച്ചു.

“പറയാം. മറ്റു പ്രോഗ്രാമുകളെല്ലാം ഞാൻ ക്യാൻസൽ ചെയ്‌തു. ചിലത്‌ പോസ്‌റ്റ്‌പോൺ ചെയ്‌തു. പക്ഷേ, ഇതുമാത്രം അതിനൊന്നും പറ്റില്ല. അതുകൊണ്ടു മാത്രമാണ്‌… കാരണം ഇതുപോലൊരു ഓപ്പർച്യൂണിറ്റി ഇനി ഉണ്ടായെന്നും വരില്ല. നീ വരരുതായിരുന്നു സീതെ.”

ഇത്രയും ദീർഘമായി സംസാരിച്ചിട്ടും രാമകൃഷ്‌ണൻ എന്താണു പറഞ്ഞുവരുന്നതെന്നു മനസ്സിലാക്കാൻ സീതയ്‌ക്കായില്ല. അവൾ അന്തംവിട്ടു നിന്നു. തന്ത്രപൂർവ്വം രാമകൃഷ്‌ണൻ പറഞ്ഞു.

“നീ ചായ കുടിക്കാൻ നോക്ക്‌. എങ്ങനെയാണ്‌ സഹകരിക്കേണ്ടതെന്നൊക്കെ ഞാൻ പറയാം. ഇനി അതും ഓർത്തുകൊണ്ടിരിക്കണ്ട..”

അപ്പോഴാണു താൻ ചായയും മുന്നിൽവച്ചു വെറുതെ ഇരിക്കുകയാണെന്ന ബോധം സീതയ്‌ക്കുണ്ടായത്‌. അവൾ ചായ കുടിക്കാൻ ശ്രമിച്ചു.

“ന്നാലും.. ഞാൻ വന്ന്‌ നിന്നെ കൊണ്ടുവരാം എന്ന്‌ പറഞ്ഞിട്ട്‌ നീ എന്റെ വാക്കും ധിക്കരിച്ച്‌ പോന്നതു ശരിയായില്ല.”

രാമകൃഷ്‌ണന്റെ നോട്ടം അപ്പോൾ അവളുടെ കണ്ണിലായിരുന്നു. സീത എന്തോ പറയാൻ വെമ്പി. അതിനുമുൻപ്‌ രാമകൃഷ്‌ണൻ തന്നെ തുടർന്നു.

“നീ ഒരു പൊട്ടിപ്പെണ്ണു തന്ന്യാ.. നിനക്ക്‌ നിന്റെ പഴയകാല കഥകൾ അയവിറക്കാനും ആ കഥകളിലൂടെ ജീവിക്കാനും കിട്ടിയ അവസരം വെറുതെ മിസ്സ്‌ ചെയ്‌തു.”

രാമകൃഷ്‌ണന്‌ എന്താവശ്യങ്ങൾ നിവർത്തിക്കാൻ വേണ്ടിയാണ്‌ ഈ വാക്കു ചൂണ്ടലുകൾ എന്ന്‌ അറിയാനാവാതെ സീത ഇരുന്നു.

“നിനക്ക്‌ ഈ നാടിന്റെ വിശേഷങ്ങളറിയില്ല. നാടിനും കാലത്തിനും ഒപ്പം ജീവിക്കാനും അറിയില്ല.”

“ശരിയാണ്‌…” അവൾ മെല്ലെ പറഞ്ഞു.

“നിന്റെ സങ്കല്പങ്ങൾക്കൊത്തുളള ജീവിതമായിരുന്നു എന്റേതെങ്കിൽ നിന്നെ എത്രവട്ടം ശിക്ഷിക്കണമായിരുന്നു. ഒരു ബീഡിക്കുറ്റിയിൽ…. ഞാൻ പറഞ്ഞതനുസരിക്കാതെയുളള ഈ തിരിച്ചുവരവിൽ ഒക്കെ ദാമ്പത്യച്ചരട്‌ മുറിയേണ്ടതായിരുന്നില്ലേ.”

ഉവ്വെന്നും ഇല്ലെന്നും അവൾ പറഞ്ഞില്ല. അവളുടെ ഒരു മറുപടിക്കായി അയാൾ കാത്തുമില്ല.

