ആത്മാവിനൊരു ആകാശയാത്ര

ആള്‍ക്കണ്ണാടിയില്‍ വെറുതെ അയാള്‍ തന്റെ പ്രതിച്ഛായ നോക്കിയതാണ്. വെള്ള നാരുകളുടെ എണ്ണം അധികരിച്ചിരിക്കുന്നു. കാ‍ലത്തെ ഓര്‍മ്മിപ്പിക്കുന്നു ആ വെള്ളനാരുകള്‍ . എന്നിട്ടും അതിഥിയായി വന്ന പുതിയ പ്രണയത്തെ പറിച്ചു കളയാന്‍ മനസ്സ് അനുവദിക്കുന്നില്ല. മനസ്സുമായി ഒരു യുദ്ധം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ് അയാള്‍.

ദു:ഖം വരുമ്പോഴൊക്കെ തന്റെ മുഖം ഓര്‍മ്മിച്ചു കൊള്ളാനാണ് ദേവ പറഞ്ഞത്. എന്നിട്ടിപ്പോള്‍ സദാ കണ്മുമ്പില്‍ അവളുടെ മുഖം തന്നെ . ഓര്‍ക്കാതിരിക്കണമെന്നൊക്കെ പലപ്പോഴും കരുതിയതാണ്. എവിടെ തിരിഞ്ഞാലും ദേവയുടെ മുഖം മാത്രം. അവള്‍ വരച്ച ചിത്രങ്ങളും. സാരിയുടുത്ത വെളുത്ത ഉയരമുള്ള സ്ത്രീകളൊക്കെ ദേവയാണെന്ന് ചിലപ്പോഴൊക്കെ സങ്കല്‍പ്പിച്ചു പോകാറുണ്ട്.

അയാളുടെ മനസില്‍ നിന്നും എന്നോ പ്രണയം വറ്റിപ്പോയതായിരുന്നു. പ്രണയത്തിന്റെ ഉറവ കളിമണ്ണുകള്‍ ചേര്‍ത്ത് അടച്ചതാണ്. എങ്ങനെയോ ആ അടപ്പിന് ചോര്‍ച്ചയുണ്ടായി.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇന്ദുവിനോട് ആദ്യമായി പ്രണയം തോന്നിയത്. സ്കൂളിലും കോളേജിലുമെല്ലാം ഒന്നിച്ചായിരുന്നല്ലോ യാത്ര ചെയ്തിരുന്നത്. എപ്പഴോ ഒരിക്കല്‍ സര്‍വ ധൈര്യവും സംഭരിച്ച് പറഞ്ഞതാണ് തനിക്ക് പ്രണയമാണെന്ന് . പക്ഷെ അവള്‍ അയാള്‍ക്ക് മുമ്പേ നടന്നവന്റെ ഹൃദയത്തിലേക്ക് ഒരു നൂല്‍പ്പാലം പണിതു പോയി. പിന്നീടൊരിക്കലും ഒരു പെണ്ണിനോടും പ്രണയം തോന്നിയിട്ടില്ല. പ്രണയത്തോട് തന്നെ ഒരു തരം വെറുപ്പായിരുന്നു. വിവാഹത്തോടെ എന്നന്നേക്കുമായി കുഴിച്ചു മൂടപ്പെടുന്ന വെറുമൊരു ചീഞ്ഞ വികാരമാണ് പ്രണയമെന്ന് തോന്നി.

സലൂണില്‍ പോയി വെളുത്ത മുടിയിന്മേലെല്ലാം കറുത്ത മൈലാഞ്ചിയിടീക്കണം അയാള്‍ മനസ്സില്‍ കരുതി. നാളെ ദേവയെ കാണുന്ന ദിവസമാണ്. ഒരു വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളു. ആ കാഴ്ചകളാണ് ഇപ്പോഴും മനസ്സില്‍ ബിംബങ്ങളായി രൂപം കൊള്ളുന്നത്.

