അനിയത്തിക്കുട്ടി

നാല്‌ വരിപ്പാതയിലെ സീബ്രാക്രോസ്സിൽ നിറുത്തിത്തന്ന വാഹനങ്ങൾക്ക്‌ ഹൃദയം കൊണ്ട്‌ നന്ദി പറഞ്ഞ്‌, മഞ്ഞ്‌ജു സിംഫ്‌ മറൈൻ സർവ്വീസിന്റെ ഓഫീസ്‌ ലക്ഷ്യമാക്കി തിരക്കിട്ട്‌ നടന്നു.

ചെക്കോറ്റക്കാവിലമ്മേ, ഇതെങ്കിലും….. ആയിരത്തൊന്ന്‌ ഉറുപ്പിക അവൾ അമ്മയ്‌ക്ക്‌ നേർന്നു.

സർട്ടിഫിക്കറ്റുകൾക്കൊന്നും ഇവിടെ പ്രസക്‌തിയില്ല. ഭാഷ, പരിചയം, സൗന്ദര്യം തനിക്കില്ലാത്തത്‌ മാത്രമേ സർവ്വർക്കും വേണ്ടു.

വിസിറ്റ്‌ വിസയുടെ കാലാവധിയും തീരുകയാണ്‌. ഇതും ശരിയായില്ലെങ്കിൽ … നാത്തൂന്മാരുടെ ഇടയിലേക്ക്‌…. ഏട്ടന്റെ ചെറിയ ശമ്പളത്തിൽ കഴിഞ്ഞ മൂന്ന്‌ മാസം എത്രത്തോളം ഞെരുങ്ങി. എന്നിട്ടും അഞ്ച്‌ പവന്റെ മാല വിൽക്കേണ്ടിയും വന്നു.

ജലധാര റോഡിനിരുവശവും നട്ടു വളർത്തിയ പുൽത്തകിടുകൾക്ക്‌ കുളിർമയേകുന്നു…. നിർമ്മാണത്തൊഴിലാളികൾ ബറൂൺ ബിൽഡിംഗിന്‌ പിറകിൽ കൂട്ടം ചേർന്ന്‌ കലപില ശബ്‌ദം കൂട്ടുകയും നിര കളിക്കുകയും ചെയ്യുന്നു. ദോബി തന്റെ സൈക്കിളിൽ നിറയെ മുഷിഞ്ഞ തുണികളുമായി സാവധാനം നീങ്ങുന്നു.

റിസപ്‌ഷനിൽ ഉത്തരേന്ത്യക്കാരി പെൺകുട്ടി… സുന്ദരിയാണ്‌. തുടുത്ത പുഞ്ചിരിക്കുന്ന മുഖം നല്ല വാചാലത. ഉയരം കുറഞ്ഞ, പൗരുഷം തുടിക്കുന്ന ശരീരമുള്ള, സുമുഖനായ ആളാണ്‌ ഇന്റർവ്യൂ ചെയ്‌തത്‌. ചെക്കോറ്റക്കാവിലമ്മ തുണച്ചു.

കാർത്തിക്കിന്‌ കീഴിലാണ്‌ ട്രെയിനിംഗ്‌. ആരാണീ കാർത്തിക്‌…….. മലയാളിയായിരിക്കുമോ, കർക്കശസ്വഭാവക്കാരനായിരിക്കുമോ, തിരിച്ചു പോകുമ്പോൾ നിറയെ വിഹ്വലതകളായിരുന്നു. ജോലി കിട്ടിയ സന്തോഷത്തിലുമേറെ.

പ്രഭാതം. റോഡിൽ ഏറെ തിരക്ക്‌… നിർമ്മാണത്തൊഴിലാളികളെയും വഹിച്ചുപോകുന്ന ബസ്സ്‌. കവർറോളും ഹെൽമറ്റും ധരിച്ച തൊഴിലാളികളുടെ മുഖത്തെല്ലാം ഒരു തരം നിസ്സംഗഭാവം.

