കഥാകൃത്തും കഥയും

വടക്കേ മലബാറിൽ പ്രസിദ്ധമായ വേങ്ങയിൽ തറവാട്ടിൽ 1860 ഒക്‌ടോബറിൽ ജനിച്ചു. പിതാവ്‌ഃ പുളിയപ്പടമ്പ്‌ ഹരിദാസൻ സോമയാജി. മാതാവ്‌ഃ കുഞ്ഞിമാക്കം. തളിപ്പറമ്പ്‌, കോഴിക്കോട്‌, മദിരാശി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. സൈദാപ്പേട്ട കാർഷികകോളജിൽനിന്നു കൃഷിശാസ്‌ത്രവും പഠിച്ചു. 1892-ൽ മലബാർ ഡിസ്‌ട്രിക്‌ട്‌ ബോർഡ്‌ മെമ്പറായി. ജോർജ്‌ ചക്രവർത്തിയുടെ പട്ടാഭിഷേകം സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അദ്ദേഹത്തിന്‌ കീർത്തിമുദ്ര സമ്മാനിച്ചു. 1912-ൽ മദിരാശി നിയമസഭയിൽ അംഗമായി. 1914 നവംബർ 14-ന്‌ നിയമസഭയിൽ പ്രസംഗിച്ചുകഴിഞ്ഞപ്പോൾ ഹൃദയസ്തംഭനംമൂലം അന്തരിച്ചു. അക്കാലത്തെ അതിപ്രസിദ്ധനായ പത്രലേഖകനായിരുന്നു കുഞ്ഞിരാമൻനായനാർ. ‘കേസരി’ എന്നായിരുന്നു പ്രസിദ്ധമായ തൂലികാനാമം. വജ്രബാഗു, വജ്രസൂചി, ദേശാഭിമാനി തുടങ്ങിയ പേരുകളിലും പേരുവയ്‌ക്കാതെയും ധാരാളം ഉപന്യാസങ്ങളും നർമലേഖനങ്ങളും ചെറുകഥകളും അക്കാലത്തെ പത്രമാസികകളിൽ എഴുതിയിട്ടുണ്ട്‌.

‘കേസരി’ എന്ന പേരിൽ ഉപന്യാസങ്ങളും കഥകളും മറ്റുമടങ്ങിയ ഒരു സമാഹാരം 1910-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. മലയാളത്തിൽ ചെറുകഥാപ്രസ്ഥാനത്തിന്റെ പ്രാരംഭകനാണ്‌ കുഞ്ഞിരാമൻനായനാർ. 1891-ൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധപ്പെടുത്തിയ ‘വാസനാവികൃതി’ കുഞ്ഞിരാമൻനായനാർ രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.

———————————————————————-

വാസനാവികൃതി

രാജശിക്ഷ അനുഭവിച്ചിട്ടുളളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാൾ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാൻ പറയുന്നത്‌. എന്നാൽ, എന്നെപ്പോലെ വിഡ്‌ഢിത്തം പ്രവർത്തിച്ച്‌ ശിക്ഷായോഗ്യന്മാരായി വന്നിട്ടുളളവർ ചുരുക്കമായിരിക്കും. അതാണ്‌ എനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതിൽ അപമാനമില്ല. അധികം ബുദ്ധിയുളള പോലീസ്‌ ഉദ്യോഗസ്ഥന്മാരാൽ തോല്പിക്കപ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്‌. താൻതന്നെ ആപത്തിന്നുളള വല കെട്ടി ആ വലയിൽ ചെന്നുചാടുന്നത്‌ ദുസ്സഹമായിട്ടുളളതല്ലേ. എന്നുമാത്രമല്ല, കുടുങ്ങുന്ന ഒരു കെണിയാണെന്ന്‌ ബുദ്ധിമാന്മാരായ കുട്ടികൾക്കുകൂടി അറിയാവുന്നതായിരുന്നാൽ പിന്നെയുണ്ടാകുന്ന സങ്കടത്തിന്‌ ഒരതിരും ഇല്ല. ഇതാണ്‌ അപമാനം അപമാനം എന്നു പറയുന്നത്‌.

