നേര്‍ച്ചക്കോഴികളുടെ തല മുണ്ഡനം ചെയ്യുന്നു.

ഒരു രക്ഷപ്പെടല്‍. അത്ര മാത്രമേ ദയ ഉദ്ദേശിക്കുന്നുള്ളു. ഈ രക്ഷപ്പെടലിന്റെ അന്ത്യം എങ്ങെനെയായിരിക്കുമെന്നതിനെക്കുറിച്ച് യാതൊരു നിശ്ചയവുമില്ല. എല്ലാത്തിന്റെയും അനന്തഫലം തേടി നടന്നാല്‍ ഈ സങ്കേതത്തില്‍ നിന്നുമുള്ള രക്ഷപ്പെടല്‍ എന്നും അസാദ്ധ്യമായിത്തന്നെ നിലനില്‍ക്കും . ചെന്ന് കയറാന്‍ ഒരിടമില്ല . ഇടം നഷ്ടപ്പെട്ടവളുടെ വേദന അവളേപ്പോലെ തന്നെ അനാഥമായിക്കിടന്നു.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ വയറിന്റെ തേങ്ങലുകള്‍ അടക്കിയത് ഈ ആശ്രമത്തിന്റെ ഔദാര്യമാണ് . ഇപ്പോള്‍ ബുദ്ധിയും തിരിച്ചറിവും വന്നപ്പോള്‍ എല്ലാം ഇട്ടേച്ച് ഓടുക. നന്ദികേടാണ്. അങ്ങിനെയും ചിന്തിച്ചു. നന്ദികേട് എന്നതിനപ്പുറം ഒരു മുക്തി ആണ് എന്ന് ചിന്തിക്കുമ്പോള്‍ സ്വയം സമാധാനപ്പെട്ടു. എല്ലാ ആശ്രമങ്ങളും ഇങ്ങനെത്തന്നെയാണോ? എന്നും അവള്‍ ചിന്തിക്കാതിരുന്നില്ല. തന്റെ അനുഭവം കൊണ്ട് സ്വായത്തമാക്കിയ അറിവിന്റെ വിശകലനത്തില്‍ അങ്ങനെയാവാനാണ് തരം.

ലോക വ്യാപാരത്തില്‍ നിന്നുള്ള മോചനവും ലൗകികച്ഛേകളെ വര്‍ജ്ജിക്കുകയുമല്ലേ സന്യാസം? ആശ്രമത്തിലെ സ്വാമിമാരുടെ ആഗ്രഹങ്ങള്‍ക്കായി തന്റെ മോഹങ്ങളെ വധിക്കുകയായിരുന്നു അവള്‍‍ സന്യാസം എന്ന വാക്കിന്റെ അര്‍ത്ഥ വിശകലനത്തില്‍ അങ്ങനെയൊന്നുണ്ടെങ്കില്‍ അവള്‍ സന്യാസിനിയാണ്. നിശ്ചയം.

ഈ രക്ഷപ്പെടലിന് വഴി തെളിച്ചത് ചാന്ദിനിയാണ്. തന്നെപ്പോലെ എല്ലാം സഹിച്ച് സന്യാസത്തിന്റെ പുതു വഴിതേടിയവള്‍. അല്ലെങ്കില്‍ തേടാന്‍ വിധിക്കപ്പെട്ടവള്‍. പുറം ലോകം നിറയെ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയതാണ്. ആ വര്‍ണ്ണങ്ങളിലേക്ക് ഇരുട്ടിന്റെ ചങ്ങാതിമാരില്‍ നിന്നും ഒരു മോചനം വേണമെന്ന് ആദ്യം ഉപദേശിച്ചതും ചാന്ദിനിയാണ്.

‘’ ചേച്ചിക്ക് വേണ്ടേ ഈ വര്‍ണ്ണക്കൂട്ടുകള്‍?’‘ അങ്ങനെ ചോദിക്കാതിരിക്കാന്‍ ദയയുടെ മനസ്സ് അനുവദിച്ചില്ല. ഉത്തരങ്ങള്‍ ചോദ്യങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു.