ദൈനം ദിന വാര്‍ത്തകളുടെ ഫ്രൂഫ് നോക്കുന്നതിനിടയില്‍ കണ്ടതാണ് 25 – ആം തീയതി ടാഗോര്‍ സെന്റിനറി ഹാളില്‍ ദേവയുടെ ചിത്രപ്രദര്‍ശനം . ആരാണീ ദേവ? ഡസ്ക്കിലെ സഹപ്രവര്‍ത്തകനായ സന്തോഷിനോട് ചോദിച്ചു. ഒരു യുവ ചിത്രകാരിയാണ്. ദീര്‍ഘകാലം ഡര്‍ഹിയിലായിരുന്നു. അതാ ഇവിടെ അത്ര അറിയപ്പെടാത്തത് സന്തോഷ് ആധികാരികമായിത്തന്നെ പറഞ്ഞു.

ടാഗോര്‍ സെന്റിനറി ഹാളില്‍ വലിയ ആള്‍ക്കൂട്ടമൊന്നും അയാള്‍ കണ്ടില്ല. ഞായറാഴ്ചയായതിനാല്‍ നല്ല പങ്കാളിത്തം വേണ്ടതാണ്. നഗരത്തില്‍ പ്രത്യേകിച്ച് മറ്റ് പരിപാടികളുമൊന്നുമില്ല. അടുത്തിടെ നടന്ന രേഖയുടെ ചിത്ര പ്രദര്‍ശനത്തിന് ധാരാളം ആളുകളുണ്ടായിരുന്നു . വരകളില്‍ ഒരു തരം നിഗൂഢത കാത്തു സൂക്ഷിച്ചു എന്നല്ലാതെ പ്രത്യേകിച്ചൊരു പുതുമയും ഉണ്ടായിരുന്നില്ല . പലരും പത്രങ്ങളിലും മാസികകളിലുമെല്ലാം ചിത്രങ്ങളെക്കുറിച്ചെഴുതി. അവര്‍ക്ക് ഈ ബുദ്ധിജീവികള്‍ക്കിടയിലെല്ലാം നല്ല സ്വാധീനമായിരുന്നല്ലോ. ബുദ്ധിജീവിജാടകള്‍ക്ക് മുമ്പില്‍ അവര്‍ ചാഞ്ഞും ചരിഞ്ഞു നിന്നു കൊടുത്തു.

‘’അധികമാരേയും ക്ഷണിച്ചില്ലേ? പാര്‍ട്ടിപ്പന്‍സ് കുറവാണല്ലോ?‘’ അയാള്‍ ദേവയോടു ചോദിച്ചു.

‘’ഇവിടെ എനിക്കാരേയും പരിചയമില്ല പത്ര വാര്‍ത്ത കൊടുത്തു’‘

‘’ ശ്രദ്ധിക്കപ്പെടേണ്ട ചിത്രങ്ങളാണ് നിങ്ങളുടേത്’‘’

‘’ താങ്ക്യു.. എന്താ പേര്?’‘

‘’ശിവന്‍ ഒരു പത്രമാഫീസിലാ പ്രൂഫ് റീഡറായിട്ട് . ദേവ?’‘

‘’ഡല്‍ഹിയില്‍ ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. ഇവിടെ എന്തെങ്കിലും നോക്കണം’‘

‘’ ഹസ്ബന്‍ഡ്?’‘

‘’ഡല്‍ഹിയില്‍ തന്നെ ഡന്റല്‍ സര്‍ജനാ..’‘

‘’ മനുഷ്യമനസ്സില്‍ നിഗൂഢമായിക്കിടക്കുന്ന തീക്ഷണഭാവങ്ങളാണ് വരച്ചിട്ടിരിക്കുന്നത്’‘

ദേവ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

ചിത്ര പ്രദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്ത ഒറ്റക്കോളത്തില്‍ ഒതുങ്ങി. അവളുടെ ചിത്രങ്ങളാണ് ആദ്യം അയാളുടെ മനസ്സില്‍ ആധിപത്യം ഉറപ്പിച്ചത്. മനസ്സില്‍ ചിത്രങ്ങളെക്കുറിച്ചുള്ള പുനരാവിഷ്ക്കാരം അയാളെ സ്വര്‍ഗീയാനുഭൂതിയിലെത്തിച്ചു.