എന്റെ വീട്‌ കൊച്ചിശ്ശീമയിലാണ്‌. കാടരികായിട്ടുളള ഒരു സ്ഥലത്താണെന്നു മാത്രമേ ഇവിടെ പറയാൻ വിചാരിക്കുന്നുളളു. ഒരു തറവാട്ടിൽ ഒരു താവഴിക്കാർ കറുത്തും വേറൊരു താവഴിക്കാർ വെളുത്തും കണ്ടിട്ടുളള അനുഭവം നിങ്ങൾക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്‌. എന്നാൽ നിറഭേദമുളളത്‌ ദേഹത്തിനല്ല, മര്യാദയ്‌ക്കാണ്‌. എല്ലാക്കാലത്തും ഒരുവകക്കാര്‌ മര്യാദക്കാരും മറ്റേ വകക്കാര്‌ അപമര്യാദക്കാരുമായിട്ടാണ്‌. ഈ വേർതിരിവ്‌ ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണവന്മാരുടെ കാലത്തേ ഉളളതാണ്‌. അമര്യാദാത്താവഴിയിലാണ്‌ എന്റെ ജനനം. ഇക്കണ്ടക്കുറുപ്പ്‌, രാമൻനായർ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളിൽ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരിൽ ആദ്യം പറഞ്ഞ മനുഷ്യൻ എന്റെ നാലാം അച്‌ഛനാണ്‌. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്‌. അദ്ദേഹത്തിന്റെ ഓർമയ്‌ക്കു തന്നെയാകുന്നു ആ പേര്‌ എനിക്ക്‌ ഇട്ടിട്ടുളളതും. അതുകൊണ്ട്‌ ‘ദ്വേധാ നാരായണീയം’ എന്ന്‌ പട്ടേരി പറഞ്ഞതുപോലെ മക്കത്തായവഴിക്കും മരുമക്കത്തായവഴിക്കും എനിക്കു കളളനാവാനുളള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂർണമായി അറിവാൻവേണ്ടി നാലാമച്ഛനായ ഇക്കണ്ടക്കുറുപ്പിന്റെ മുത്തച്ഛനായിരുന്നു ഇട്ടിനാരായണൻ നമ്പൂതിരിയെന്നുകൂടി ഇവിടെ പറയേണ്ടതായി വന്നിരിക്കുന്നു. ഇട്യാരാണന്റെ കഥ കേൾക്കാത്ത വിഡ്‌ഢിയുണ്ടെങ്കിൽ അവന്നായിട്ട്‌ ഇതു ഞാൻ എഴുതുന്നില്ല. ബാല്യത്തിൽത്തന്നെ എന്നെ അമര്യാദാത്താവഴിയിൽനിന്നു വേർപെടുത്തുവാൻ വീട്ടിലുളളവരിൽ ചിലർ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കിൽ അവരുടെ പ്രയത്നക്കുറവല്ലെന്ന്‌ ഞാൻ സത്യംചെയ്ത്‌ കല്‌പീത്തു കൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുളളു. വിദ്യാഭ്യാസവിഷയത്തിൽ ഞാൻ വലിയ മടിയനായിരുന്നു എന്ന്‌ ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളിൽ അധികംപേരും എന്നെക്കാൾ ബുദ്ധി കുറഞ്ഞവരായിരുന്നു എന്നുളളതിലേക്ക്‌ ഞങ്ങളുടെ ഗുരുനാഥൻതന്നെയാണ്‌ സാക്ഷി. പത്തു കൊല്ലംകൊണ്ട്‌ മുപ്പതു സർഗം കാവ്യവും പഠിച്ച ‘ഗണാഷ്‌ടക വ്യുൽപത്തി’മാത്രമായി അവശേഷിക്കുന്ന ഗംഭീരന്മാർ മലയാളത്തിൽ പലേടത്തും ഉണ്ട്‌. ഞാൻ അഞ്ചെട്ടു സർഗം കാവ്യം പഠിച്ചിട്ടുണ്ട്‌. വ്യുൽപന്നനായി എന്ന മേനി പറയത്തക്ക അറിവ്‌ എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കിൽ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുൽപത്തി എനിക്കുണ്ടായി. ഇതു സമ്പാദിച്ചപ്പോഴേക്കും രണ്ടു വഴിക്കുംകൂടി കിട്ടീട്ടുളള വാസനകൊണ്ട്‌ ഇതിലൊന്നിലും എനിക്ക്‌ മോഹമില്ലാതെ തീർന്നു.

