ആരാന്റെ പറമ്പിലെ മുള്ള് വേലി ചാടി കടന്ന് കയറുംപോലെയാണ് ആർ.കെ. ഇറാഖിലെത്തിയത്. ഇമിഗ്രേഷൻ പരിശോധനയോ വിസ സ്‌റ്റാമ്പിങ്ങോ ഇല്ലാതെ കുവൈത്തിൽ നിന്നും റോഡ് മാർഗ്ഗം. ഇവിടെ ഇപ്പോൾ യുദ്ധത്തിന്റെ നാളുകളാണ്. ഈ രാജ്യക്കാർക്ക് യുദ്ധം ഒരു നവ്യാനുഭാവമൊന്നുമല്ല. വർഷങ്ങളായി തുടരുകയല്ലേ യുദ്ധം, മറുപക്ഷത്തെ ശത്രുക്കൾ മാറുന്നുവെന്നല്ലാതെ.
യുദ്ധത്തെകുറിച്ച് സത്യസന്ധവും വേഗത്തിലുള്ള വാർത്തകൾ തയ്യാറാക്കണം. യുദ്ധമുഖത്തേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ മുതൽ ആതിര ഏറെ ദുഃഖിതയായിരുന്നു. അവൾ ഒരുപാട് എതിർത്തുനോക്കി പക്ഷേ, ഫലമുണ്ടായില്ല. “എന്റെ പത്രത്തെ പ്രതിനിധീകരിച്ച ഞാൻ പോയില്ലെങ്കിൽ മറ്റൊരാൾ പോകേണ്ടി വരും അയാളും മറ്റൊരുവളുടെ ഭർത്താവും അച്ഛനുമാണ്. ദുഖം സ്‌ഥായിയായി ഇല്ലാതാകുന്നില്ല പുഴയിലെ ഓളങ്ങൾ പോലെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ചേക്കേറുക മാത്രമേ ചെയ്യുന്നുള്ളൂ.”
പിന്നീടവളുടെ മുഖത്തേക്ക് നോക്കിയില്ല നേരെ പോയത് പത്രാധിപരുടെ ക്യാബിനിലേക്ക്.
“ആർ.കെ.പോയങ്കിൽ മാത്രമേ വാർത്തകൾക്ക് സുതാര്യതയുണ്ടാവുകയുള്ളൂ. പത്രാധിപരുടെ വാക്കുകൾ തനിക്കുള്ള അംഗീകാരമായി തോന്നി. കുവൈത്ത് അതിർത്തിയിൽ വാഹനത്തിൽ നിന്നും പുറംതള്ളപ്പെട്ട ആർ.കെ. അമേരിക്കൻ പട്ടാളത്തിന്റെയും ഇറാഖ്‌പട്ടാളത്തിന്റെയും ദൃഷ്‌ടിയിൽ പെടാതെ അതിർത്തി കടന്നു ചരിത്രത്താളുകളിൽ പഠിച്ച മെസപ്പൊട്ടേമിയയിലേക്ക്.
പാടത്ത് പോകുന്ന കർഷകനും ഇവിടെ തോക്കേന്തിയാണ് നടക്കുന്നത്. തന്റെ രാജ്യത്തിന്റെ വിസ്‌തൃതി കൂട്ടാൻ മറ്റൊരു രാജ്യം കീഴടക്കിയതല്ലേ ഈ ദുരന്തങ്ങൾക്കെല്ലാം നാന്ദി കുറിച്ചത്. അല്ലെങ്കിലും അതിമോഹമാണ് മനുഷ്യന്റെ നാശത്തിന് കാരണം. പരിമിതമായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുള്ളയാൾക്ക് ജീവിതം ശാന്തമായി ഒഴുകുന്ന നദിപോലെയായിരിക്കും. അല്ലാത്തവരുടേത് കുത്തിയൊഴുകുന്ന പുഴ പോലെയും മധ്യ പൂർവദേശത്തെ മറ്റ് സമ്പന്ന രാജ്യങ്ങളോട് മൽസരിക്കത്തക്ക വിധം വിഭവ സമൃദ്ധമായിരുന്നല്ലേ ഈ നാടും. എന്നിട്ടും ഇവിടുത്തെ ജനത, ദാരുണതകളുടെ കൂട്ടാളികളായി മാറി. ചെറുപ്പത്തിൽ ബാല പ്രസിദ്ധീകരണങ്ങളിലൂടെയാണ് ഈ രാജ്യത്തെ പരിചയപ്പെടുന്നത്. ഇറാനും ഇറാഖും തമ്മിലുള്ള യുദ്ധം ഓരോ കാൽവെയ്‌പുകളിലും ആർ.കെ.യുടെ മനസ്സ് മുൻകാലങ്ങളിലേക്ക് പോയികൊണ്ടിരുന്നു.
