നാല് മാസത്തെ സുന്ദരമായ അവധി ദിനങ്ങൾ വിട്ട്‌പിരിഞ്ഞ വിഷമത്തോടെയാണ് മധുസൂദനമേനോൻ തന്റെ കസേരയിൽ ചെന്നിരുന്നത്. കഴിഞ്ഞ നാല് മാസങ്ങൾ നാല് യുഗങ്ങളെപ്പോലെയാണ് അയാൾക്കനുഭവപ്പെട്ടത്. മഴയിലേക്കും പുഴയിലേക്കും ഇറങ്ങിച്ചെന്ന നാളുകളായിരുന്നു. വർത്തമാന കാല നിമിഷങ്ങൾ ചരിത്രങ്ങളായി മാറുന്നത്, ഏറെ വേദനയോടെയാണ് അയാൾ നോക്കിക്കാണുന്നത്. വർത്തമാനത്തിന്റെയും ചരിത്രത്തിന്റെയും സംഗമസ്‌ഥാനത്ത്, ഒട്ടൊരു നിസ്സഹായതയോടെ എന്നാൽ വേദനകളെ പ്രകടമാക്കാതെയുമാണ് അയാൾ കാലങ്ങളെ വേർതിരിക്കുന്നത്.
എയർ കണ്ടീഷൻ മെഷീന്, ചില്ലിട്ട മുറിയിലെ ഉഷ്‌ണത്തെ പ്രതിരോധിക്കത്തക്കവിധം തണുപ്പ് പ്രദാനം ചെയ്യാൻ കഴിയുന്നില്ല എന്ന് മനസ്സിലാക്കിയ അയാൾ ആ യന്ത്രത്തെ മുഴുവൻ ശക്തിയിലും ചലിപ്പിച്ചു. ഇപ്പോൾ മുറിയിൽ മാത്രമല്ല തന്റെ മാംസത്തിനകത്തെ ഒരോ കോശങ്ങളിലും തണുപ്പ് തറച്ചുകയറുന്നതായി അയാൾക്കനുഭവപ്പെട്ടു. കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ടൈ അല്‌പമൊന്ന് അയച്ചിട്ടതിന് ശേഷം കസേരയിൽ ചാഞ്ഞിരുന്ന് അർധോക്തിയിൽ കണ്ണുകളടച്ച് ബോധതലത്തിൽ നിന്നും അബോധതലത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്ന നിമിഷത്തിലാണ് സെക്രട്ടറി ആഞ്ചലീന അനുവാദം ചോദിക്കാതെ അകത്ത് കടന്നു വന്നത്. വാതിലിന്റെ കിരുകിരാ ശബ്‌ദം കേട്ടാണ് അബോധമണ്ഡലത്തിൽ നിന്നും തിരികെയെത്തിയത്. അനുവാദം ചോദിക്കാതെ അകത്ത് കടന്ന് വന്നതിലുള്ള അനിഷ്‌ടം മുഖത്ത് നിന്ന് മായ്‌ച്ച് കളയാൻ അയാൾ തയ്യാറായില്ല.
ഒട്ടൊരു കുറ്റബോധത്തോട് കൂടിയാണ് ആഞ്ചലീന അയാളുടെ മുമ്പിൽ നിൽക്കുന്നത്. എന്നാൽ സോറി സാർ എന്നൊട്ട് പറഞ്ഞുമില്ല. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ മുപ്പത്തിയഞ്ച് കോടിയുടെ ക്രെഡിറ്റ് ചെക്കുകൾ ബൗൺസ് ആയതിന്റെ രേഖകളുമായാണ് അവൾ വന്നത്. കാലിന്റെ തള്ള വിരലിൽ നിന്ന് തുടങ്ങിയ ദേഷ്യമെന്ന വികാരം ശരീരം മുഴുവൻ ഞവരക്കിഴിപോലെ ഉഴിഞ്ഞ് മുഖവും കണ്ണുകളും ചുവപ്പിച്ച് തലമുടി ഉഴുതു മറിച്ച് കസേരയിൽ വട്ടം കറങ്ങി നിന്നു.