ആദ്യദിവസം തന്നെ കൃത്യനിഷ്‌ഠ തെറ്റുമോ. മഞ്ഞ്‌ജു ആശങ്കപ്പെട്ടു… യാത്രക്കിടയിൽ പാക്കിസ്‌ഥാനി ഡ്രൈവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്‌. ഉറുദു അറിയാത്ത തനിക്ക്‌ എന്ത്‌ മനസ്സിലാവാൻ അയാളുടെ വിയർപ്പ്‌ നാറ്റവും അവളെ അസ്വസ്‌ഥപ്പെടുത്തി. ഓക്കാനം വരുന്നു. അവൾ കാർത്തിക്കിന്റെ കാബിനിലേക്ക്‌ ചെന്നു. ചെറിയ മുഖത്ത്‌ അധികപ്പറ്റ്‌ പോലെ വലിയ മീശ, മുഖത്ത്‌ കുറ്റിരോമങ്ങൾ, അലക്ഷ്യമായിട്ടിരിക്കുന്ന എണ്ണമയമില്ലാത്ത മുടി. അധികം വണ്ണമില്ലാത്ത ഉയരമുള്ള ശരീരം. ചിരിക്കുമ്പോൾ തെളിയുന്ന മുൻഭാഗത്തെ മഞ്ഞപ്പല്ല്‌. അംഗഭംഗിയുളവാക്കുന്നു. അസ്വസ്‌ഥത തുളുമ്പുന്ന കണ്ണുകൾ.

നിയമനോത്തരവ്‌ വായിച്ചതും അവളുടെ കറുത്ത കണ്ണുകളിലേക്ക്‌ അയാൾ സൂക്ഷിച്ച്‌ നോക്കി. മേൽചുണ്ട്‌ ഒരു ഭാഗം മുകളിലേക്ക്‌ ഉയർത്തി അവൾ ചിരിച്ചു… മാളുവിന്റെ ചിരിപോലെ. അനന്തകോടി നക്ഷത്രങ്ങൾക്കിടയിൽ അവൾ മടങ്ങി വന്നുവോ.

കണ്ണുകളിലേക്കുള്ള അയാളുടെ നോട്ടം അവളെ അസ്വസ്‌ഥതയാക്കി. ഷെയറിംഗ്‌ അക്കമഡേഷനിലെ ചേച്ചിയുടെ വാക്കുകൾ, നീരസം പുറത്ത്‌ പ്രടിപ്പിക്കുന്നതിൽ നിന്നും അവളെ തടഞ്ഞു നിറുത്തി നിലനിൽക്കണമെങ്കിൽ അഡ്‌ജസ്‌റ്റ്‌ ചെയ്യണം.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

അയാളുടെ കണ്ണുകൾ അവളുടെ കണ്ണുകളിൽ തന്നെ തറച്ചു നിന്നു. അമ്മേ, തുണയായിരിക്കണമേ, അവളുടെ മനസ്സ്‌ മന്ത്രിച്ചു ഉത്‌സാഹം കാർത്തികിനെത്തേടിയെത്തി… അലക്ഷ്യമായിട്ടിരിക്കുന്ന മുടി ഹെയർക്രീം പുരട്ടി ഒരുതുക്കിവെച്ചു. മഞ്ഞപ്പല്ല്‌ വെളുപ്പിക്കാൻ ശ്രമിച്ചു. കമ്പനിവക കമ്പ്യൂട്ടിംഗും എക്കൗണ്ടിഗും അയാൾ അവൾക്ക്‌ പരിയപ്പെടുത്തി.

പടിപടിയായി എല്ലാം പഠിച്ചോളും താൻ മനസ്സിരുത്തി ശ്രമിച്ചാൽ മതി. അതിന്‌ അറബി, ഹിന്ദി ഭാഷകൾ സംസാരിക്കാനും പഠിക്കണം. ഭാഷയുടെ സാങ്കേതികത്വവും അയാൾ അവളോട്‌ പറഞ്ഞു. അവളുടെ കണ്ണുകളിൽ തളർച്ച കാണുമ്പോൾ പോകാനനുവദിച്ചു. മഞ്ഞ്‌ജുവിനെക്കുറുച്ച്‌ പതിവ്‌പോലെ അന്ന്‌ രാത്രിയിലും കാർത്തിക്‌ ഭാര്യയോട്‌ പറഞ്ഞു. ഏട്ടൻ അവളെ ദത്തെടുക്കമെന്ന്‌ തോന്നുന്നല്ലോ. ഭാര്യ തമാശ പറഞ്ഞു. അവൾ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ മഞ്ഞ്‌ജുവിനെയും ഓർത്തുകൊണ്ട്‌ ഉറങ്ങി. പ്രൊബേഷൻ പിര്യേഡ്‌ തീരാറായി, അവൾ കാര്യപ്രാപ്‌തിയുള്ളവളാണെന്ന കാർത്തികിന്റെ റിപ്പോർട്ടിൽ അവളുടെ കഴിവിനെ പ്രകീർത്തിക്കുകയും അവളെപ്പോലെയൊരാൾ കമ്പനിയിൽ അത്യാവശ്യമാണെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തു. സ്‌ഥിരം നിയമനം.