കാടരികിൽ വീടായതുകൊണ്ട്‌ ഇടയ്‌ക്കിടെ കാട്ടിൽ പോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതി വന്നതിനാൽ ബാല്യംമുതൽക്കുതന്നെ പേടി എന്ന ശബ്‌ദത്തിന്‌ എന്നെ സംബന്ധിച്ചിടത്തോളം അർത്ഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തുതന്നെ കോണം കക്കാറും പ്രഹരം കൊളളാറുമുണ്ട്‌. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ട്‌ വൻതരത്തിൽ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുളളു. ചെന്ന ദിക്കിലെല്ലാം ഇരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു. എന്റെ പ്രവൃത്തിയിൽ ഞാൻ പിന്തുടർന്നിരുന്നത്‌ നാലാം അച്‌ഛനെയല്ല. കളവുചെയ്യുന്നത്‌ രണ്ടു വിധമാണ്‌. ഒന്ന്‌ ദീവട്ടിക്കൊളള, മറ്റേത്‌ ഒറ്റയ്‌ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുളള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടുംപോലെയാകുന്നു. തെളിനായാട്ടായാൽ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാൽ, അത്‌ ഇവനുതന്നെ വെടിവെക്കുവാൻ തരമാകുന്നത്‌ നിശ്ചയമില്ല. പങ്കിട്ടു കിട്ടുന്ന ഓഹരിയും വളരെ ചുരുക്കമായിരിക്കും. മൃഗത്തിന്റെ ചോടു നോക്കി പോകുന്നതായാൽ കിട്ടുവാൻ താമസവും കണ്ടെത്തിയാൽ വൈഷമ്യവും ഉണ്ടെന്നു പറയുന്നത്‌ ശരിയായിരിക്കാം. അസ്വാധീനത്തിങ്കലും വൈഷമ്യത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടിയാൽ പ്രയോഗത്തിന്ന്‌ പങ്കുകാരില്ല. അതുകൊണ്ട്‌ ഒറ്റയ്‌ക്കുളളതായിരിക്കുകയാണ്‌ നല്ലത്‌ എന്ന്‌ എനിക്കുതോന്നി. നാലാമച്‌ഛൻ ഈ അഭിപ്രായക്കാരനായിരുന്നില്ല-അദ്ദേഹം പ്രാചീനൻതന്നെ. ഞാൻ നവീനനും. എന്നാൽ, ഇട്യാറാണമുത്തച്ഛൻ തിരുമനസ്സുകൊണ്ട്‌ എന്റെ മതക്കാരനായിരുന്നു. ഇത്ര വളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിന്ന്‌ നവീനബുദ്ധിയുണ്ടായിരുന്നത്‌ വിചാരിക്കുമ്പോൾ ഇദ്ദേഹത്തിനെ അമാനുഷ്യൻ എന്ന്‌ ഇരിങ്ങാലക്കുട ഗ്രാമക്കാർ പറയുന്നത്‌ അത്ര കഷ്‌ടമല്ല.