“അതെല്ലാം ഞാൻ എൻജോയ്‌ ചെയ്യുകയാണു ചെയ്‌തത്‌. അത്‌… ഞാനീ കാലത്തോടൊപ്പം യാത്ര ചെയ്യുന്നതുകൊണ്ടാണ്‌.”

അതുകേട്ടപ്പോൾ സീത ഒന്നു തേങ്ങി. ഭാര്യയുടെ തെറ്റെന്നു കരുതുന്ന കാര്യങ്ങൾ എൻജോയ്‌ ചെയ്യുന്ന ഭർത്താവ്‌. ജീവിതം ഒരു സമസ്യ മാത്രമല്ല; മറ്റെന്തൊക്കെയോ കൂടിയാണ്‌.

“നിനക്ക്‌ ഒരു കോംപ്ലിമെന്റ്‌ തരാനുളള അവസരം കൂടിയാണ്‌ നീ ചെയ്യേണ്ട സഹകരണം.”

അയാൾ വലയിലേക്കു വാക്കുകൾകൊണ്ട്‌ ആനയിക്കുകയാണെന്ന്‌ സീതയ്‌ക്കു മനസ്സിലായി.

“ഈ നഗരത്തിൽ ഉയരങ്ങളിൽ പറക്കണമെങ്കിൽ പല വിട്ടുവീഴ്‌ചകൾക്കും തയ്യാറാകണം. പലതും ചെയ്യേണ്ടിവരും. ഭർത്താവിനോടു ഭാര്യ സഹകരിക്കേണ്ടിവരും.”

“അതിന്‌…?”

“നിനക്കാവില്ലെന്ന്‌ നീ എന്നോടു പറഞ്ഞിട്ടുളളതാ.. റൈറ്റ്‌ ഞാൻ സമ്മതിച്ചിരിക്കുന്നു.”

സീത ദീർഘമായി ഒന്നു നിശ്വസിച്ചു.

“ഓരോ സെക്കൻഡും ആളുകൾ ഇടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്‌. ആരെങ്കിലും വൈകിയാൽ അവർ പിന്തളളപ്പെടും.”

“എവിടെനിന്ന്‌?”

“ഉയരങ്ങളിൽനിന്ന്‌.. വളർച്ചയിൽനിന്ന്‌..”

ഇവിടെയാണ്‌ അടിസ്ഥാനപ്രശ്‌നം എന്ന്‌ അവൾക്കു തോന്നി. രാമേട്ടൻ കാണുന്ന ഉയർച്ചയും വളർച്ചയും തന്റെ സങ്കല്പങ്ങൾക്ക്‌ എതിരാണ്‌.

“ഇവിടെ അവിവാഹിതരായവരുണ്ട്‌. അവർ ചില വേലകളൊക്കെ നടത്താറുണ്ട്‌. വിവാഹിതരെന്നു പറഞ്ഞ്‌ അവർ ഏതെങ്കിലും സ്‌ത്രീയെ ഭാര്യയാണെന്ന്‌ പരിചയപ്പെടുത്തുന്നു.”

“ങും..” ഒരു അറബിക്കഥ കേൾക്കുംപോലെ സീത ഇരുന്നു.

ചില ചില അവസരങ്ങളിലൊക്കെ ഈ ഭാര്യമാരെ അവർ ഉപയോഗപ്പെടുത്തുന്നു.

സീതയ്‌ക്ക്‌ രാമകൃഷ്‌ണന്റെ വാക്കുകളും അതിന്റെ അർഥങ്ങളും മനംപിരട്ടലുകൾ ഉണ്ടാക്കി. അവൾ മനസ്സ്‌ മറ്റെങ്ങോട്ടോ വ്യാപരിപ്പിക്കാൻ ശ്രമിച്ചു.

പരാജയപ്പെടുമ്പോഴൊക്കെ വീണ്ടും രാമകൃഷ്‌ണന്റെ വാക്കുകൾ ഇടറിവീണു. “ഞാനും ഇവിടുത്തെ ഒരു ബാച്ചിലറെപ്പോലെ കളിക്കാൻ തീരുമാനിച്ചു.”

“എന്നുവെച്ചാൽ..?” സീത വേപഥുവോടെ ചോദിച്ചു.

