രാത്രിയുടെ ആയുസ്സ് തീരാറായി. പകല്‍ അക്ഷമയോടെയാണ് അരങ്ങിലേക്കു വരാന്‍ അണിയറയില്‍ കാത്തിരിക്കുന്നത്. ഇരുട്ടിന്റെയും വെളിച്ചത്തിന്റേയും സമാഗമത്തിനു മുമ്പേ രാഖിനയെ വിദൂരതയിലുളള ഒരോര്‍മ്മ മാത്രമാക്കണം. അല്ലെങ്കിലോര്‍മ്മകള്‍ സൂക്ഷിക്കാന്‍ നിലവറകളില്ലാതെ അവര്‍ക്ക് രക്തസാക്ഷിയാകേണ്ടി വരും.
കൈകള്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ അയാള്‍ക്കു നിശ്ചയമില്ലായിരുന്നു ഒന്നിനെകുറിച്ചും. ഫത്തയോട് മിയാഷ ആയിരുന്നു പറഞ്ഞത് രാഖിനെ രക്തബിന്ദുക്കള്‍ മാത്രമേ സമ്മാനിക്കുയെന്ന്. രക്തക്കറ വരണ്ടുണങ്ങിയ മണ്ണിനോടു ചേര്‍ന്നുറങ്ങിയത് അവളുടെ വിയര്‍പ്പു തുള്ളികള്‍ കാലിനടിയില്‍ പറ്റിയതു കോണ്ടാണെന്ന് മനസ്സില്‍ അടച്ചു പൂട്ടിയ രഹസ്യമാണ്. ഉമ്മയും ബാപ്പയും അനിയത്തിയും രാഖിനയില്‍ നിന്നും തോണി കയറുമ്പോള്‍ എവിടെക്കാണെന്നു പറഞ്ഞിരുന്നില്ല. ഇല്ലാത്ത ഉത്തരങ്ങള്‍ക്ക് ചോദ്യങ്ങള്‍ മെനയേണ്ടെന്ന് അയാളും കരുതി.
എന്താ ഇങ്ങനെ? മിയാഷക്ക് കാലിക ജ്ഞാനം കുറവായിരുന്നു.
കുടിയേറ്റക്കാരാന്നാ പറയുന്നേ ബംഗാള്‍ ആയിരുന്നത്രേ പ്രഭവകേന്ദ്രം.
അപ്പോ നമ്മളൊക്കെ കുരങ്ങിലേക്ക്ക് തിരിച്ചു പോകണോ? അവള്‍ സ്കൂളില്‍ പഠിച്ചതായിരുന്നു. മനുഷ്യന്റെ പരിണാമസിദ്ധാന്തം.
ചോദ്യം കേട്ട് ഫത്ത ,ഏറെ നാളിനു ശേഷം ഒന്നു ചിരിച്ചു. അറിയാതെ വന്നതാണ് ആ ചിരി.
ചരിത്രത്തിന്റെ വര്‍ത്തമാനകാലത്തോടുള്ള ഇളിച്ചു കാട്ടലുകള്‍ക്ക് സാക്ഷിയാകേണ്ടത് നമ്മളാണ്. ഫത്ത മനസില്‍ കരുതി. വര്‍ത്തമാന കാലം ചരിത്രത്തെ പോസ്റ്റു മാര്‍ട്ടം ചെയ്ത് അബദ്ധത്തില്‍ വിഴുങ്ങിയ വിഷപ്പല്ലുകള്‍ തിരയുകയാണ് അങ്ങനെയും പറയാം.
ഇരുട്ടിനു തീവ്രത പോരാ നിലാവിന്റെ കടന്നു കയറ്റമാണ് നഗ്നരാക്കപ്പെട്ടതിലുള്ള ജാള്യ്ത അവരുടെ മുഖത്ത് പ്രകടവുമാണ്.
കുറെ നക്ഷത്രങ്ങളുണ്ട് ആകാശത്ത് , വലിഞ്ഞു കേറി വന്നവ. അയാള്‍ക്ക് അവയോടെല്ലാം ദേഷ്യമാണു തോന്നിയത്.
രാത്രിയുടെ നിലാവെളിച്ചത്തിനിടയില്‍ എവിന്നൊക്കെയോ അലറുകളും മോങ്ങലുകളും കേള്‍ക്കുന്നുണ്ട്.
