നിഴൽ വ്യാപാരികൾ

പരംവേട്ടൻ ജന്മനാ ഈ നാട്ടുകാരനായിരുന്നില്ല. തെക്ക്‌ നിന്നോ മറ്റോ വർഷങ്ങൾക്കു മുമ്പ്‌ ഈ നാട്ടിൽ തെങ്ങ്‌ കയറ്റ ജോലിക്ക്‌ വന്ന്‌ സ്‌ഥിരതാമസമാക്കിയതാണെന്ന്‌ പറയപ്പെടുന്നു. അങ്ങനെയാണ്‌ അയാൾക്ക്‌ കയറ്റുക്കാരൻ പരംവേട്ടൻ എന്ന്‌ പേര്‌ വീണത്‌.

ഇപ്പോൾ പ്രായം എഴുപത്‌ കവിഞ്ഞു. എന്നിട്ടും പ്രദേശത്തെ മാപ്പിളമാരുടെ പറമ്പുകളിൽ നിന്നെല്ലാം തേങ്ങ പറിച്ചിടുന്നത്‌ പരംവേട്ടൻ തന്നെയാ. കമ്യൂണിസ്‌റ്റുകാരുടെ തൊഴിൽ സമരങ്ങളൊന്നും പരംവേട്ടന്‌ ബാധകമല്ല. ഉമ്മറ്റ്യാന്മാർ വിളിച്ചാൽ തെങ്ങിൽ കയറാൻ പരംവേട്ടൻ സദാ തയ്യാർ പ്രതിഫലമായി രണ്ട്‌ തേങ്ങ മാത്രമേ വേണ്ടൂ.

ഉയരം കുറഞ്ഞ അല്‌പം മുമ്പോട്ടു വളഞ്ഞു തലയിൽ ഒരു തോർത്തു ചുറ്റിക്കെട്ടി മെല്ലെ മെല്ലെ നടന്നു നീങ്ങുന്ന പരംവേട്ടൻ കുപ്പായമിട്ടാതായി ഈ നാടിന്റെ ചരിത്രത്തിലെവിടെയും രേഖപ്പെടുത്തിയിട്ടില്ല. അക്ഷരങ്ങൾ തൊട്ടുക്കൂട്ടി പത്രം വായിക്കുന്ന പരംവേട്ടൻ ചരിത്രവിദ്യാർത്ഥികൾക്ക്‌ ഒരു മുതൽക്കൂട്ടാണ്‌. അടിയന്തിരാവസ്‌ഥയ്‌ക്ക്‌ മുമ്പും പിമ്പും എന്നിങ്ങനെയാണ്‌ അയാൾ തന്റെ ജീവിതകാലത്തെ രണ്ടായി വിഭജിച്ചിരിക്കുന്നത്‌. അടിയന്തിരാവസ്‌ഥയ്‌ക്ക്‌ മുമ്പ്‌ യുവത്വത്തിന്റെ ഊർജ്ജസ്വലതയുണ്ടായിരുന്ന പരംവേട്ടൻ താലി ചാർത്തിയത്‌ ആരോരുമില്ലാത്ത കൊറുമ്പിയെയാണ്‌.