ഇടയ്‌ക്കെല്ലാം അവർ പരസ്‌പരം പിണങ്ങാറുണ്ട്‌. എങ്കിലും. യാത്ര ചോദിക്കാതെ അവൾ ഓഫീസ്‌ വിട്ടിറങ്ങാറില്ല. ഒരിക്കൽ അയാൾക്ക്‌ അവളെ ഏറെ വഴക്ക്‌ പറയേണ്ടി വന്നു.. കമ്പ്യൂട്ടറിൽ ഒരു ഡാറ്റ എന്റർ ചെയ്‌തത്‌ അവൾ പരിശോധിച്ചില്ല എന്ന കാരണത്താൽ… മറ്റാരും കാണാതെ അവൾ ഒരുപാട്‌ കരഞ്ഞു.

എന്തിനായിരുന്നു ഞാനവളെ കരയിച്ചത്‌.

മാളുവിനെ നൊമ്പരപ്പെടുത്തി അതിൽ ആനന്ദം കണ്ടെത്താൻ തനിക്കാവുമോ കരഞ്ഞുകലങ്ങിയ കണ്ണുകൾ. എല്ലാവരും ചോദിച്ചു എന്ത്‌ പറ്റിയെന്ന്‌. കണ്ണിൽ ഒരി പൊടിപോയതാണെന്ന്‌ അവൾ നുണപറഞ്ഞപ്പോൾ അയാൾ മൗനം പാലിച്ചു.

ഇനിയൊരിക്കലും മാളുവിനെ വേദനിപ്പിക്കില്ല. അയാൾ മനസ്സിൽ കുറിച്ചിട്ടു. മഞ്ഞ്‌ജു കമ്പനിയിലെ പ്രധാനഘടകമായി. സാമ്പത്തിക ക്രയവിക്രയങ്ങളുടെ നിയന്ത്രണവും അവളിലായി. കാർത്തിക്‌ സന്തോഷിച്ചു. താനുദ്ദേശിച്ച സ്‌ഥാനത്ത്‌ അവളെത്തുയിരിക്കുന്നു. ഷെയറിംഗ്‌ അക്കമഡേഷനിലെ ചേച്ചിയുടെ വാക്കുകൾക്ക്‌ പ്രസക്തി നഷ്‌ടപ്പെട്ടതായി മഞ്ഞ്‌ജുവിന്‌ തോന്നി. ഇനി അഡ്‌ജസ്‌റ്റ്‌ ചെയ്യേണ്ടതില്ല. ഞാനിന്നിലെ മഞ്ഞ്‌ജുവിനെ സ്വപ്‌നം കണ്ടു. കാർത്തിക്‌ ഏറെ സന്തോഷത്തോടെ ആയിരുന്നു. അത്‌ പറഞ്ഞത്‌. സാറെന്തിനാണ്‌ എന്നെ സ്വപ്നം കാണുന്നത്‌. അതിന്റെ ആവശ്യമില്ല. അവളുടെ രൂക്ഷമായ നോട്ടം അയാളെ കുറ്റപ്പെടുത്തി. കണ്ട സ്വപ്‌നത്തെക്കുറിച്ച്‌ പറയാനിട നൽകാതെ അവൾ നടന്നുപോയി. പോയി. അയാൾ വിഷണ്ണനായി ഇരുന്നു പോയി.

