ഇരുട്ടിന്റെ ദുർമുഖത്തുനോക്കി
വെളിച്ചം പറഞ്ഞുഃ
നീയുള്ളതുകൊണ്ട് എനിക്കെരിയേണ്ടി വന്നു
ഞാൻ കെടുമ്പോഴാണ് നിനക്ക് ജന്മം കിട്ടുന്നത്.
ഭവഭേദമില്ലാതെ ഇരുട്ട് അതു കേട്ടു നിന്നു
വെളിച്ചമില്ലാത്തിടൊത്തൊക്കെ നിറഞ്ഞു നിന്നു
ഇരുട്ട് മൗനമായി മന്ത്രിച്ചു;
വിളക്കുകൾ കത്തുമ്പോഴും ഞാനുണ്ട്;
വിളക്കു തേടുന്ന മനുഷ്യൻ
ഇരുട്ടിൽ തപ്പിത്തടയാനും പഠിക്കുന്നു.
അവന്റെ വിശ്രമം എന്റെ തണലിലാണ്.
വെളിച്ചം അവനെ എപ്പോഴും കർമ്മനിരതനാകുന്നുഃ
എന്നാൽ അവനെ രക്ഷിക്കുന്നത് ഞാനാണ്.
അവന്റെ ഉറക്കം ഞാനാണ്.
അവൻ സ്വപ്‌നം കാണുന്നത് അപ്പോഴാണ്.
ഒരു വിളക്കിനും അവന്റെ സ്വപ്‌നങ്ങളെ
പൂർണ്ണമായി സാക്ഷാത്‌കരിക്കാൻ കഴിയില്ല
ഞാനോ മനുഷ്യന് മനോഹര സ്വപ്‌നങ്ങൾ
കാണാൻ ഇരുട്ടിന്റെ മറവു കൊടുക്കുന്നു
വെളിച്ചം കത്തി ജ്വലിക്കുന്നു
ഞാനോ ശാന്തമായി മാറിനിൽക്കുന്നു
നിലാവിന്റെ ഭംഗി നുകരുന്ന മനുഷ്യൻ
എന്നെ ഓർക്കുന്നില്ല
ഞാനില്ലെങ്കിൽ നിലാവെവിടെ?
വെളിച്ചമേ നീ മിന്നിയാലും ജ്വലിച്ചാലും
ഞാൻ കറുപ്പിന്റെ എഴഴകുമായി എന്നുമുണ്ടാകും.
Generated from archived content: poem3_jun18_11.html Author: vasudev_pulickal