പിന്നെ കാലമധികം കഴിഞ്ഞില്ല ഒരു കുഞ്ഞു പിറക്കാൻ, ഒരു പെൺതരി. ഇന്ന്‌ പക്ഷെ പരംവേട്ടൻ ഏകനാണ്‌. ഈ ഏകാന്തതയെ കുറിച്ച്‌ പരംവേട്ടൻ പറയുന്നത്‌ എല്ലാവരും ഏകനായി ഭൂമിയിൽ വരുന്നു ഏകനായി തിരിച്ചു പോകുന്നു. ഈ യാത്രയ്‌ക്കിടയിൽ പരിചയപ്പെടുന്ന മുഖങ്ങൾ അച്ഛനായും അമ്മയായും ഭാര്യയായും മക്കളായുമെല്ലാം പരിണമിക്കുന്നു. ഓരോരുത്തരുടെയും നിലനിൽപ്പിനായി ബന്ധങ്ങളുടെ പേരു പറഞ്ഞ്‌ മറ്റുള്ളവരുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. കുമാരന്റെ പീടികയിൽ നിന്ന്‌ ഒരു ചായയും നെയ്യപ്പവും തിന്ന്‌ അതിരാവിലെയുള്ള പത്രപാരായണം പരംവേട്ടന്റെ ജീവിതത്തിലെ പ്രാഥമിക കർമ്മങ്ങളിലൊന്നാണ്‌. അല്ല കുമാരാ നമ്മുടെ വീരപ്പനെന്താ മരണാനന്തര ബഹുമതിയായി പത്മശ്രീ കൊടുക്കാതിരുന്നത്‌. അതിന്‌ വീരപ്പൻ നേതാക്കന്മാരുടെയും മന്ത്രിമാരുടെയും വീടുകളിൽ വേലചെയ്യാൻ പോയില്ലല്ലോ. അങ്ങേരുടെ കളികൾ മുഴുവൻ കാട്ടിലായിരുന്നല്ലോ പാവം മൃഗങ്ങളുമായിട്ട്‌, കുമാരൻ രാജൻമാഷ്‌ക്ക്‌ ചായകൊടുക്കുന്നതിനിടയിൽ പറഞ്ഞു.

നിങ്ങളെന്താണീ പറയുന്നത്‌ വീരപ്പനെ പോലുള്ള കുറ്റവാളികൾക്ക്‌ പത്മശ്രീ പുരസ്‌കാരം കൊടുത്താൽ രാജ്യത്തിന്റെ മാനം പോവില്ലെ. പത്രത്തിൽ നിന്നും തലയുയർത്താതെ രാജൻമാഷ്‌ ചായ കുടിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ നാട്ടിലെ ചെറുതും വലുതുമായ എല്ലാ തർക്കവിതർക്കങ്ങളിലും പരംവേട്ടൻ നിറസാന്നിധ്യമാണ്‌. ബസ്സ്‌ കാത്ത്‌ നിന്ന റെജിയെ നോക്കി പരംവേട്ടന്റെ ഒരുപദേശവും വന്നു.

ദൈവങ്ങളുടെ ജീവിതകാലത്തു അവർക്കു വസ്‌ത്രം വാങ്ങാൻ കാശില്ലാത്തത്‌ കൊണ്ട്‌ അവർ നഗ്നരായി നടന്നു എന്ന്‌ കരുതി നീ അത്തരം ചിത്രങ്ങളൊന്നും വരച്ചേക്കരുത്‌ നാട്‌ വിടേണ്ടിവരും. മരിച്ചുപോയ ദൈവങ്ങളുടെ നഗ്നതയിൽ ആരും ആകൃഷ്‌ടരാകുന്നില്ല. അതുവഴി വന്ന ടാക്‌സി ജീപ്പിന്റെ പിറകിൽ തൂങ്ങിപ്പിടിക്കുന്നതിനിടയിൽ ചിത്രകാരൻ റെജി ഉച്ചത്തിൽ പറഞ്ഞു. എല്ലാവരും അവരവരുടെ വഴികളിലേക്ക്‌ തിരിഞ്ഞപ്പോൾ കാത്തിരിക്കാനാരുമില്ലെങ്കിലും പരംവേട്ടനും പോകും സർക്കാർ വക ലഭിച്ച ലക്ഷം വീട്ടിലേക്ക്‌.