ഓരോ ഓർമ്മകളും ഓരോ വേദനകളാണ്. രക്തം കിനിയുന്ന വേദനകൾ.
‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിച്ചപ്പോൾ തോന്നാത്ത ആദരവ് ഇപ്പോൾ ഗാന്ധിജിയോട് തോന്നുന്നു. മഹാത്മജി രക്തരഹിത വിപ്ലവത്തിലൂടെ ഒരു രാജ്യത്തെ സ്വാതന്ത്രത്തിലേക്ക് നയിച്ച അങ്ങ് എത്ര ഉന്നതൻ! അങ്ങയ്‌ക്ക് ഈ മരുഭൂമിയിൽ പുനർജനിക്കാമോ? അങ്ങയുടെ അവതാരത്തിന് വേണ്ടി ഇവിടെ ഒരു ജനത കാത്തിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ പത്രപ്രവർത്തകർ താമസിക്കുന്ന മേഖലയിലാണ് ആർ.കെയ്‌ക്കും താമസം ഒരുങ്ങിയത്. ആദ്യ വാർത്തകൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ തന്നെ ആർ.കെ.യുടെ വിരലുകൾ വിറയ്‌ക്കുന്നുണ്ടായിരുന്നു. ബസറയിൽ ബോംബ് വർഷം. മൃതിയടഞ്ഞത് നിരവധി പേർ! മരണപ്പെട്ട ഓരോരുത്തരേയും സ്‌നേഹിക്കുന്നവർ ഇനിയുമവശേഷിക്കുന്നുവെന്ന സത്യം ആർ.കെ.യിൽ നൊമ്പരപ്പ് ഉളവാക്കി. വാർത്തകളും ക്യാമറയിൽ പകർത്തിയ ചിത്രങ്ങളും മെയിൽ ചെയ്‌ത് കഴിഞ്ഞപ്പോൾ ആർ.കെ മരവിച്ച കൈകൾകൊണ്ട് മുഖമമർത്തിപ്പിടിച്ചു. പിന്നെ അശാന്തമായ അന്തരീക്ഷത്തിൽനിന്നും ശാന്തമായ നിദ്രയിലേക്ക്. യാങ്കി പട്ടാളം പ്രതിരോധമില്ലാതെ മുന്നേറുകയാണ.് മരുഭൂമിയുടെ കണ്ണുകളിൽ നിന്നും രക്തം കനിഞ്ഞൊഴുകി ടൈഗ്രീസും യൂഫ്രട്ടീസും മലീമസമായി. ഖജനാവിന്റെ കാവൽക്കാരും മേലാളന്മാരുമെല്ലാം യാങ്കിപ്പടയുടെ ദൃഷ്‌ടിയിൽ പെടാതിരിക്കാൻ എങ്ങോ പോയ് മറഞ്ഞു. കാവൽക്കാരില്ലാത്ത ഖജനാവിലേക്ക് ആരെക്കയോ ഇരച്ചു കയറി. ചിലർ കണ്ടത് മുത്തുകൾ. മറ്റു ചിലർക്ക് വെടിയുണ്ടകൾ. ഓരോ ചിത്രങ്ങളും തന്റെ മെയിൽ ബോക്‌സിലൂടെ നാട്ടിലേക്കയച്ചുകൊണ്ടിരുന്നു. ഒപ്പം ഓരോ നെടുവീർപ്പുകളും കാർഡ് റീഡറിൽ നിന്നും കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്നതിനിടയിൽ ദൃശ്യമായ ഒരു ചിത്രം അയാളുടെ ഹൃദയത്തിൽ ശരമേറ്റതു പോലെ ഒരു ദ്വാരമുണ്ടാക്കി. സുഹൃത്തായ ശ്രീലങ്കൻ പത്ര പ്രവർത്തകന്റെ ‘ക്യാമറയിൽ നിന്നും അയക്കപ്പെട്ട ചിത്രം രാത്രിയുടെ നിശബ്‌ദതയിൽ കുപ്പിവിളക്കിന്റെ പുക നിറഞ്ഞ വെളിച്ചത്തിൽ പഠനം ഒരു തപസ്സായി സ്വീകരിച്ചനാളുകളിൽ, ഉറങ്ങാതെ കട്ടൻചായ ഉണ്ടാക്കി തന്ന അമ്മയുടെ കരിപുരണ്ട മുഖം. ആ ചിത്രം മാത്രം ആർ.കെ ഡസ്‌ക് ടോപ്പിൽ സുരക്ഷിതമാക്കി വെച്ചു. മനസ്സിൽ പതിഞ്ഞ ആ ചിത്രത്തിന്റെ ഉറവിടം തേടിയുള്ള അലച്ചിലായി പിന്നീട്. ബോംബുകൾ നാശം വിതച്ച ഓരോ വീട്ടിനു മുമ്പിലൂടെയും നടന്നു പോകുമ്പോൾ ആർ.കെ. ആ മുഖമന്വേഷിച്ചുകൊണ്ടിരുന്നു. ഒരു വൃശ്ചിക മാസത്തിലെ തണുത്ത പുലരിയിൽ എങ്ങോ പോയ് മറഞ്ഞ അമ്മയുടെ മുഖം. വർഷങ്ങൾക്ക് ശേഷം ഈ മരുഭൂമിയിൽ നിലവിളികൾക്കിടയിൽ പർദ്ദ ധരിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു ചിത്രത്തിലൂടെ. ചിത്രം കർബലയിൽ നിന്നാണെന്ന് മാത്രമറിയാം. ബസ്‌റയിൽ നിന്നും അനേകം മൈലുകൾക്കപ്പുറമാണ് കർബല. റോഡ് മാർഗമുള്ള ഒരു യാത്രയും സുരക്ഷിതമല്ല. അമേരിക്കൻ വ്യോമസേനയുടെ ക്ലസ്‌റ്റർ ബോംബുകളോ, അതല്ലങ്കിൽ കരസേനയുടെ വെടിയുണ്ടകളോ, അതുമല്ലങ്കിൽ സ്വാതന്ത്രത്തിന് വേണ്ടി പോരാടുന്ന ചരിത്രാവശിഷ്‌ടങ്ങളുടെ കാത്തു സൂക്ഷിപ്പിനായി തോക്കേന്തിയ കർഷകർ നടത്തുന്ന സ്‌ഫോടനങ്ങൾ അഥവാ ഭീകരപ്രവർത്തനങ്ങൾ ഇവയിലേതെങ്കിലുമൊന്നിന് ഇരയാകേണ്ടി വരുമെന്ന് തീർച്ച. എന്നാലും ആ അമ്മയെ കാണാതെ പോവുകയെന്നാൽ, മരിച്ചു പോയ അമ്മയെ കാണാൻ ദൈവം അനുഗ്രഹിച്ചു തന്ന സന്ദർഭം നഷ്‌ടപ്പെടുത്തലായിരിക്കും. ഈയൊരു ജന്മത്തിലൊരിക്കലും ഇതുപോലൊരു സാഹചര്യം ഒത്തെന്നു വരില്ല. കാണാൻ കഴിയുമെന്ന് ഉറപ്പൊന്നുമില്ല, എങ്കിലും ശ്രമിച്ചു കളയാം. ആർ.കെ. തന്റെ ലാപ്‌ടോപ്പും ക്യാമറയുമടങ്ങുന്ന ഒരു പത്രപ്രവർത്തകന്റെ പണിയായുധങ്ങൾ ഒരു തോൾ സഞ്ചിയിലാക്കി കുറച്ച് റൊട്ടിയും കെച്ചപ്പും വെള്ളവും കൂടെ കരുതി. ഈ യാത്ര കർബലയിൽ എത്തുമോ എന്ന് നിശ്ചയമില്ല.
