എഴുത്ത്‌ഃ പുതിയ വഴികൾ

പുഴകൾ മരിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ നാം കാണുന്നുണ്ട്‌. പുഴകൾ ചെറുകഷ്ണങ്ങളായി വിറ്റുവരികയാണ്‌ എന്നും നാം കേൾക്കുന്നുണ്ട്‌. പക്ഷെ ഇവിടെ ഒരു പുഴ ഒരു സാംസ്‌ക്കാരിക പ്രവാഹമായി ഒഴുകികൊണ്ടിരിക്കുന്നു എന്നറിയുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.

ഓരോ കാലത്തും മാറ്റങ്ങൾ വരുന്നത്‌ നമുക്ക്‌ അറിവുളളതാണ്‌, അനുഭവമുളളതാണ്‌. പുസ്തകങ്ങളുടെ കാര്യത്തിലും നമുക്കിത്‌ മനസ്സിലായിട്ടുണ്ട്‌. ഞാൻ കുറെ കാലങ്ങളായി സ്ഥിരമായി അമേരിക്കയിൽ പോകാറുണ്ട്‌. ഓരോ സമയത്തും അവിടുത്തെ വലിയ ബുക്‌സ്‌റ്റാളുകൾ ഞാൻ സന്ദർശിക്കുന്നത്‌ പതിവാണ്‌. അത്‌ലാന്റിക്‌ വെയർ ഹൗസ്‌ എന്ന ബുക്‌സ്‌റ്റാൾ ഇതിനൊരുദാഹരണമാണ്‌. രണ്ടുവർഷങ്ങൾക്ക്‌ മുൻപ്‌ ഞാൻ അത്‌ലാന്റിക്‌ വെയർ ഹൗസിൽ ചെന്നപ്പോൾ അവിടെ ഒരു ചെറിയ മാറ്റം കണ്ടു. അവിടെ അച്ചടിച്ച പുസ്‌തകങ്ങൾ മാത്രമല്ല ഓഡിയോ ടേപ്പിലുളള പുസ്തകങ്ങളും വിൽപ്പനയ്‌ക്കുണ്ടെന്ന്‌. എന്റെ അറിവിൽ ജർമ്മനിയിലാണ്‌ ആദ്യമായി ഓഡിയോ ടേപ്പിൽ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുളളത്‌. അവിടുത്തെ ഹോട്ടൽ മുറികളിൽ ലഭ്യമായിരുന്ന സംഗീത ചാനലുകൾക്കുപുറമെ തോമസ്‌ മാന്നിനെ പോലെയുളള മഹാത്‌മാക്കളായ എഴുത്തുകാരുടെ കൃതികൾ വളരെ മനോഹരമായ രീതിയിൽ വായിച്ചത്‌ റെക്കോർഡ്‌ ചെയ്ത്‌ കിട്ടുമായിരുന്നു. ഓരോ കാലഘട്ടത്തിലും ചില മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ രീതിയിൽ കാണുകയാണെങ്കിൽ നവീന സാങ്കേതിക വിദ്യയായ ഇന്റർനെറ്റിലൂടെ ഒരു വാരികയോ പുസ്തകമോ പ്രസിദ്ധീകരിക്കപ്പെടുക എന്നത്‌ ഒരു അനിവാര്യമായ പുരോഗതിയുടെ ഭാഗമായി തന്നെയാണ്‌ ഞാൻ കാണുന്നത്‌.

ഞാനീയിടെ ഓഡിയോ കാസറ്റ്‌ രൂപത്തിലുളള കുറെ കവിതകൾ വാങ്ങി. പത്തൊൻപതാം നൂറ്റാണ്ടിലെ കവിത, ഇരുപതാം നൂറ്റാണ്ടിലെ കവിത എന്ന രീതിയിൽ വിഭജിച്ചിട്ടുളളത്‌. അതിന്‌ സംഗീതവും നല്‌കിയിട്ടുണ്ട്‌. ഇങ്ങനെയൊക്കെ ആണെങ്കിൽ കൂടിയും അച്ചടിച്ച അക്ഷരവും അക്ഷരങ്ങൾക്കിടയിലെ വിടവുകളും ഒക്കെ കണ്ടുകൊണ്ട്‌ വായിക്കുമ്പോഴുണ്ടാകുന്ന സുഖം ഈ കാസറ്റ്‌ കേൾക്കുമ്പോൾ എനിക്ക്‌ കിട്ടുന്നില്ല. എന്നുവച്ച്‌ ഇതിനെയൊന്നും മാറ്റിനിർത്തുവാനോ, ഒഴിവാക്കുവാനോ കഴിയില്ല. ഇതെല്ലാം തന്നെ മനുഷ്യന്റെ ബുദ്ധിയിൽ നിന്നുതന്നെ രൂപം കൊണ്ടതാണ്‌. അവനിത്‌ ആവശ്യകരവും ആണ്‌.