നടക്കാൻ അശേഷം വയ്യ. താങ്ങിനായി ഒരു കാഞ്ഞിരത്തിന്റെ വടി കൊത്തണം. കാഴ്‌ചയും കുറയുന്നുണ്ട്‌ ആദ്യം സമരം പ്രഖ്യാപിച്ചത്‌ ഇടത്‌കണ്ണാണ്‌. കൊമ്മിയോട്ടെ മാപ്ലേന്റെ പറമ്പിൽ നിന്നും തെങ്ങുകയറ്റം കഴിഞ്ഞ്‌ വരികയായിരുന്നു. കുംഭത്തിലെ കൊയ്യാത്തേങ്ങ പറിച്ച ക്ഷീണമുണ്ട്‌. കുറെ ഓലയും കൊത്തീട്ടു. ഒരുപാട്‌ നാളായി ഉമ്മറ്റ്യാർ പറയുന്നു ആലേം കൂടേം കെട്ടണം ഓലയില്ലാന്ന്‌. മാപ്ലേന്റെ പറമ്പിൽ നിന്നും സ്‌കൂൾ മുറ്റത്ത്‌ കൂടി നടന്നാൽ വേഗം കോയീപ്പള്ളീന്റെ ചായക്കടയിലെത്താം. അവിടുന്ന്‌ ഒരു പൊറോട്ടയും ചായയും കുടിച്ചാൽക്ഷീണം അല്‌പമൊന്ന്‌ മാറ്റാം. ചില ക്ലാസ്സ്‌മുറികളിൽ നിന്നും കുട്ടികൾ പതിഞ്ഞ സ്വരത്തിൽ വിളിക്കുന്നുണ്ട്‌ പരംവേട്ടാന്ന്‌. സ്‌കൂൾ മുറ്റത്ത്‌ വന്ന ഒരു ജീപ്പിൽ നിന്നാണ്‌ നാലഞ്ച്‌ തടിയന്മാർ ഇറങ്ങി നേരെ കരുണൻ മാഷ്‌ടെ ക്ലാസ്‌ മുറിയിലേക്ക്‌ ഓടി കയറിയത്‌. കുട്ടികളുടെ നിലവിളികൾക്കിടയിൽ രക്തത്തിൽ പൊതിഞ്ഞ വാളുമായി അവർ ജീപ്പിൽ കയറുന്നതാണ്‌ പരംവേട്ടന്റെ ഇടത്‌ കണ്ണിന്റെ അവസാനത്തെകാഴ്‌ച. ബാക്കിയുള്ള വലത്‌ കണ്ണും തന്റെ കാഴ്‌ചയ്‌ക്ക്‌ സമാപനം കുറിക്കാൻ ഒരു നല്ല മുഹൂർത്തത്തിനായ്‌ കാത്തിരിക്കുകയാണ്‌. കൊറുമ്പി പോയതിൽ പിന്നെ ഭക്ഷണത്തിനൊന്നും ഒരു ക്രമവുമില്ല. കിട്ടുന്നിടങ്ങളിൽ നിന്ന്‌ വല്ലതുമൊക്കെ കഴിച്ച്‌ ദിവസങ്ങളങ്ങനെ പോകും. ഒരു ജന്മത്തിന്‌ അനിവാര്യമായ ഒന്നാണ്‌ മരണമെന്നറിയാം എന്നാലും കൊറമ്പിയെയും മാതുവിനെയും പറ്റിയുള്ള ഓർമ്മകൾ പലപ്പോഴും മരണത്തിന്റെ കാണാക്കയങ്ങളിൽ മുങ്ങിത്താഴാൻ പ്രേരിപ്പിക്കാറുണ്ട്‌. കാത്തിരിക്കാൻ ആരെങ്കിലുമുള്ളിടത്തു പോകാനുള്ള തിടുക്കം സ്വാഭാവികമാണെന്ന്‌ പറയേണ്ടതില്ലല്ലോ. മുന്നോട്ട്‌ തള്ളിയ പല്ലുകളുള്ള മെലിഞ്ഞ കറുത്ത ശരീരമുള്ള തടിയന്മാരായ ആണുങ്ങളുടെയത്രപോലും മുലയില്ലാത്ത മാതുവിന്റെ കഴുത്തിൽ ചരട്‌ കെട്ടാൻ ആരും വന്നിരുന്നില്ല.