“ഇന്ന് തന്നെ കേസ് ഫയൽ ചെയ്യണം. ”ഈ വാക്കുകളിൽ അയാൾ ഉപസംഹരിച്ചു. പിന്നെ, മേശമേൽ കൈ മുട്ട് കുത്തി മുമ്പോട്ടേക്ക് അല്‌പം വളഞ്ഞിരുന്നു.
തുറന്നിട്ട വാതിലിനിടയിലൂടെ രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി മാത്സര്യത്തോടെ ഓടി അവയിലൊന്ന് ആഞ്ചലീനയുടെ കാലിൽ തട്ടി മേശയ്‌ക്കിടയിലൂടെ മധുസൂദനമേനോന്റെ കാലിനടിയിൽ പരുങ്ങി നിന്നു. തത്‌ക്ഷണം തത്സ്‌ഥാനത്തേക്ക് ഓടി വന്ന മറ്റേ പൂച്ച ഒന്നാമതെത്തിയ പൂച്ചയ്‌ക്ക് നേരെ ചീറിയടുത്തു. പ്രസ്‌തുത വെപ്രാളത്തിനിടയിൽ ഒന്നാം പൂച്ചയുടെ നീണ്ടു കൂർത്ത നഖങ്ങൾ തറച്ചു കയറിയത് മധുസൂദനമേനോന്റെ സോക്‌സിട്ട കാലിൽ.
“എന്താണിത്. പൂച്ചകളുടെ ആവാസകേന്ദ്രമോ”
കനത്ത ശബ്‌ദ തരംഗങ്ങൾ ക്യാബിനിന്റെ നാല് ഭിത്തികളിലും തട്ടി പ്രതിധ്വനിച്ച് പരസ്‌പരം കൂട്ടിയിടിച്ച് അവയിലെ പിണ്‌ഢങ്ങൾ നിലത്ത് വീണുടഞ്ഞു. അടി വസ്‌ത്രത്തിൽ നാപ്‌കിനുകളില്ലായിരുന്നെങ്കിൽ ആഞ്ചലീനയുടെ മൂത്രത്തുള്ളികൾ നിലത്ത് പെയ്‌തൊഴിയുമായിരുന്നു.
“ഐ സേ യു ഗെറ്റൗട്ട് ആൻഡ് റിമോവ് ഓൾ ദീസ് നോൺസെൻസ് നൗ ഇറ്റ്‌സെൽഫ്” ദേഷ്യം അതിന്റെ ഭംഗിയോടും തീവ്രതയോടും കൂടി പ്രകടിപ്പിക്കാൻ പറ്റിയഭാഷ ആംഗലേയമാണെന്ന് ധ്വനിപ്പിക്കും വിധമാണ് മധുസൂദനമേനോന്റെ പ്രതികരണം. ആഞ്ചലീന ക്യാബിനിന്റെ അർധവാതിൽ തുറന്ന് ധൃതിയിൽ നടന്ന് തന്റെ കസേരയിൽ ചെന്നിരുന്ന് തൂവ്വാലകൊണ്ട് കഴുത്തിലും മുഖത്തും പതിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചുമാറ്റി.
