രണ്ട്‌ റോസാപ്പൂക്കളിൽ ഒന്ന്‌ മണമില്ലാത്തത്‌

തികച്ചും ഏകാന്തമായ അന്തരീക്ഷത്തിൽ ഉത്തരം നോക്കി അല്ലെങ്കിൽ വയലിലെ മാക്രികൾ കരയുന്നത്‌ കേട്ട്‌ അതിലൊരു സംഗീതം ദർശിച്ച്‌ ഇനിയുമീ ജീവിതത്തിന്റെ ബാക്കിപത്രം എത്രയുണ്ടെന്നറിയാതെ അഥവാ ആ ബാക്കി പത്രത്തിന്റെ ആയുസ്സിന്‌ ദൈർഘ്യം കുറഞ്ഞെങ്കിലെന്ന്‌, ഇടയ്‌ക്കൊക്കെ നിശ്ശബ്‌ദമായി പ്രാർത്ഥിക്കുന്നമനസ്സിനെ, എങ്ങനെ നിയന്ത്രിക്കേണ്ടുവെന്നറിയാതെ ലീന ഇടയ്‌ക്കൊക്കെ വിമ്മിഷ്‌ടപ്പെടാറുണ്ട്‌.

പക്ഷേ ഇന്ന്‌ മനസ്സിന്‌ സന്തോഷം തോന്നുന്നു.

ഓർമ്മകൾക്ക്‌ സാക്ഷിയായവാനാണ്‌ ഇപ്പോൾ മുമ്പിൽ. നല്ല മഴയത്ത്‌ കുടയും ചൂടി, മെർക്കുറി ബൾബുള്ള ടോർച്ചും തെളിയിച്ച്‌ ആരോ വരുന്നത്‌ കണ്ടപ്പോൾ അവനായിരിക്കുമെന്ന്‌ കരുതിയില്ല. ഹവായ്‌ ചെരുപ്പിന്റെ ചെളി തെറിക്കുന്ന ശബ്‌ദം മെല്ലെ മെല്ലെ അടുത്തെത്തിയപ്പോൾ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ തെളിഞ്ഞ മുഖം കണ്ട്‌ ലീന അമ്പരന്നു. ആദ്യമൊന്നമ്പരന്നെങ്കിലും ആ അമ്പരപ്പ്‌ മാറ്റി. അവൾ രാഗേഷിനെ കോലായിലേക്ക്‌ ക്ഷണിച്ചു. ഏറെ കാലത്തിന്‌ ശേഷമാണ്‌ ഈ വീട്ടിൽ രാത്രി ഒരതിഥി വരുന്നത്‌. രാത്രി ഞ്ജരന്മാർ ഏറെ ആവശ്യപ്പെട്ടിരുന്നു. അതിഥിയായി വരാൻ. ആഗ്രഹങ്ങൾക്ക്‌ സ്വയം നിർവൃതി കണ്ടെത്തുക എന്ന്‌ ചിലപ്പോൾ കണിശമായി പറഞ്ഞും മറ്റ്‌ ചിലപ്പോൾ രൂക്ഷമായി ഒന്ന്‌ നോക്കുക മാത്രം ചെയ്‌തും അവരിൽ നിന്നെല്ലാം അദൃശ്യമായ ഒരു സുരക്ഷാവലയം തീർത്തിരുന്നു.

ആഗ്രഹങ്ങൾ മൂർച്ഛയേറിയ വാളുകളായി ചിലപ്പോൾ മനസ്സിൽ തറിക്കുമ്പോൾ ഈ വലയത്തിന്‌ വിള്ളൽ വീഴുമോ എന്ന്‌ ഭയപ്പെട്ടിട്ടുണ്ട്‌.

എപ്പോൾ വന്നു എന്ന അവളുടെ ചോദ്യത്തിന്‌ ഇന്നലെ എന്നായിരുന്നു അവന്റെ ഉത്തരം. വിനുവിന്റെ മരണത്തിന്‌ ശേഷം, അവൾ രാഗേഷിനെ കാണുന്നത്‌ ആദ്യമായിട്ടാണ്‌, നീണ്ട ആറ്‌ വർഷങ്ങൾ കടന്നു പോയി, കഴിഞ്ഞ ആറു വർഷങ്ങൾ ആറു യുഗങ്ങളായിരുന്നു. കാത്തിരിക്കാനോ, പ്രതീക്ഷകൾക്കോ ആരുമില്ലാതാകുമ്പോൾ പലപ്പോഴും ജീവിതം എന്തിന്‌ എന്ന ചോദ്യം ഉയരാറുണ്ട്‌. മനുഷ്യന്റെ ഇച്ഛയ്‌ക്കനുസൃതമായല്ല ഓരോരുത്തരുടെയും ജനനം എന്നതിനാൽ തന്റെ ആഗ്രഹത്തിനനുസരിച്ച്‌ മരിക്കാനുള്ള അവകാശവും മനുഷ്യനില്ല എന്ന തിരിച്ചറിവുള്ളത്‌ കൊണ്ടാണ്‌ ആത്മഹത്യയെ കുറിച്ച്‌ ചിന്തിക്കാതിരിക്കുന്നത്‌.

