സിന്‍ഡ്രല

അല്‍പ്പം വൈകിയാണ് ഉണര്‍ന്നത്. പ്രാതല്‍ കഴിക്കാനുള്ള സമയമില്ല. കൃത്യനിഷ്ഠത ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. പ്രാതലുപേക്ഷിച്ച് അതിശീഘ്രം ഓഫീസിലേക്കു കുതിച്ചു. അവിടെ നിറയെ ഫയലുകള്‍ അയാളെ കാത്തിരിക്കുന്നുണ്ടാവം. അവയിലെ സങ്കീര്‍ണ്ണതകള്‍ നിവര്‍ത്തണം. ഓരോ ദിവസവും ജോലിഭാരം കൂടി വരുന്നതേയുള്ളു. ഇന്നലെ രാത്രി വൈകും വരെ ഓഫീസിലായിരുന്നു. ഭക്ഷണത്തിനു യാതൊരു സമയക്രമവുമില്ല ഇപ്പോള്‍. ശരീരത്തിനുള്ള ഭക്ഷണത്തെ കുറിച്ച് അയാള്‍ക്ക് വ്യാകുലതയില്ല. ആത്മാവിനുള്ള ഭക്ഷണത്തെക്കുറിച്ച് മാത്രം, അത് നഷ്ടപ്പെട്ടിട്ട് യുഗങ്ങള്‍ കടന്നു പോയി. യാന്ത്രികമായൊരു ഗതാഗതം. ഇവിടെ കടമകളും കടപ്പാടുകളുമില്ല. അയാളെ കാത്തിരിക്കാന്‍ ഓഫീസില്‍ നിറയെ ഫയലുകള്‍ ഇല്ലായിരുന്നെങ്കില്‍ തെറ്റു പറ്റുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ തന്നു സഹായിക്കുന്ന കമ്പ്യൂട്ടറില്ലായിരുന്നെങ്കില്‍ ഈ ഏകാന്തതയുടെ തടവറയുടെ പിടിയില്‍‍ വെച്ച് അയാളെന്നോ ഉന്മാദത്തിന്റെ പിടിയിലമര്‍ന്നേനേ! ആ ഉന്മാദം അലൗകികതയുടെ മറ്റൊരു ലോകത്ത് കൂടെ സഞ്ചരിപ്പിക്കുമായിരുന്നു.

അവിടെ അയാള്‍ക്ക് തൂവെള്ള വസ്ത്രധാരികളായ മാലാഖമാരെ കാണാം.

ലിഫ്റ്റിനടുത്തേക്ക് അയാള്‍ ഓടിച്ചെന്നു. അവിടെ ചെമ്പന്‍ മുടിയും പച്ചക്കണ്ണുമുള്ള ഒരു യുവതി ലിഫ്റ്റ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഏഴ് നിലകള്‍ താണ്ടി താഴെ എത്തണം. ഏഴ് ആകാശങ്ങള്‍ക്ക് മുകളിലാണ് അയാളിപ്പോള്‍. ഈ ഏഴ് ആകാശങ്ങള്‍ താണ്ടി ഭൂമിയിലെത്തണം. അവിടെ നിറയെ ഭ്രാന്തരെ കാണാം. എന്താണ് ഭ്രാന്ത്? എന്താണ് ഉന്മാദം? അവയുടെ ലക്ഷണങ്ങളെന്തൊക്കെയാണ്? പണ്ട് നാട്ടിന്‍ പുറത്ത് കൂടെ വാപ്പിച്ചിയുടെ കയ്യില്‍ തൂങ്ങി നടക്കുമ്പോള്‍ ഒരാള്‍ ആരോടെന്നില്ലാതെ സ്വയം സംസാരിച്ചു ചിരിച്ചു നടന്നു പോകുന്നു.

‘’ അയാളെന്താ ഒറ്റക്ക് സംസാരിക്കുന്നത്?”

‘’അയാള്‍ക്ക് ഭ്രാന്താണ്.’‘ വാപ്പ പറഞ്ഞു അപ്പോള്‍ ഭ്രാന്തിന്റെ ലക്ഷണം സ്വയം സംസാരിക്കലാണെന്ന ഒരു തത്വം അയാളില്‍ രൂപം കൊണ്ടു. മറ്റൊരിക്കല്‍ ഉമ്മയുടെ കൂടെ മിഠായി നുണഞ്ഞുകൊണ്ട് പോകുമ്പോള്‍ നാലഞ്ച് കുപ്പായവും പാന്‍റ്റും , അത്ര തന്നെ തലേക്കെട്ടുമുള്ള ഒരാള്‍ നടന്നു പോകുന്നത് കണ്ട് ഉമ്മയോട് ചോദിച്ചു

‘’ അയാളെന്താ ഉമ്മാ കൊറേ കുപ്പായമിട്ടത്? ‘’

‘’ അയാള്‍ക്ക് ഭ്രാന്താണ്. ‘’

വസ്ത്രങ്ങള്‍ വാരിപ്പുണരുന്നവര്‍ക്ക് ഭ്രാന്താണ്. ഭ്രാന്തിനെ പറ്റി അലിഖിതമായ ചില സങ്കല്‍പ്പങ്ങള്‍ ചൊട്ടയിലേ അയാള്‍ക്കുണ്ടായിരുന്നു. ഈ നഗരം മുഴുവന്‍ ഭ്രാന്തന്മാരാണ്. കോട്ടും സ്യൂട്ടുമെന്ന പേരില്‍ വസ്ത്രങ്ങള്‍ വാരിപ്പുണരുന്നവരും ബ്ലൂറ്റൂത്ത് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി സ്വയം സംസാരിച്ചു പോകുന്നവരുമാണ് ഈ യുഗത്തിലെ ഭ്രാന്തന്മാര്‍!

ചെമ്പന്‍ മുടിയും പച്ചക്കണ്ണുമുള്ള ആ യുവതിയുടെ വിളിക്കുത്തരമെന്നോണം ലിഫ്റ്റ് അവര്‍ക്ക് മുന്‍പില്‍ വന്ന് യാന്ത്രികമായി വാതില്‍ തുറന്നു. അവള്‍ക്ക് പിന്നാലെ തീവ്രപ്രണയത്തെ ജ്വലിപ്പിക്കുന്ന ആ കണ്ണുകളിലേക്ക് അയാള്‍ നോട്ടമയച്ചു. പച്ചക്കണ്ണും ചെമ്പന്മുടിയും തുടുത്ത കവിളുകളും വിയര്‍പ്പ് പൊടിയുന്ന കഴുത്തും ലിപ്സ്റ്റിക്കിടാത്ത ചുണ്ടുകളും ഇറുകിയ ജീന്‍സും കുര്‍ത്തയും തോളിലെ തുകല്‍ സഞ്ചിയും അയാളുടെ കണ്ണുകളുടെ ഉഴിച്ചിലിന് പാത്രീഭൂതമായി.