മധുസൂദനമേനോൻ തന്റെ തുറിച്ച കണ്ണുകളുമായി കസേരയ്‌ക്കടിയിൽ പുച്ചകളെ പരതി. മനേജരുടെ ബഹളത്തിനിടയിൽ വെപ്രാളം പൂണ്ട പൂച്ചകൾ എങ്ങോ അപ്രത്യക്ഷമായിരിക്കുന്നു. അയാൾ ഷൂസും സോക്‌സും അഴിച്ചുമാറ്റി സൂക്ഷ്‌മ പരിശോധനനടത്തി നഖത്തിന്റെ അടയാളത്തിൽ നിന്നും വേനലുറവ പോലെ ഒഴുകി വരുന്ന രക്തതുള്ളികൾ! പൂച്ചയുടെ നഖത്തിനും പല്ലിനും വിഷമുണ്ടാകുമെന്ന് അയാൾ ഭയന്നു. ഒരു പക്ഷേ റാബീസിനു പോലും സാധ്യതയുണ്ടാകാമെന്നും അയാൾ ഭയന്നു. തന്റെ പ്രിയപ്പെട്ട ജലത്തുള്ളികൾ തന്നെ പേടിപ്പെടുത്തുന്നവയായി പരിണമിച്ചേക്കാം. വായിൽ നിന്നും നുരകളും ഉമിനീരും വാർന്നൊലിച്ചേക്കാം. തന്നെ ബന്ധിച്ച മുറിയുടെ ജനവാതിലിലൂടെ നിരവധി കണ്ണുകൾ ആകാംക്ഷയോടും ഭീതിയോടും കൂടി തന്നെ തുറിച്ചുനോക്കുന്നതായി അയാൾ കണ്ടു. തന്റെ ഗന്ധം പോലും പുത്രകളത്രാദികൾക്ക് ഭയമുണ്ടാക്കുന്നതായി അയാൾക്കനുഭവപ്പെട്ടു. മധുസൂദനമേനോൻ മാനേജർ ക്യാബിനിൽ നിന്നും വെപ്രാളപ്പെട്ട് പുറത്തേക്കിറങ്ങി തന്റെ കറുത്ത കാർ സ്‌റ്റാർട്ട് ചെയ്‌ത് ആശുപത്രിയിലേക്ക് കുതിച്ചു. തന്റെ വേഗത തടുത്ത് നിർത്താൻ ശ്രമിച്ച സിഗ്നൽ ലൈറ്റുകളെപ്പോലും അയാൾ അവഗണിച്ചു.
ഏതോ വലിയ ക്രിമിനലായിരിക്കുമെന്ന് കരുതി പോലീസ് അയാളെ വെറുതെ വിട്ടു. എന്തിന് വെറുതെ വലിയ ഗൂലുമാൽ തലയിൽ ചുമക്കണം എന്ന് കരുതിയിരിക്കാം. ആശുപത്രിയിൽ ആഢംഭര കാറുകളുടെ ആഗമനവും നിർഗമനവും സ്വേച്ഛാധിപതികളായ ചക്രവർത്തിമാർ പണിതതിനെ വെല്ലുന്ന തരത്തിലാണ് ഓരോ ആശുപത്രികളും പണിതത്. വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്ന കെട്ടിടത്തിന്റെ രൂപരേഖകൾ കാറിൽ നിന്നിറങ്ങി ആശുപത്രിയിലേക്ക് കടക്കുമ്പോൾ തന്നെ സുന്ദരികളായ രണ്ട് മാലാഖമാർ വന്ന് ഇടത് വലത് ഭാഗങ്ങളിൽ അംഗരക്ഷകരായി നിന്ന് കൗണ്ടറിലേക്ക് ആനയിച്ചു. മുൻകൂർ പണമടച്ചതിന് ശേഷം മാത്രമേ ഡോക്‌ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് പ്രവേശനമുള്ളൂ. പണമില്ലത്തവനെ വെറുതെ അകത്ത് കടത്തിവിട്ട് ഡോക്‌ടറുടെ വിലയേറിയ സമയം കളയുന്നത് ശരിയല്ലല്ലോ. പണമില്ലാത്തവന് ഏതെങ്കിലും ധർമ്മാശുപത്രിയെ സമീപിക്കാം. സമരപ്പന്തലിൽ നിന്നിറങ്ങിവന്ന് ഡോക്‌ടർമാർ ചിലപ്പോൾ പരിശോധിച്ചേക്കാം. നേഴ്‌സ് വെളുത്ത പഞ്ഞികൊണ്ട് സോക്‌സിനടിയിലെ രക്തക്കട്ടകൾ ഒപ്പിയെടുത്ത് മരുന്ന് പുരട്ടി.