യന്ത്രത്തേയും മനുഷ്യനേയും ബന്ധപ്പെടുത്തി ‘മാർത്ത’ എന്ന ഒരു കഥ അമേരിക്കയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഏകനായി ഒരു വീട്ടിൽ താമസിക്കുന്ന ഈ കഥയിലെ ചെറുപ്പക്കാരൻ തന്റെ ബുദ്ധി ഉപയോഗിച്ച്‌ ഒരു കമ്പ്യൂട്ടറിനെ നിർമ്മിക്കുകയും അതിന്‌ സ്‌ത്രീവേഷം നല്‌കുകയും ചെയ്‌തു. മാർത്ത എന്നു പേരിട്ട ഈ കമ്പ്യൂട്ടർ തന്റെ യജമാനനുവേണ്ടി എല്ലാ ജോലികളും ചെയ്യുകയും അദ്ദേഹത്തെ പരിരക്ഷിക്കുകയും ചെയ്‌തു. ഇതിനിടെ യജമാനൻ ഒരു ചെറുപ്പക്കാരിയുമായി പ്രണയത്തിലാകുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തു. യജമാനത്തിയുടെ വരവോടുകൂടി മാർത്തയുടെ സ്വഭാവത്തിൽ മാറ്റം വന്നു. അവൾ അനുസരണക്കേടുകൾ പ്രകടിപ്പിക്കാൻ തുടങ്ങി. ഒരിക്കൽ വീട്ടിൽ എത്തിയ മാർത്തയുടെ യജമാനൻ തന്റെ ഭാര്യ കൊല്ലപ്പെട്ടു കിടക്കുന്നതും അതിനു സമീപം വിജയിയുടെ ഭാവത്തോടെ നില്‌ക്കുന്ന മാർത്തയേയും കാണുന്നതോടെ ഈ കഥ അവസാനിക്കുന്നു. യന്ത്രങ്ങൾ ചിന്തിക്കുന്നുവെന്ന്‌ വിശ്വസിക്കാൻ പ്രയാസമില്ലാത്ത ഒരു കാലത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നത്‌. ഇത്‌ യന്ത്രവും മനുഷ്യനും തമ്മിലുളള അടുപ്പത്തിന്റെ ആഴം കാണിച്ചുതരുന്നു.

പ്രധാനമായും രണ്ടുമൂന്ന്‌ കാര്യങ്ങൾ മാത്രമെ ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നുളളൂ. ഇവിടെ പുഴ ഡോട്ട്‌ കോം ഉപയോഗിച്ച്‌ ചിലർ കവിതകളും കഥകളും എഴുതിയിരിക്കുന്നു. കഥകളെല്ലാം ഞാൻ വായിച്ചു. പല ശ്രദ്ധേയമായ കഥകളും ഇതിലുണ്ട്‌. കുറച്ച്‌ വായിച്ച്‌ മറിച്ചുകളയുന്ന അല്ലെങ്കിൽ മാറ്റിവയ്‌ക്കുന്ന കഥകളിൽനിന്ന്‌ വിട്ടുനിന്ന്‌ നമ്മെപ്പോലെ അല്പസ്വല്പം വായനാശീലമുളള വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന ചില കഥകൾ ഇതിലുണ്ട്‌. ഈ രീതിയിൽ ഏതു മീഡിയത്തിലായാലും പുസ്‌തകങ്ങൾ വന്നുകൊണ്ടിരിക്കും. ഓരോ കാലഘട്ടത്തിലും പുതിയ രൂപങ്ങളുമായി പരിചയപ്പെടേണ്ടി വരും എന്നുളളതാണ്‌ സത്യം. ഇനി എനിക്കൊന്നും അധികം പരിചയപ്പെടേണ്ടി വരില്ല. ഞാനൊക്കെ ഈ സാങ്കേതിക വിദ്യയുടെ സാക്ഷരതാഘട്ടത്തിലാണ്‌. എനിക്ക്‌ ചില എഴുത്തുകൾ വരുന്നത്‌ ഇ.മെയിൽ രൂപത്തിലാണ്‌. അത്‌ വായിക്കണമെങ്കിൽ എന്റെ മകളുടെ സഹായം വേണ്ടിവരും. ഇത്‌ എന്റെ പരാധീനതയാണ്‌. എന്റെ പരാധീനത വച്ചുകൊണ്ട്‌ ഇതിനെ എതിർക്കുന്നതും ശരിയല്ല.