പരംവേട്ടന്‌ ജാതകത്തിലൊന്നും വിശ്വാസമില്ലെങ്കിലും പലരും പറഞ്ഞുനടന്നു അവളുടെ ജാതകം ശരിയല്ലെന്ന്‌. തുള്ളിക്കൊരുകുടം മഴ പെയ്യുന്ന കാലം. മാതു കുറച്ചു നാളായി പറയുന്നു വയറിനും നെഞ്ചിനുമിടയിൽ നിന്ന്‌ ഭയങ്കര വേദനയെന്ന്‌. കുറെ പച്ചമരുന്നുകളൊക്കെ പുരട്ടി നോക്കി, വേദന അധികരിച്ചപ്പോൾ ഉറക്കം വേദനയ്‌ക്കും വേദന ഉറക്കത്തിനും മേൽ ആധിപത്യമുറപ്പിക്കാൻ വൃഥാ ശ്രമം നടത്തിക്കൊണ്ടിരുന്നപ്പോൾ സർക്കാരാശുപത്രിയിലെ നീണ്ട ക്യൂവിൽ മാതുവും ഒരംഗമായി. മുലയില്ലാത്ത നെഞ്ചിൽ കുപ്പായമഴിച്ച്‌ ഡോക്‌ടർ സ്‌റ്റെതസ്‌കോപ്പ്‌ വെച്ച്‌ പരിശോധിച്ചു. പിന്നെ രക്തം പരിശോധനയ്‌ക്കും മറ്റെന്തൊക്കയോ പരിശോധനയ്‌ക്കും ഡോക്‌ടർ കുറിച്ചു. എല്ലാം കഴിഞ്ഞപ്പോൾ താടിക്കാരനായ ഉയരം കുറഞ്ഞ ഡോക്‌ടറുടെ മുഖത്തൊരു മൂകത. പിന്നെ ശബ്‌ദം താഴ്‌ത്തി ഡോക്‌ടർ പറഞ്ഞു; തിരുവനന്തപുരത്ത്‌ പോകണംന്ന്‌. പക്ഷേ തിരുവനന്തപുരത്ത്‌ പോയില്ല. പകരം മെഡിക്കൽ കോളേജിലെ 8-​‍ാം നമ്പർ വാർഡിലേക്ക്‌. ജീവിതത്തിനെയോ മരണത്തേയോ ഏതെങ്കിലും ഒന്നിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ വാർഡ്‌. നാട്ടുകാർ പരംവേട്ടനോട്‌ ചോദിച്ചു. മാതൂന്‌ ക്യാൻസറാ….? പരംവേട്ടൻ ഒന്നും പറഞ്ഞില്ല. ആണെന്നും അല്ലെന്നും. ആശുപത്രിയിൽ സന്ദർശകരൊന്നും ആരും വന്നില്ല. 8-​‍ാം വാർഡിന്റെ നിലത്ത്‌ വേദനിക്കുന്ന മാതുവിന്റെ ഇരുവശങ്ങളിലായി അവർ കിടന്നുറങ്ങുമ്പോൾ ഉമ്മറ്റ്യാറുടെ വീട്ടിൽ നിന്നും വായ്‌പ വാങ്ങിയ പഴയ ഫ്‌ളാസ്‌ക്കിന്റെ അടപ്പിനിടയിലൂടെ ഒരു വായുകുമിള അന്തരീക്ഷത്തിലേക്ക്‌ ഉയർന്നു പോയി. ശവം കൊണ്ട്‌ പോകാൻ സർക്കാർ ആംബുലൻസിനായി ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. സയാമീസ്‌ ഇരട്ടകളെ പോലെയുള്ള ലക്ഷം വീട്ടിൽ മാതുവിന്‌ ഒരുങ്ങിയ ശവക്കല്ലറ രണ്ട്‌ മുറികളിലൊന്നായിരുന്നു. പിന്നെ ഏറെ കാലം കാത്തിരിക്കേണ്ടിവന്നില്ല. കൊറുമ്പിയ്‌ക്കും ആ മുറിയിൽ തന്നെ മറ്റൊരു കല്ലറയൊരുങ്ങാൻ.