അവര്‍ക്ക് ഭയം തോന്നിയില്ല പരിചയപ്പെട്ടു കഴിഞ്ഞു ഇതിനോടകം തന്നെ. എങ്കിലും രക്തം പുരണ്ട അനിയത്തിയുടെ അരക്കെട്ട് പിടയുന്നത് ത്രിമാന ചിത്രം പോലെ അയാളുടെ കണ്ണിലേക്ക് പാഞ്ഞു കയറി. ഇറുകിയടച്ച കണ്ണൂകള്‍ക്ക് മീതെ കൈപ്പത്തികൊണ്ട് പൊത്തേണ്ടിയും വന്നു അയാള്‍ക്ക്. അബലത്വം എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായതയായി അയാള്‍ക്ക് തോന്നിയത്.
മിയാഷയുടെ നെഞ്ചിടിപ്പിന്റെ ഭയാനകത ഫത്തയെ ആകുലപ്പെടുത്തി ഒന്നും പറഞ്ഞില്ല ആരോ തീകൊളുത്തിയ മാലപ്പടക്കത്തിന്റെ അവസാന കണ്ണികളാണ് തങ്ങളെന്ന് ഫത്തക്കു തോന്നി.
കടപ്പുറത്ത് ഒരു തോണി കരുതി വച്ചിട്ടുണ്ട്. പങ്കായവും പഴയതാണ് വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല. മിയാഷ ബാബയുടെ കീശയില്‍ നിന്നും മോഷ്ടിച്ചതാണെന്നറിയാം. മാ എന്തെങ്കിലും അറിഞ്ഞു കാണുമോ എന്ന് അവള്‍ക്ക് സംശയമില്ലാതിരുന്നില്ല.
അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് മാ പറഞ്ഞത് നിനക്ക് ബുദ്ധന്റെ പ്രണയമാണെന്ന് എവിടെയെങ്കിലും ഗൗതമനെ ഹൃദത്തിലുണ്ടാവണമെന്നും പറഞ്ഞപ്പോള്‍, ഞെട്ടലോടെയാണ് മിയാഷ മാ യെ നോക്കിയത്.
അപ്പുറത്തു നിന്ന് ബാബ ആരോടോ ഉച്ചത്തില്‍ പറയുന്നത് കേട്ടു കടന്നു വന്നവര്‍.
ഗൗതമന് ഇതൊന്നും ഇഷ്ടമാവില്ല ധ്യാനത്തിലിരിക്കുന്ന ബുദ്ധന്റെ രൂപം നോക്കിയാണ് മാ പറഞ്ഞത്.
നിദ്രയെ കണ്‍പോളകള്‍ക്കിടയില്‍ മറച്ചു പിടിക്കുന്നതിനിടയില്‍ മാ പറഞ്ഞു.
സിദ്ധാര്‍ത്ഥനും യാത്ര പോയിട്ടുണ്ട് ലക്ഷ്യം വെക്കാതെ കടപ്പുറത്തെത്തുമ്പോള്‍ മായുടെ വാകുകളാണ് അവള്‍ ഓര്‍ത്തെടുത്തത്.
ഫത്ത കടല്‍ക്കരയുടെ നേര്‍ത്ത വരയിലൂടെ ദീര്‍ഘമായൊന്നു നോക്കി അരാകന്‍ മണല്‍ത്തരികള്‍ക്കിടയില്‍ കുഴിച്ചാലാണ് അസ്ഥി കൂടമെങ്കിലും പുറത്തെടുക്കുവാന്‍ കഴിയുക
കുഴിച്ചെടുത്താലും പക്ഷെ ആ അസ്ഥികൂടത്തിനു മറ്റേതെങ്കിലും ആത്മാവിന്റെ ഉടമസ്ഥാവകാശം ഫോറന്‍സിക് വിഭാഗം ചാര്‍ത്തിയേക്കാം.
ഫത്ത മിയാഷയുടെ കൈ പിടിച്ച് മെല്ലെ തോണിയില്‍ കയറ്റി അയാളും കയറിയപ്പോള്‍ തോണി രണ്ടു വശത്തേക്കും ഒന്ന് ആഞ്ചി മിയാഷ ഫത്തയോട് ഒട്ടിയിരുന്നു.