ഡസ്ക്കിലേക്കയച്ച പത്രക്കുറിപ്പില്‍ നിന്നുമാണ് അവളുടെ ഫോണ്‍നമ്പര്‍ അയാള്‍ സ്വന്തമാക്കിയത്. വെറുതെ ഒന്ന് ഫോണ്‍ ചെയ്തു. ചിത്രകലയും സാഹിത്യവും സിനിമയുമായിരുന്നു സംസാര വിഷയം.

ഒറ്റ മുറി ഫ്ലാറ്റിന്റെ ചുവരുകളില്‍ വെറുതെ കണ്ണുകള്‍ പായിച്ചുകൊണ്ട് അയാള്‍ ചിന്തിച്ചു. തന്റെ ആദ്യരാത്രി പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും ഒരാഘോഷമായിരുന്നു… നഷ്ടപ്പെട്ടെന്ന് തോന്നിയ ജീവിതം തിരിച്ചു കിട്ടിയതിലുള്ള ആഘോഷം. ഇന്ദുവുമായുള്ള പ്രണയ പരാജയം വലിയ നഷ്ടം തന്നെയായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധവും ജീവിതത്തെ ചെളിക്കുഴിയിലേക്ക് വലിച്ചെറിയാന്‍ താത്പര്യമില്ലാത്തതുമൊക്കെയാണ് രേണുവുമായുള്ള വിവാഹത്തിന് സമ്മതം മൂളാന്‍ കാരണം തന്നെ. ഒരു നല്ല ഭാര്യയായിരിക്കുമെന്ന കണക്കു കൂട്ടലുകള്‍ വല്യ പ്രതീക്ഷ തന്നെയായിരുന്നു. ആ കരുതലുകള്‍ തെറ്റാണെന്ന് ബോധ്യപ്പെടാന്‍ സമയചക്രത്തിന്റെ ചെറിയൊരു അംശം പോലും വേണ്ടി വന്നില്ല എന്നോര്‍ക്കുമ്പോള്‍.

പെണ്ണിന്റെ ഗന്ധം നുകര്‍ന്ന് കൊണ്ട് അവളോട് ഒട്ടിക്കിടന്ന അയാളുടെ ചെവികളില്‍ അവള്‍ സ്വകാര്യമായി പറഞ്ഞു ‘’ എനിക്കീ കുടുംബ വ്യവസ്ഥിതിയില്‍ ഒന്നും യാതൊരു വിശ്വാസവുമില്ല. ഒരു കുഞ്ഞ് പിറന്നാല്‍ ഇതെല്ലാം ഉപേക്ഷിച്ച് ഞാന്‍ പോകും. എനിക്ക് ജീവിക്കാന്‍ കെ.എസ്. ഇ. ബി യിലെ ശമ്പളം ധാരാളം.’‘

ഭൂമിയും ആകാശവും ചേര്‍ന്ന് അയാളെ ഞെക്കിയമര്‍ത്തുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. സ്ത്രീ മനസ്സിന്റെ ഇഴപിരിയാത്ത നൂലുകള്‍ക്കിടയിലൂടെ സഞ്ചരിക്കുക എന്നത് എന്നും ഒരു വിദൂരസ്വപ്നം മാത്രമാണെന്ന് അയാള്‍ക്ക് തോന്നി.

മറുപടിയൊന്നും പറഞ്ഞില്ല. നവവധുവിന്റെ അപക്വമായ വാക്കുകളായിരിക്കുമെന്ന് അയാള്‍ സ്വയം സമാധാനം കണ്ടെത്തി. ആദ്യത്തെ മാസമുറ തെറ്റിയപ്പോള്‍ തന്നെ അവളില്‍ ഗൂഢസ്മിതം പ്രകടമായിരുന്നു. പിന്നീടങ്ങോട്ടുള്ള നാളുകളില്‍ രേണുവിന്റെ പ്രവൃത്തി ഏകപക്ഷീയമായിരുന്നു. ഒരു ജേതാവിന്റെ ഭാവം.

മുജ്ജന്മത്തെ ശത്രുവാണൊ ഈ ജന്മത്തില്‍ ഭാ‍ര്യയായി വന്നതെന്ന് അയാള്‍ക്ക് തോന്നി. വഴക്കിട്ടും, പരസ്പരം മിണ്ടാതിരുന്നും പത്ത് മാസം പൂര്‍ണ്ണമായി.