രണ്ട്‌ ശവങ്ങൾ അടക്കം ചെയ്‌ത ആ വീട്‌, കൊറുമ്പിയോട്‌ വർത്തമാനം പറയാൻ വല്ലപ്പോഴും മിന്നൽ സന്ദർശനം നടത്തിയിരുന്ന, ചീരുവിന്‌ പോലും അന്യമായി. ആത്മാക്കൾക്ക്‌ കൂട്ടായി പരംവേട്ടൻ മാത്രം അവിടെ അന്തിയുറങ്ങി. വർഷകാലത്തുണ്ടാകുന്ന ഓരോ ഇടിമുഴക്കവും മിന്നൽ പിണരുകളും അയാളെ ഓർമ്മയുടെ ലോകത്തേക്ക്‌ കൈ പിടിച്ചുകൊണ്ടുപോകും. ഇടിയും മിന്നലുമുള്ള ഒരു രാത്രിയിലായിരുന്നല്ലോ കൊറുമ്പിയും തന്നെ പിരിഞ്ഞു പോയത്‌. ഒരു നെഞ്ച്‌ വേദന ജീവിതത്തിലേക്ക്‌ കൊണ്ടുവരാൻ നെഞ്ചിൽ ശക്തമായി അമർത്തി നോക്കി തന്റെ അമർത്തലുകൾക്കൊന്നും യാതൊരു വിലയും കൽപ്പിക്കാതെ കൊറുമ്പിയുടെ ശരീരത്തെ അകത്തളത്തിൽ ഉപേക്ഷിച്ച്‌ ആത്മാവ്‌ അതിന്റെ ഉത്ഭവ സ്‌ഥാനത്തേക്ക്‌ പറന്നു. പരംവേട്ടൻ ഉച്ചത്തിൽ ഏറെ അട്ടഹസിച്ചു. ചാത്തൂട്ടിയേയും ചീരുവിനെയുമെല്ലാം വിളിച്ചു നോക്കി. മിന്നൽ പിണറിനിടയിലൂടെ വരാനുള്ള ഭയമോ അതോ ഇടിയുടെ പരുക്കൻ ശബ്‌ദത്തിൽ തന്റെ രോദനം നിർവീര്യമാക്കപ്പെട്ടതോ എന്തോ ആരും വന്നില്ല. പുലരും വരെ ആത്മാവുപേക്ഷിച്ച ദേഹത്തിനായി പരംവേട്ടൻ കാവലിരുന്നു.

ലക്ഷം വീടിന്റെ പടികൾ ചവിട്ടിക്കയറിയപ്പോൾ തന്റെ വീട്‌ കണ്ട പരംവേട്ടൻ അന്തം വിട്ടു നിന്നു, ഉമ്മറത്ത്‌ തൊഴിലാളി പാർട്ടിയുടെ പ്രാദേശിക നേതാക്കൾ. ഇവർക്കെന്തുപറ്റി. തിരഞ്ഞെടുപ്പിന്‌ ഇനിയുമുണ്ടല്ലോ ഒരു വർഷം. ഇനി വല്ല ഉപതിരഞ്ഞെടുപ്പും? ഏയ്‌ അങ്ങനെ വല്ലതുമുണ്ടെങ്കിൽ തന്റെ അറിവിൽ പെടാതെ പോവില്ലല്ലോ? മുൻ പഞ്ചായത്ത്‌ പ്രസിഡന്റാണ്‌ പരംവേട്ടനെ കൈപിടിച്ച്‌ കോലായിലേക്ക്‌ കയറ്റിയത്‌. ഏരിയാ സെക്രട്ടറിയാണ്‌ കാര്യം പറഞ്ഞത്‌. സഖാവ്‌ പരംവേട്ടന്റെ കൂലി വർധനവിന്‌ വേണ്ടി നാളെ മുതൽ പാർട്ടി അനിശ്ചിതകാല പണിമുടക്ക്‌ ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌.

“എനിക്ക്‌ ഇപ്പോൾ കിട്ടുന്ന കൂലി തന്നെ ധാരാളമാണല്ലോ? ഞാൻ ആർക്ക്‌വേണ്ടിയും സമ്പാദിച്ചു വെക്കേണ്ടതില്ലല്ലോ. അത്‌ പറ്റില്ലാ താങ്കൾ പാർട്ടിയുടെ പൊതു സ്വത്താണ്‌. താങ്കളുടെ ക്ഷേമമന്വേഷിക്കേണ്ടത്‌ പാർട്ടിയുടെ കടമയാണ്‌.