ഈ തണുത്ത അന്തരീക്ഷത്തിലും അവളുടെ കൃതാവിലൂടെ വിയര്‍പ്പുതുള്ളികള്‍ ഒലിച്ചിറങ്ങുന്നത് അയാള്‍ കണ്ടു. ഇരുട്ടില്‍ വൈരക്കല്ലുകളുടെ തിളക്കമാണ് അവളുടെ വിയര്‍പ്പു തുള്ളികള്‍ക്കെന്ന് തോന്നി. നനഞ്ഞ കൃതാവിനു മേലെ അയാള്‍ ചുണ്ടുകളമര്‍ത്തി. പിന്നെ പങ്കായമെടുത്ത് കലാപ ഭൂമിയുടെ എതിര്‍ദിശയിലേക്ക് തുഴഞ്ഞു. അലറി വിളിക്കുന്ന പ്രേതാത്മാക്കളേപ്പോലെയാണ് തിരകള്‍ കരയിലേക്ക് വന്നണയുന്നത്. ഓരോ തിരകള്‍ വരുമ്പോഴും മിയാഷ ഫത്തയെ ഇറുകിപ്പിടിച്ചു. അകന്നു പോകാതിരിക്കാനുള്ള ഒരു മുറുക്കിപ്പിടുത്തം. ഒരു വേള ദുപ്പട്ട കൊണ്ട് രണ്ടു പേരുടെയും കാലുകള്‍ ചേര്‍ത്ത് കെട്ടിയാലോ എന്നുമാലോചിച്ചു. പിന്നെ തോന്നി വേണ്ടെന്ന് മരണം എന്ന സത്യത്തിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയാണിത്. അവശേഷിക്കുന്ന ജീവിതത്തിന്റെ ബാക്കി ഭാഗങ്ങള്‍ മൃഗീയമായ കടല്‍ തിരകള്‍ക്കിടയിലാണെന്ന്‍ അറിയാമായിരുന്നു. ഏതെങ്കിലും തിരക്ക് അവരോടു തോന്നുന്ന അഭിനിവേശമാകാം ജീവിതത്തേയും മരണത്തേയും വേര്തിരിക്കുന്ന നേര്‍ത്ത മതിലുകളെ തകര്‍ക്കുന്നതെന്നും അറിയാം. രക്ഷപ്പെടാന്‍ ഫത്തയ്ക്കാവുമെങ്കില്‍ അങ്ങനെയെങ്കിലുമാകട്ടെ . ഫത്തയുടെ മുഖത്ത് നിറയെ ആധിയാണ്. മിയാഷ യെ ജീവിതത്തില്‍ നിന്നും തട്ടിപ്പറിച്ചു കൊണ്ടൂ പോകുന്നത് മരണത്തിലേക്കാകുമോയെന്ന ഉത്കണ്ഠ അയാളെ വേട്ടയാടുന്നുണ്ട്
എന്തിനാ ഇവരിങ്ങനെയൊക്കെ?
എല്ലാവരും ബര്‍മ്മിസെന്നാ വിചാരിച്ചേ ചെറുപ്പത്തില്‍
ഇപ്പോ പറയുന്നു റോഹിങ്ക്യകള്‍ ബര്‍മ്മിസല്ലെന്ന്. റീഹിങ്ക്യന്‍ മുസ്ലിങ്ങളുടെ ചോര വേറെയാണെത്രെ. പലപ്പോഴും തോന്നിയിട്ടുണ്ട് മിയാഷയുടെയും തന്റെയും ഞരമ്പുകളിലൂടെ ഒലിച്ചുപോകുന്നത് ബര്‍മ്മീസ് ചോരയാണെന്ന് എല്ലാവരും ചേര്‍ന്ന് തങ്ങളെ വട്ടമിട്ട് കടിച്ചു തിന്നുകയാണ് ഓങ് സാന്‍ സൂ കിയ്ക്കും തോന്നിയില്ല ഒന്ന് മിണ്ടാന്‍. അവരുടെ അച്ഛനുണ്ടായിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു പോയി.
അവരെ അഴികള്‍ തുറന്നിട്ടപ്പോള്‍ മനസില്‍ തോന്നിയ ആഹ്ലാദം പിന്നിടെപ്പോഴോ പുച്ഛമായി മാറി.