ആശുപത്രിക്കിടക്കയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലെന്നോണം അവള്‍ പറഞ്ഞു

‘’ ആദ്യരാത്രിയില്‍ ഞാന്‍ പറഞ്ഞതോര്‍ക്കുന്നില്ലേ? ഇനി നമ്മള്‍ തമ്മില്‍..! അപക്വമായ വാക്കുകള്‍ പക്വതയുള്ളവയായിത്തീരാന്‍ ഒരു ഗര്‍ഭകാലം പൂര്‍ണ്ണമാകേണ്ടി വന്നു. ആശുപത്രി ഗേറ്റിന് മുമ്പില്‍ നിന്ന്, ആരോടും പ്രതിഷേധമില്ലാതെ തന്നെ അയാള്‍ തനിക്കുള്ള വഴി തിരഞ്ഞെടുത്തു. രേണുവും കുഞ്ഞും സ്മൃതി പഥത്തില്‍ നിന്നും നേര്‍ത്ത് ഇല്ലാതാകാന്‍ അധികകാലം വേണ്ടി വന്നില്ല.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം സ്ത്രീ സാമീപ്യമില്ലാതെ.

ഇടക്ക് ദേവ ഫോണിലൂടെ പറയുമായിരുന്നു നീയെന്റെ വായാടിക്കുട്ടനാണ്.

അപ്പോഴൊക്കെ അയാള്‍ പഴയ ഇരുപതുകാരനായി പരിണമിക്കും. ദേവയോടുള്ള സമീപനത്തില്‍ അയാളൊരിക്കലും പരിധി ലംഘിച്ചിരുന്നില്ല. ഒരിക്കലും സൂര്യപ്രകാശം കാണാത്ത പ്രണയമായിരുന്നു മനസ്സ് നിറയെ.

തലയിലെ വെള്ള നാരുകള്‍ക്കെല്ലാം കറുപ്പ് നിറം പകര്‍ന്ന് അയാള്‍ മാനാഞ്ചിറയില്‍ അവള്‍ക്കായി കാത്തിരുന്നു. തിങ്ങി നിറഞ്ഞ മഴമേഘക്കാറുകള്‍ ആ‍കാശത്ത് മെല്ലെ മെല്ലെ എങ്ങോട്ടോ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

അധികം സമയം കാത്തിരിക്കേണ്ടി വന്നില്ല ദേവ വരാന്‍. നെറ്റിയില്‍ മുക്കുറ്റി ചാന്ത് ചാര്‍ത്തിയിരിക്കുന്നു . ഇളം പച്ച നിറമുള്ള ബ്ലൗസിന് മേലെ കസവ് സാരിയാണ് ചുറ്റിയിരിക്കുന്നത്.

ആകാശത്ത് തച്ചുടക്കപ്പെട്ട മേഘങ്ങള്‍ ഭൂമിയില്‍ ജലത്തുള്ളികളായി സംഘനൃത്തം ചെയ്യുന്നു . അവളോടൊപ്പം ഒറ്റക്കുടയില്‍ , ചേര്‍ന്ന് നിന്ന് പര്‍ക്കിലേക്ക് മെല്ലെ നീങ്ങി.

മഴയുടെ ആവേശം അല്‍പ്പമൊന്ന് ആറിത്തണുത്തപ്പോള്‍ ആളൊഴിഞ്ഞ ഒരു മൂലയില്‍ അവര്‍ ഇരുന്നു.

‘’എന്റെ ക്യാന്‍വാസുകളെല്ലാം ഞാന്‍ നിന്നെ ഏല്‍പ്പിക്കാം‘’ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ കൈവെള്ളയിലാക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

‘’ങും?’‘

‘’ഏയ് ഒന്നുമില്ല …ഇനിയെത്ര പ്രഭാതം എനിക്കു കാണാന്‍ കഴിയുമെന്നറിയില്ല’‘

‘’ എന്താ ദേവാ ഈ പറയുന്നത്?’‘

‘’ നീ എനിക്കു തന്ന സ്നേഹം അവാച്യമാണ്. ഭൂമിയില്‍ ഒരാളും ആരേയും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല’‘

‘’ അതിന്?’‘ മുമ്പോട്ടു തള്ളിയ അയാളുടെ കണ്ണുകളില്‍ വിഹ്വലതയുടെ രേഖാ ചിത്രം വരച്ചിട്ടിരുന്നു.

