സന്ധ്യ വീണുടഞ്ഞിരുന്നു. മഹാനഗരത്തിന്റെ മാറിൽ ഡ്രീംവില്ല എന്ന ബഹുനില ഫ്ലാറ്റ്!
ഏഴാംനിലയിലിരുന്ന് സീത ഗൃഹാതുരത്വത്തിന്റെ ഭൂപടം അളക്കുകയായിരുന്നു.
ഫ്ലാറ്റിലെ നാഴികമണി മുഴങ്ങി.
സീത ഒന്നുണർന്നു.
ഇരുട്ട് മുറിയിൽ കട്ടപിടിച്ചു തുടങ്ങിയിരിക്കുന്നു. ലൈറ്റിട്ടു.
ജാലകം തുറന്നു തിരശ്ശീല മാടി ഒതുക്കി അവൾ പുറത്തേക്കു നോക്കി.
പ്രകാശം വിതറുന്ന ബഹുനില കെട്ടിടങ്ങൾ മാത്രം.
ചൂരൽകസേര ജാലകത്തോടടുപ്പിച്ചു. അതിൽ ഇരുന്ന് പുറത്തേക്ക് മിഴിനട്ടു.
ഒന്നും ചെയ്യാനില്ല. ജോലികളെല്ലാം നേരത്തെ തീർന്നിരിക്കുന്നു.
ഇനി ഭർത്താവ് രാമകൃഷ്‌ണൻ വരുന്നതും കാത്ത് ഇരുന്നാൽ മതി.
പക്ഷേ…..
ഒരിക്കൽപോലും തന്റെ വരവിന് കാത്തിരിക്കരുത് എന്നു പറയുന്ന രാമകൃഷ്‌ണന്റെ വരവിന് കാത്തിരിക്കുക എന്നുവച്ചാൽ….
നഷ്‌ടപ്പെട്ട മോഹങ്ങളെ പിന്തുടർന്നുളള യാത്രപോലെ വ്യർഥമാണ്.
വേണമെങ്കിൽ ടി.വി ഓൺചെയ്‌ത് ചാനലുകൾ മാറ്റി ഇഷ്‌ടപ്പെടുന്ന പരിപാടി കാണാം. അല്ലെങ്കിൽ പാട്ടു കേൾക്കാം. പുസ്‌തകം വായിക്കാം. പിന്നെ… വെറുതെ കണ്ണടച്ചു കിടക്കാം.
ഇതെല്ലാം കാണുമ്പോഴാണ് അനുജത്തി സുകന്യ പറയുന്നത്.
“ചേച്ചീ…. ചേച്ചിക്കെന്തൊരു സുഖം… ഇങ്ങനെയൊരു ജീവിതം കിട്ടണോങ്കി തപസ്സിരിക്കണം…”
പിന്നെ, സുകന്യ സീതയുടെ മുഖത്തേക്ക് അസൂയയോടെ നോക്കും.
സീത ഒന്നും പറയുന്നില്ല. സത്യം പറഞ്ഞാൽ അവൾക്കു മനസ്സിലാകില്ലെന്നവൾക്കറിയാം.
അച്ഛൻ ഈ സുഖങ്ങളൊക്കെ നേടിക്കൊടുക്കാനാണ് പത്തുപറനിലവും സ്ഥലവും വിറ്റത്. ബാങ്കിലെ നിക്ഷേപത്തിന്റെ മുക്കാൽപങ്കും വിനിയോഗിച്ചത്.
അച്‌ഛനും അഭിമാനത്തോടെ പറയും. “മോളേ…. മൂത്തതിനെ നല്ല വഴിക്കെത്തിച്ചാൽ ബാക്കിയുളള രണ്ടുപെൺപിളേളരേം നല്ലവഴിക്കെത്തിക്കാം.”
മൂത്തവളെ നല്ലവഴിക്കാണോ എത്തിച്ചത്?