കടലിന്റെ വിദൂരതയിലേക്കു നോക്കിയപ്പോള്‍ ചെറുതരിപ്പൊട്ട് പോലെ കുറെ തോണികള്‍. പുറത്താക്കപെട്ട കുറെ ജീവിതങ്ങളേയും പേറി പുതിയ തുരുത്ത് തേടിയുള്ള യാത്ര. ഓരോ തുരുത്തില്‍ നിന്നും തിരിച്ചയക്കപ്പെടുമ്പോഴും പുതിയ തുരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വീണ്ടും തുഴയുന്നു.
എന്തേ രാഖിനയെ ഒന്നു തിരിഞ്ഞു നോക്കിയില്ല. ദോ ഫത്തയോട് അവര്‍ക്കിടയിലെ മൗനം മുറിച്ചുകൊണ്‍റ്റ് ചോദിച്ചു.
രാഖിനയില്‍ ഞാന്‍ മനസിനോടു ചേര്‍ത്തു വച്ചത് കൂടെയുണ്ട് പിന്നെയെന്തിനു തിരിഞ്ഞു നോക്കണം നഷ്ടങ്ങളിലേക്കല്ല പ്രതീക്ഷകളിലേക്കാണ് കണ്ണയക്കേണ്ടത്.
ബംഗാള്‍ ഉള്‍ക്കടലിന്റെ പതഞ്ഞു വരുന്ന തിരമാലകളാണ് മുമ്പില്‍. പക്ഷെ കടലിനു ആരോ ചാര്‍ത്തിയിരിക്കുന്ന ആ പേരു പോലും ഫത്തയും മിയാഷയും തിരിച്ചറിഞ്ഞില്ല. എല്ലാം മൃഗീയമായ തിരമാലകളുടെടേയും ചുഴികളൂടേയും സമ്മേളനങ്ങള്‍ മാത്രം. മുമ്പേ പോകുന്ന ചെറുതോണികളുടെ വഴിയേ തന്നെയാണ് അവരും തുഴഞ്ഞത്. വഴികള്‍ നിശ്ചയമില്ലാതാകുമ്പോള്‍ മുമ്പേ നടന്നവരുടെ പാത പിന്തുടരുന്നത് അജ്ഞതയായി അയാള്‍ക്കു തോന്നി. എങ്കിലും ചെയ്യാതെ തരമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തിരമാലകളേക്കാള്‍ കൂടുതല്‍ ചുഴികളാണ്. ചുഴികള്‍ക്കിടയിലൂടെയുള്ള തോണി സഞ്ചാരം ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള ആര്‍ത്തട്ടഹാസമായി മാറി.
എത്ര മണിക്കൂറുകള്‍ ഇങ്ങനെ സഞ്ചരിച്ചുവെന്നറിയില്ല.എത്ര മണിക്കൂറുകള്‍ ഇങ്ങനെ സഞ്ചരിച്ചുവെന്നറിയില്ല കറുപ്പ് വെളുത്തതും വെളുപ്പ് കറുപ്പായതും അറിഞ്ഞില്ല
രോമക്കുപ്പായത്തിനകത്തും അവള്‍ നന്നായി വിറക്കുന്നുണ്ട്. അവളുടെ തളര്‍ന്ന ശരീരം അയാളുടെ മടിയില്‍ ചാരി വെച്ചിട്ട് കുറെ അധികം സമയമായിരുന്നു. ഫത്ത തന്റെ രോമക്കുപ്പായമഴിച്ച് അവളുടെ മുഖവും തലയും പുതപ്പിച്ചു കടല്പ്പനി വരുമോ എന്നതാണ് പേടി കടല്‍ പനിയെപ്പറ്റി വല്യുപ്പ പറഞ്ഞ അറിവാണ്.
മക്കയില്‍ ഹജ്ജിനു പോകുമ്പോഴും വരുമ്പോഴും കപ്പലില്‍ കടല്പനിക്കാര്‍ ഉണ്ടാകുമായിരുന്നുവത്രെ.