വീട്ടിൽനിന്നു ചാടിപ്പോന്നതിൽപ്പിന്നെ അഞ്ചുകൊല്ലത്തോളം ഞാൻ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക്‌ കൊച്ചി രാജ്യത്ത്‌ പുതിയ പോലീസ്‌ ഏർപ്പെടുത്തി. അക്കാലത്ത്‌ തൃശ്ശിവപേരൂർക്കു സമീപം ഒരു ദിക്കിൽ ഞാനൊരു കളവു നടത്തി. അത്‌ ഗന്തർ സായ്‌പിന്റെ പരിവാരങ്ങൾക്ക്‌ അശേഷം രസമായില്ലപോൽ. കളവുണ്ടായത്‌ ഒരില്ലത്താണ്‌. ഗൃഹസ്ഥന്റെ മകനായിരുന്നു എനിക്ക്‌ ഒറ്റ്‌. ഈ കളളൻ പാശികളിക്കാരനായിരുന്നു. അതിൽ വളരെ കടംപറ്റി. വീട്ടുന്നതിന്നു നിവൃത്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടാണ്‌ എന്നെ ശരണം പ്രാപിച്ചത്‌. അച്ഛൻനമ്പൂതിരി ഉണരാതിരിപ്പാൻ കറപ്പുകൂടിയ മരുന്ന്‌ ഞാൻ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അത്‌ വൈകുന്നേരത്തെ പാലിലിട്ടു കൊടുപ്പാനാണ്‌ ശട്ടം കെട്ടിയിരുന്നത്‌. നാലിൽ ഒന്നു മാത്രമേ കൊടുക്കാവൂ എന്ന്‌ പ്രത്യേകം താക്കീതു ചെയ്‌തിട്ടുണ്ടായിരുന്നു. അകത്തു കടന്ന്‌ ഒതുക്കാവുന്നതെല്ലാം ഞാൻ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്‌ക്കൽ ഒരു ആഭരണപ്പെട്ടി വെച്ചിരുന്നതും തട്ടണമെന്നു കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാണ്‌ ഉണരുന്നത്‌? ഒരിക്കലും ഉണരാത്ത ഉറക്കമാണ്‌ അദ്ദേഹം ഉറങ്ങിയിരുന്നത്‌. ആ മഹൻ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന്‌ ഒരു തടസ്സവും വരരുതെന്നു വിചാരിച്ച്‌ ഞാൻ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടു കൊടുത്തു. ഞാൻ എടുത്ത മുതലിൽ ആഭരണപ്പെട്ടി മുഴുവൻ എന്റെ സ്‌നേഹിതയായ കല്യാണിക്കുട്ടിക്കു കൊടുത്തു. അവൾക്ക്‌ എന്നെയും എനിക്ക്‌ അവളെയും വളരെ അനുരാഗമുണ്ടായിരുന്നു. പെട്ടിയിൽനിന്ന്‌ ഒരു പൂവെച്ച മോതിരം എടുത്ത്‌ ഒരു ദിവസം രാത്രി അവൾ എന്റെ എടത്തെ കൈയിന്റെ മോതിരവിരലിന്മേൽ ഇടുവിച്ചു. അതുമുതൽക്ക്‌ ആ മോതിരത്തെപ്പറ്റി ഇനിക്ക്‌ അതിപ്രേമമായിരുന്നു. കുറച്ച്‌ ഊരാഞ്ചാടിയായിരുന്നാലും ഞാൻ കൈയിൽനിന്ന്‌ ഊരാറില്ല.

നമ്പൂതിരിയുടെ ഇല്ലത്തെ കളവു കഴിഞ്ഞതിൽവെച്ച്‌ എന്റെമേൽ പോലീസുകാർക്ക്‌ അല്പം സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂർ തലേക്കെട്ടും കളവുപോയി. അടുത്ത കാലത്തിന്നുളളിൽ വേറെ രണ്ടുമൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാംകൂടി ഇനിയ്‌ക്കവിടെ ഇരിപ്പാൻ തരമില്ലെന്നു തോന്നി. കുറച്ചു ദിവസത്തേക്ക്‌ ഒഴിഞ്ഞു പോകണമെന്നു നിശ്ചയിച്ച്‌ മദിരാശിക്കു പുറപ്പെട്ടു. അവിടെച്ചെന്നാൽ യാതൊരുവിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല. എന്റെ ഒരു കോടതിപൂട്ടൽപോലെ വിചാരിച്ചാണ്‌ ഞാൻ പുറപ്പെട്ടത്‌. കോടതിപൂട്ടിയാൽ പിന്നെ ഉദ്യോഗസ്ഥൻമാർക്കു സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴിൽ. അതുപോലെ ഞാനും ചെയ്‌വാൻ നിശ്ചയിച്ചു. മദിരാശിയിൽ ചെന്ന്‌ ഒരു മാസത്തോളം കാഴ്‌ചകണ്ടു നിന്നു. ഒരു ദിവസം ഗുജിലിത്തെരുവിൽ ചെന്നപ്പോൾ അതിസൗഭാഗ്യവതിയായ ഒരു തേവിടിശ്ശി സാമാനം വാങ്ങുവാൻ വന്നിരുന്നു. അപ്പോൾ ആ പീടികയിൽ കുറച്ചു ജനത്തിരക്കും ഉണ്ടായി. അതിനിടയിൽ ഒരു വിഡ്‌ഢ്യാൻ പകുതി വായും തുറന്നു കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കി നിന്നിരുന്നു. ഈ മന്നന്റെ നില കണ്ടപ്പോൾ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വെച്ചിരുന്ന നിശ്ചയം തൽക്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക്‌ അടുത്തുചെന്നു. അവന്റെ പോക്കറ്റിൽ എന്റെ എടത്തെ കൈയിട്ടു. ഈ ജാതി കളവിൽ സാമർത്ഥ്യമുണ്ടാകണമെങ്കിൽ അർജ്ജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടു കൈകൊണ്ടും ഒരുപോലെ പ്രയോഗിപ്പാൻ സാമർത്ഥ്യം ഇല്ലാഞ്ഞാൽ പലതരങ്ങളും തെറ്റിപ്പോകുവാൻ ഇടയുണ്ട്‌. പോക്കറ്റിൽനിന്നു നോട്ടുപുസ്‌തകവും എടുത്തു ഞാൻ വലത്തോട്ടുമാറി മടങ്ങിപ്പോരികയുംചെയ്‌തു. ഭക്ഷണം കഴിഞ്ഞു രാത്രി കിടന്നുറങ്ങുമ്പോൾ കല്യാണിക്കുട്ടിയെ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു. ഏകസംബന്ധിജ്ഞാനമപരസംബന്ധി സ്‌മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓർമവന്നു. തപ്പിനോക്കിയപ്പോൾ കൈയിന്മേൽ കണ്ടില്ല. ഇനിയ്‌ക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്നു വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാൾ കാലത്തെ എഴുന്നേറ്റു തലേദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കുകയുംചെയ്തു. താഴത്തു വീണത്‌ ആരോ കൊണ്ടുപോയിരിക്കണമെന്നു നിശ്ചയിച്ച്‌ പോലീസ്‌ സ്‌റ്റേഷനിൽചെന്ന്‌ അറിവുകൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തിൽ വരുവാൻ സംഗതിയുണ്ടെന്നു കരുതിയാണ്‌ ആ കഥയില്ലായ്‌മ പ്രവർത്തിച്ചത്‌.