വ്യാപാരമായാലും സാഹിത്യമായാലും നിത്യജീവിതത്തിൽ കാണുന്ന വസ്‌തുക്കളിൽ തന്നെ പുതിയ മാനം കാണാനും അത്‌ പുതിയ രീതിയിൽ രൂപപ്പെടുത്തി, പുതുതായൊന്ന്‌ സൃഷ്‌ടിക്കുകയും ചെയ്യുമ്പോൾ അത്‌ കലയായി മാറുന്നുവെന്ന്‌ മോഹനവർമ്മ സൂചിപ്പിച്ചു. ഇത്‌ ഏറെ ചിന്തിക്കേണ്ട ഒന്നാണ്‌.

ഈയടുത്ത്‌ എനിക്ക്‌ വലിയൊരു അനുഭവമുണ്ടായി. ചില ശാരീരിക അസ്വസ്ഥതകൾ കാരണം ഞാൻ കുറെനാൾ ചികിത്സയിലായിരുന്നു. ഈ സമയത്ത്‌ പുസ്തകങ്ങളെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തു കൂടിയായ ഒരു ഡോക്‌ടർ എനിക്ക്‌ രണ്ട്‌ പുസ്തകങ്ങൾ തന്നു. ഒന്ന്‌ എഡ്‌വേർഡ്‌ സെയ്‌ദ്‌ എന്ന സുപ്രസിദ്ധ പൊളിറ്റിക്കൽ ചിന്തകന്റെ ആത്‌മകഥയും രണ്ടാമത്തേത്‌ ഒരു പത്രപ്രവർത്തകൻ എഴുതിയ ആത്‌മകഥയുമാണ്‌. എൽ എന്ന ഫ്രഞ്ച്‌ മാസികയുടെ പത്രാധിപരായ ഴാങ്ങ്‌ ഡൊമനിൽ ബോബിയുടെ ആത്‌മകഥയാണിത്‌. തന്റെ കൈയിൽ കിട്ടുന്ന രണ്ടാംതരം കൃതിയെപ്പോലും വെട്ടിമിനുക്കി ഏറ്റവും മികച്ചതാക്കാൻ ശേഷിയുളള ഈ എഡിറ്റർ അതുവരെ ഒരു പുസ്തകം പോലും എഴുതിയിട്ടുണ്ടായിരുന്നില്ല. നാല്പത്‌ വയസ്സു കഴിഞ്ഞ സമയത്ത്‌ അദ്ദേഹത്തിന്‌ അപ്രതീക്ഷിതമായ ഒരു ആഘാതം സംഭവിക്കുകയും അദ്ദേഹം മുഴുവനായും പാരലൈസ്‌ഡ്‌ ആകുകയും ചെയ്‌തു. ആ അവസ്ഥയിൽ അദ്ദേഹത്തിന്‌ തന്റെ ഒരു കണ്ണ്‌ മാത്രമേ പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞിരുന്നുളളൂ. മറ്റുളളവരുടെ കൃതികൾ എഡിറ്റ്‌ ചെയ്‌ത്‌ സുന്ദരമാക്കിയ തനിക്ക്‌ ജീവിതത്തെപ്പറ്റി, ലോകത്തെപ്പറ്റി പറയുവാനുളളതൊന്നും എഴുതി പുസ്‌തകമാക്കുവാൻ കഴിഞ്ഞില്ല എന്നതായിരുന്നു ആ സമയത്ത്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഃഖം. എന്നാൽ ഇദ്ദേഹം തന്റെ സെക്രട്ടറിയുടെ സഹായത്താൽ ഓരോ അക്ഷരവും കണ്ണിന്റെ ചലനം കൊണ്ട്‌ തെരഞ്ഞെടുക്കുകയും അതുവച്ച്‌ വാക്കുകൾ ഉണ്ടാക്കുകയും വാക്കുകൾ ചേർത്ത്‌ വാചകങ്ങൾ നിർമ്മിക്കുകയും ചെയ്‌തുകൊണ്ട്‌, മൂന്നുവർഷത്തെ നീണ്ട പ്രയത്നത്തിനുശേഷം നൂറ്റി നാൽപ്പതോളം പേജുളള ‘ദ ഡൈവിംഗ്‌ ബെൽ ആന്റ്‌ ദ ബട്ടർ ഫ്ലൈ’ എന്ന പുസ്തകം രചിക്കുകയും ചെയ്തു.