അവളുടെ ഭർത്താവിന്റെ വിസാ കാലാവധി കഴിഞ്ഞു. പുതിയ വിസ തരപ്പെടുത്തണം. ദുഖങ്ങൾ അലകടലായി വരികയാണ്‌. തന്റെ ഉദരത്തിലെ ഉണ്ണിക്ക്‌ പ്രായം ആറു മാസമായി. എല്ലാറ്റിനോടും ഒരു ദേഷ്യം. തന്നോട്‌ ഏറെ സൗഹൃദം കാണിച്ച കാർത്തികിനോടും അവൾ ദേഷ്യപ്പെടുകയാണ്‌. ഒരു മേലുദ്യോഗസ്‌ഥനെന്ന പരിഗണനപോലും നൽകാതെ അയാൾ അതെല്ലാം തന്റെ മാളുവിന്റെ വികധതികളായി മാത്രം കണ്ടു. അയാൾ തന്റെ ഭാര്യയോട്‌ പറയാറുണ്ടായിരുന്നു. നമ്മുടെ മാളു ഒരു മുൻശുണ്‌ഠിക്കാരിയാണ്‌… കുഞ്ഞുനാൾ മുതലേ അനുഭവിച്ചു വരുന്ന ഏകാന്തത അയാളെ ഏറെ വിഷാദനായക്കിയിരുന്നു. ഇടയ്‌ക്കെല്ലാം അയാൾ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി സ്വയം മന്ത്രിക്കുമായിരുന്നു. അനിയത്തീ, നീ ഏട്ടനെ ഒരിക്കലും തിരിച്ചറിയുന്നില്ലല്ലോ.

