കിഴക്കുദിച്ചത് മുതൽ
സൂര്യനെ കാത്ത് നിന്നു പടിഞ്ഞാറൻ ചക്രവാളം.
സൂര്യൻ – സഹസ്രപാണിയുള്ള സമുദ്രത്തിന്റെ
ആലിംഗനത്തിൽ മുഴുകിയാണ്ട് പോയി
എന്തൊരു ചതി!!
ദു;ഖം ഇരുട്ടായ് പിറന്നു
സൂര്യനെ ഗർഭത്തിൽ വഹിച്ച
സമുദ്രം ഒരു താരാട്ടിനു ശ്രുതിയിട്ടു
വീണ്ടും കാത്തിരിക്കാൻ വേണ്ടി
ചക്രവാളം ഉറക്കമായി
പ്രണയചടവില്ലാതെ
സൂര്യൻ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചു പൊങ്ങി
പടിഞ്ഞാറൻ ചക്രവാളം വീണ്ടും കാത്തിരുന്നു
അവളുടെ കാമുകനെ രണ്ടുപേർ സ്വന്തമാക്കുന്നു
കിഴക്കൻ ചക്രവാളവും അലയാഴിയും
കാത്തിരിപ്പിന്റെ നോവും സുഖവുമായി
അവൾ എന്നും കാത്തിരിക്കുന്നു
കാത്തിരിപ്പു മാത്രം ശേഷിക്കുമെന്നറിഞ്ഞിട്ടും.
Generated from archived content: poem1_oct31_08.html Author: vasudev_pulickal