പതിനാല്‌രമയെക്കുറിച്ച്‌ പറയണോ വേണ്ടയോ എന്നുളള സംശയത്തിൽ തന്നെയായിരുന്നു സീത. പിറ്റേന്നും അങ്ങിനെതന്നെ. സംശയം മാറ്റി ഒരു നിശ്ചയമെടുക്കാനൊന്നും കഴിഞ്ഞില്ല. അതിനുമുമ്പേ രാമകൃഷ്‌ണനു പോകാനുളള തിരക്കേറിക്കഴിഞ്ഞിരുന്നു. തലേരാത്രി കിടക്കുമ്പോൾ അബോധാവസ്ഥയിൽ അയാൾ രമ എന്നുപറഞ്ഞത്‌ എന്താണെന്നറിയാൻ സീതയ്‌ക്ക്‌ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ, എങ്ങനെ ചോദിക്കും. അതുകൊണ്ടവൾ ചോദിച്ചതേ ഇല്ല. രാമകൃഷ്‌ണനൊട്ടു പറഞ്ഞതുമില്ല.

രാവിലെയായപ്പോൾ തലേദിവസം മുഴുവൻ അയാൾ മറന്നുകഴിഞ്ഞിരുന്നു. അവൾക്കുകൊണ്ടുവന്ന വസ്‌ത്രം ഉടുത്തോ എന്നുപോലും അയാൾ ചോദിച്ചില്ല. അയാളുടെ മനസ്സ്‌ വീണ്ടും ആസുരകാര്യങ്ങളിലേക്ക്‌ പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഒരർത്ഥത്തിൽ അതു നന്നായെന്നു സീതയ്‌ക്കുതോന്നി. അല്ലെങ്കിൽ അതിനും ഒരു കളളം കണ്ടെത്തേണ്ടി വന്നേനെ…

ബ്രേക്ക്‌ഫാസ്‌റ്റ്‌ പോലും കഴിക്കാതെ രാമകൃഷ്‌ണൻ സ്ഥലം വിട്ടു. സീത ദീർഘമായി നിശ്വസിച്ചു. ഇനിയിപ്പോൾ രമ കയറിവന്നാലും ഭയപ്പെടാനില്ല. അല്ലെങ്കിൽ എന്തിനാണ്‌ രമ കയറിവന്നാൽ ഭയപ്പെടുന്നത്‌? ആ ചോദ്യത്തിനവൾക്ക്‌ ഉത്തരം കണ്ടെത്താനായില്ലെങ്കിലും ലേശം ഭയപ്പാടു തോന്നാതിരുന്നില്ല.

കൂട്ടിലടച്ച കിളിക്കു ഭക്ഷണമുണ്ട്‌, കിളിവാതിലിലൂടെ നോക്കിയാൽ പുറംകാഴ്‌ചയുണ്ട്‌, വെയിലും മഴയും മഞ്ഞുമുണ്ട്‌. സുഖമല്ലേ? കിളിയെ കൂട്ടിലടച്ചത്‌ കിളിയുടെ സുഖത്തിനായിരുന്നോ? അതോ, കാഴ്‌ചക്കാരുടെ സുഖത്തിനോ?

ഭക്ഷണം കഴിക്കാൻ ഒരു മൂഡും തോന്നിയില്ല. വെറുതെയിരുന്ന്‌ സമയം കളയാൻ തുടങ്ങി സീത. ആ നിമിഷം ഡോർബെൽ ശബ്‌ദിച്ചു. വാതിൽ തുറന്നു. പ്രതീക്ഷിച്ചതുപോലെതന്നെ. രമാ ചൗധരി! സെറ്റുമുണ്ടാണു വേഷം. തനി കേരളീയ വനിത. നെറ്റിയിൽ ഒരു ചന്ദനക്കുറിയും.

ഡോർ അകത്തുനിന്നടച്ചതും രമാ ചൗധരിയായിരുന്നു.

“ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ..” ചിരിച്ചുകൊണ്ട്‌ രമ ചോദിച്ചു.

“തീർച്ചയായും പ്രതീക്ഷിച്ചിരുന്നു. ഈ സമയത്ത്‌ എത്തുമെന്നും മാത്രം കരുതിയിരുന്നില്ല.” സീത പറഞ്ഞു.

“രാമകൃഷ്‌ണൻസാർ ഇല്ലാത്തപ്പോൾ വന്നാലല്ലേ നമുക്കു സംസാരിച്ചിരിക്കാനാവൂ… ഉച്ചയ്‌ക്ക്‌ രണ്ടുമണിയാകുമ്പോഴേക്കും സാർ വരില്ലേ.”