“എന്റെ പ്രൊമോഷൻ സാധ്യതയ്‌ക്ക്‌ ഒരു പാർട്ടി ആവശ്യമാണ്‌. അത്‌ ഞാൻ നാളെ ഇവിടെവച്ചു നടത്തുന്നു.”

“എനിക്ക്‌ വിഭവങ്ങളൊന്നും ഒരുക്കാൻ..” ബാക്കി പറയുംമുൻപ്‌ രാമകൃഷ്‌ണൻ പറഞ്ഞു.

“മണ്ടിപ്പെണ്ണേ… അതൊന്നും വേണ്ട. നീ അനങ്ങാതെ പുറത്തിറങ്ങാതെ കിച്ചണിൽ നിന്നാൽ മതി.”

“ങേ!”

“ങും… അത്ര മതീന്നേ..പിന്നെ നാളെ ഒരഭിനയത്തിന്‌ എന്റെ ഭാര്യയായി വരുന്നത്‌ രമാ ചൗധരിയായിരിക്കും. പാർട്ടി കഴിയുംവരെ അവർ എന്റെ ഭാര്യയായി അഭിനയിക്കും. അത്രതന്നെ. അതു കഴിഞ്ഞാൽ അവർക്കുവേണ്ട പ്രതിഫലവും കൊടുത്ത്‌ ഞാനവരെ പറഞ്ഞുവിടും അത്രതന്നെ.”

സീത നടുങ്ങിയിരുന്നു.

“നീ അതുവരേയ്‌ക്കും ഇടയ്‌ക്കുകയറി പ്രശ്‌നമുണ്ടാക്കാതിരിക്കുക. നിനക്കു കണ്ണും കാതും ഇല്ലെന്നു കരുതുക. നോക്കൂ… ഞാനെത്രമാത്രം ബുദ്ധിമുട്ടണുണ്ടെന്ന്‌.. എന്തിനാ നമ്മുടെ നല്ല ഭാവിയ്‌ക്ക്‌, ജീവിതത്തിന്‌…”

സീതയുടെ ഒരു മറുപടിക്കുപോലും കാതോർക്കാതെ രാമകൃഷ്‌ണൻ ബെഡ്‌ഡ്‌ റൂമിലേക്ക്‌ എന്തോ അത്യാവശ്യമുളളതുപോലെ പോയി.

സീത ആകെ വിയർത്തു. മാനസികമായി തളരുമ്പോൾ അവളിങ്ങനെയാണ്‌. പക്ഷേ, ഉളളംകാലുകൾ ഐസുപോലെ തണുത്തുപോകും.

രാമേട്ടൻ പറഞ്ഞതുപോലെ തനിക്ക്‌ കണ്ണും കാതും പാടില്ല. വേണ്ട നാവും പാടുളളതല്ലേ. ഈശ്വരാ… ഇങ്ങനെയും. ഭാര്യയുടെ മുന്നിൽ മറ്റേതെങ്കിലും പെണ്ണുവന്ന്‌ സ്വന്തം ഭർത്താവിന്റെ ഭാര്യയായി അഭിനയിക്കുന്നു എന്നുവച്ചാൽ…

“വേറെ എവിടെങ്കിലും വച്ച്‌ ഞാനിത്‌ അറേഞ്ചു ചെയ്‌തേനെ…പക്ഷേ, നീ ഇല്ലല്ലോ എന്നുകരുതിയാണ്‌ ഇവിടം തന്നെയാക്കിയത്‌. വെറുതെ ഹോട്ടൽ റെന്റ്‌ കളയ്വേം വേണ്ടല്ലോ.” ബെഡ്‌റൂമിൽ നിന്നുകൊണ്ട്‌ രാമകൃഷ്‌ണൻ വിളിച്ചുപറഞ്ഞു.

ശരിയാണ്‌. താൻ ഇങ്ങോട്ടേയ്‌ക്കു പോരരുതായിരുന്നു. ഇനി, ഇവിടംവിട്ട്‌ വീട്ടിലേക്കോടിപ്പോകാനാകുമോ? അവിടുത്തെ സ്ഥിതി! വിഷമവൃത്തത്തിൽ കിടന്നു തേങ്ങി സീത. ആ തേങ്ങൽ സീതയല്ലാതെ മറ്റാരും കേട്ടതുമില്ല. സീതയുടെ ഒരനുവാദത്തിനോ ചെറുവാക്കിനോ രാമകൃഷ്‌ണൻ കാത്തുനിന്നില്ല. സഹകരിക്കുക, അതായിരിക്കും നല്ലതെന്ന്‌ ഒരു മുന്നറിയിപ്പുപോലെ പറഞ്ഞെന്നുമാത്രം.