‘’ നിങ്ങളെന്താണ് എന്നെ തുറിച്ചു നോക്കുന്നത്?’‘

‘’ നിന്നില്‍ ഞാനൊരു വ്യത്യസ്ഥത കാണുന്നു.’‘

‘’ എന്നില്‍ നിങ്ങളൊരു വ്യത്യസ്ഥതയും കാണണ്ട’‘

‘’ ഞാനൊരു സൗന്ദര്യാസ്വാദകനാണ്’‘ ‘

‘’ഈ നഗരത്തില്‍ മനൊഹരങ്ങളായ ഒട്ടേറെ കെട്ടിടങ്ങളുണ്ട്. സുന്ദരമായ പുല്‍മേടുകളും പാര്‍ക്കുകളുമുണ്ട്. ആഢംബര കാറുകളുണ്ട് നിങ്ങള്‍ ഇവയുടെയൊക്കെ സൗന്ദര്യം ആസ്വദിച്ചോളൂ’‘

‘’ അവയിലെല്ലാം ഒരു കൃത്രിമത്വം ഉണ്ട്. ഒരലങ്കാരവുമില്ലാത്ത ഈ സൗന്ദര്യം ദൈവത്തിന്റെ കലയാണ്. ഈ സൗന്ദര്യത്തില്‍ ഞാന്‍ ദൈവത്തെ കാണുന്നു’‘

‘’ ഹാവൂ രക്ഷപ്പെട്ടു ലിഫ്റ്റില്‍ ‘’ ജി’‘ എന്ന ആംഗലേയാക്ഷരം തെളിഞ്ഞപ്പോള്‍ സ്വയമറിയാതെ അവള്‍ പറഞ്ഞു പോയി.

ടാ‍ക്സിയില്‍ കയറി അവള്‍ വാഹനക്കൂട്ടത്തില്‍ ലയിച്ചു . ദൂരെ കാണുന്ന ചക്രവാളത്തിലേക്ക് അവള്‍ പാഞ്ഞു പോയി . എത്തിപ്പിടിക്കാന്‍ അയാള്‍ കൈകള്‍ നീട്ടി.

പക്ഷെ കൈയ്യെത്താ ദൂരത്തേക്ക് അവള്‍ ഒഴുകിപ്പോയി.

‘’ ഫോണ്‍ നമ്പര്‍ വാങ്ങാമായിരുന്നു’‘ ആത്മാവ് പറഞ്ഞു. ‘’ ങും, അതിന് ചോദിച്ചിരുന്നെങ്കില്‍ അവള്‍ നിന്നെ കടിച്ചു തിന്നേനെ’‘ ശരീരമെന്നും പ്രായോഗിതയുടെ ഭാഗത്തായിരുന്നു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍‍ അവളുടെ എതിര്‍ദിശയിലേക്ക് സഞ്ചരിച്ചു. ഓഫീസില്‍ അയാള്‍ തലച്ചോറിനെ കമ്പ്യൂട്ടറിനും ഫയലുകള്‍ക്കും സമര്‍പ്പിച്ചു. അവിടെ ആസ്വാദനവും സഹൃദയത്വവുമില്ല സമര്‍പ്പണം മാത്രം. വാരാന്ത്യ അവധിദിനത്തിന്റെ ലഹരിയിലായിരുന്നു. കമ്പ്യൂട്ടറിനും ഫയലുകള്‍ക്കും കണക്കുകള്‍ക്കും അവധി നല്‍കിയ ദിവസം. സാധാരണ അവധി ദിനം പോലെ അന്നും രാത്രി വൈകി ഉറങ്ങി. വൈകി ഉണര്‍ന്ന ഒരു ദിവസമായിരുന്നു. പുറത്ത് ചെറിയ മഴ . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചൊരിയുന്ന ഈ മഴക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്.

ഈ മഹാ നഗരത്തില്‍ മഴ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു സൗഭാഗ്യമാണ്. ചെറിയ മഴ പെയ്തപ്പോള്‍ തന്നെ റോഡില്‍ നിറയെ വെള്ളമാണ്. ഈ ഭൂമി വെള്ളത്തെ തന്നിലേക്ക് സ്വാംശീകരിക്കുന്നില്ല. തന്റെ മോഹങ്ങളുമായി ഒത്തിണങ്ങാത്ത ഈ ഭൂമിയില്‍ ലയിക്കാന്‍ വെള്ളം വിമുഖത കാട്ടുന്നതാണോ? നഗരസഭയുടെ ടാങ്കര്‍ ലോറി വന്ന് വെള്ളമെല്ലാം ഊറ്റിയെടുത്തുകൊണ്ടുപോയി. ശരീരത്തിന്റെ ഓരോ കശേരുകകളിലും തണുപ്പ് അതിന്റെ വിളയാട്ടം നടത്തുന്നു.

എങ്കിലും മനസ്സിന് യാതൊരു തണുപ്പും അനുഭവപ്പെടുന്നില്ല. അയാള്‍ ഒരു സ്നാക്സ് ബാറില്‍ കയറി ഒരു ചായ ഓര്‍ഡര്‍ ചെയ്തു. ഒരു മൂലയിലെ കസേരയില്‍ ഏതോ പുസ്തകം മറിച്ചു നോക്കിയിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുമ്പില്‍ അയാളിരുന്നു. തന്റെ മുമ്പില്‍ ആരാണിരുന്നതെന്നറിയാന്‍ യാന്ത്രികമായി ഒന്നു മുഖമുയര്‍ത്തിയതായിരുന്നു അവള്‍.

അവളുടെ മുഖം തന്റെ കണ്ണുകള്‍ക്ക് ദൃശ്യമായതോടെ അയാളുടെ അന്തരാളങ്ങളില്‍ നിന്ന് ഒരു കുളിര്‍ ഓരോ രോമക്കുഴിയിലേക്കും പ്രസരിച്ചു. ലിഫ്റ്റിലെ പെണ്‍കുട്ടി!

‘’ നിങ്ങള്‍ ഇവിടേയും വന്നോ? ശല്യം ‘’ അവള്‍ പുച്ഛത്തോടു കൂടി ചോദിച്ചു ‘’ എന്റെ ശരീരം വല്ലാതെ തണുക്കുന്നു’‘ അവളുടെ കാതില്‍ മന്ത്രിക്കുന്നത്പോലെ വളരെ മൃദുല സ്വരത്തില്‍ അയാള്‍ പറഞ്ഞു.

‘’ നിങ്ങള്‍ അനാവശ്യം പറയരുത് ‘’ വാക്കുകള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന അര്‍ത്ഥം താന്‍ കണ്ടുപിടിച്ചെന്ന് അഭിമാനത്തോടും ദേഷ്യത്തോടും കൂടി അവള്‍ അയാളോട് ഉച്ചത്തില്‍ പറഞ്ഞു.