ആറു – വർഷത്തിനിടെ എന്തെല്ലാം ദുരന്തങ്ങൾ തന്റെ ജീവിതത്തിലുണ്ടായി? ഒന്ന്‌ ഫോൺ ചെയ്യാമായിരുന്നു, അല്ലെങ്കിൽ ഒരെഴുത്തെങ്കിലും…ഓ…. അല്ലെങ്കിലും അവനെഴുതാതിരുന്നതിൽ പരിഭവിക്കുന്നതിൽ അർത്ഥമില്ല. വർഷങ്ങൾക്ക്‌ മുമ്പ്‌ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ, സൗജന്യമായി മൂന്ന്‌ വർഷക്കാലം ട്യൂഷനെടുത്തുകൊടുത്തു എന്നൊരു ബന്ധം. അതിന്‌ പകരമായി തന്റെ പ്രണയലേഖനങ്ങളും സന്ദേശങ്ങളും വിനുവിന്‌ എത്തിക്കുന്നദൂതനായും അവനെ താൻ പ്രയോജനപ്പെടുത്തിയില്ലെ? “വിനു ഒരു ദുരന്തമായിട്ടാണെങ്കിലും ടീച്ചർക്കത്‌ നഷ്‌ടമായി പക്ഷേ….. ഇനിയും…..”

“ജീവനുള്ള ഓർമ്മകൾ ജീവനുള്ള വസ്‌തുക്കളേക്കാൾ നല്ല താങ്ങായിരിക്കും. അത്തരം ഓർമ്മകൾക്ക്‌ മേൽ മണ്ണിട്ട്‌ മൂടുന്നത്‌ ശരിയല്ലല്ലോ…..”

മണ്ണെണ്ണ വിളക്കിന്റെ തിരിക്ക്‌ അല്‌പം നിറം കൂടിയപ്പോഴാണ്‌ അവളവന്റെ മുഖം ശ്രദ്ധിച്ചത്‌. തന്റെ മുമ്പിൽ അച്ചടക്കത്തോടും തെല്ലൊരു ഭയത്തോടും കൂടി ഇരുന്ന്‌ തന്റെ വായിൽ നിന്ന്‌ വീഴുന്ന മൊഴിമുത്തുകൾ പെറുക്കിയെടുത്ത്‌ നോട്ടുപുസ്‌തകത്തിൽ പകർത്തിയെഴുതിയ ആ എട്ടാം ക്ലാസ്സുകാരനല്ല ഇപ്പോൾ മൂക്കിന്‌ താഴെയുണ്ടായിരുന്ന മൃദുലമായ രോമങ്ങൾക്കു പകരം, കറുത്ത കട്ടിയുള്ള മീശ, കൂർത്തമുഖം ഇപ്പോൾ വൃത്താകൃതിയിലായിരിക്കുന്നു. മെലിഞ്ഞശരീരം ഇപ്പോൾ തടിച്ചിരിക്കുന്നു.

ഒരു സുന്ദര രൂപം

സമ്പന്നതയുടെ എല്ലാ ലക്ഷണങ്ങളുമുണ്ട്‌ ആ മുഖത്ത്‌.

“അമ്മയ്‌ക്കെന്തായിരുന്നു അസുഖം?”

“രണ്ട്‌ വൃക്കകളും നശിച്ചു പോയിരുന്നു. മാസങ്ങളോളം ഡയാലിസിസ്‌ ചെയ്‌തു നോക്കി. ഒടുവിൽ ഈ വീടും മുറ്റവും കേളോത്ത്‌ ഹാജിയാരാൽ വലയം ചെയ്യപ്പെട്ട ദ്വീപ്‌ പോലെയായി എന്നിട്ടും….