ജീവിതത്തിന്റെ അവസാന ഘട്ടത്തിൽപോലും ഇങ്ങിനെ ചില ഉൾപ്രേരണകൾ ആളുകളിലുണ്ടാകും. ഇങ്ങനെയുളള പലവിധ ഉൾപ്രേരണയിലാണ്‌ കഥകളും കവിതകളും ലേഖനങ്ങളും നാടകങ്ങളും ഉണ്ടാകുന്നത്‌.

ഓരോ കാലഘട്ടത്തിലും കൃതികളുടെ മാർക്കറ്റിംഗിന്‌ വ്യത്യാസം വന്നുകൊണ്ടിരിക്കും. ഇപ്പോൾ വിദേശത്തുളള ഒരു പ്രസാധകന്റെ അടുക്കൽ ഒരു നോവലുമായി നാം ചെന്നാൽ, അവർ പറയുന്ന പ്രധാന ആവശ്യം, പുസ്തകം ഒരു വിമാനയാത്രയ്‌ക്കിടയിൽ വായിച്ചു തീരുന്നതായിരിക്കണം എന്നാണ്‌, അതും അധികം അധ്വാനമില്ലാതെ വായിക്കുവാൻ കഴിയുന്നതുമായിരിക്കണമെന്നുമാണ്‌. അതായത്‌ ഒരു പാരഗ്രാഫോ, പേജോ വിട്ടുപോയാൽ തന്നെ വായനയ്‌ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുവാൻ പാടില്ല.

കൃതികളുടെ രൂപത്തിൽ പല മാറ്റങ്ങൾ ഉണ്ടാകാം ആദ്യകാലത്ത്‌ വാമൊഴിയായിരുന്നു, പിന്നീട്‌ താളിയോലകളും മറ്റും ഉപയോഗിച്ചു. കടലാസിന്റെ കണ്ടുപിടുത്തമാണ്‌ മറ്റൊരു മാറ്റം. അതുകഴിഞ്ഞാൽ ഏറ്റവും വലിയ മാറ്റവും അത്ഭുതവും അച്ചടിയന്ത്രത്തിന്റെ വരവാണ്‌. അച്ചടിയന്ത്രത്തിന്റെ വരവോടെ പുസ്‌തകത്തിന്‌ ഉടമസ്ഥാവകാശം എന്ന അവസ്ഥയുണ്ടായി. ഇത്‌ എന്റെ പുസ്‌തകമാണെന്നും, കോപ്പിറൈറ്റ്‌ എന്ന ആശയവുമുണ്ടായി. ഇങ്ങനെ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കും. അതുകൊണ്ടുതന്നെയാണ്‌ അച്ചടി പുസ്‌തകങ്ങളുടെ സ്ഥാനത്ത്‌ കേൾക്കുന്ന പുസ്‌തകങ്ങൾ വന്നത്‌.