‘’തണുപ്പകറ്റാന്‍ ഒരു ചൂടുള്ള ചായ കുടിക്കാന്‍ വന്നതാണെന്ന് പറയാന്‍ പോയതാ ഇതിലെന്ത് അനാവശ്യം?’‘

അവള്‍ അയാളെ അവഗണിച്ചു കൊണ്ട് പുസ്തകത്തിലേക്ക് ശ്രദ്ധ തിരിച്ചു. വെയ്റ്റര്‍ രണ്ടുപേരുടേയും മുമ്പില്‍ ഓരോ സാന്റ്വിച്ചും ചായയും കൊണ്ടു വെച്ചു.

അവള്‍ സാന്റ് വിച്ച് ഒരു തവണ കടിച്ചപ്പോള്‍ തന്നെ അത് ടേബിളില്‍ തുപ്പുകയും ദേഷ്യത്തോടെ വെയിറ്ററെ തിരിച്ചു വിളിക്കുകയും ചെയ്തു.

‘’ തന്നോട് ഞാന്‍ വെജിറ്റബിള്‍ സാന്റ്വിച്ചല്ലേ പറഞ്ഞത്? എന്നിട്ട് താന്‍ മാംസം തന്നെന്നെ പറ്റിച്ചു.’ ‘ ”അയ്യോ സോറി മാഡം , നിങ്ങള്‍ രണ്ടുപേരുടേയും പരസ്പരം മാറിപ്പോയതാണ്”.

”എന്ത് സോറി , വെജിറ്റേറിയനായ എന്നെക്കൊണ്ട് നീ…”

അവള്‍ വളരെ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍‍ , മുതലാളി അറിയുമോ എന്ന ഭയത്താല്‍ വെയിറ്റര്‍ വിളറുന്നത് കണ്ടപ്പോള്‍, അയാള്‍ ഇടയില്‍ കയറി പറഞ്ഞു.

”അവന്‍ ഒരു അബദ്ധം പറ്റിയതാണ്”

”ഓഹോ അവന്‍ വിഷമിക്കരുത് , ജീവിതത്തിലിന്നേവരെ മാംസം കഴിക്കാത്ത എന്നേക്കൊണ്ട്… എന്റെ വ്രതത്തിനും ഭംഗം വന്നു”.

നില‍ത്ത് അമര്‍ത്തിച്ചവട്ടി അവള്‍ അവിടെ നിന്നും ഇറങ്ങിപ്പോയി

അയാള്‍ വല്ലാതെ വിഷണ്ണനായി . ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ജീവിക്കണമെന്നാണ് അയാള്‍‍ ആഗ്രഹിച്ചത്.

തന്റെ കാലടികള്‍ നിലത്തമര്‍ത്തുമ്പോള്‍ ഉറുമ്പിനു പോലും വേദനിക്കരുതെന്ന് അയാള്‍ ആഗ്രഹിച്ചു. തന്റെ ബാലിശമായ ഒരു പ്രവൃത്തികൊണ്ട് അവളുടെ ജീവിതകാലത്തെ വ്രതത്തിന്‍…….. ഇവിടെ ഇരിക്കരുതായിരുന്നു.

സാന്‍വിച്ച് കഴിക്കാതെ എഴുന്നേറ്റപ്പോഴാണ് അവള്‍ മേശപ്പുറത്ത് മറന്നു വെച്ച പുസ്തകം അയാളുടെ ശ്രദ്ധയില്‍ പെട്ടത്. . മോറിസ് ഫറ്ഹിന്റെ ”ദ ലാസ്റ്റ് ഓഫ് ഡേയ്സ്”.

കിട്ടാന്‍ വേണ്ടി നിരവധി പുസ്തകശാലകളില്‍ താന്‍ കയറിയിറങ്ങിയ പുസ്തകം. അയാള്‍ അത് കയ്യിലെടുത്തു. പുറം ചട്ട മറിച്ചപ്പോല്‍ തന്നെ കണ്ടു. ‘’ സിന്‍ഡ്രല്ല’‘ തൊട്ട് താഴെ മൊബൈല്‍ നമ്പറും. ആ അവധി ദിനം പുസ്തകത്തോടൊപ്പം ചിലവഴിച്ചു. രാത്രിയുടെ നിശബ്ദതയിലും തന്റെ കൊച്ചു മുറിയില്‍ മേശ വിളക്കിന് കീഴെ അയാള്‍ ആ പുസ്തകം വായിച്ച് തീര്‍ത്തു.

ലോകത്തെക്കുറിച്ച് ജീവിതത്തെക്കുറിച്ച് അയാള്‍ വായിച്ചു. നിലാവും നക്ഷത്രങ്ങളും അയാളോടൊപ്പം ചേര്‍ന്നു.

അവധി ദിവസം സ്വരൂപിച്ച് ഊര്‍ജ്ജവുമായി പിറ്റേന്ന് ഓഫീസിലെ തിരക്കുകളില്‍ വീണ്ടും ലയിച്ചു ചേര്‍ന്നു. ചെയ്തു തീര്‍ക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ടാകുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ശരീരത്തോടൊപ്പം ചേരാന്‍ മടിയാണ് ഉച്ച ഭക്ഷണത്തിന് ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍‍ അയാളുടെ വിരലുകള്‍ മൊബൈലിലെ അക്കങ്ങളില്‍ അമര്‍ന്നു.

‘’ ഹലോ’‘ ചെറുതും മനോഹരവുമായ അയാളുടെ മൊബൈലില്‍ മൃദുലമായ ശബ്ദം.

‘’ സിന്‍ഡ്രല്ല’‘

‘’ അതെ . ആരാണ്? ‘’ മറുതലക്കല്‍ ആരാണെന്നറിയാനുള്ള ആകാംക്ഷ ആ ശബ്ദതരംഗങ്ങളില്‍ സ്ഫുടമായിരുന്നു.

‘’ ഞാനൊരു ക്ഷമാപണം നടത്താനാണ് വിളിച്ചത്.’‘

‘’ നിങ്ങളാരാണ്?’‘

‘’ ഞാന്‍ ആര്‍ എന്നതിന് ഒരു പ്രസക്തിയുമില്ല . ഞാനെന്തു പറയുന്നു എന്നതിലാണ് പ്രസക്തി. മാത്രവുമല്ല ഞാന്‍ ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടുമില്ല’ ‘ ”ഈ ജന്മം കൊണ്ട് സകല ചരാചരങ്ങള്‍ക്കും ഗുണം മാത്രം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ പ്രവൃത്തികൊണ്ടോ ചിന്തകള്‍‍ കൊണ്ടു പോലും അന്യര്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടാകരുതെന്ന് ഞാനാഗ്രഹിക്കുന്നു. അതിനായി ഞാന്‍ ഒരു പാട് ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുന്നു. എന്റേതായ ഒരു അശ്രദ്ധ കൊണ്ട് നിങ്ങള്‍‍ ജീവിതത്തിലിന്നോളം കാത്തു സൂക്ഷിച്ച വൃതത്തിന് ഭംഗം വന്നെന്നറിഞ്ഞപ്പോള്‍ എന്റെ ആത്മാവിന്റെ നെറുകയില്‍ സ്പര്‍ശിച്ചു കൊണ്ട് ഞന്‍ പറയട്ടെ , ഞാന്‍ ഏറെ ഖിന്നനാണ്. പ്രായ്ശ്ചിത്തം ഒരു പരഹാരമല്ലെന്നറിയാം. ഒരു പ്രാശ്ചിത്തം കൊണ്ട് നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചു കിട്ടുകയുമില്ലെന്നറിയാം. എങ്കിലും ദൈവത്തിന്റെ വരദാനമായി ലഭിച്ചിരിക്കുന്ന ഈ ജ്ന്മം കൊണ്ട് ആവശ്യപ്പെടുന്നതെല്ലാം ഞാന്‍ ചെയ്യാം പറയൂ’‘

‘’ കാലത്തിന് മായ്ക്കാന്‍ പറ്റാത്ത മുറിവുകളുണ്ടോ ?’‘ മറു ചോദ്യമായിരുന്നു അങ്ങേതലക്കല്‍ നിന്ന് വന്നത്

‘’ കാലം മുറിവുകളെ ഉണക്കുമെന്ന് നാം വിശ്വസിക്കുമ്പോഴും , കാലത്തിനും ഉണക്കാന്‍ പറ്റാത്ത മുറിവുകളുടെ വേദനയുമായി ജീവിക്കുന്നവനാണ് ഞാന്‍…’‘

‘’ എന്താണത്?’ ‘ ‘’ എന്നെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കരുത്’‘

‘’ വേദനക്ക് സംഹാരിയില്ലേ’‘

‘’ കമ്പോളത്തില്‍ ലഭ്യമാകുന്ന സംഹാരികള്‍ക്ക് എന്റെ വേദനയെ സംഹരിക്കുവാന്‍ കഴിയില്ല’ ‘ ‘’ കമ്പോളങ്ങളില്‍ ലഭ്യമാകാത്ത സംഹാരികള്‍ക്കോ?’‘

‘’ എന്റെ കൈവശം നിങ്ങളുടെ ഒരു പുസ്തകമുണ്ട് . The Last of Days ഞാ‍ന്‍ എവിടെയാണ് എത്തിക്കേണ്ടത്?’‘ അയാള്‍ വിഷയത്തില്‍ നിന്നും മനപൂര്‍വം തെന്നി മാറി.

‘’അടുത്ത അവധി ദിനത്തില്‍ അതേ സമയം അതേ സ്ഥലത്ത്.’‘

ഒരു നന്ദി പോലും പറയാതെ അയാള്‍ ഫോണ്‍ സംസാരം വിച്ഛേദിച്ചു.

ആരാണയാള്‍ ? എന്തനാണയാള്‍ തന്നോട് ക്ഷമാപണം നടത്തിയത്? അയാള്‍ക്ക് അയാളുടെ വഴിയേ പോകാമായിരുന്നില്ലേ? അടുത്ത ആഴ്ച അയാളെ കാണണമോ? നാളത്തെ പത്രത്തിന് ആവശ്യമായ വാര്‍ത്തകളും ചിത്രങ്ങളും ഇമെയില്‍ ചെയ്യുന്നതിനിടയ്ക്ക് ചിന്തിച്ചു. അന്നത്തെ ചിത്രത്തില്‍ ഇസ്രയേലിന്റെ മിസൈലേറ്റ് മരിച്ച ലബനാനി എട്ടു വയസുകാരന്റെ അമ്മയുടെ വിലപിക്കുന്ന മുഖവുമുണ്ടായിരുന്നു.

ആ ചിത്രത്തിനു നേരെ അവള്‍ ഒരു പാട് നേരം നോക്കി നിന്നു. ഓര്‍മ്മകളുടെ ചിറകുകള്‍ അല്‍പ്പം പിറകോട്ട് ചലിച്ചു.

സഞ്ചാരത്തിനായി പുറപ്പെടുന്ന തന്റെ സഹോദരന്‍ ടൂര്‍ മാപ്പ് നല്‍കിയത് താനായിരുന്നല്ലോ. ലോകത്തെ അറിയാന്‍ മനുഷ്യരെ കുറിച്ച് പഠിക്കാന്‍. സ്നേഹം അനുഭവിക്കാന്‍ സഞ്ചരിക്കണമെന്ന് പറയുമായിരുന്നു. റോബര്‍ട്ട് ആന്‍ഡ്രൂസ് അധ്യാപക ജോലിയില്‍ നിന്നും കിട്ടുന്ന ശമ്പളത്തിന്റെ ഒരോഹരി അയാള്‍ അതിനായി നീക്കി വച്ചു. ആ സ്വരുക്കൂട്ടിയ സമ്പ്യാദ്യവുമായി പുറപ്പെടുമ്പോള്‍ അവള്‍ പറഞ്ഞു. കാണ്ഠഹാറില്‍ പോകുമ്പോള്‍ സൂക്ഷിക്കണം. അവിടെ യുദ്ധത്തിന്റെ മുറിവടയാളങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. വെളുത്ത തൊലിയുള്ളവരോട് അവര്‍ക്ക് അമര്‍ഷമാണ്. പിന്നെ അവിടെ നിറയെ കഞ്ചാവും കറുപ്പുമാണ്. ഒന്നുമുപയോഗിക്കരുത്.