‘’ ആ വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എന്റെ പ്രായം അനുവദിക്കുന്നില്ല കുട്ടീ. അല്ലെങ്കില്‍ ഈ ഇരുട്ടറയില്‍ കിടന്ന് കാലങ്ങളുടെ തേയ്മാനത്തിലൂടെ ഞാന്‍ ഇരുണ്ട് പോയിരിക്കുന്നു. പുറത്തെ നിറങ്ങള്‍ക്ക് പോലും എന്നിലെ നിറമില്ലായ്മയെ ഭയമാണ്’‘

കണ്ണുകള്‍ക്കൊപ്പം കൂടിച്ചേരലുകള്‍ അസാധ്യമായതിന്റെ നിസ്സഹായാവസ്ഥയായിരുന്നു. പിന്നീട് ദയ ഒന്നും ചോദിക്കാന്‍ നിന്നില്ല . നിറഞ്ഞ കണ്ണീര്‍ ഉറവകള്‍ക്ക് ഒഴുകിയൊലിക്കാന്‍ ഒരു അവസരം ഉണ്ടാക്കിക്കൊടൂക്കേണ്ടതില്ലെന്ന് കരുതി. ഓരോ ആശ്രമവാസിയുടേതും, തന്റേത് ഒരു പാഴ്ജന്മമാണെന്ന തോന്നലുകളുടെ ഖനീഭവിച്ച രൂപം പോലെ തോന്നി അവള്‍ക്ക്. അത്തരം തോന്നലുകളുടെ നൈരന്തര്യങ്ങളില്‍ നിന്നുള്ള ഒരു മോചനം അനിവാര്യമാണെന്ന് അവള്‍ തീരുമാനിച്ചു.

ഓടുക , ലക്ഷ്യമില്ലാതെ തീര്‍ച്ചയായും അതിന്റെ അന്ത്യം അതായിരിക്കും. ഏതോ അതായിരിക്കും തനിക്ക് വിധിച്ച ലക്ഷ്യസ്ഥാനം. ജന്മാന്തര പ്രയാണങ്ങളിലൂടെ തനിക്കായി കാത്തിരുന്ന സ്ഥാനം തിരിച്ചു വിളിക്കാന്‍ സ്നേഹിക്കാന്‍ മനസ്സുകളില്ലാത്തിടത്തോളം കാലം താനെന്തിന് വേവലാതിപ്പെടണം ?

രണ്ടാനച്ഛനില്‍ നിന്നുള്ള ഒരു വിടുതല്‍. അതായിരുന്നു അവളുടെ ആശ്രമത്തിലേക്കുള്ള പ്രവേശനം തന്നെ. അച്ഛന്‍ എങ്ങോട്ട് പോയെന്ന ചോദ്യം കൊണ്ട് അമ്മയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ശല്യപ്പെടുത്തല്‍ അധികരിച്ച ഏതോ നിമിഷത്തിലായിരിക്കാം അമ്മ ഒരാളെ ചൂണ്ടിപ്പറഞ്ഞു ‘’ നിന്റെ അച്ഛന്‍’‘ അച്ഛനായി തന്നെ കരുതി. അമ്മയ്ക്ക് അടുക്കളജോലിയിലെ ഒരു താങ്ങായിരുന്നു അവള്‍ . വിളമ്പുകാരിയുടെ അടുക്കളക്കാരി. നനഞ്ഞ ഓലക്കാണി ഊതിക്കത്തിക്കുമ്പോള്‍‍ അവളുടെ കണ്ണുകളില്‍ പുകയും പൊടി പടലങ്ങളും ചേര്‍ന്ന് അന്ധത സൃഷ്ടിക്കുകയായിരുന്നു.

ആര്‍ക്കോ വിളമ്പാന്‍ വെച്ചത് അറിയാതെ തട്ടിമറിഞ്ഞുപോയതിന്റെ പേരിലുള്ള അമ്മയുടെ ശകാരങ്ങള്‍ക്കിടയിലാണ് അവളറിഞ്ഞത് , അതിഥികളെല്ലാം തന്റെ അച്ഛന്മാരാണെന്ന് ബീജങ്ങളുടെ സമ്മേളനങ്ങള്‍ക്കിടയില്‍ അനവസരത്തില്‍ പൂത്ത പുഷ്പമാണവള്‍. ചില സത്യങ്ങള്‍ ദേഷ്യവും പ്രതികാരവും സൃഷ്ടിച്ചെടുക്കുന്ന സംസ്കൃത വസ്തുക്കളാണ്. അടുപ്പില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന തീക്കൊള്ളി കയ്യില്‍ ആരോ പിടിപ്പിച്ചത് പോലെയാണ് ദയക്കപ്പോള്‍ അനുഭവപ്പെട്ടത്. അച്ഛന്മാരുടെ കുറ്റിത്താടികള്‍ ഉഴുത് മറിച്ച അമ്മയുടെ കവിള്‍ത്തടങ്ങള്‍ ഒരു അരോചക വസ്തുപോലെ അവള്‍ക്ക് തോന്നി. സംഹരിക്കപ്പെടേണ്ടത് സംഹരിക്കപ്പെടേണ്ട അവസരങ്ങളില്‍ തന്നെ സംഹരിക്കപ്പെടണമെന്ന് ആരോ തന്റെ കാതുകകളില്‍ മന്ത്രിക്കുന്നത് പോലെയാണ് അവള്‍ക്ക് തോന്നിയത്.