ആയില്യംകാവിലെ നിറഞ്ഞുകത്തുന്ന കൽവിളക്കിനരുകിൽ നിറകണ്ണുകളുമായി നിന്ന ഉണ്യേട്ടനും പറഞ്ഞു.
“സീതയ്‌ക്കിനി രാജയോഗം. ഈ ഗ്രാമത്തിലെ പാടവരമ്പിനും കൈതക്കാടിനും അപ്പുറം നിന്റെ സാമ്രാജ്യം വളരുകയല്ലേ…”
സീത സീതയായിരുന്നു. അതുകൊണ്ട് സീതയ്‌ക്കൊന്നും പറയാനാവില്ല.
“നമ്മൾ സർവപാപങ്ങളും തീരാൻ, ക്ഷേമൈശ്വര്യങ്ങൾകൊണ്ട് ജീവിതം നിറയ്‌ക്കാൻ ഒരണത്തുട്ട് തലയ്‌ക്കുഴിഞ്ഞ് ഭഗവതിക്കാവിൽനിന്ന് തിരിഞ്ഞുനോക്കാതെ പുറകോട്ടെറിയാറില്ലെ.”
ഒരോർമപ്പെടുത്തൽപോലെ ഉണ്യേട്ടൻ ചോദിച്ചു.
സീത തലയാട്ടി.
“നീ തലയ്‌ക്കുഴിഞ്ഞ് വലിച്ചെറിഞ്ഞത് ഉണ്യേട്ടന്റെ ജീവിതമായിരുന്നല്ലോ…”
അല്ല; അതെന്റെ സൗഭാഗ്യ സ്വപ്‌നങ്ങളാണെന്നു പറയാൻ സീത ആഗ്രഹിച്ചു. പക്ഷേ, അവൾക്കതിനു കഴിഞ്ഞതേയില്ല.
കാവിന്റെ കൽപ്പടവുകളിറങ്ങി. കാട്ടുപൂക്കളുടെ ഗന്ധം പേറുന്ന നിഴൽവിരിച്ച ഇടവഴികളിലൂടെ പാവാടത്തുമ്പും ഉയർത്തിപ്പിടിച്ച് അവൾ തിരിച്ചോടുകയായിരുന്നു.
ഓടിയെത്തിയ കിതപ്പാറും മുൻപേ കാത്തുനിന്നിരുന്ന അച്‌ഛന്റെ ചോദ്യം കേട്ടു.
“നീ എവിടെ ഇത്രനേരം…. കല്യാണമുറപ്പിച്ച പെണ്ണാ കാവിലെ ആട്ടമൊക്കെ നിർത്താറായില്ലേ…”
എന്നുവച്ചാൽ..
കച്ചവടമുറപ്പിച്ച ഉരുവിന് ഇനി ഒരു സന്ധ്യപോലുമില്ലെന്നോ…
ഉണ്യേട്ടനും കരുതിയത് സ്വന്തം സുഖം ഓർത്തപ്പോൾ, നഗരത്തിലെ ഒരു കമ്പനി എക്‌സിക്യൂട്ടീവിനെ വരനായി ലഭിച്ചപ്പോൾ ഉളളം മാറിയെന്നാണ്.
ഈ സീതയെ ആരറിയാൻ വീട്ടിൽ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടാക്കിയതാണ്. അപ്പോഴൊക്കെ അച്‌ഛൻ പറഞ്ഞ ഒരു വാചകമുണ്ട്.
“ഉണ്ണി സൽസ്വഭാവിയാ…. നല്ലവനും… പക്ഷേ, രാമകൃഷ്‌ണനെപ്പോലെ സമ്പന്നനല്ല. ഉന്നതങ്ങളിൽ പിടിയുളളവനല്ല. ഇത്തരം ഒരു ബന്ധം സ്വപ്‌നം കാണുകപോലും വലിയ കാര്യം… അപ്പോൾ ഉറപ്പിച്ചാലോ..”
എന്നിട്ടും വഴങ്ങാതായപ്പോൾ ഉഗ്രശാസനം.