‘’ താനതിനെക്കുറിച്ചൊന്നും ഉത്കണ്ഠയാകേണ്ടതില്ല ഞാന്‍ തിരിച്ചു വരുമ്പോള്‍ തനിക്കെന്താണ് കൊണ്ടു വരേണ്ടത്?’ ‘ ‘’ ഇന്ത്യയില്‍ പോയാല്‍ പ്രത്യേകിച്ച് കേരളത്തില്‍ , അവിടത്തെ പെണ്‍കുട്ടികള്‍ ചുവന്നതും വെളുത്തതുമായ വര്‍ണ്ണങ്ങളില്‍ നെറ്റിയില്‍ വരച്ചിട്ടത് ഞാന്‍ ചാനലില്‍ കണ്ടിട്ടുണ്ട് ആ പൊടി കൊണ്ടു വരണം.’ ‘ റോബര്‍ട്ട് കൈകള്‍ വീശി അനുജത്തിയോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. ശിഷ്യര്‍‍ക്കെന്നും സ്നേഹഗാഥ പാടിക്കൊടുത്ത റോബര്‍ട്ട് ആ ഗാഥയുമായി ലോകസഞ്ചാരത്തിനിറങ്ങി. ഏഷ്യന്‍ രാജ്യങ്ങളിലെ ഹരിത വര്‍ണ്ണങ്ങളോടായിരുന്നു അയാള്‍ക്കെന്നും പ്രിയം. ഇവിടുത്തെ തെരുവുകളില്‍ അലിഞ്ഞില്ലാതാകുന്ന ജന്മങ്ങളെക്കുറിച്ച് അയാള്‍ നിരീക്ഷിച്ചു. ഈ രാജ്യങ്ങളെ അറിയാന്‍ അയാള്‍ തെരുവുകളില്‍ അന്തിയുറങ്ങി രാത്രിയുടെ നിശബ്ദതയില്‍ , കാണ്ഠഹാറിലെ തെരുവില്‍ , മഞ്ഞിന്റെ കീറില്‍ നിലാവിന്റെ ഇത്തിരിപ്പോന്ന വെട്ടത്തില്‍ നാല് നിഴലുകള്‍ മെല്ലെ മെല്ലെ ഇഴഞ്ഞ് നീങ്ങുന്നത് കണ്ട് റോബര്‍ട്ട് തലയുയര്‍ത്തി നോക്കി. ആ നാല് നിഴലുകള്‍ , കടത്തിണ്ണയില്‍ അമ്മയോടൊപ്പം അന്തിയുറഞ്ഞുന്ന കറുത്ത യുവതിയെ പൊക്കിയെടുത്ത് വായ് പൊത്തിപ്പിടിച്ച് ഓടിപ്പോകുന്ന കാഴ്ച തന്റെ മിഴികള്‍ക്ക് അവിശ്വസനീയമായി തോന്നി. ആ പെണ്‍കുട്ടിയെ വിജനമായ ഒരിടത്ത് മലര്‍ത്തി കിടത്തി . അവളുടെ കുപ്പായവും പാവാടയും വലിച്ചു കീറി അവളെ അനാവൃതയാക്കി. കൂര്‍ത്ത ദംഷ്ട്രങ്ങളുള്ള കഴുകന്‍ യുവതിയുടെ മേനിയില്‍ കിടന്ന് രതി നടനമാടുമ്പോള്‍ അവള്‍ വേദനകൊണ്ട് പ്രപഞ്ചം കീറുമാറ് ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു.

‘’ നിങ്ങള്‍ ആ പെണ്‍കുട്ടിയെ വെറുതെ വിടു… നിങ്ങള്‍ക്കാവശ്യമെങ്കില്‍ തെരുവില്‍ നിരവധി വേശ്യകളുണ്ട്’‘

‘’ നീയാരാണ് ?’ ‘ പൈജാമയും കുര്‍ത്തയും ധരിച്ച കറുത്ത് നീണ്ട താടിയും അഫ്ഘാനികളുടെ ആസനം മൂടിയതുമായ തലക്കെട്ടും , ചുവന്ന കണ്ണൂകളുമുള്ള , ഒരാള്‍ ചോദിച്ചു.

‘’ എന്നെത്തേടി യാത്ര പുറപ്പെട്ടവനാണ് ഞാന്‍’‘

‘’ നീ വെള്ളക്കാരനല്ലേ?’ ‘ ‘’ ഞാന്‍ എന്റെ പ്രതിബിംബം കണാറില്ല’ ‘ ‘’ ഞങ്ങള്‍ വെള്ളക്കാര്‍ക്കെതിരെ വിശുദ്ധയുദ്ധം നടത്തുന്നവരാണ്.നിനക്കിനി രക്ഷയില്ല ‘’ നാലുപേരും ചേര്‍ന്ന് റോബര്‍ട്ടിന് ചുറ്റും ഒരു വന്‍ മതില്‍ തീര്‍ത്തു.

കീറിയ കുപ്പാ‍യവും പാവാടയുമെടുത്ത് വാരിപുതച്ചുകൊണ്ട് യുവതി ഓടി മറയുന്നത് അയാളുടെ കണ്ണുകള്‍ക്ക് ചേതോഹരമായി.

‘’ നിങ്ങളെ ദ്രോഹിച്ചത് ഞങ്ങളല്ല ഞങ്ങളുടെ ഗവണ്മെന്റാണ്. ഞങ്ങള്‍ക്കു പറ്റിയ ഒരു തെറ്റാണ് ഞങ്ങളുടെ പ്രസിഡന്റ്. നിങ്ങള്‍ക്കു വേണ്ടി ഇപ്പോഴും സര്‍ക്കാരിനോട് സമരം ചെയ്യുന്ന, മുദ്രാവാക്യം വിളിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഞങ്ങളുടെ രാജ്യത്തുണ്ട്. ഞാന്‍ നിങ്ങളേയും നിങ്ങളുടെ രാജ്യത്തേയും സ്നേഹിക്കുന്നു.’‘

‘’ നിന്റെ വേദാന്താം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല ‘’ നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ നാല്‍വര്‍ സംഘത്തിന്റെ കരങ്ങള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നു. ബലിഷ്ഠമായ കരങ്ങളില്‍ നിന്നും മോചനം നേടാന്‍ അയാള്‍ തന്റെ ശരീരത്തിലെ ഓരോ കോശങ്ങളേയും തന്മാത്രകളേയും ഉത്തേജിപ്പിച്ചു. അഭൗമമായതോ ദിവ്യമായതോ ആയ ഒരു ശക്തിയും അയാളെ തുണച്ചില്ല. ഭൂമിയുടെ മെത്തയില്‍ അയാളെ അവര്‍ മലര്‍ത്തിക്കിടത്തി. താരതമ്യേന ചെറുപ്പാരനായ ഒരുവന്‍ അരയില്‍ നിന്നും തന്റെ ഖണ്ഡം വലിച്ചെടുത്തു. ഒരാള്‍ രണ്ടു പാദങ്ങളും മറ്റേയാള്‍‍ അരക്കെട്ടും നീണ്ട് താടിയുള്ളയാള്‍ തലയും നിലത്ത് അമര്‍ത്തിപ്പിടിച്ചു.