അമ്മയുടെ കണ്ണും കവിളുമെല്ലാം തീയില്‍ വെന്തുരുകി. നിലവിളികളുടെ പ്രകമ്പനങ്ങള്‍‍ക്കിടയില്‍ അച്ഛന്മാരുടെ നിഴലുകള്‍ , അസ്ഥിപഞ്ജരങ്ങള്‍ക്ക് മേല്‍ ചുറ്റി വരിഞ്ഞ് അവളെ പിന്തുടരുന്നത് അവള്‍ക്ക് കാണാമായിരുന്നു .. തുറന്നിട്ട പിന്‍ വാതിലിലൂടെ ഇരുട്ടിന്റെ ഉള്ളറകളിലേക്ക് ഒരോട്ടമായിരുന്നു . ഇരുട്ടിന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ജീവിതത്തിലെ ആദ്യത്തെ ഓട്ടം. അന്നും ലക്ഷ്യമുണ്ടായിരുന്നില്ല. ലക്ഷ്യമില്ലാത്ത ഓട്ടങ്ങളുടെ സഹചാരിണിയായി മാറാന്‍ വിധിക്കപ്പെട്ടവളുടെ വിങ്ങലുകള്‍ക്ക് മുമ്പില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ കണ്ണടച്ചു നിന്നു. നക്ഷത്രങ്ങളുടെ ശല്യമില്ലാത്തതാവാം , ഇരുട്ട് അവളെ ഗാഢമായി പുണര്‍ന്നു.

തളര്‍ന്ന കാലുകള്‍‍ ഒടുവില്‍ അഭയം കണ്ടെത്തിയത് യജ്ഞങ്ങളെ സാധൂകരിക്കാനുള്ള മന്ത്രങ്ങള്‍‍ക്കിടയില്‍…

‘’അമ്മയാണ് മകളേ…’‘

അമ്മ.. വീണ്ടും പേടിയാണ് മനസ്സില്‍ ഓടിയെത്തിയത്.

ആശ്രമത്തിലെ കാവിക്കുള്ളിലേക്ക് അവള്‍ നുഴഞ്ഞു കയറി. ക്ഷുരകന്റെ കത്തി മുനയില്‍ കൂടി നിലത്തേക്ക് കുഴഞ്ഞു വീണപ്പോള്‍‍ മനസ്സിനകത്ത് അടക്കിപ്പിടിച്ചൊരു തേങ്ങല്‍. തല മുണ്ഡനം ചെയ്യരുതെന്ന് പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞില്ല.

സന്യാസത്തിന്റെ പ്രഥമ സോപാനത്തിലാണ് താനിപ്പോള്‍. നിഷേധിക്കപ്പെട്ടതെല്ലാം അങ്ങനെ തന്നെയാകട്ടെ. ഒരിക്കല്‍ കണ്ണാടിയില്‍ നോക്കണമെന്ന് തോന്നി. മുഡ്ഡനം ചെയ്യപ്പെട്ട ദയയെ കാണാന്‍ ഒരു കുസൃതി മോഹം. ചാന്ദിനി സ്വാമിനിയാണ് അന്ന് രാത്രി ഭക്ഷണം തന്നതും ഉറങ്ങാന്‍ ഇടം കാണിച്ചതും . കിടക്കപ്പായയിലേക്ക് വീണത് ഓര്‍മ്മയുണ്ട് . തലേന്ന് രാത്രിയിലെ ഓട്ടത്തിനിടയില്‍ ശരിരവും മനസ്സും തളര്‍ന്നു പോയിരുന്നു. പുലര്‍ന്നപ്പോള്‍‍ കണ്ടത് ഉടുത്തിരുന്ന കാവിയുടുപ്പ് അഴിഞ്ഞു പോയിരിക്കുന്നു. ഈശ്വരാ ഇത്രേം അശ്രദ്ധയോടെയാണോ ഉറങ്ങിയത്? ആരെങ്കിലും കണ്ടുവോ ? അവള്‍ ഉടുപ്പ് പെട്ടന്ന് തന്നെ വാരിയുടുത്തു. ആശ്രമത്തിലെ പരിഷിത്തില്‍ ചെന്നിരുന്നു. ഗുരുക്കന്‍മാര്‍ ജീവിതക്രമങ്ങളെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്. കേട്ടിരുന്നു. മനസും ശരീരവും സ്ഫുടം ചെയ്യണമെന്ന് ആഗ്രഹിച്ചു. ആത്മശ്രേയസ്സ് കൈവരിക്കണം. നിശ്ചയങ്ങളുടെ നിര അങ്ങനെ നീണ്ടുപോയി. പരിഷിത്തിലിരുന്നപ്പോഴാണ് മനസ്സിലായത് തന്റെ പ്രായത്തിലിലുള്ള കുറച്ചേറെ കുട്ടികളുണ്ടെന്ന്.