രക്തം, കഫം, മലം, മൂത്രം തുടങ്ങിയവ കൂടാതെ എം ആർ ഐ സ്‌കാനിംഗിനും ഡോക്‌ടർ കുറിപ്പ് നൽകി. കൂലംകുഷിതമായി ചിന്തിച്ചിട്ടും എൻ ആർ ഐ സ്‌കാനിംഗിന്റെ ആവശ്യകതയെക്കുറിച്ച് മാത്രം അയാൾക്ക് ബോധ്യപ്പെട്ടില്ല. തങ്ങളെക്കാൾ ജ്ഞാനമുള്ളവർ നമുക്ക് അദൃശ്യമായ കാര്യങ്ങൾ കണ്ടെത്തുമെന്ന ആശ്വാസത്തിൽ ഓരോ ടെസ്‌റ്റിനും മുൻകൂർ പണമടച്ചുകൊണ്ടിരുന്നു.
ആശ്വാസം ഭയപ്പെടാനൊന്നുമില്ലത്രേ! എങ്കിലും പതിനാല് ദിവസം പൂച്ചക്കുഞ്ഞുങ്ങൾ നിരീക്ഷണത്തിലായിരിക്കണമെന്ന നിബന്ധന അയാളെ വിമ്മിഷ്‌ടപ്പെടുത്തി. പൂച്ചകൾ പരിസരത്ത് തന്നെ ഉണ്ടാകുമെന്ന വിശ്വാസത്തിൽ അതെ എന്നയാൾ മറുപടിയും പറഞ്ഞു.
ആന്ധ്രാക്കാരൻ ശേഖരന് നൂറ് രൂപ കൊടുത്തെങ്കിലും പൂച്ചയെയും കുഞ്ഞുങ്ങളെയും സ്‌ഥലകാല പരിധിക്കപ്പുറത്താക്കിയതിലുള്ള ആശ്വാസത്തിലാണ് ആഞ്ചലീന. ശേഖരന്റെ ഒരു പ്രത്യേക ഗുണമാണത്. എപ്പോൾ വിളിച്ചാലും വിളിപ്പാടകലെയായിരിക്കും. ശേഖരനില്ലായിരുന്നെങ്കിൽ ! ഹൊ! ആ അട്ടഹാസത്തിന്റെ പ്രതിധ്വനികൾ കാതിൽ അലയടിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കുറച്ചു നാളുകളായി പൂച്ചയുടെ പ്രസവം നടന്നിട്ട്. എവിടുന്നാണ് പൂച്ച വാതിലിന്റെ മറവിൽ താമസത്തിന്, വന്നതെന്നറിയില്ല. വീർത്ത വയറുമായി വന്ന പൂച്ചയെ ആട്ടിയോടിക്കാൻ ആദ്യമൊന്നും മനസ്സനുവദിച്ചില്ല. ടിന്റുവിനെ ഗർഭം ധരിച്ചപ്പോൾ താനനുഭവിച്ച അവശതകൾ ഓർമ്മയിൽ വന്നതാകാം കാരണം. ഒരു സ്‌ത്രീക്ക് മാത്രമേ ഗർഭാവസ്‌ഥയെ വർണ്ണനകളില്ലാതെ കാണാൻ കഴിയൂ.