രണ്ടുമണിക്കോ? സീതയ്‌ക്ക്‌ അത്ഭുതം തോന്നി. ഒരു പോക്കുപോയാൽ രാത്രിയൊക്കെയാണ്‌ വരുന്നത്‌. പിന്നെ, രണ്ടുമണി! അത്ഭുതം സീതയുടെ മുഖത്തുനിന്നും വായിച്ച രമ ഒന്നുകൂടി ചിരിച്ചശേഷം സെറ്റിയിൽ ഇരുന്നു.

“കുടിക്കാൻ…” സീത അർദ്ധോക്തിയിൽ വിരമിച്ചു.

“ഇപ്പൊ ഒന്നും വേണ്ട. എ.സി. ഒന്നു കൂട്ടിയാൽ നന്ന്‌.”

സീത എ.സി ഒന്നുകൂടി കൂട്ടി. മുറിയിൽ കൃത്രിമ തണുപ്പിന്റെ വേലിയേറ്റം.

“അദ്ദേഹം രണ്ടുമണിക്ക്‌ വരാറില്ലാട്ടോ…” സീത എടുത്തുപറഞ്ഞു.

“പക്ഷേ, ഇന്ന്‌ രണ്ടുമണിക്കു വരും.” രമ വീണ്ടും ചിരിച്ചു.

“ഈ പെണ്ണിന്‌ എങ്ങനെ ഈ ചിരി ചിരിക്കാൻ കഴിയുന്നുവെന്ന്‌ വെറുതെയെങ്കിലും സീത ഓർത്തുപോയി.

”ഇന്ന്‌ രണ്ടുമണിക്കോ?“ ആകാംക്ഷയടക്കാനാവാതെ വീണ്ടും സീത ചോദിച്ചു.

”അതെ സീതെ.. ഇന്നു രണ്ടുമണിക്കു വരും. ഞാനെങ്ങനെ അറിഞ്ഞൂന്നായിരിക്കും വിചാരം അല്ലേ?“

സീത അതെ എന്ന അർഥത്തിൽ പുഞ്ചിരിച്ചു.

”എന്നോടു പറഞ്ഞിരുന്നു.“

ങേ! സ്വന്തം ഭാര്യയ്‌ക്കറിയില്ല ഭർത്താവ്‌ എപ്പോഴൊക്കെ വരും പോകും എവിടെയൊക്കെ പോകും എന്നൊക്കെ. ഒരു കോൾഗേൾ എത്ര കൃത്യമായി പറയുന്നു. ഇപ്പോൾ ഇത്തരം കാര്യങ്ങൾകൂടി ഇങ്ങനുളളവളെ അറിയിച്ചിട്ടാണോ പോകുന്നത്‌. സീതയുടെ മനം നീറി.

”എന്നോട്‌ ഒരിക്കൽകൂടി ക്ഷമിക്കണം.“ അതു പറയുമ്പോൾ രമയുടെ മുഖം വല്ലാതായി.

എന്താണ്‌ ക്ഷമിക്കേണ്ടത്‌ എന്ന്‌ സീത ചോദിച്ചില്ല. ചോദിക്കാതെ തന്നെ രമ പറയാൻ തുടങ്ങി.

”ഇന്നലത്തെ രാമകൃഷ്‌ണൻസാറിന്റെ പാർട്ടിയിലും എന്റെ റോൾ സീതയുടേതായിരുന്നു. ഞാനായിരുന്നു രാമകൃഷ്‌ണൻസാറിന്റെ ഭാര്യ…“

സീതയുടെ കണ്ണുകൾ നിറഞ്ഞു. എത്ര പണിപ്പെട്ടിട്ടും രമ അതു കാണാതിരുന്നില്ല.

”സീതയ്‌ക്കു സങ്കടം വന്നു അല്ലേ..“

”ഇല്ല..“

”സങ്കടം വന്നില്ലെങ്കിലേ അതിശയിക്കുകയുളളു. ഞാൻ… ഞാനായിരുന്നെങ്കിൽ പൊട്ടിക്കരഞ്ഞേനെ.“

അതുകൂടി കേട്ടപ്പോൾ സീതയുടെ കണ്ണിൽ തുളുമ്പാൻ നിന്നിരുന്ന മിഴിനീർ മുത്തുകൾ കവിളിൽ വീണു പൊട്ടിച്ചിതറി.