പരിഷിത്ത് കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ഒരു സ്വാമിനി പറഞ്ഞു. അവരുടെയെല്ലാം വസ്ത്രങ്ങളലക്കാന്‍ . ധാരാളമുണ്ടായിരുന്നു. ചെയ്തു കഴിയുമ്പോഴേക്കും നന്നായി ക്ഷീണിച്ചു.

രാത്രികള്‍‍ പലതും മാറി മറിഞ്ഞു. ഉടുപ്പുകള്‍ സ്ഥാനത്തും അസ്ഥാനത്തുമായി പോയതറിഞ്ഞില്ല. പണിയെടുത്തും വയറ് നിറഞ്ഞും അറിവ് നേടിയും പതിനാല് വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. തിരിഞ്ഞ് നോക്കുമ്പോള്‍‍ കാലത്തിന് അമിത വേഗത പോലെ. എം. ബി. എ. കഴിഞ്ഞതിനാലാകാം ആശ്രമത്തിന്റെ അഡ്മിനിസ്ട്രേഷനില്‍ ഇരിക്കാന്‍ കല്‍പ്പിച്ചു. ഇന്റെര്‍നെറ്റ് സൗഹൃദങ്ങളുടെ വിശാല ലോകത്തേയ്ക്ക് ആദ്യപാഠം വെയ്ക്കുമ്പോള്‍ തെല്ലൊരു ഭയമുണ്ടായിരുന്നു. പിന്നെ സൗഹൃദം ഒരു ലഹരിയായി മത്ത് പിടിപ്പിക്കുകയായിരുന്നു. ആ മത്ത്‍ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ഒരു ശക്തിയായി പിന്നില്‍ നിന്ന്‍ തള്ളുകയായിരുന്നു.

പുറം ലോകത്തേക്കുള്ള ജാലകം തുറന്നിട്ടപ്പോള്‍‍ നിറയെ വര്‍ണ്ണങ്ങളായിരുന്നു.

ചാന്ദിനി സ്വാമിനിയോടു പറഞ്ഞു പോകണം.

ആദ്യമൊക്കെ എതിര്‍ത്തു അവര്‍ക്കു തോന്നിയിട്ടുണ്ടാകാം അവളും മഴവില്ല് വിരിയിക്കട്ടെയെന്ന്.

നഗരത്തിലെ മൊബൈല്‍ ഷോപ്പിനു സമീപം കാത്തിരിക്കാമെന്നാണു സഞ്ചു പറഞ്ഞത്. വെബ് ക്യാമറയിലൂടെ മാത്രം കണ്ട പരിചയമേ ഉള്ളു . അവന്റെ സ്നേഹത്തിനു മുമ്പില്‍ അതിശയിച്ചു നിന്ന് പോയിട്ടുണ്ട്. അവനെ പരിചയപ്പെടാന്‍ വൈകിയെന്ന് പലപ്പോഴും മനസ്സ് പറഞ്ഞു . പ്രണയത്തിന് ഇത്ര മധുരമുണ്ടെന്ന് മുമ്പൊന്നും അവളറിഞ്ഞിരുന്നില്ല. അതെങ്ങനെ രാത്രിയുടെ ഇരുട്ട് ധരിച്ചു വരുന്നവരല്ലേ അവര്‍. സഞ്ചുവിനോട് എല്ലാം പറഞ്ഞതാ. ഹൃദയം അവന് മുമ്പില്‍ ഒരു പുസ്തകം പോലെ തുറന്ന് വെച്ചു. എല്ലാം അറിഞ്ഞിട്ടും അവന് സ്നേഹിക്കാന്‍ കഴിയുന്നു . ആണിനെക്കുറിച്ച് ധരിച്ചു വെച്ചവയെല്ലാം മിഥ്യയാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോയിട്ടുണ്ട്.