അമ്മയുടെ മരണത്തിന്‌ ശേഷം അച്ഛന്റെ മദ്യപാനശീലം വർദ്ധിച്ചു. ഒടുവിൽ അത്‌ ലിവർ സീറോസിസിൽ അന്ത്യം കുറിച്ചു.” ‘ഉം’ രാഗേഷ്‌ ഒന്നിരുത്തി മൂളുക മാത്രം ചെയ്‌തു. കൊണാട്ട്‌ പ്ലേസിലെ ഒറ്റ മുറി ഫ്ലാറ്റിൽ നിന്നിറങ്ങി ഓഫീസിലേക്ക്‌ തിരക്കിട്ട്‌ പോകുന്നതിനിടയിലാണ്‌ സുഗുണന്റെ ഫോൺ വന്നത്‌.

എടാ….നമ്മുടെ വിനുവേട്ടൻ…. കൊയിലാണ്ടിക്കടുത്ത്‌ വെച്ച്‌ അവൻ സഞ്ചരിച്ച ബസ്സ്‌ ലോറിയുമായി……“

പെട്ടെന്ന്‌ മനസ്സിലേക്ക്‌ ഓടി വന്നത്‌ ലീനേച്ചിയുടെ മുഖമാണ്‌. വിനുവിന്‌ ഒരു ജോലി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നല്ലോ ഒരിക്കൽ അയാളുടെ കത്തിലുണ്ടായിരുന്നു.

”എടാ… പി.എസ്‌.സി. എഴുതി മടുത്തു. ഓരോരുത്തരും അധികാരത്തിൽ വരുമ്പോൾ അവരുടെ പാർട്ടിക്കാരെ കുത്തിനിറക്കുകയാണ്‌. പാർട്ടിയില്ലാത്ത നമ്മളെ പോലുള്ളവർ എന്നും പുറത്ത്‌. നീ ഡൽഹിയിൽ എന്തെങ്കിലും ഒരു ജോലി….“ ശ്രമിക്കാതിരുന്നിട്ടില്ല പക്ഷേ, അക്കാദമിക്കൽ വിദ്യാഭ്യാസം മാത്രമുള്ളവരെക്കാൾ കമ്പനിക്കാവശ്യം സാങ്കേതികജ്‌ഞ്ഞാനമുളളവരെയാണ്‌. പിന്നീടെപ്പോഴോ രാഗേഷിന്റെ ബോധത്തിൽ നിന്നും വിനുവും ലീനയുമെല്ലാം അപ്രത്യക്ഷമായി. കൊൽക്കത്തക്കാരി ഉമാമുഖർജിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം അയാളെ പൂർണമായും ഒരു ഉത്തരേന്ത്യക്കാരനാക്കി. സോഷ്യൽ നെറ്റ്‌വർക്കിന്റെ കുത്തൊഴുക്കിൽ കരയ്‌ക്കടുപ്പിക്കാൻ കഴിയാതെ ഒഴുകി നടന്ന ഉമാമുഖർജിക്ക്‌ അയാളുടെചെറുപ്പകാലവും പ്രണയദൂതനായതുമെല്ലാം ഒരു മുഷിപ്പൻ ഓർമ്മകൾ മാത്രമായിരുന്നു. ഓർമ്മകൾ പങ്കുവെയ്‌ക്കപ്പെടാതിരുന്നപ്പോൾ അതിനെ പൂപ്പൽ പൊതിഞ്ഞു.

”ചേച്ചിയും ഭർത്താവും കൂടെ താമസിക്കാൻ വരാറില്ലെ?“

”ആണ്ടിലൊരുന്നാൾ വിഷുവിന്‌.“

”വിവാഹത്തെകുറിച്ച്‌ ചിന്തിച്ചിരുന്നില്ലെ“

”അച്ഛനുള്ളപ്പോഴൊക്കെ ഓരോ ആലോചനകൾ കൊണ്ടു വന്നിരുന്നു. വിനുവേട്ടനെ മറന്നൊരു ജീവിതം…. അച്ഛന്റെ മരണശേഷം അതും നിലച്ചു.“ പിന്നെ ഏറെ നേരം സംസാരിച്ചില്ല. രാകേഷ്‌ ടോർച്ചും തെളിയിച്ച്‌ ഇരുട്ടിലേക്ക്‌ ഇറങ്ങിച്ചെന്നു.

പോകുമ്പോൾ അയാൾ പറഞ്ഞു.