നിവര്‍ത്തിപ്പിടിച്ച ഖണ്ഡവുമായി യുവാവ് താടിക്കാരനെ നോക്കി. ആ തീഷ്ണമായ കണ്ണുകളില്‍ നിന്നും അവന്‍ സമ്മത പത്രം വായിച്ചെടുത്തു. യുവാവ് മിന്നുന്ന വാള്‍ റോബര്‍ട്ടിന്റെ കഴുത്തിനു നേരെ പിടിച്ചു നിസ്സഹായമായ കണ്ണുകള്‍.. അഷ്ട മിഴികളിലും നോക്കി ശരീരത്തിന്റെ ഓരോ തന്മാത്രയും പിടച്ചുകൊണ്ടിരുന്നു . യുവാവ് വാള്‍ കൊണ്ട് കഴുത്തിനു നേരെ ഒരൊറ്റ കീറ്. ധമനികളില്‍ കൂടിയും സിരകളില്‍ കൂടിയും ഒഴുകിക്കൊണ്ടിരുന്ന രക്തം താടിക്കാരന്റെ മുഖത്തേക്ക് ചീറ്റി. ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. ചുണ്ടില്‍ തെറിച്ച രക്തത്തുള്ളികള്‍ നാവിന്റെ അഗ്രഭാഗം കൊണ്ട് ഒപ്പിയെടുത്തു. യുവാവ് വാള്‍ കൊണ്ട് പേര്‍ത്തും പേര്‍ത്തും റോബര്‍ട്ടിന്റെ കഴുത്ത് അറുത്തുകൊണ്ടേയിരുന്നു. ശ്വാസനാളം രണ്ടായി വേര്‍തിരിക്കപ്പെട്ടപ്പോള്‍ അവന്‍ പിന്മാറി

ഭോജനത്തിനായി അറുത്തിട്ട കാളക്കുട്ടന്‍ ജീവനു വേണ്ടി പിടയും പോലെ റോബര്‍ട്ട് ജീവനു വേണ്ടി ആ മണ്ണില്‍ പിടച്ചു കൊണ്ടിരുന്നു . ഒരു മാത്ര വായുവിന‍ വേണ്ടി നാസികയും അന്തരീക്ഷത്തിലേക്കു വികസിച്ചു നിന്നു. എട്ടു വയസുകാരന്റെ അമ്മയുടെ ചിത്രം തന്റെ സ്വകാര്യ ശേഖരത്തിലേക്ക് മാറ്റി. നെഞ്ചില്‍ ഓര്‍മ്മകളുടെ നെരിപ്പോടുമാറ്റി . ഈ ഉഷ്ണഭൂമിയിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഉച്ച മയക്കത്തിലേക്കു അവള്‍ ലയിച്ചു.

ലിഫ്റ്റിലെ കൂടിക്കാഴ്ചക്കു ശേഷമുള്ള രണ്ടാമത്തെ അവധി ദിനത്തിലുള്ള സായന്തനത്തില്‍ അവര്‍ കഫ്റ്റേരിയയുടെ തീന്‍ മേശക്കു ഇരു പുറവുമായി ഇരുന്നു.

‘’ നിങ്ങളുടെ പുസ്തകം തരാനാണ് ഞാന്‍ വന്നത് ‘’ അവളുടെ കണ്ണൂകളിലേക്ക് നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

‘’ ഞാന്‍ നിങ്ങളെ അറിയാനാണ് വന്നത്’‘ അവള്‍ പറഞ്ഞു.

‘’ അതിന്റെ ആവശ്യമില്ല ‘’ അയാള്‍ അവളുടെ ആവശ്യത്തിനു തടസ്സം നിന്നു.

‘’പേരെന്താണ്? ‘’

‘’ സൈനുദ്ദീന്‍ , സുഹൃത്തുക്കളും അടുപ്പമുള്ളവരും സൈനു എന്നു വിളിക്കും പഴയ കാമുകി ‘ സൈ’ എന്നായിരുന്നു വിളിച്ചിരുന്നത്.

‘’ ഞാന്‍ സൈ എന്നു വിളിക്കട്ടേ?’‘

‘’എന്റെ മരണം വരെ അതിന‍ ഒരവകാശിയേ ഉണ്ടാകൂ’‘

‘’ ഞാന്‍ വേള്‍ഡ് പോസ്റ്റ് പത്രത്തിന്റെ പശ്ചിമേഷ്യാ ചീഫ് കറസ്പോണ്ടറാണ്’‘

”നിങ്ങള്‍ അക്ഷരങ്ങളുടെ കൂടെ ജീവിക്കുന്നവരാണ് ആത്മാവിനുള്ള ഭക്ഷണമാണ് വാക്ക്. അത് ആഹരിക്കുമ്പോള്‍ ആത്മാവിന്റെ ഭംഗി അനുദിനം വര്‍ദ്ധിക്കും. റിയല്‍ എസ്റ്റേറ്റ് ആന്റ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ അക്കൗണ്ടന്റായ ഞാന്‍ അക്കങ്ങളുടെ കൂടെ ജീവിക്കുന്നവനാണ്. കണക്കിലെ കുസൃതിയായിരുന്നു എന്നെ ബാല്യത്തില്‍ സന്തോഷിപ്പിച്ചെതെങ്കില്‍ ഗണിതത്തിന്റെ ഭീകരമായ മുഖമാണ് ഞാനിപ്പോള്‍ കാണുന്നത്” .

ആകാശത്തിന്റെ വെണ്മയിലേക്ക് ദൃഷ്ടി പായിച്ചു കൊണ്ട് അയാള്‍ വാക്കുകള്‍ അല്പാല്‍പ്പമായി പുറത്തേക്കിട്ടു.

”നിങ്ങള്‍ എന്നെ എന്തിനാണ് ‘’ നിങ്ങള്‍ ‘’ എന്ന് വിളിക്കുന്നത് ഞാന്‍ പ്രായം കൊണ്ട് നിങ്ങളേക്കാള്‍ ഇളയവളണാണ്” സംബോധനയിലെ അസമത്വം അവള്‍ അയാളോടു തുറന്നു പറഞ്ഞു. ആ രാത്രിയില്‍ തന്റെ മുറിയുടെ ഏകാനതതയില്‍ , അവല്‍ ഒന്നും വായിച്ചില്ല ഒന്നിനെക്കുറിച്ചും എഴുതിയില്ല.

അവളുടെ ആത്മാവ് തേടിയലഞ്ഞതെന്തോ അത് അവളിലേക്ക് സന്നിവേശിച്ചത് പോലെ.

സിന്‍ഡ്രല്ല , ഓരോ അവധി ദിനങ്ങളിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് അയാളുടെ സവിധത്തിലെത്തിച്ചേര്‍ന്നു. അയാള്‍ അവളോട് ലോകത്തെക്കുറിച്ച് പറഞ്ഞു, കാരുണ്യത്തെക്കുറിച്ച് സംസാരിച്ചു. കാപട്യത്തെക്കുറിച്ച് സംസാരിച്ചു. എല്ലാം ഒരു ദേവദൂതന്റെ നാവില്‍ തുമ്പില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന വാണീമുത്തുകള്‍ പോലെ അവള്‍ പെറുക്കിയെടുത്തു.

നാലുവരിപ്പാതയിലൂടെ അതിവേഗം പായുന്ന കാറില്‍ വച്ച് , കഴിഞ്ഞ് അവധിക്കാലത്ത് , നാട്ടില്‍ പോയപ്പോള്‍ , ഒരു യുവതിയുടെ ആത്മാവിനെ ഉണര്‍ത്താനുള്ള വിഫലശ്രമത്തെക്കുറിച്ച് അയാള്‍ അവളൊട് പറഞ്ഞു.