അന്ന്‌ ഉച്ചതിരിഞ്ഞ സമയത്ത്‌ ഒരു കോൺസ്‌റ്റബിൾ ഞാൻ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോൾത്തന്നെ എന്റെ മോതിരം കിട്ടിയെന്ന്‌ എനിക്ക്‌ തോന്നി. മടക്കിത്തരുവാനുളള മടി കണ്ടപ്പോൾ വല്ല സമ്മാനവും കിട്ടണമെന്നാണെന്നു വിചാരിച്ചു ഞാൻ അഞ്ചുറുപ്പിക കൈയിൽ എടുത്തു. ‘ഈ മോതിരം എന്റെ കൈയിൽ വന്നത്‌ എങ്ങനെയാണെന്നു നിങ്ങൾക്കു മനസ്സിലായോ’ എന്നു ചോദിച്ചപ്പോൾ ഞാൻ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു. എനിക്ക്‌ ഓർമ വന്നപ്പോൾ കൈവിലങ്ങുംവെച്ച്‌ ദേഹപരിശോധന കഴിച്ച്‌ പോക്കറ്റിൽ നിന്ന്‌ നോട്ടുപുസ്തകവും എടുത്തു മേശപ്പുറത്തുതന്നെ വച്ചിരുന്നു. ഈ വിഡ്‌ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ചു ഞാനിതാ പുറത്തു വന്നിരിക്കുന്നു. ഇത്ര കൊളളരുതാത്ത ഞാൻ ഇനി ഈ തൊഴിലിൽ ഇരുന്നാൽ നാലാമച്ഛന്‌ അപമാനമേയുളളു. കളവു ചീത്തയാണന്നല്ലേ എല്ലാവരും പറയുന്നത്‌. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ. ഇതുവരെ ചെയ്‌ത പാപമോചനത്തിന്നും മേലിൽ തോന്നാതിരിപ്പാനുംവേണ്ടി ഗംഗാസ്നാനവും വിശ്വനാഥദർശനവും ചെയ്യട്ടെ. പണ്ട്‌ മുത്തശ്ശി സന്ധ്യാസമയത്തു ചൊല്ലാറുണ്ട്‌ഃ

ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ

പുനന്തി പാപം ന ലുനന്തി വാസനാം

അനന്തസേവാ തു നികൃന്തതി ദ്വയീ

മിതപ്രഭോ ത്വൽപുരുഷാ ബഭാഷിരെ.

(ഒപ്പ്‌) ഇക്കണ്ടക്കുറുപ്പ്‌

Generated from archived content: vasana.html Author: vengayil_kunjiraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here