ഇതൊക്കെയാണെങ്കിലും പരമ്പരാഗത രീതിയിലുളള പുസ്‌തകങ്ങൾക്ക്‌ അതിന്റേതായ നിലനില്പ്‌ എന്നും ഉണ്ടായിരിക്കും. മുൻപ്‌ പറഞ്ഞതൊന്നും മോശമാണെന്ന വാദവുമില്ല. പക്ഷെ അതിന്‌ അതിന്റേതായ പരിമിതികളുണ്ട്‌. സാങ്കേതികമായ പരിവർത്തനങ്ങൾക്കനുസൃതമായി എല്ലാ മാറ്റങ്ങളും വന്നുകൊണ്ടിരിക്കുമ്പോഴും, അത്‌ പുസ്തകത്തിന്റെ കാര്യത്തിലായാലും പ്രസാധനത്തിന്റെ കാര്യത്തിലായാലും, പാരമ്പര്യരീതിയിലുളള പുസ്‌തകങ്ങൾ നിലനില്‌ക്കും എന്നാണ്‌ എന്റെ വിശ്വാസം. എങ്കിലും പുതിയ രീതിയിലുളള മീഡിയം ഉപയോഗിച്ചുകൊണ്ട്‌ പലർക്കും തന്റെ കലയും സാഹിത്യവും ആവിഷ്‌ക്കരിക്കാൻ സാധിക്കും. അവസാന നാളുകളിൽ കണ്ണിന്റെ ചലനം കൊണ്ട്‌ പുസ്‌തകം രചിച്ച പത്രാധിപരുടെ മാനസികാവസ്ഥ നമുക്ക്‌ ഇതുമായി ചേർത്ത്‌ വായിക്കാവുന്നതാണ്‌. അത്തരത്തിൽ തന്റെ ആവിഷ്‌ക്കാരബോധത്തെ തുറന്നുവിടാൻ അദ്ദേഹത്തിനു കഴിഞ്ഞതുപോലെ ഈ മീഡിയ ഉപയോഗിച്ച്‌ പലർക്കും തങ്ങളിലുളളത്‌ ആവിഷ്‌ക്കരിക്കാൻ കഴിയും. അതുകൊണ്ട്‌ ഇത്തരത്തിലുളള പരീക്ഷണങ്ങളും ഏറെ ആവശ്യമാണ്‌. എങ്ങിനെയൊക്കെ ആയാലും, ഏതുരൂപത്തിൽ വായിച്ചാലും ഏതു മീഡിയത്തിലൂടെ വായിച്ചാലും നമ്മുടെ മുന്നിൽ എത്തുന്നത്‌ കഥയും കവിതയും ലേഖനവുമൊക്കെ ഉൾക്കൊളളുന്ന സാഹിത്യം തന്നെയാണ്‌. അതുകൊണ്ട്‌ ഇത്തരത്തിലുളള എല്ലാ സാങ്കേതിക വളർച്ചയിലും സാഹിത്യത്തെ വളർത്തുക, അതിനെ അറിയുക എന്നത്‌ ഏറെ നല്ല കാര്യം തന്നെയാണ്‌.

മരിച്ചു കൊണ്ടിരിക്കുന്ന ഒരു പുഴയുടെ തീരത്താണ്‌ ഞാൻ വളർന്നത്‌. ഞങ്ങളുടെ പുഴയുടെ ഇരുവശത്തും ധാരാളം ഒഴിഞ്ഞ പ്രദേശങ്ങളുണ്ട്‌. ഇടയ്‌ക്കൊക്കെ വെളളപ്പൊക്കം ഉണ്ടാകും. തമിഴ്‌നാട്ടിൽ നിന്ന്‌ വരുന്ന വെളളമായതിനാൽ ഇതിനെ കൊങ്കൻ വെളളമെന്നാണ്‌ ഞങ്ങൾ വിളിക്കുക. ഈ വെളളം വഹിച്ചുകൊണ്ടു വരുന്നത്‌ വളരെ വളക്കൂറുളള മണ്ണാണ്‌. വെളളം ഒഴുകിപ്പോയാലും ഈ മണ്ണ്‌ ആ ഒഴിഞ്ഞ പ്രദേശങ്ങളിൽ അടിഞ്ഞു കിടക്കും. ഈ മണ്ണ്‌ കൃഷിക്ക്‌ ഏറെ അനുയോജ്യമായതിനാൽ വെളളപ്പൊക്കത്തെ നാം അംഗീകരിക്കേണ്ടിവരുന്നു.

അതുകൊണ്ട്‌ എവിടെയൊക്കെ എന്തെല്ലാം പരിവർത്തനങ്ങൾ വരുന്നു, എവിടെയൊക്കെ ശാസ്‌ത്ര പുരോഗതികൾ വരുന്നു അവിടെ നിന്നെല്ലാം നമുക്ക്‌ ആവശ്യമായതിനെ ആവാഹിച്ചെടുക്കുകയും നമ്മുടേതായ എഴുത്തിനെ, ചിന്തയെ, പരസ്പര സംവേദനത്തെ ഒക്കെയും എങ്ങിനെ നിലനിർത്താൻ കഴിയും എന്ന്‌ ചിന്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി ഞാൻ പുഴ ഡോട്ട്‌ കോമിന്റെ പ്രവർത്തനത്തെ കാണുന്നു.

———-

Generated from archived content: essay_mt.html Author: vasudevannair_mt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here