രമ തന്റെ വിരൽത്തുമ്പുകൊണ്ട്‌ സീതയുടെ കണ്ണീർത്തുളളികൾ തുടച്ചു. അപ്പോൾ അവൾ ഒന്നു തേങ്ങിപ്പോയി.

”അന്ന്‌ ഇവിടെ വന്ന പലരും പാർട്ടിക്കുണ്ടായിരുന്നു. അവർക്ക്‌ പാർട്ടി കൊടുക്കുമ്പോൾ ഭാര്യയും ഒന്നിച്ചു പങ്കെടുക്കണമെന്നാണ്‌ നിർദേശിച്ചിരുന്നത്‌. അന്ന്‌ ഭാര്യയായി അവർ കണ്ടിരുന്നത്‌ എന്നെയല്ലേ. അപ്പോൾ പിന്നെ എനിക്കു പങ്കെടുക്കാതെ പറ്റില്ലല്ലോ.“

സീത ഒന്നും പറഞ്ഞില്ല. തല കുനിച്ചിരുന്നതു മാത്രം.

”അപ്പോഴാണ്‌ എന്നോടു പറഞ്ഞത്‌ ഇന്ന്‌ ഓഫീസിൽ പോണില്ലാന്ന്‌. മറ്റെന്തോ കാര്യങ്ങൾ കഴിഞ്ഞ്‌ രണ്ടിന്‌ ഇവിടെ എത്തുമെന്നും.“

”ശരി…“

”എനിക്കാണെങ്കിൽ ഇന്ന്‌ ഫ്രീഡേയാണ്‌. എന്നാൽ, രാവിലെ തന്നെ പോരാമെന്നു കരുതി.“

അപ്പോഴും സീത ചിരിച്ചു. ഒരു വാടിയ ചിരി.

”സീതേ..“

സീതയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട്‌ രമ വിളിച്ചു. ആ വിളി വെറുതെ ഒഴുകിപ്പോയില്ല. അവളുടെ മനസിനെ തട്ടിവിളിച്ചു.

അതുകൊണ്ടുതന്നെ അവൾക്ക്‌ വിളികേൾക്കാതിരിക്കാനും കഴിഞ്ഞില്ല.

”ന്തേ…“

രമ ചിരിച്ചു. ഇപ്പോൾ സീതയുടെ ചിരിയിലെ വിഷാദം രമയാണ്‌ സ്വീകരിച്ചിരുന്നത്‌.

”സീത വിഷമിക്കരുത്‌…“ ഒരാമുഖംപോലെ രമ പറഞ്ഞു.

സീത എന്നും വിഷമിക്കാൻ ജനിച്ചവളായിരുന്നല്ലോ. അല്ലെങ്കിൽത്തന്നെ പുതുതായിട്ടെന്താണു വിഷമിക്കാനുളളത്‌.

”വിഷമിക്കരുത്‌ എന്നുപറയുന്നത്‌ വ്യർഥമാണെന്നറിയാം. എങ്കിലും എനിക്കതല്ലേ പറയാനാവൂ… ഒരു വിഷമിക്കുന്ന പെണ്ണിന്‌ മറ്റൊരു പെണ്ണിനോട്‌ വിഷമിക്കരുതെന്നെങ്കിലും പറഞ്ഞുകൂടേ.“

സീത രമയുടെ മുഖത്തേയ്‌ക്കു നോക്കി. ആ മുഖത്ത്‌ സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും തെളിമുദ്രകൾ.

ആമുഖശേഷം രമ തുടർന്നു. ”രാമകൃഷ്‌ണൻസാറിന്റെ പരിചയവൃത്തങ്ങളിലെല്ലാം സാറിന്റെ ഭാര്യയായി അറിയപ്പെടുന്നത്‌ ഞാനാണ്‌.“

സീത നടുങ്ങി.

”പല വിരുന്നുകളിലും പരിചയക്കാരുടെ സങ്കേതങ്ങളിലും ഭാര്യയായി എന്നെയാണ്‌ പരിചയപ്പെടുത്തിയിട്ടുളളത്‌..“

സീതയുടെ ഹൃദയം വല്ലാതെ മിടിച്ചു.