”ഞാനവര്‍ക്ക് പുസ്തകങ്ങള്‍ കൊടുത്തു സകല കലകളുടെയും രാജ്ഞിയായ കവിതയുടെ ഒരു മാസിക തന്നെ സമ്മാനിച്ചു. ഞാനവരോടെ സ്ത്രീകള്‍ക്ക് സ്നേഹിക്കാനറിയില്ലെന്നു പറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ എന്ന് അവരെന്നോട് പറഞ്ഞു അവരോട് ഞാന്‍ കടം ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം തേടി അവര്‍ ദിവസങ്ങളോളം അലഞ്ഞു അവള്‍ സുന്ദരിയായിരുന്നു. അവളുടെ നെറ്റിയില്‍ ചന്ദനക്കുറിയുണ്ടായിരുന്നു. അവളുടെ ചുണ്ടുകള്‍ ചുവന്നിട്ടായിരുന്നു. അവള്‍ക്ക് സമൃദ്ധമായ , അല്‍പ്പം ചുരുണ്ട മുടിയുണ്ടായിരുന്നു. അവളുടെ ശബ്ദം വളരെ മൃദുവാ‍യിരുന്നു. അവാച്യമായ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു അവള്‍.‍ ദേവതയുടെ രൂപഭംഗിയായിരുന്നു അവള്‍ക്ക്. എന്നിട്ടും ഞാനവളുടെ സൗന്ദര്യം കണ്ടില്ല. ഒരിക്കല്‍ പോലും ഞാനവളുടെ സൗന്ദര്യത്തിന്റെ മാസ്മരികത ആസ്വദിച്ചില്ല. പകരം അവരുടെ വിശാലമായ , വിടര്‍ന്ന കണ്ണുകളിലേക്ക് നോക്കി. ആ കണ്ണില്‍ കാരുണ്യത്തിന്റെ, ജീവനകലയുടെ ഒരംശം ഞാന്‍ കണ്ടു. ആ മുത്തിനെ വികസിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. മലയുടെ മുകളിലെത്തും മുമ്പേ അവധി കഴിഞ്ഞു ഞാന്‍ തിരിച്ചു പോന്നു.

ഈ ഉഷ്ണഭൂമിയില്‍ വച്ച് ഞാനവര്‍ക്ക് കത്തെഴുതി. മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടാതായപ്പോള്‍ ഞാന്‍ ഫോണ്‍ ചെയ്തു ചോദിച്ചു . പക്ഷെ അവരെന്നോട് നുണ പറഞ്ഞു കത്തു കിട്ടിയില്ലെന്ന് അവരൊരു പക്ഷെ, അവരുടെ ആത്മാവിനെ എന്നെന്നേക്കുമയി നിദ്രയുടെ കൈകളില്‍ സമര്‍പ്പിച്ചിട്ടുണ്ടാവാം. അല്ലെങ്കില്‍ ഒരു പുരുഷനുമായി അധികം സൗഹൃദം പങ്കിട്ടാല്‍ അത് അപകടത്തിലെത്തിക്കുമെന്ന് ഭയന്നിട്ടാകാം. ഒന്നും സാരമില്ല അവര്‍ എന്നെ മനസിലാക്കിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു ദു:ഖമുണ്ട്. അവര്‍ എന്റെ കൂടെ ഒരു മുറിയില്‍ കിടന്നാല്‍ പോലും സദാചാരത്തിനു വിരുദ്ധമായി ഒന്നും ചെയ്യാന്‍ കഴിയില്ല അന്നും ഇന്നും കാരണം ഞാനവരെ ഏറെ ബഹുമാനിക്കുന്നു”.

‘’ എന്തിനാണ് സ്ത്രീകളോട് കൂടുതല്‍ സൗഹൃദം കാണിക്കുന്നത്?’‘ സിന്‍ഡ്രല്ല സംശയം പ്രകടിപ്പിച്ചു.

”ദു:ഖങ്ങള്‍ തുറന്നു പറയുന്നതിന് അനുയോജ്യമായത് സ്ത്രീകളാണ്. ഒരു പുരുഷന്‍ ഒരു സ്ത്രീയോട് സൗഹൃദം പങ്കിട്ടാല്‍ ആ സ്ത്രീ അയാള്‍ക്കെന്നും ദു:ഖങ്ങള്‍ മാത്രമേ പകരം നല്‍കൂ. ഒരു സ്ത്രീ സമ്മാനിച്ച ദു:ഖം മറ്റൊരു സ്ത്രീയോട് തുറന്നു പറയുമ്പോള്‍ അതൊരു സുഖമുള്ള നോവായി മാറുന്നു. ” അയാള്‍ പറഞ്ഞു ‘’ ഞാന്‍ ജീവിതത്തില്‍ ആരേയും പ്രണയിച്ചിരുന്നില്ല പ്രണയിക്കുന്നവരുടെ അനുഭൂതി എന്താണെന്ന് എനിക്കറിയില്ല പക്ഷെ ഇപ്പോള്‍ നിങ്ങളെ കാണുമ്പോള്‍ പരമമായ ആനന്ദം അനുഭവപ്പെടുന്നു. കാണാതിരിക്കുമ്പോള്‍ ഒരു മാതിരി വിഭ്രാന്തിയുടേ വെപ്രാളവും. ഓരോ നിമിഷവും ഞാന്‍ നിങ്ങളുടെ കൂടെഅയായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

‘’ഇതിനാണൊ പ്രണയമെന്നു പറയുന്നത്?’‘

അയാള്‍ ഒന്നും മറുപടി പറഞ്ഞില്ല നിശബ്ദമായി ഡ്രൈവു ചെയ്തു. കാര്‍ ബീച്ചിനരുകില്‍ പാര്‍ക്കു ചെയ്തു. ശാന്തമായ കടലിന്റെ പ്രണയതരംഗങ്ങള്‍ കരയിലേക്കു വന്നണഞ്ഞു. കര നിരസിച്ചപ്പോല്‍ നിരാശയോടെ ആ തിരമാലകള്‍ തിരിച്ചു പോയി.