പിറ്റേന്ന്‌, സന്ധ്യയോടെ പാർട്ടിക്കുളള ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ടുപേർ വന്ന്‌ ഭക്ഷണങ്ങളും മദ്യക്കുപ്പികളും എത്തിച്ചു. മറ്റൊരു ടേബിൾകൂടി ഡൈനിംഗ്‌ റൂമിൽ ഒരുക്കി. കസേരകളും ടേബിൾ ക്ലോത്തും എത്തി.

നിയോൺ ബൾബുകൾ പുറത്തു പ്രകാശിച്ചു തുടങ്ങിയപ്പോഴേക്കും ഒരു സ്‌ത്രീ എത്തി. ഇരുപതോ ഇരുപത്തിരണ്ടോ വയസ്സു പ്രായംവരുന്ന മദാലസയായ പെൺകൊടി. കണ്ണിൽ വശ്യത. മുഖത്ത്‌ കത്തുന്ന കാമം. മോഡേൺ വസ്‌ത്രം വസ്‌ത്രങ്ങളുടെ ആവശ്യകതയെ മറന്നുകളയിക്കുന്നു.

വാതിൽ തുറന്നുകൊടുത്ത്‌ അകത്തേക്കു കയറ്റിയത്‌ രാമകൃഷ്‌ണനാണ്‌.

“ഹായ്‌ രമ…” രാമകൃഷ്‌ണൻ വിളിച്ചു.

ഇനി ഇവളാണ്‌ കുറെനേരത്തേക്ക്‌ രാമേട്ടന്റെ ഭാര്യ. സീത ഓർത്തു.

“ഓ… റാം..” കടന്നുവന്നപാടെ രാമകൃഷ്‌ണനെ ചുറ്റിപ്പിടിച്ചവൾ ചുംബിച്ചു.

സീതയ്‌ക്കു തലചുറ്റുപോലെ തോന്നി. പെട്ടെന്നാണ്‌ അവൾ സീതയെ കണ്ടത്‌. അത്‌ ആര്‌ എന്ന ഭാവത്തിൽ രാമകൃഷ്‌ണന്റെ നേരെ രമാചൗധരി നോക്കി. രാമകൃഷ്‌ണൻ എന്താണ്‌ പറയുന്നത്‌ എന്നു കേൾക്കാനുളള മനഃധൈര്യം സീതയ്‌ക്കുണ്ടായില്ല. അവൾ അടുക്കളയിലേക്ക്‌ ഓടിക്കയറി.

കുറച്ചു കഴിഞ്ഞപ്പോൾ ആരൊക്കെയോ വരുന്നത്‌ സീത അറിഞ്ഞു.

മുറിയിലാകെ മദ്യഗന്ധവും സിഗരറ്റിന്റെ ഗന്ധവും നിറയുന്നതും അവൾ അറിഞ്ഞു. തനിക്കറിയാത്ത ഭാഷയിൽ ഉച്ചത്തിലുളള സംസാരങ്ങൾ, പൊട്ടിച്ചിരികൾ, ചുംബന സീൽക്കാരങ്ങൾ.. പിന്നെ രമയുടെ ഈണത്തിലുളള വാചകങ്ങൾ… ഈ ഫ്ലാറ്റിൽനിന്നു ചാടി ആത്മഹത്യ ചെയ്‌താലെന്താണ്‌. പക്ഷേ, അതിനും വഴിയില്ലല്ലോ. തന്റെ സ്ഥാനത്തുനിന്നാണ്‌ രമ പയറ്റുന്നത്‌. നാളെ ഇവരുടെയൊക്കെ മുന്നിൽ രമയല്ല രാമകൃഷ്‌ണന്റെ ഭാര്യയാണ്‌ സംസാരവിഷയമാകുന്നത്‌. അപ്പോൾ… സീത പഞ്ചാഗ്‌നി നടുവിലായവളെപ്പോലെ നിന്നു.