”അന്നൊന്നും ഞാൻ സാറ്‌ വിവാഹം കഴിച്ചതാണെന്ന്‌ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണത്തെ പാർട്ടിയോടെയാണ്‌ അറിഞ്ഞത്‌.“

”അറിഞ്ഞിരുന്നെങ്കിൽ..“

”തീർച്ചയായും ഇതിനു നില്‌ക്കില്ലായിരുന്നു. ശരീരം മാത്രമേ എനിക്കു കൈമോശം വന്നൊളളൂ. മനസ്‌ ഇനിയും പൂർണമായും കൈവിട്ടിട്ടില്ല.“

”എന്നിട്ട്‌ ഇന്നലെയോ…?“ ചാട്ടുളി ചാണ്ടുംപോലെയാണു സീത ചോദിച്ചത്‌.

”ഇന്നലെ ആവശ്യമായിരുന്നു. എന്നെ ഭാര്യയായി അറിഞ്ഞവർ ഇന്നലെ കണ്ടില്ലെങ്കിൽ അവരെ ചതിക്കുകയായിരുന്നുവെന്നറിയില്ലേ. അതോടെ..“

”രാമേട്ടനെ രക്ഷിക്കാൻ അല്ലേ…“ സീതയുടെ വാക്കിലല്പം പരിഹാസം കിനിഞ്ഞു. അത്‌ വ്യക്തമായും രമ മനസ്സിലാക്കുകയും ചെയ്‌തു.

”ദേഷ്യവും വൈരാഗ്യവുമൊക്കെ തോന്നിയേക്കാം. പക്ഷേ, എനിക്കതല്ലേ ആകൂ…“

”രക്ഷിക്കാനൊന്നുമല്ല രമേ…. കുറെ ചില്ലിക്കാശുകൾക്കുവേണ്ടി.. അങ്ങനല്ലേ.“ സീതയുടെ ശബ്‌ദം കനത്തിരുന്നു.

”എങ്കിൽ ഞാനെന്തിന്‌ ഇവിടെ ഇങ്ങനെ വന്നിരുന്നു പറയണം? നമ്മൾ തമ്മിൽ കാശിന്റെ യാതൊരു കരാറുമില്ലല്ലോ.“

ആ ചോദ്യത്തിനു മുന്നിൽ യാതൊരു ഉത്തരവും സീതയ്‌ക്ക്‌ ഉണ്ടായിരുന്നില്ല.

”സീതയുടെ സ്ഥാനം ഞാൻ തട്ടിയെടുത്തെന്നോ അതോ ദുരുപയോഗപ്പെടുത്തിയെന്നോ.“ അല്പനേരം സീത ഒന്നും മിണ്ടാതായപ്പോൾ രമ ചോദിച്ചു.

”ഇല്ല ഞാനങ്ങനൊന്നും ചിന്തിച്ചില്ല.“ പറയുമ്പോഴും സീത ചിന്തിക്കുകയായിരുന്നു. യഥാർത്ഥത്തിൽ രാമേട്ടന്റെ ഭാര്യ ആരാണ്‌? ഞാനോ, അതോ രമാ ചൗധരിയായിരുന്ന രമയോ? അദ്ദേഹത്തിന്റെ ഭാര്യാസ്ഥാനത്തിനു യോഗ്യ രമ തന്നെയല്ലേ? ഈ മഹാനഗരം മുഴുവനും രാമേട്ടന്റെ ഭാര്യയായി അറിയുന്നത്‌ രമയെയാണ്‌. താൻ പുരപ്പുറത്തുകയറിനിന്ന്‌ ഉറക്കെപറഞ്ഞാലും മറിച്ച്‌ ആരും വിശ്വസിക്കില്ല.

അല്ലെങ്കിൽത്തന്നെ ഒരു താലി കാണിച്ചും വിവാഹസർട്ടിഫിക്കറ്റ്‌ കാണിച്ചും പുരപ്പുറത്തു കയറി നിന്നു പറഞ്ഞും വിശ്വസിപ്പിക്കേണ്ടതാണോ ഭാര്യാപദം. അങ്ങനെ വേണ്ടിവരും എന്നുവച്ചാൽ…ഛെ…! ഇത്രയും ദിവസം ഒരേ ഒരു സംശയം മാത്രേ ഉണ്ടായിരുന്നുളളു. അദ്ദേഹം തന്റെ ഭർത്താവാണോ എന്ന്‌. അന്നത്തെ ആ പാർട്ടിക്കുശേഷം സംശയം ബലപ്പെടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ മറ്റൊരു സംശയം കൂടി കടന്നെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണോ താൻ..?