പച്ചക്കറികൾകൊണ്ട് പോകുന്ന ഒരു ട്രക്കിൽ യാത്ര തരപ്പെട്ടു. പച്ചക്കറികൾക്കിടയിൽ ലഭ്യമായ അല്‌പം സ്‌ഥലത്ത് തന്റെ ശരീരത്തെ ആർ.കെ മൂന്നായി മടക്കി വെച്ചു. ട്രക്കിലെ പച്ചക്കറികൾക്കെല്ലാം പുതുമ നഷ്‌ടപ്പെട്ടിരിക്കുന്നു. യുദ്ധവും സ്‌ഫോടനവും അരങ്ങേറുമ്പോൾ ഏതെങ്കിലുമൊരു സ്‌ഥലത്ത് വെളിച്ചം ഓഫ്‌ചെയ്‌തു നിർത്തിയിടും. ചിലപ്പോൾ ദിവസങ്ങളോളം. അത്‌കൊണ്ടായിരിക്കാം ഈ പച്ചക്കറികൾക്കെല്ലാം പഴക്കം വന്നത്. നജഫിൽ നിന്നും എങ്ങോട്ടന്നില്ലാതെ പാലായനം ചെയ്യുന്ന ഒരു ഇറാഖി കുടുംബവുമുണ്ട് ട്രക്കിൽ. ഭാര്യയേയും മക്കളേയും കൂട്ടി യുദ്ധങ്ങളില്ലാത്ത ലോകം തേടി പോകുന്ന വൃദ്ധൻ.
’താങ്കളന്വേഷിക്കുന്നതു വൃഥാ ആണന്ന് പറയണമെന്നുണ്ടായിരുന്നു. ആർ.കെ യുടെ മനസിൽ. പക്ഷേ വാക്കുകൾ വിഴുങ്ങി. ഭക്ഷ്യപദാർത്ഥങ്ങളുമായി പോകുന്ന വാഹനങ്ങൾ സുരക്ഷിത മായിരിക്കുമെന്ന് ആർ.കെ യുടെ മനസ്സ് സ്വയം സമാധാനിച്ചു. പക്ഷേ അതുണ്ടായില്ല. യൂഫ്രട്ടീസിന്റെ തീരത്തുള്ള ഒരു ചെറു നഗരമാണ്. സാധാരണ പൗരന്മാരെയാരെയും എവിടെയും കാണാനില്ല. റോഡിനിരുവശത്തുമുള്ള വീടുകളിലൊന്നും വെളിച്ചമില്ല. ആയുധ ധാരികളായ പട്ടാളക്കാർക്ക് മുമ്പിൽ ട്രക്കിന്റെ ചക്രങ്ങൾ നിശ്ചലമായി. പച്ചക്കറികൾക്കിടയിൽ ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ അവയെല്ലാം അലക്ഷ്യമായി വാരിവിതറി. ഒന്നും കണ്ടെത്തിയില്ലെങ്കിലും ട്രക്കും കുടുംബവും ഡ്രൈവറുമെല്ലാം പട്ടാളത്തിന്റെ കസ്‌റ്റഡിയിൽ. ഇന്ത്യാക്കാരനായതുകൊണ്ട് മാത്രം ആർ.കെയെ പോകാനനുവദിച്ചു.