‘’ നിന്നോട് പറയാതെ പോകാമെന്ന് കരുതിയതാണ്. പിന്നെ തോന്നി നീയെന്നെ അന്വേഷിക്കും . കിട്ടിയില്ലെങ്കില്‍ ഒരു നിമിഷമെങ്കിലും നിനക്ക് എന്നോട് മുഷിപ്പ് തോന്നും. അവള്‍ പറയാതെ പോയി എന്ന്. അതൊഴിവാക്കാന്‍ വേണ്ടിയാണ് ഞാനിത് പറയുന്നത് . ഹൃദയം തകര്‍ന്നവളാണ് ഞാന്‍ ‘’ കൈവെള്ളയിലെ നിറഞ്ഞ മഴത്തുള്ളികളെല്ലാം ചേര്‍ത്ത് അവള്‍ മുഖത്തേക്ക് കുടഞ്ഞു.

‘’ വാട്ട് യൂ മീന്‍?’‘

‘’എന്റെ ഹൃദയത്തിന്റെ മധ്യ ഭാഗത്ത് ഒരു ചെറിയ ദ്വാരമുണ്ടായിരുന്നു. ഇപ്പോഴത് വലുതായിരിക്കുന്നു. ഒരു ചെറിയ പാളി മാത്രം ബാക്കി. അതും കൂടി തീര്‍ന്നാല്‍…’‘ സംസാരം മുഴുവനാക്കാന്‍ അനുവദിക്കാതെ ചുമ വന്നു കയറി . നിലക്കാത്ത ചുമയില്‍ നിന്നും ചെറിയൊരു ആശ്വാസത്തിനായി ഒടുവില്‍ അവള്‍ മുഖം അയാളുടെ കൈകളില്‍ തളര്‍ത്തിയിട്ടു.

അയാളുടെ കൈകളില്‍ നിന്നും രക്തം പാമ്പുകളേപ്പോലെ ഇഴഞ്ഞു നീങ്ങി.ഐ. സി. യു വിന്റെ ചില്ലു വാതിലുകള്‍ക്കിടയിലൂടെ , ഓക്സിജന്‍ മാ‍സ്ക് ഘടിപ്പിച്ച അവളുടെ മുഖം അയാള്‍ കണ്ടു. പുറത്തേക്കിറങ്ങി വന്ന ഡോക്ടറോടു ചോദിച്ചു.

‘’ സര്‍?’‘

‘’ ഒരു പ്രതീക്ഷയും വേണ്ട ഹൃദയം മാറ്റി വെക്കാതെ’‘

‘’ സര്‍ എന്റെ ഹൃദയം…?

‘’ങും.. ഡോക്ടര്‍ പുച്ഛത്തോടു കൂടിയാണ് അയാളെ നോക്കിയത്. ഒരാളെ കൊന്നിട്ട് മറ്റൊരാള്‍‍ക്ക് ഹൃദയം മാറ്റി വെക്കാന്‍ കഴിയാത്തതിലുള്ള നിസ്സഹായത ഡോക്ടറുടെ മുഖത്ത് ചായം തേച്ചതു പോലെ അയാള്‍ക്ക് തോന്നി.

ഡോക്ടര്‍ പോയ വഴിയില്‍ വൈദ്യശാസ്ത്രത്തിന്റെ നിഴലുകള്‍ അയാളെ നോക്കി കൊഞ്ഞനം കുത്തി. നിസ്സഹായത യാഥാര്‍ത്ഥ്യത്തിന്റെ വേഷം ധരിച്ച് കണ്മുമ്പില്‍.. ഫ്ലൂളറസെന്റ് ബള്‍ബുകള്‍ കറുത്ത വെളിച്ചം ചുരത്തുന്നത് പോലെ. ഓക്സിജന്‍ മാസ്ക് പുതിയ അവകാശിയെ തേടി നഴ്സിന്റെ കൈകളില്‍ ചുരുളുന്നത് മാത്രം അയാള്‍ ഇരുളില്‍ കണ്ടു.

Generated from archived content: story1_sep20_12.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here