പുരുഷനും സ്‌ത്രീയും തുല്യ പങ്കാളികാളായ ജീവിതത്തിൽ പെണ്ണിന് മാത്രം ഇങ്ങനെയൊരു അധികജോലി നൽകിയത് നീതി നിഷേധമല്ലേ. അല്ല നീതി നിഷേധമല്ല. ഈയൊരു അനുഭൂതി പെണ്ണിന് മാത്രം അനുഭവവേദ്യമായതാണ്. പിറ്റേന്ന് കാലത്ത് ഓഫീസ് തുറക്കുമ്പോൾ രണ്ട് ചോരക്കുഞ്ഞുങ്ങൾ. അവയെ കുടിയൊഴിപ്പിക്കാൻ ആർദ്രമായ മനസ്സ് അനുവദിച്ചില്ല. മാനേജർ അവധി കഴിഞ്ഞ് വരുന്നതിന് മുമ്പേ അവ സ്വയം കുടിയൊഴിഞ്ഞു പോകുമെന്ന് കരുതിയതാണ്. ഇങ്ങനെയൊരു ഗുലുമാലിൽ കലാശിക്കുമെന്ന് അവൾ സ്വപ്‌നേപി കരുതിയിരുന്നില്ല. ഇന്ന് വരെ അവരോട് ദ്രോഹമൊന്നും ചെയ്‌തിട്ടില്ല. ഇടയ്‌ക്ക് അല്‌പം പാൽ നൽകി, സുന്ദരമായ രാജസ്‌ഥാൻ കാർപെറ്റിൽ വസിക്കാൻ അനുവദിച്ചുവെന്ന നന്മയല്ലാതെ ഒന്നിനും കടിഞ്ഞാണിട്ടില്ല. സ്വച്ഛന്ദം വിഹരിച്ചു.
നമ്മുടെ ഔദാര്യ മനസ്‌ഥിതികൊണ്ട് നാം അനുവദിച്ചു നൽകുന്ന സ്വാതന്ത്ര്യം ചിലയവസരങ്ങളിൽ നമുക്ക് തന്നെ വിനയായിത്തീരുമെന്ന് ആഞ്ചലീന ചിന്തിച്ചു. മധുസൂദനമേനോന്റെ അസാന്നിധ്യം അവളുടെ തോന്നലുകളെ ഉദ്ദീപിപ്പിച്ചും കൊണ്ടേയിരുന്നു. തോന്നലുകളിലൂടെ സഞ്ചരിച്ചാൽ ജോലി മുഴുവൻ ബാക്കിയായിരിക്കുമെന്ന തിരിച്ചറിവിൽ വീണ്ടും ഫയലുകളിലേക്ക് തിരികെയെത്തി. ചരിത്രം ചരിത്രമായിത്തന്നെ നിലനിൽക്കട്ടെ.
തുറന്നിട്ട ഗ്ലാസ്സ് ജനലിലൂടെ കടന്ന് വന്ന കാറ്റിനോടൊപ്പം പൂച്ചഗന്ധവും കടന്ന് വന്ന് അവളുടെ നാസികയെയും ചിന്തകളെയും അസ്വസ്‌ഥതപ്പെടുത്തിക്കൊണ്ടിരുന്നു. ഏകാന്തതയിൽ അസ്വസ്‌ഥതപ്പെടുന്ന ഇത്തരം മനസ്സിനുടമകൾക്ക് മാത്രമേ ഭൂതോദയം ഉണ്ടാകുവെന്നും അവൾ തിരിച്ചറിഞ്ഞു. അപ്പോൾ മധുസൂദനൻ സാറിന് ഇത്തരം അസ്വസ്‌ഥതകളുണ്ടാവില്ലേ. അതോ ഉണ്ടായിട്ടും ഇല്ലായെന്ന് ഭാവിക്കുകയാണോ.
അതല്ലെങ്കിൽ പൂച്ചക്കുഞ്ഞുങ്ങളുടെ മനസ്സ്. സാറിനെ മാന്തിയതിന് വ്യാകുലപ്പെടുന്നുണ്ടാവുമോ? ശേഖറിനോടൊപ്പം പോകുമ്പോൾ ആ വെളുത്ത ആർദ്രമായ കണ്ണുകൾ തന്നെ നോക്കിയത് ഒരു ക്ഷമാപണം ആയിരിക്കുമോ? ഏയ് പൂച്ചയ്‌ക്കെവിടെ ചിന്ത? മനുഷ്യേതര ജീവികളെല്ലാം തന്നെ കർമ്മങ്ങൾ ചെയ്യുന്ന നിമിഷങ്ങളിൽ മാത്രം ജീവിക്കുന്നവരല്ലേ.