വന്നാല്‍ പിന്നെ ജീവനും കൊണ്ട് മാത്രമേ കടലിലേക്കു തിരിച്ചു പോകു. മയ്യത്തുകള്‍ കഫന്‍ ചെയ്ത് നിസ്ക്കരിച്ച് ഇരുമ്പ് കെട്ടി കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയുന്ന കഥ വല്യുപ്പയാണ് പറഞ്ഞത്. രാഖിനയുടെ മണ്ണില്‍ തന്നെ ഖബര്‍ ഒരുങ്ങിയല്ലോ. രാഖിനയുടെ മണ്ണ് തന്റെ പിതാക്കളുടെ മാംസവും രക്തവും ലയിച്ച് ചേര്‍ന്നുണ്ടായതാണെന്ന് ഫത്തക്കറിയാമായിരുന്നു. അറിയാത്തത് ഒന്നു മാത്രം എന്തിനാണ് തങ്ങളെ രാഖിനയില്‍ നിന്നും ഉന്മൂലനം ചെയ്യുന്നത്. മിയാഷ നല്ല മയക്കത്തിലാണ് ഇത്രയും ദൂരം തുഴയേണ്ടി വരുമെന്ന് ഒരിക്കലും നിനച്ചതല്ല. കരുതിയ ഭക്ഷണവും വെള്ളവും രാത്രി തന്നെ കഴിഞ്ഞിരുന്നു. വയറ്റില്‍ വല്ലതും ചെന്നിട്ട് നേരത്തോടു നേരം എത്തിക്കാണും. അവള്‍ തളര്‍ന്ന് മയങ്ങുകയാണ്. താനെത്ര ക്രൂരനാണെന്നു ഫത്തക്കു തോന്നിപ്പോയി. ഒന്നുമില്ലേലും രണ്ട് മൂന്നു നാളത്തേക്കുള്ള ഭക്ഷണവും വെള്ളവും കരുതാമായിരുന്നു. ഇനിയും എത്ര ദിവസം തുഴയേണ്ടി വരുമെന്ന് യാതൊരു നിശ്ചയമില്ല. മിയാഷയ്ക്കു വല്ലതും സംഭവിച്ചാല്‍ പങ്കായം കടലിലേക്കു വലിച്ചെറിയുക തന്നെ. പിന്നെ തോണിയില്‍ മലര്‍ന്നു കിടന്ന് ജലസമാധി. അവളെ ജീവിപ്പിക്കാനാണ് കൂടെ കൂട്ടിയത്. അല്ലാതെ മരണത്തിലേക്കു തള്ളിവിടാനല്ല. ഫത്ത ശക്തമായി പരമാവധി വേഗത്തില്‍ തോണി തുഴഞ്ഞു മുമ്പേ പോകുന്ന ചെറു തോണികള്‍ക്ക് സമാന്തരമായി എത്തിയപ്പോള്‍ ഉച്ചത്തില്‍ വിളീച്ചു ചോദിച്ചു.
”അല്പ്പം വെള്ളം തരാവോ കുടിക്കാന്‍”
അവര്‍ തോണി ഫത്തയുടേതിനു അടുപ്പിച്ചു.
”എന്താ പറ്റിയത്?”
”സുഖമില്ല പനിയാ”
നരച്ച താടിയും തലേക്കെട്ടുമുള്ള വൃദ്ധന്‍ അല്പ്പം ചായ നല്‍കിക്കൊണ്ടു പറഞ്ഞു.
”ബദ്രീങ്ങളെ പേര്‍ക്ക് ഫാത്യേം സൂറത്തും ഓതി മന്ത്രിച്ച് കൊടുത്തോളൂ” കുറച്ചു റൊട്ടി ക്കഷണവും കൊടുത്ത് അവര്‍ അകന്നു പോയി.
ജീവിതത്തില്‍ എവിടുന്ന് ആരുടെ കൈയില്‍ നിന്നാണ് സഹായം ലഭിക്കുക എന്ന് പറയാന്‍ കഴിയില്ല. നമ്മള്‍ ഒരാളെ സഹായിക്കുമ്പോള്‍ നമ്മെ സഹായിക്കാന്‍ മറ്റാരെങ്കിലും ആയിരിക്കും.
ഫത്ത അയാള്‍ പറഞ്ഞത് പോലെ ചെയ്തു. കുറച്ചു റൊട്ടിയും അവളുടെ വായില്‍ വച്ചു കൊടുത്തു. അവളുടെ കണ്ണിലും മുഖത്തും നെറ്റിയിലുമെല്ലാം അയാള്‍ തടവി.