”ഞാൻ കൂടെയുണ്ടാകും എന്തിനും.“

കമ്പനിയിൽ നിന്നും സന്ദേശം വന്നിരിക്കുന്നു. പുതിയ പദ്ധതിക്ക്‌ തുടക്കം കുറിച്ചതിനാൽ ഉടനെ എത്തണമെന്ന.​‍്‌ തന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന നാടിനെയും പിരിഞ്ഞു രാകേഷ്‌ പോകാൻ തയ്യാറെടുത്തു. ഒരു പഥികന്റെ ഭാണ്ഡവുമേറികൊണ്ട്‌ ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറുമ്പോൾ തന്റെ ഹൃദയത്തിൽ നിന്നും ഒരു നാടിനെ പറിച്ചു മാറ്റുകയായിരുന്നു.

കൊണാട്ട്‌ പ്ലേസിലെ ഒറ്റ മുറി ഫ്ലാറ്റിൽ ഉമാമുഖർജി ഒറ്റയ്‌ക്കായിരിക്കുമെന്ന്‌ രാഗേഷിന്‌ അറിയാമായിരുന്നു. എന്നിട്ടും അയാൾ അവളെ കുറിച്ച്‌ വേവലാതിപ്പെട്ടില്ല. അവൾക്ക്‌ അയാളുടെ സംരക്ഷണമാവശ്യമില്ലെന്ന്‌ നന്നായറിയാം.

രാത്രിയാമങ്ങളിൽ നാഭിയിൽ നിന്നും ഒരുൾവിളിയുണ്ടാകുമ്പോൾ ആഗ്രഹനിർവൃതിയ്‌ക്കുള്ള ത്രിശൂലത്തിന്റെ ഉടമയായി മാത്രം അവൾ അയാളെ കണ്ടു. കഴിഞ്ഞ ഒരു മാസം അവൾ എന്തു ചെയ്‌തു എന്നതിനെക്കുറിച്ചും അയാൾ ചിന്തിച്ചില്ല. അത്തരം ചിന്തകൾ നിരർത്ഥകമാണന്ന്‌ അയാൾക്കറിയാം. പ്രത്യേകിച്ച്‌ ഒരു സ്‌ത്രീക്ക്‌ ആഗ്രഹനിർവൃതിയ്‌ക്ക്‌ നിരവധി മാർഗ്ഗങ്ങളുള്ള ഈ യുഗത്തിൽ. അല്ലെങ്കിലും ഭാര്യയായി എന്നതിൽ പശ്ചാത്താപിക്കുന്നവളാണല്ലോ ഉമ.

വൈവിധ്യമില്ലാതാകുമ്പോൾ നിർവീര്യമാക്കപ്പെടുന്ന പുരുഷന്മാർ പ്രപഞ്ചത്തിലെ ഏറ്റവും ഉപയോഗശൂന്യമായ വസ്‌തുക്കളെന്നാണ്‌ അവൾ പറയാറ്‌.

ഡൽഹി റെയിൽവേസ്‌റ്റേഷനിൽ പതിവിലേറെ തിരക്കുണ്ട്‌. ഈ തിരക്കിനിടയിൽ നിന്നും എങ്ങനെയോ പുറത്ത്‌ കടന്ന്‌ രാഗേഷ്‌ ഫ്രീപെയ്‌ഡ്‌ ടാക്‌സിയിൽ കയറി കൊണാട്ട്‌ പ്ലേസിലേക്ക്‌ കുതിച്ചു. എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും ലീനേച്ചിയുടെ മുഖം മായ്‌ക്കാൻ കഴയുന്നില്ല. സഫലീകരിക്കപ്പെടില്ല എന്നറിഞ്ഞിട്ടും ആത്മാവിന്റെ അനുഭൂതിക്ക്‌ വേണ്ടി മാത്രമുള്ള കാത്തിരിപ്പ്‌. ആത്മാവിന്‌ രതിനിർവ്വേദമുണ്ടോ എന്നയാൾക്കറിയില്ല. ഉണ്ടാകാം എന്ന നിഗമനത്തിൽ അയാൾ എത്തിച്ചേർന്നു. ഇല്ലങ്കിൽ പിന്നെ എന്തിനീ കാത്തിരിപ്പ്‌? ഇനിയൊരാളോടും പ്രണയം തോന്നാത്ത വിധത്തിൽ മനസ്സിലെ പ്രണയം വറ്റി പോയതാണോ? പ്രണയവിവാഹമാണെങ്കിലും തനിക്കിപ്പോൾ ഉമയോട്‌ അല്‌പം പോലും പ്രണയം തോന്നുന്നില്ല എന്ന യാഥാർത്ഥ്യം മറ്റൊരു ചോദ്യചിഹ്നമായി അയാളിൽ രൂപാന്തരപ്പെട്ടു. ഗ്രെഗർസാംസയ്‌ക്ക്‌ പാറ്റയായി രൂപാന്തരപ്പെടാമെങ്കിൽ തനിക്ക്‌ ഒരിക്കൽ കൂടി കാമുകനായി പരിണമിക്കാമെന്നും അയാൾ ചിന്തിച്ചു. കീശയിൽ നിന്നും തിരികെയെടുത്ത താക്കോൽ കൊണ്ട്‌ വാതിൽ തുറന്ന രാഗേഷ്‌ തികച്ചും നിസ്സംഗനായി അകത്ത്‌ പ്രവേശിച്ചു. ഉമ എവിടെയെങ്കിലും ചുറ്റിത്തിരിയാൻ പോയിട്ടുണ്ടാകുമെന്നറിയാം. മൊബൈലിൽ ഒന്ന്‌ ശ്രമിച്ചാലോ, വേണ്ട പോയി വരട്ടെ ഭർതൃരക്ഷതി യൗവ്വനേ എന്നത്‌ പ്രസക്തി നഷ്‌ടപ്പെട്ട വാചാകമായി അയാൾക്കു തോന്നി. സ്‌ത്രീ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കാലമാണ്‌ യൗവ്വനം. ഭർത്താവ്‌ എന്ന മുദ്ര ചാർത്തിവന്നവന്റെ സംരക്ഷണം സ്വീകരിച്ചാൽ സ്വാതന്ത്ര്യം പണയപെത്തടുത്തേണ്ടിവരുമെന്ന തിരിച്ചറിവിലാണ്‌ സ്‌ത്രീകളുടെ യൗവ്വനം.