മൊബൈല്‍ ഷോപ്പിന്റെ മറ പറ്റി ദയ നില്‍ക്കുന്നത് കണ്ടിട്ടാവാം ആരൊക്കെയോ തല താഴ്ത്തി കണ്ണുകളുയര്‍ത്തി നോക്കുന്നു. ചിലരൊക്കെ നടന്ന വഴി വീണ്ടും തിരികെ നടന്നു. പക്ഷെ ആരും ഒന്നും ചോദിച്ചില്ല. എന്തിനാ ഇവരൊക്കെ ഇങ്ങനെ നോക്കുന്നെ? ദയ മനസ്സില്‍ ചിന്തിച്ചു. പെണ്ണ് ഉടല്‍ മാത്രമാണോ? പെണ്ണിന്റെ യഥാര്‍ത്ഥ വേദനകള്‍ ഇവര്‍ക്ക് കഥകളും കവിതകളും മാത്രമാണോ? പെണ്ണിന്റെ യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് അസ്ഥിത്വത്തിലേക്ക് ആരും കടന്നു വരാത്തതെന്തേ? ചിലര്‍ പെണ്ണില്‍ , രതി സുഖസാരമായി അവളെ സൃഷ്ടിച്ച് ദൈവമെന്ന കലാകാരനെ കാണുന്നു . അപ്പോള്‍‍ പെണ്ണ് ആസ്വദിക്കപ്പെടേണ്ട കലാ സൃഷ്ടി മാത്രമാണോ? ചിലര്‍ പെണ്ണില്‍ ആത്മീയത കണ്ടെത്തുന്നു. പൂര്‍ണ്ണമായും, നിഷ്ക്രിയമാക്കി പൂജിക്കപ്പെടുന്ന ഒരു വിഗ്രഹം മാത്രമാണോ സ്ത്രീ?

പിന്നെ എന്താണ് സ്ത്രീ? എന്തല്ല സ്ത്രീ? സഞ്ചുവിനെ കാത്തിരുന്നപ്പോള്‍‍ അവളുടെ മനസ്സില്‍ ഇങ്ങനെ കുറെ ചോദ്യങ്ങള്‍‍ കടന്നു വരികയും ഇറങ്ങിപ്പോകുകയും ചെയ്തു. മുന്നില്‍ വന്ന് നിന്ന ഓംനി വാനിന്റെ ഹോണ്‍ ശബ്ദമാണ് അവളിലേക്ക് കൂടുതല്‍ ചോദ്യങ്ങള്‍ കടന്നു വരുന്നതിനെ വിലക്കിയത്. ഓംനി വാനിന്റെ നമ്പര്‍ സ്വയം അവളുടെ കണ്ണുകളില്‍ തറച്ചു കയറുകയായിരുന്നു. MH.4A1289 പിന്‍ സീറ്റില്‍ നിന്നും സഞ്ചു ചിരിച്ചുകൊണ്ടാണ് ഇറങ്ങിയത്. സന്തോഷമെന്ന വികാരം അവള്‍ ആദ്യമറിയുന്നത് പോലെയുള്ള അനുഭവം. ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് താനാണെന്ന് സ്വയം വിധിയെഴുതി. വാനിനകത്ത് കണ്ട കറുത്ത മുഖങ്ങള്‍ അവളെ പേടിപ്പിക്കാതിരുന്നില്ല . കാല്‍ അറിയാതെ പിന്നോട്ട് വലിഞ്ഞു. സഞ്ചു ഒറ്റയ്ക്കായിരിക്കുമെന്നാണല്ലോ പറഞ്ഞത്. മനസ്സിലെന്തോ ഒരു പേടി. അവരില്‍ അമ്മയുടെ ഭര്‍ത്താക്കനമാരുടെ നിഴലുകള്‍ പതിഞ്ഞത് പോലെ. ചുറ്റുപാടും ആശ്രമത്തിലെ സ്വാമിമാരുടെ ഗന്ധം…. പക്ഷെ പിന്‍ സീറ്റിലേക്ക് വലിച്ചെറിയപ്പെട്ടതെങ്ങിനെയെന്നറിയാതെ, വാനിന്റെ വേഗതയ്ക്കൊപ്പം അവളുടെ മനസ്സും എങ്ങാണ്ടോക്കെയോ സഞ്ചരിക്കുകയായിരുന്നു…

Generated from archived content: story1_apr1_13.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English