മിയാഷ കണ്ണു തുറന്നപ്പോഴാണ് ഫത്തയ്ക്കല്പ്പം ആശ്വാസം തോന്നിയത്. ചെറു തോണികളില്‍ നിന്നുള്ള ആര്‍പ്പു വിളീകള്‍ കേട്ടാണ് ഫത്ത നോക്കിയത് ദൂരെ മിന്നാമിന്നിക്കൂട്ടം പോലെ കുറെ വിളക്കുകള്‍.
ഏതോ കരയുടെ അടയാളം ഏതാണെന്ന് യാതൊരു നിശ്ചയവുമില്ല. കരക്കണഞ്ഞ ഉടനെ അവളെ ആശുപത്രിയില്‍ കാണിക്കണം. അപ്പോഴാണ് ഫത്ത ഓര്‍ത്തത് കൈയില്‍ പണമായി ഒന്നുമില്ലെന്ന്.
ഏതായിരിക്കും രാജ്യം?
മനസില്‍ പിന്നെ അങ്ങനെയാണ് തോന്നിയത്. എല്ലാ തോണികളും പെട്ടന്ന് നിശ്ചലമായി. മുമ്പില്‍ നാവിക സേന അതിരിട്ടിരിക്കുനു . ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സേനയായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
ഐക്യരാഷ്ട്ര സഭയ്ക്കു തങ്ങളെ രക്ഷിക്കാന്‍ എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ?
അല്ലെന്നും ഇല്ലെന്നും പെട്ടന്ന് മനസിലായി. ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡിന്റെ ഐഡന്ററ്റി കാര്‍ഡ് അവര്‍ ഓരോ തോണിയിലായി കാണിച്ചു. ഇത് തെക്നാഫ് നഗരമാണെന്നും അവര്‍ പറഞ്ഞു. ഫത്തക്കു സന്തോഷമായി.
തങ്ങളെ ബംഗ്ലാദേശുകാരെന്നു പറഞ്ഞാണല്ലോ ഉന്മൂലനം ചെയ്യുന്നത്. തങ്ങളുടെ മുന്‍ തലമുറക്കാരുടെ പിന്‍ മുറക്കാര്‍ തീര്‍ച്ചയായും സ്വീകരിക്കാതിരിക്കില്ല, ഫത്ത അല്പ്പം അവകാശബോധത്തോടെയാണ് തോണിയിലിരുന്നത്. ഇവിടുന്ന് പോയവര്‍ ഇവിടേക്കു വന്നു.
പക്ഷെ കോസ്റ്റ് ഗാര്‍ഡ് തോക്കു ചൂണ്ടി തിരിച്ചു പോകാനാവശ്യപ്പെട്ടത് പെട്ടന്നായിരുന്നു
ഫത്ത ഉറക്കെ ചോദിച്ചു ഞങ്ങള്‍ എവിടേക്കു പോകും
പാക്കിസ്താന്‍ മലേഷ്യ തായ് ലഡ് ഇന്ത്യ ശ്രീലങ്ക….?
അതോ ഞങ്ങളുടെ മ്യാന്മറിലേക്കോ?
എല്ലായിടങ്ങളില്‍ നിന്നും തിരസ്കൃതരാവരാണ് തോണിയിലേറെയുമെന്ന് ഫത്തക്കു തോന്നി. എല്ലാവരുടെയും മുഖത്ത് ഇടം നഷ്ടപ്പെടുന്നവരുടെ നിസ്സഹായത.
ഫത്ത പങ്കായം തിരമാലകള്‍ക്കിടയിലേക്കു വലിച്ചെറിഞ്ഞ് മിയാഷയുടെ രോമക്കുപ്പായത്തിനകത്തെക്കു വലിഞ്ഞു കയറി അവളുടെ കവിളില്‍ മുഖമമര്‍ത്തി, ഉടല്‍ ഉടലിനോടു ചേര്‍ത്ത് , പുറം തടവി തോണിയില്‍ വെറുതെ കണ്ണടച്ചിരുന്നു.
Generated from archived content: story1_mar18_14.html Author: velliyodan
Click this button or press Ctrl+G to toggle between Malayalam and English