രണ്ട്‌ ദിവസത്തെ യാത്രയുടെ ആലസ്യം അല്‌പമൊന്ന്‌ വിട്ട്‌ മാറിയതിന്‌ ശേഷമാണ്‌ രാഗേഷ്‌ തന്റെ ലാപ്‌ടോപ്പിന്‌ മുമ്പിൽ ചെന്നിരുന്നത്‌. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇന്റർനെറ്റും മൊബൈൽ ഫോണൊന്നും ഇല്ലാതെയായിരുന്നല്ലോ താൻ ജീവിച്ചത്‌. ചിന്തകൾക്കു ജീവൻ നൽകുന്നതിൽ തടസ്സം നിൽക്കുന്നവയാണ്‌ ഇത്തരം ആധുനിക സംവിധാനങ്ങൾ. ഇടമുറിയാതെ ഒരു സംഭാഷണവും പൂർത്തിയാക്കാൻ കഴിയാത്ത അവസ്‌ഥ. പുതിയ പ്രൊജക്‌ടിന്റെ വിശദവിവരങ്ങൾ മെയിൽ ബോക്‌സിൽ വന്നിട്ടുണ്ടാകും. അവയെല്ലാം മനസിലാക്കിയിട്ടു വേണം നാളെ മുതൽ കളത്തിലിറങ്ങാൻ.

ഇൻബോക്‌സിൽ അൺറീഡ്‌ മെസേജുകൾ ധാരാളം ഉണ്ട്‌. ഓരോന്നായി പരിശോധിക്കുന്നതിനിടയിലാണ്‌ ഉമാമുഖർജിയുടെ സന്ദേശം പ്രത്യക്ഷപ്പെട്ടത്‌. തനിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നുവെന്ന ഒറ്റ സന്ദേശം മാത്രം.

അയാളുടെ മുഖത്ത്‌ പ്രത്യേകിച്ച്‌ ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല. സന്തോഷമോ സഹതാപമോ ഒന്നും തന്നെയില്ല. രാഗേഷ്‌ പുതിയ ഒരു മെയിൽ കമ്പോസ്‌ ചെയ്‌തു. ആഗ്രഹങ്ങളും ഒപ്പം ക്ഷണിക്കലും കൂടിയുള്ള ഒരു സന്ദേശം. മെയിൽഅഡ്രസ്‌ ടൈപ്പ്‌ ചെയ്യാൻ ശ്രമിച്ചപ്പോഴാണ്‌ അയാൾക്കു ഒരു തിരിച്ചറിവുണ്ടായത്‌. യൂസർ ഐഡിയും പാസ്‌വേഡും സോഷ്യൽ നെറ്റ്‌ വർക്കും ഇല്ലാത്ത ഒരു ലോകമാണ്‌ ലീനേച്ചിയുടേതെന്ന്‌.

Generated from archived content: story1_nov4_10.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here