തങ്ങളെ ബാധിക്കാത്ത വിഷയങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് പാലിക്കുന്ന തീവ്രമായ നിശബ്‌ദത. തങ്ങളുടെ പൗരന്മാർക്ക് ചില പ്രതിസന്ധിഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള പഴുതുകൾ തുറന്നു തരുന്നുവെന്ന യാഥാർത്ഥ്യം ആർ.കെയിലെ മനുഷ്യത്വത്തെ കളങ്കപ്പെടുത്തി. ഈ കുടുംബത്തിനു വേണ്ടി പട്ടാളത്തിനോട് സംസാരിക്കണമെന്നുണ്ട് പക്ഷേ…. എങ്ങനെ…. പട്ടാളക്കാർ അന്യഗ്രഹ ജീവികളാണന്നേ തോന്നൂ. ഒരു പട്ടാളക്കാരനും തന്റെ ജീവിതത്തിൽ എത്ര പേരെ കൊന്നുവെന്ന് ഓർത്തുവെക്കാറില്ല, തന്റെ മുമ്പിൽ വരുന്നവർക്ക് നേരെ വെടിയുതിർക്കുക മാത്രം. അവർ മരിക്കാം മരിക്കാതിരിക്കാം. ഒരുഷ്‌ണ കാലത്ത് തണുപ്പ് തേടി വന്ന ഒരു വെള്ളിക്കെട്ടനെന്ന പാമ്പ് തന്റെ വീടിന്റെ കുളിമുറിയിൽ സുഖസുഷുപ്‌തിയിലായിരുന്നപ്പോൾ അതിനെ കൊല്ലാൻ ഭാര്യ എത്ര നിർബന്ധിച്ചിട്ടും കൊല്ലാതെ അതിനെ അതിന്റെ താവളത്തിലേക്ക് പോകാനനുവദിക്കുമ്പോൾ മനസ്സ് പറഞ്ഞത്, ഇവരും ഈ ഭൂമിയുടെ ആവാസ വ്യവസ്‌ഥയ്‌ക്ക് അനിവാര്യമെന്നാണ.് ഇവിടെ ഈ മനുഷ്യർക്ക് അവരുടെ ഭൂമിയിൽ ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഈ കുടുംബത്തെ എങ്ങോട്ടാണ് പട്ടാളംകൊണ്ട് പോവുക?
ഏതെങ്കിലും ഒരു കുപ്രസിദ്ധ ജയിലിലേക്കായിരിക്കാം. പരിശോധനയ്‌ക്കെന്ന പേരിൽ അവരെ നഗ്നരാക്കിയേക്കാം. കുറച്ച് ദൂരം നേർരേഖയിലൂടെ നടന്നപ്പോഴാണ് ഒരു കാർ വന്നത് കൂഫയിൽ നിന്നും കർബലയിലേക്ക് പുറപ്പെട്ട തീർത്ഥാടക സംഘമാണ്.
ചരിത്രങ്ങൾപ്പുറം കൂഫയിൽ നിന്നും പുറപ്പെട്ട സംഘത്തലവനായിരുന്നല്ലോ ഇമാം ഹുസൈനും. കർബലയിൽ വെച്ച് യസീദിന്റെ പട്ടാളത്തിന്റെ വാളുകൾക്കിരയാകേണ്ടി വന്നവൻ. ഛേദം ചെയ്യപ്പെട്ട ശിരസ്സുമായി നഗരം മുഴുവൻ പ്രകടനം നടത്തിയവർ പാകിയത് ശാശ്വതമായ വിപ്ലവത്തിന്റെ വിത്തുകളാണ്. ഓടുന്ന വാഹനത്തിൽ വെച്ച് തന്നെ ആർ.കെ തന്റെ ഉണങ്ങിയ റൊട്ടിയും കെച്ചപ്പും കഴിച്ചു. ശരീരം പോലെ തന്നെ മനസ്സും ക്ഷീണിതമായിരിക്കുന്നു. ഇമാം ഹുസൈന്റെ രക്തംകൊണ്ട് ചുവപ്പിച്ച മണ്ണിന് ദാഹമടക്കാൻ രക്തം തന്നെ വേണ്ടിയിരിക്കുന്നു. അത് കൊണ്ടായിരിക്കാം ഇവിടെ യുദ്ധങ്ങൾക്ക് ഇടവേള ലഭിക്കാത്തത്. കർബലയിലെ ഒരു അഭയാർത്ഥിക്യാമ്പിലാണ് സ്‌ത്രീകളേയും കുട്ടികളേയും പാർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ പത്രപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം.