“നീ ഞങ്ങളെയൊക്കെ കൊന്നിട്ട് അവന്റെകൂടെ പോയ്‌ക്കോ… അതും വയ്യാന്നു വച്ചാൽ നീ ഇറങ്ങിക്കോ… ഇവിടെ കൂട്ട ആത്മഹത്യയ്‌ക്കു പിണ്‌ഡം വയ്‌ക്കാൻ തിരിച്ചുകേറിയാമതി…”
സ്‌കൂൾ അധ്യാപകനായിരുന്ന അച്‌ഛന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ടൊന്നിനും നിന്നില്ല.
വിചാരിച്ചതുപോലെ നടന്നു. അച്‌ഛനും അച്‌ഛന്റെ നിഴലായ അമ്മയ്‌ക്കും അനുജത്തിമാരായ സുകന്യയ്‌ക്കും സൂര്യയ്‌ക്കും സന്തോഷമായി തൃപ്‌തിയായി.
രണ്ടോ മൂന്നോ മാസം കൂടുമ്പോൾ തന്നെ കാണാനെത്തുന്ന അച്‌ഛൻ തന്റെ സുഖസൗകര്യങ്ങൾ കണ്ട് ആത്മസംതൃപ്‌തി കൊളളുന്നു. അനുജത്തിമാർ അസൂയപ്പെടുന്നു.
പിന്നെ, ഇറങ്ങാൻ നേരം അച്‌ഛൻ ചോദിക്കും.
“നിങ്ങളെന്താ ഇപ്പോ അങ്ങോട്ടേയ്‌ക്കിറങ്ങാത്തത്..”
“രാമേട്ടന് തിരക്കാ അച്ഛാ…”
“ശരി തന്ന്യാ… ഞങ്ങൾ ഇങ്ങോട്ടുവന്നായാലും നിന്നെ കണ്ടോളാം… അവനെ ബുദ്ധിമുട്ടിക്കരുത്.”
സീതയ്‌ക്ക് ആരേയും ബുദ്ധിമുട്ടിക്കാനറിയില്ലെന്ന് അച്ഛനറിയില്ലേ.
സ്വയം ബുദ്ധിമുട്ടാനല്ലെ ആവൂ.
“ചേച്ചിക്ക് ആ ചൊടിക്കണ നാവ് ഇല്ലാണ്ടായീട്ടോ..”
-സുകന്യ.
അതു മുറിച്ചെടുത്തല്ലെ നിങ്ങൾ സുഖഭോഗങ്ങൾക്ക് തോരണം തീർത്തത്!
ചുവരിലെ ക്ലോക്ക് പിന്നീട് പലപ്പോഴും ചിലച്ചു.
ഒരു ചിലച്ചിലിന്റെ അവസാനം സീത എഴുന്നേറ്റു.
മുറിയിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നുവെന്ന കാര്യം അപ്പോഴാണവൾക്ക് ഓർമവന്നത്.
മനസ്സിലെ ഓർമകളുടെ നിലാവെളിച്ചത്തിൽ ഇരുട്ട് കട്ടയാർന്നതൊന്നും അവൾ അറിഞ്ഞിരുന്നതേ ഇല്ല.
ലൈറ്റ് ഓൺ ചെയ്‌തു.
മുറിനിറയെ പ്രകാശം പെയ്‌തിറങ്ങി.
അടുത്തനിമിഷം അവൾ വെറുതെയെങ്കിലും വിചാരിച്ചുപോയി.
ലൈറ്റ് ഓൺ ചെയ്യേണ്ടിയിരുന്നില്ല. മനസ്സിലെ പ്രകാശം ലൈറ്റിട്ടപ്പോൾ അണഞ്ഞുപോയിരിക്കുന്നു!
വെറുതെയെങ്കിലും സീത ചുവരിലെ ക്ലോക്കിലേക്കു നോക്കി.
Generated from archived content: akasham1.html Author: vennala_mohan