‘’ എന്നെ പ്രണയിക്കരുത് കാരണം എന്നെക്കുറിച്ച് നിനക്കൊന്നുമറിയില്ല ‘’

‘’ അറിഞ്ഞത് ധാരാളം ഇതിനപ്പുറം അറിയേണ്ടതില്ല. കരയെത്ര നിരസിച്ചാലും തിരമാലകള്‍ കരയെ തേടി വന്നു കൊണ്ടിരിക്കും. എപ്പോഴെങ്കിലും തന്നെ കര പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കടല്‍. ഞാന്‍ നിങ്ങളിലേക്ക് വന്നു കൊണ്ടേയിരിക്കും. ‘’

‘’ ഞാന്‍ വിവാഹിതനാണ് ഞാ‍ന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നില്ലെങ്കിലും എനിക്കൊരു ഭാര്യയുണ്ട് . ഒരു നിമിഷമെങ്കിലും അവളെ സ്നേഹിക്കാന്‍ ഞാനാഗ്രഹിക്കുന്നു’‘

”അവള്‍ അവളുടെ വഴിയെയും ഞാന്‍ എന്റെ വഴിയേയും സഞ്ചരിക്കുകയാണെങ്കിലും നിയമപ്രകാരം ഞങ്ങള്‍‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. വിവാഹത്തിന്‍ മുമ്പ് ഞാനൊരുവളെ പ്രണയിച്ചിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയം ഒടുവില്‍ ജോലിയൊന്നുമില്ലാതിരുന്ന എന്നെ ഉപേക്ഷിച്ച് അവള്‍ ഒരു അദ്ധ്യാപകനെ തേടിപ്പോയി .പിന്നെ ഒരു യാത്രയായിരുന്നു നീണ്ട താടിയും ജഡ പിടിച്ച മുടിയുമായി ഇന്ത്യയിലെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള ഒരു തീര്‍ത്ഥയാത്ര. പിന്നീട് എല്ലാം മറക്കണമെന്ന ആഗ്രഹത്തോടെ നടന്ന വിവാഹം. പ്രണയവും വിവാഹവും എനിക്കു ദു:ഖങ്ങള്‍ മാത്രമേ സമ്മാനിച്ചുള്ളു. ഈ ഏകാന്തതയാണ് എനിക്ക് മനസു:ഖം പ്രദാനം ചെയ്യുന്നത്.’‘

‘’ പ്രേമമെന്നത് എല്ലാ നിമിഷത്തിലുമുള്ള കണ്ടെത്തലായി എനിക്ക് അനുഭവപ്പെടുന്നു ഞാനെന്താണ് ചെയ്യേണ്ടത്?’ ‘ ”നിനക്ക് നിരാസത്തിന്റ്രെ വഴി സ്വീകരിക്കാം അല്ലെങ്കില്‍ നിനക്കുള്ള പോലെയിരുന്ന് സ്വീകരിക്കാം. കീഴടങ്ങി ആഹ്ലാദിക്കാം ആനന്ദിക്കാം നിന്റെ മനോഭാവം എങ്ങനെയാണൊ ഉള്ളത് അതുപോലെ തന്നെ ശേഷിക്കും. ഒരിക്കല്‍ നീ സ്വയം സ്വീകരിച്ചാല്‍ കരുണ ഉയരുകയായി അപ്പോള്‍ നീ മറ്റുള്ളവരേയും സ്നേഹിക്കാന്‍ തുടങ്ങും’‘

അയാള്‍ നിശബ്ദമായി അവളുടെ കണ്ണൂകളിലേക്കു നോക്കി. അവിടെ ഒരു ആര്‍ദ്രത ഉണ്ടായിരുന്നു. കുറെ നേരം സൂര്യന്റെ അസ്തമയം നോക്കി നിശബ്ദമായി അവളും നിന്നു.

അടുത്ത് ഒരു ദിവസം അയാള്‍ ഓഫീസില്‍ ഏറെ നിര്‍ജീവമായിരുന്നു. നിലാപ്പൂക്കള്‍ ചൂടിയ സിന്‍ഡ്രല്ല ശബ്ദമില്ലാത്ത ഒരു സംഗീതമായി അയാളില്‍ തുടിച്ചു കൊണ്ടിരുന്നു.

അവളുടെ ദര്‍ശനത്തിനായി അയാളുടെ ആത്മാവ് തുടിച്ചുകൊണ്ടിരുന്നു.

യൂണിഫോമിട്ട രണ്ട് പോലീസുകാര്‍ റിസപ്ഷനിലുള്ള ഫിലിപ്പിനോ യുവതിയോട് എന്തോ പറയുന്നത് അയാള്‍ ചില്ലു ഗ്ലാസിലൂടെ കണ്ടു. പോലീസുകാര്‍ അയാളുടെ കാ‍ബിനില്‍ വന്നു.

‘’ താങ്കളാണോ സൈനുദ്ദീന്‍?’ ‘ ‘’ അതെ’‘

‘’ ജോലിക്കിടെ തടസ്സം സൃഷ്ടിച്ചതില്‍ ക്ഷമ ചോദിക്കുന്നു ‘’ ഒരു പോലീസുകാരന്‍ പറഞ്ഞു ‘’ താങ്കള്‍ കുറച്ചു സയത്തേക്ക് ഞങ്ങളോടൊപ്പം വരണം’ ‘ അയാള്‍ കമ്പ്യൂട്ടര്‍ ഷട്ഡൗണ്‍ ചെയ്തു അവരോടൊപ്പം യാത്രയായി. എവിടേക്കെന്ന് അയാള്‍ ചോദിച്ചില്ല ചതുര്‍വഴി പാതയിലൂടെ കുതിക്കുന്ന പോലീസ് വാഹനം നഗരത്തിലെ ഏറെ നിശബ്ദമായ ഭാഗത്തുള്ള വലിയ കെട്ടിടത്തിനു മുന്നില്‍ നിന്നു.

അയാള്‍ അവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡ് വായിച്ചു ‘’ മോര്‍ച്ചറി’‘

മരണത്തിന്റെ സാന്ദ്രമായ നിശബ്ദത അവിടെ തളം കെട്ടിയിരുന്നു. ഒരു മോര്‍ച്ചറി ജീവനക്കാരന്‍ അയാളുടെ മുമ്പില്‍ ഒരു ശവം കൊണ്ടു വന്ന് മൂടുപടം ഉയര്‍ത്തി ‘സിന്‍ഡ്രല്ലാ’????

അയാള്‍ നിശബ്ദമായി ആ മുഖത്തേക്കു നോക്കി . പച്ച കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. ചെമ്പന്‍ മുടി വെള്ളത്തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നു. വിയര്‍പ്പ് പൊടിയുന്ന കഴുത്തും തുണികൊണ്ട് പൊതിഞ്ഞിരിക്കുന്നു. ‘’ അപകടം നടക്കുമ്പോള്‍, അവളുടെ മാറിടത്തോട് ഒട്ടി നിന്ന ഒരേ ഒരു ഫോട്ടോ നിങ്ങളുടേതായിരുന്നു ‘’ ഒരു പോലീസുകാരന്‍ പറഞ്ഞു.

സിന്‍ഡ്രല്ല എന്റെ ഹൃദയ നിലാവില്‍ നീയൊരു തിള‍ങ്ങുന്ന നക്ഷത്രമായിരുന്നു. നിന്നെ ഉണര്‍ത്തിയിരുത്താന്‍ പറ്റിയതൊന്നും എന്നിലില്ലാതായപ്പോള്‍ നീ ഉറക്കത്തിലേക്കു വീണു. പുതിയതായി ഒന്നും കാണാനില്ലാത്തപ്പോള്‍ എന്തിനു കണ്ണൂ തുറന്നിരിക്കണം അല്ലേ?

Generated from archived content: story1_apr16_12.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English