സ്‌ത്രീ പുരുഷ ബന്ധങ്ങളെ രക്തം കൊണ്ട്‌ കോർത്തിണക്കിയില്ലെങ്കിൽ സമൂഹം അന്യരായേ കാണൂ. ബന്ധങ്ങൾ എത്ര പവിത്രമാണെങ്കിലും.. അയാളുടെ കളങ്കമില്ലാത്ത സ്‌നേഹത്തെ അവൾ ഭയത്തോട്‌ കൂടി മാത്രമേ കണ്ടുള്ളു.. അയാളെ തന്നിൽ നിന്ന്‌ അകറ്റിയേ മതിയാകൂ എന്ന മുൻ നിശ്ചയം അവളിലുണ്ടൂയിരുന്നു. അയാളുടെ ഇഷ്‌ടവും സ്‌നേഹവും അവളുടെ മുമ്പിൽ ഒരു പരിഹാസ വിഷയമായിക്കഴിഞ്ഞു. അയാളുടെ വാക്കുകളിൽ നിന്ന്‌ വരുന്ന അബദ്ധങ്ങൾ അവൾ കൊട്ടിഘോഷിച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ അവൾ അയാളോട്‌ ശാപരുപേണ പറഞ്ഞു. ജൂനിയർ സ്‌റ്റാഫിനെക്കൊണ്ട്‌ അധിക ജോലി ചെയ്യിപ്പിക്കുന്ന സാറിനെ ദൈവം കഷ്‌ടപ്പെടുത്തും. ആ വാക്കുകൾ അയാളെ ഏറെ വേദനിപ്പിച്ചു. ഒടുവിൽ അതും മാളുവിന്റെ വികൃതിയായി അറിവില്ലായ്‌മയായി അയാൾ കണ്ടു. ഒരു ദിവസം അകാരണമായി അവൾ ഓഫിസിൽ നിന്ന്‌ കരഞ്ഞുകൊണ്ടേയിരുന്നു. ഹേതുവെന്തെറിയാതെ അയാൾ വിമ്മിഷ്‌ഠനായി. അവളോട്‌ ചോദിച്ചപ്പോഴുള്ള മറുപടി അയാളെ നിശ്ശബ്‌ദനാക്കി. എന്റെ രഹസ്യമെല്ലാം എല്ലാവരോടും പറയണോ അവളുടെ കൂട്ടുകാരിൽ നിന്നാണ്‌ അയാൾ മസ്സിലാക്കിയത്‌. അവളുടെ ഭർത്താവ്‌ വിസാ മാറ്റത്തിനായി കിഷ്‌ദ്വീപിലേക്ക്‌ പോയിരിക്കുന്നുവെന്ന്‌. ആ രാത്രി മുഴുവൻ അയാൾ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. അടുത്തിടെയുണ്ടായ വിമാനദുരന്തം അയാളിലെ ഉത്‌കണ്‌ഠ വർദ്ധിച്ചു. അവളുടെ ഭർത്താവ്‌ തിരിച്ചു വന്നതറിയാതെ പിറ്റേന്നും അയാൾ പ്രാർത്ഥന തുടർന്നു. അവളെ ഇത്രയേറെ സ്‌നേഹിക്കുന്ന തന്നോടെന്തേ ഇവൾ ഇങ്ങനെ തന്റെ സ്വഭാവത്തിൽ വല്ലതും മോശമായി.. ഏയ്‌, ഇല്ല തന്റെ ചിന്തകളി​‍്‌​‍ിൽപോലും അങ്ങനെയൊന്നും കടന്നുകൂടിയിട്ടില്ല. ഇരുപത്തിമൂന്ന്‌ വർഷങ്ങൾ… അനിയത്തിക്കുട്ടി മാളു. സ്‌കൂളിൽ നിന്ന്‌ ഉല്ലാസ യാത്രയ്‌ക്ക്‌ പോയതായിരുന്നു. ബോട്ടപകടം…. കായലിലെ നീല അഗാധതയിലേക്ക്‌.. അവളുടെ കണ്ണുകളും ചുണ്ടുകളുമായി പുനർജനിച്ച മഞ്ഞ്‌ജു… ഇരുപത്തിമൂന്ന്‌ വയസ്സ്‌… മാളു പുനർജ്ജനിക്കുമ്പോൾ എന്തേ തന്റെ അമ്മയുടെ ഉദരത്തിൽ പിറക്കാതെ പോയത്‌. മഞ്ഞ്‌ജു, നീ എന്റെ മാളുവാണ്‌. അനിയത്തിക്കുട്ടി മാളു, ഈ ഏട്ടനെ വെറൂക്കരുത്‌. വീട്ടിൽ നിന്ന്‌ ഫോൺ വന്നു അച്ഛനെ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യണം. കിഡ്‌നി രണ്ടും കമ്പനിയിൽ ലോണിനപേക്ഷിച്ചു. ജനറൽ മാനേജരിൽ നിന്നും ലോൺ പാസ്സായിട്ടും എക്കൗണ്ടിൽ നിന്നും പണം ലഭിക്കുന്നില്ല. കാരണങ്ങൾ പലത്‌. രോഗാണുക്കൾക്ക്‌ അറിയില്ലല്ലോ എക്കൗണ്ടിംഗിലെ കാലതാമസം…. ഒടുവിൽ ഡയാലിസിസിന്‌ പോലും പണം തികയാതെ, അച്ഛൻ ഓർമ്മയുടെ അഗാധതയിലേക്ക്‌… മാളുവിനൊപ്പം…. സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും പത്രവും വാങ്ങി വരികയാണ്‌ അയാൾ. ചതുർവരിപ്പാതയിലെ സീബ്രാക്രോസ്സിൽ നിറുത്താതെ പോയ അറബിയുടെ കാർ കാർത്തികിന്റെ ശരീരത്തിലൂടെ കയറിറങ്ങി. തെറിച്ചുവീണ രക്തത്തുള്ളികൾ വർത്തമാന പത്രത്തിൽ ഒരു മരണ വാർത്ത കൂടി എഴുതിച്ചേർത്തു.

തകർന്ന ഹൃദയം തന്റെ അമ്മയുടെ ഉദരത്തിൽ പിക്കാതെ പോയ അനിയത്തിക്കുട്ടിയുടെ സ്‌നേഹത്തിനായി കാത്തു കിടക്കുകയായിരുന്നു.

സ്‌നേഹിക്കയില്ല ഞാൻ

നോവുമൊരാത്മാവിനെ

സ്‌നേഹിച്ചിടാത്തൊരു

തത്വശാസ്‌ത്രത്തെയും, എന്ന്‌ പാടിയ കവി എത്ര ദാർശനികൻ

ശുഭം-

Generated from archived content: story1_dec17_08.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English