ഭീതിയുടെ ചട്ടകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് നിലവിളിച്ചോടിയ മധുസൂദനമേനോന്റെ തിരിച്ചുവരവ് ബിസിനസ്സ് കാര്യം ചിന്തിച്ചുകൊണ്ടായിരുന്നു. നേരെ ക്യാബിനിൽ ചെന്നിരുന്ന അയാളുടെ അടുത്തേക്ക് അല്‌പമാശ്വാസത്തോടെയാണ് ആഞ്ചലീന കടന്നു ചെന്നത്. ഏല്‌പിച്ച ജോലി ചെയ്‌തു തീർത്താൽ മനസ്സിനല്‌പം ആശ്വാസമുണ്ടാകും, അത് ഔപചാരികമാണെങ്കിലും അനൗപചാരികമാണെങ്കിലും.
“പൂച്ചകൾ….?” മോണിറ്ററിൽ നിന്ന് കണ്ണ് പറിച്ചെടുക്കാതെയാണ് അയാൾ അങ്ങനെ ചോദിച്ചത്. അല്‌പം മുമ്പ് ആഞ്ചലീനയോട് ദേഷ്യപ്പെട്ടത് കൊണ്ടായിരിക്കാം അയാൾ അവളുടെ മുഖത്ത് നോക്കാതിരുന്നത്.
“എല്ലാറ്റിനേയും ശേഖർ കൊണ്ട് പോയി സർ. ”തന്നെ അഭിനന്ദിക്കുന്ന ഭാവത്തിലുള്ള നോട്ടം പ്രതീക്ഷിച്ചുകൊണ്ടാണ് അവളങ്ങനെ പറഞ്ഞത്.
“വാട്ട്?” ദീർഘകാലമായി അടഞ്ഞു കിടന്ന തൃക്കണ്ണ് തുറന്നത് പോലെ, മോണിറ്ററിൽ നിന്നും രണ്ട് കണ്ണുകൾ അവൾക്ക് നേരെ പാഞ്ഞടുത്തു.
“നോ, എത്രയും പെട്ടെന്ന് അവയെ തിരിച്ചു കൊണ്ട് വരിക. ”കാരണങ്ങൾ തന്റെ കീഴുദ്യോഗസ്‌ഥയോട് ബോധ്യപ്പെടുത്തേണ്ടതില്ലെന്ന അഹം ബോധത്തോടെയാണ് അയാൾ അത്രമാത്രം പറഞ്ഞത്. മനസ്സിന്റെ ദർപ്പണഫലകങ്ങൾ ചിന്നിച്ചിതറിക്കൊണ്ടാണ് ആഞ്ചലീന ക്യാബിനിൽ നിന്നും തിരികെയിറങ്ങിയത്.
വിളിക്കുത്തരമെന്നോണം ശേഖർ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ശേഖറിനെ കണ്ടതും കസേരയിൽ നിന്നും ചാടിയിറങ്ങി അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “എവിടെ, എവിടെ ആ പൂച്ചകൾ?” അയാളുടെ ചോദ്യം കേട്ട് ആഞ്ചലീന അത്ഭുതപ്പെട്ടു. ശേഖർ വിനീത വിധേയനായി അയാൾക്ക് മുമ്പിൽ നമ്രശിരസ്‌കനായി നിൽക്കുമ്പോഴും നാഷണൽ ഹൈവേയിലൂടെ ചീറിപ്പായുന്ന ഒരു ചരക്ക് ലോറിയുടെ വേഗമാനത്തിന്റെ സൂചികൾ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
Generated from archived content: story1_may7_11.html Author: velliyodan