ഇടയ്‌ക്കെപ്പോഴൊ ഒരു മിന്നായംപോലെ രമാചൗധരിയും ഒരു തടിച്ചയാളും കൂടി തന്റെ ബെഡ്‌റൂമിലേക്കു പോകുന്നത്‌ സീത കണ്ടു. അവിടെ പൊട്ടിച്ചിരികളും കിതപ്പുകളും തിമിർക്കുന്നതും അവളറിഞ്ഞു. പാർട്ടി കൊണ്ടുപിടിച്ചു കയറുകയായിരുന്നു. ഏതാണ്ട്‌ പാതിരായോട്‌ അടുക്കുന്നതായി സീതയ്‌ക്കു തോന്നി. എപ്പോഴോ ഒരു സമയം രാമകൃഷ്‌ണൻ മദ്യത്തിൽ മദിച്ച്‌ അടുക്കളയിൽ എത്തി.

“മെനി മെനി താങ്ക്‌​‍്‌സ്‌…”അയാൾ സീതയെ നോക്കി പറഞ്ഞു.

തിരിച്ചു നടക്കാൻ ഭാവിച്ചു. പൊടുന്നനെ, എന്തോ ഓർത്തപോലെ തിരിഞ്ഞുനിന്നു.

“നിനക്ക്‌ ഭക്ഷണം എടുത്തുകഴിക്കാം. ഇവിടുളളത്‌ പോരെങ്കിൽ… ഗസ്‌റ്റുകൾ പോയ്‌ക്കോട്ടെ… പിന്നെ അവിടന്നും എടുക്കാം.”

സീത മിണ്ടിയില്ല. അവളുടെ മനസ്സിൽ ഒരു പെൺകുട്ടിയുടെ രൂപം താദാത്മ്യം പ്രാപിക്കുകയായിരുന്നു. ഗസ്‌റ്റുകൾ പോയശേഷം എച്ചിൽ എല്ലുകൾക്കായി കാത്തിരിക്കുന്ന ഒരു കൊടിച്ചിപ്പട്ടി.

കരയാൻ അപ്പോൾ സീതയ്‌ക്ക്‌ കണ്ണുനീരില്ലായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ മറ്റൊരു മധ്യവയസ്‌കൻ അടുക്കളയിലേക്ക്‌ എന്തിനോ വേണ്ടി കടന്നുവന്നു. അയാൾ സീതയെ കണ്ട്‌ ഒന്നമ്പരന്നു. അടുത്ത നിമിഷം അയാളുടെ കണ്ണുകൾ തിളങ്ങി. ഇരതേടുന്ന ചെന്നായയെപ്പോലെ അയാൾ വിളിച്ചു.

“രാമകൃഷ്‌ണൻ..”

രാമേട്ടൻ ഓടിയെത്തി. സീതയ്‌ക്കുനേരെ അയാൾ വിരൽചൂണ്ടി. “ചാമിംഗ്‌ ഗേൾ.. ഏതാ ഇവൾ.”

സീത നിന്ന്‌ ആലിലപോലെ വിറയ്‌ക്കുമ്പോൾ രാമകൃഷ്‌ണൻ അയാളെ എന്തോ പറഞ്ഞു പുറത്തേക്കിറക്കി. അടുക്കളയ്‌ക്കു പുറത്തുനിന്നും അയാളുടെ ശബ്‌ദം വീണ്ടും സീത കേട്ടു.

“നിന്റെ സർവന്റിനെയാണ്‌ രാമകൃഷ്‌ണാ നിന്റെ ഭാര്യയെക്കാൾ എനിക്കിഷ്‌ടമായത്‌..”

സീത നടുങ്ങി.

“കമോൺ… എല്ലാവരും വരൂ… ഒരു പുതിയ വാർത്ത..”

ഇര കിട്ടിയ കാക്കയുടെ ശബ്‌ദത്തിൽ അയാൾ മറ്റുളളവരെ വിളിക്കുകയാണ്‌. ഏതു നിമിഷവും എല്ലാവരും കൂടി ഇങ്ങോട്ടേക്ക്‌ ഇരച്ചുകയറിയേക്കാം.

സീത എന്തുചെയ്യേണ്ടു എന്നറിയാതെ നിന്നു. ഭർത്താവുണ്ടായിട്ടും… രക്ഷകനില്ലാത്ത സീത.

Generated from archived content: akasham11.html Author: vennala_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English