”നിങ്ങൾ നിങ്ങളുടെ രാജ്യത്തോട് പറയുമോ ഞങ്ങളെ രക്ഷിക്കാൻ“ ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത തന്റെ അഭ്യർത്ഥനയ്‌ക്കു യാതൊരു പ്രസക്തിയുമില്ലായെന്ന് അവരോട് പറഞ്ഞില്ല. പകരം വാചാലമായ മൗനം മാത്രം. വറ്റിയ മുലകളിൽ നിന്നും പാൽ ഊറ്റികുടിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളെയും പാൽ കിട്ടാതാവുമ്പോൾ മുലക്കണ്ണുകൾ കടിച്ചുവലിക്കുമ്പോൾ നിശബ്‌ദമായ വേദന സഹിക്കുന്ന അമ്മമാരെയും കാണാം. ആർ.കെ യുടെ കണ്ണുകൾ എല്ലാ സ്‌ത്രീകളുടെയും മുഖത്തു പതിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരിടത്തും താൻ തേടിയ കണ്ണുകൾ മാത്രം കണ്ടില്ല. ആരോ പറഞ്ഞു ഇന്ന് പകലും ഇവിടെ ബോംബ് വർഷമുണ്ടായിരുന്നുവെന്ന് മരിച്ചവരിൽ നിരവധി സ്‌ത്രീകളും ഉൾപ്പെട്ടിരുന്നു ഒരു പക്ഷേ അവരിൽ…..
താനിവിടെ വരെ എത്തിയതിന് പിന്നിൽ അമ്മയെ കാണുകയെന്നൊരു നിയോഗമില്ലേ? അങ്ങനെയെങ്കിൽ ആ നിയോഗം നടപ്പാകാതെ പോകുമോ? പൂർത്തികരിക്കപ്പെടാതെ പ്രതീക്ഷകളുമായി ആർ.കെ അഭയാർത്ഥിക്യാമ്പിൽ നിന്നും പുറത്തിറങ്ങി.
”വലദീ…. വലദീ…“ തേങ്ങുന്ന ഹൃദയത്തോടെ വിലപിക്കുന്ന അമ്മയുടെ ശബ്‌ദം കേട്ട ദിക്കിലേക്ക് ആർ.കെ നോക്കി. ഇരുട്ടിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന വസ്‌ത്രത്തിൽ നിന്നും മുഖവും മുൻകൈയ്യും മാത്രം വേർപെട്ടു കാണാം. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയാണ് അമ്മ വിലപിക്കുന്നത്.
”ന്റെ മോനെ, ന്റെ മോനെയെന്ന്“ ഈ പ്രപഞ്ചത്തിലെ സർവ്വതിന്റെയും പ്രതികരണ ശേഷി നഷ്‌ടപ്പെട്ടത് പോലെയാണ്. ഒരു നക്ഷത്രവും പ്രതികരിക്കാതിരിക്കുന്നത് ആർ.കെ ഒരു സാന്ത്വന സ്‌പർശനത്തിനെന്നപോലെ അവരുടെ അടുത്തേക്ക് നീങ്ങി.
അവർ… ന്റെ മോനെ…” ബോംബുകൾക്കിടയിൽ പെട്ട് കരിഞ്ഞ ശരീരമായി മാറിയ തന്റെ മകനെ തേടുകയാണ് അവരെന്ന് ആർ.കെയ്‌ക്ക് ബോധ്യമായി. പിന്നെ മെല്ലെ കൈക്കുമ്പിളിൽ വാരിയെടുത്ത അവരുടെ മുഖത്ത് നിന്നും തന്റെ ക്യാമറയിൽ പകർന്ന് വന്ന ചിത്രം ദൂരേയ്‌ക്ക് പറന്നകന്നു.
Generated from archived content: story1_aug27_10.html Author: velliyodan
Click this button or press Ctrl+G to toggle between Malayalam and English