അവർ പോയി അധികം സമയം കഴിഞ്ഞില്ല മറ്റൊരു സംഘമെത്താൻ. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തെങ്ങു കയറ്റത്തൊഴിലിനെ ഇപ്പോഴും പിടിച്ചു നിർത്തുകയും നിസ്വാർത്ഥ സേവനം അനുഷ്‌ഠിക്കുകയും ചെയ്യുന്ന താങ്കളെ കേരപുരസ്‌കാരം നൽകി കൊണ്ട്‌ ആദരിക്കാനും പാർട്ടി തീരുമാനിച്ചിരിക്കുന്നു. ചുളിയാത്ത ഖദർ വസ്‌ത്രത്തിൽ പതിഞ്ഞ പൊടി തട്ടിക്കൊണ്ട്‌ നേതാവ്‌ പറഞ്ഞു.

തെങ്ങു കയറ്റത്തൊഴിൽ നിലനിർത്താൻ ഞാൻ ആരെയും ഈ തൊഴിൽ പഠിപ്പിച്ചിട്ടില്ല. മാത്രമല്ല എനിക്ക്‌ കൂലി കിട്ടണമെന്ന സ്വാർത്ഥതയോട്‌ കൂടിതന്നെയാണ്‌ ഞാൻ തെങ്ങിൽ കയറുന്നതും അത്‌ കൊണ്ട്‌ ഈ പുരസ്‌കാരത്തിന്‌ ഞാൻ അർഹനല്ല പരംവേട്ടൻ തന്റെ സത്യാവസ്‌ഥ വെളിപ്പെടുത്തി.

അതൊന്നും ആരും അറിയണ്ട, നാളെ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ താങ്കൾ പങ്കെടുത്തേ പറ്റൂ…. അല്‌പം നിറം മങ്ങിയ ഖദർ കുപ്പായമിട്ട നേതാവ്‌ പറഞ്ഞു. പിന്നെയും ഓരോ സംഘങ്ങൾ വന്നുകൊണ്ടേയിരുന്നു. പരംവേട്ടൻ നിസ്സഹയനായി ത്രിശങ്കു സ്വർഗത്തിൽ നിൽക്കുകയാണ്‌. ഇത്രയും നാൾ പാർശ്വവൽക്കരിക്കപ്പെട്ട താനിപ്പോൾ മുഖ്യധാരയിലെത്തിയിരിക്കുന്നു. അനൗൺസ്‌മെന്റ്‌ വാഹനങ്ങൾ അന്തരീക്ഷത്തിൽ വീണ്ടും വീണ്ടും അന്തരീക്ഷമലിനീകരണമുണ്ടാക്കികൊണ്ടിരുന്നു. സഖാവ്‌ പരംവേട്ടനെതിരെയുള്ള നീതി നിഷേധത്തിനെതിരെ….. കേരപുരസ്‌കാര ജേതാവ്‌ ശ്രീ പരമുവിനെ….. ശ്രീ. ശ്രീ പരമാനന്ദന്റെ ആത്മോപദേശ സദസ്സിലേക്ക്‌……. ഇടത്‌ കണ്ണ്‌ നഷ്‌ടപ്പെട്ട തനിക്കു ഇടതനാകാനോ, വലതു കണ്ണിന്റെ കാഴ്‌ചയ്‌ക്കു മങ്ങലേറ്റ തനിക്ക്‌ വലതനാകാനോ, തൃക്കണ്ണില്ലാത്ത തനിക്ക്‌ കാവിയൻ ആകാനോ കഴിയാതെ നിസ്സഹാനായി മാതുവിന്റെയും കൊറുമ്പിയുടെയും ശവക്കല്ലറകൾക്കിടയിൽ ഞെരിഞ്ഞമർന്ന്‌ നെഞ്ചിൻ കൂട്‌ പൊട്ടുമ്പോൾ പരംവേട്ടൻ കരുതിയിരുന്നില്ല നാട്‌ ഒരു കലാപത്തിന്റെ വക്കിലാണ.​‍്‌

– ശുഭം –

Generated from archived content: story1_feb5_11.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here