”സീതെ.. എന്നെ അടിച്ചിറക്കുന്നില്ലേ?“

”എന്നെ അടിച്ചിറക്കാനുളള അവകാശം രമയ്‌ക്കാണ്‌. രമയെ അടിച്ചിറക്കാൻ എനിക്ക്‌ യാതൊരവകാശവുമില്ലെന്ന്‌ എന്നെക്കാളേറെ രമയ്‌ക്കറിയില്ലേ.“

രമ നിശബ്‌ദയായി. സീതയും. ഏറെനേരത്തെ മൗനം. അവർ താന്താങ്ങളുടെ ചിന്താമണ്ഡലത്തിലൂടെ യാത്ര നടത്തി. തിരിച്ചെത്തിയ രമ മൗനം തകർക്കാനെന്നവണ്ണം പറഞ്ഞു.

”ലൈം ജ്യൂസുണ്ടെങ്കിൽ തരൂ..“

സീത രണ്ടു ലൈംജ്യൂസെടുത്തു. ഒന്ന്‌ രമയ്‌ക്ക്‌ മറ്റൊന്ന്‌ അവൾക്കും. തണുത്ത ലൈംജ്യൂസുകൊണ്ടുമാത്രം മനസ്‌ തണുക്കും എന്നു തോന്നിയില്ല. എ.സി. ഒന്നുകൂടി കൂട്ടി. മുറി ശരിക്കും ശീതീകരിക്കപ്പെട്ടു. എന്നിട്ടും വിയർക്കുകയാണോ എന്ന്‌ സീത സംശയിച്ചു.

”സീത വിശ്വസിച്ചോളൂ… ഇനീം സാറിന്റെ ഇത്തരം പ്രോഗ്രാമുകൾക്ക്‌ ഞാനുണ്ടാവില്ല.“

”എന്തുകാര്യം… മറ്റൊരു രമാചൗധരി അപ്പോൾ എത്തിയേക്കും.“

”ശരിയാകാം. പക്ഷെ, ആ രമാചൗധരി ഞാനായിരിക്കില്ലെന്നു മാത്രം.“

ഒരുനിമിഷം സീതയ്‌ക്ക്‌ രമയോടല്പം ബഹുമാനവും തോന്നിപ്പോയി.

”രമയെങ്ങിനെ രമാചൗധരിയായെന്നറിയേണ്ടേ…“

അറിയണമെന്നും അറിയണ്ടെന്നും സീത പറഞ്ഞില്ല. അപ്പോഴേക്കും, രമയുടെ കൈയിലിരുന്ന പേജർ ശബ്‌ദിച്ചു. രമ പേജർ എടുത്തുനോക്കി. അവളുടെ മുഖഭാവം പൊടുന്നനെ മാറി.

”ഇനി നമുക്കു കാണാൻ കഴിഞ്ഞാൽ അന്നു പറയാം. അത്യാവശ്യമായി എനിക്ക്‌ ഒരപ്പോയ്‌ൻമെന്റ്‌… ബൈ..“

സീത എന്തു പറയുന്നു എന്ന്‌ ശ്രദ്ധിക്കാൻപോലും നില്‌ക്കാതെ രമ മുറിവിട്ടിറങ്ങി. സീത ഡോർ ലോക്കുചെയ്യാൻപോലും കഴിയാതെ അന്തിച്ചിരുന്നു. അടുത്തനിമിഷം ഒരു കത്ത്‌ തുറന്നുകിടന്ന വാതിലിലൂടെ അകത്തേക്ക്‌ വീണു.

സീതയ്‌ക്ക്‌ കൈയക്ഷരം കണ്ടപ്പോഴേ മനസ്സിലായി. അച്‌ഛന്റെ കത്ത്‌… പതിവുകാര്യങ്ങളാകും. പൊട്ടിക്കണോ…. വായിക്കണോ… രാമേട്ടൻ കൊടുത്ത രൂപയുടെ മഹത്വം വാഴ്‌ത്തപ്പെട്ടിരിക്കാം. അറപ്പുണ്ടാക്കുന്ന ആ കാര്യങ്ങൾ ഇനിയും ഓർക്കണോ. ആകെ വെറുപ്പുതോന്നി.

കത്ത്‌ വായിക്കാതെ കുനുകുനെ ചീന്തി വെയ്‌സ്‌റ്റ്‌ ബാസ്‌ക്കറ്റിലിട്ടു.
Generated from archived content: akasam14.html Author: vennala_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English