മലയാളത്തിലെ “ശ്രീ” എന്നാണ് വൈലോപ്പിള്ളി ശ്രീധമേനോന്‍ അറിയപ്പെടുന്നത്. ക്ലാസിക് ചിന്താഗതിയില്‍ വിട്ടുമാറി കാല്പനികതയിലും റിയലിസത്തിലും ഊന്നിയാണ് വൈലോപ്പിള്ളിയുടെ കാവ്യപ്രതിഭ വികസിച്ചു വന്നത്. ആധുനിക മലയാളകവിതയും റൊമാന്‍ റിസ റിയലിസ പ്രസ്ഥാനത്തിന്റെ സംക്രമസ്ഥാനത്ത് സംക്രമപുരുഷനായി നില്‍ക്കുന്ന കവിയായിട്ടാണ് നിരൂപകന്‍ വൈലോപ്പിള്ളിയെ വിശേഷിപ്പിക്കുന്നത്. റൊമാന്‍ റിസത്തിന്റെ ചായക്കൂട്ടുകൊണ്ട് തന്റെ കവിതകള്‍ വര്‍ണ്ണശബളമാകുന്നതിനേക്കാള്‍ ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ ഭാവസുന്ദരനായി അവതരിപ്പിക്കുന്നതിനാലാണ് വൈലോപ്പിള്ളി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.
യാഥാര്‍ത്ഥ്യാങ്ങളെ അപ്പടി പകര്‍ത്തി രചനകളെ വിരസമാക്കാന്‍ കവിക്ക് മനസ്സില്ലെന്ന് ഓരോ കവിതയും വ്യക്തമാക്കുന്നുണ്ട്. കാല്പനികതയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരു സമന്വയചന്തം കവിതകള്‍ക്ക് മേന്മയും അതേസമയത്ത് കരുത്തും പകരുന്നു. ജീവിതത്തിന്റെ ഓരോ സ്പന്ദനവും കാതോര്‍ക്കുന്ന കവിക്ക് അതിലെ വ്യത്യാസങ്ങള്‍ എളുപ്പം മനസ്സിലാകുന്നു. അവ വെറുതെ വാക്കുകളില്‍ പകര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന ബോധമുള്ള കവി അവയെ ആവിഷ്ക്കരിക്കുന്ന രീതിയിലൂടെ കാല്പനികതയും യാഥാര്‍ഥ്യവും തമ്മിലുള്ള ലയനം കാണിച്ചുതരുന്നു. ആ രണ്ടു പ്രസ്ഥാനങ്ങളുടെയും നടുവില്‍ നിന്ന് കാവ്യസൗന്ദ്യര്യങ്ങള്‍ കാണുന്ന കവിയാണ് ശ്രീ. ആ സൗന്ദര്യസങ്കല്പ്പങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ ആഗ്രഹിച്ചിരുന്നത് കൊണ്ട് പൂര്‍വ്വ കവികളേയോ സമകാലിക കവികളേയോ അനുകരിക്കുകയോ അവരുടെ സ്വാധീനം സ്വന്തം കവിതകളില്‍ വരാന്‍ അനുവദിക്കുകയോ ചെയ്യാതെ തന്റേതായ വ്യക്തിമുദ്ര ഓരോ കവിതയിലും അദ്ദേഹം കൊത്തി വച്ചു. കവി സൗന്ദര്യാരാധകനായിരുന്നെങ്കിലും സൗന്ദര്യത്തിന്റെ അടിമത്തം പേറി കാല്പനിക സങ്കല്പ്പങ്ങളുടെ മധു കവിതകളില്‍ നിറക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചില്ല. കാലത്തിന്റെ മാറ്റങ്ങള്‍ അനുസരിച്ച് കാവ്യാത്മകതയുടെ പുതുമകള്‍ അദ്ദേഹം കവിതയില്‍ ചേര്‍ത്തു വച്ചു. ആ പുതുമകളാവട്ടെ യാഥാര്‍ത്ഥ്യങ്ങളോട് വളരെ ബന്ധപ്പെട്ടവയായിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ കവിതകള്‍ തലമുറകളിലൂടെ യഥേഷ്ടം സഞ്ചരിക്കുന്നു. സൗന്ദര്യത്തില്‍ നിത്യസത്യം കൂടി കാണുമ്പോഴാണ് കവി കാല്പനികതയുടെ വശ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറി യാത്ഥാര്‍ത്തിന്റെ വഴിയിലേക്ക് വരുന്നത്. കാല്പനികതയ്ക്കും ഭംഗിയും യാഥാര്‍ത്ഥ്യങ്ങളുടെ രൂപവും സൗന്ദര്യദര്‍ശനവും ചേരുമ്പോള്‍ കവിത ഈടുറ്റതാകുന്നു. കാല്പനികതയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ഒരു പാലമിട്ടപോലെ എന്ന് പറയാന്‍ കഴിയില്ല. കാരണം, യാഥാര്‍ത്ഥ്യത്തിന് കവി മുന് തൂക്കം കൊടുക്കുന്നു. ഒരു ഉദാഹരണം:-
‘തുടുവെല്ലാമ്പല്‍ പൊയ്കയല്ല ജീവിതത്തിന്റെ
കടലെ കവിതക്ക് ഞങ്ങള്‍ക്ക് മഷിപ്പാത്രം.’
ഈ കവിതയുടെ സൗന്ദര്യദര്‍ശനത്തിനും ചില സവിശേഷതകളുണ്ട്. മറ്റു കവികള്‍ കുയിലിനേയും മയിലിനേയും പറ്റി പാടുമ്പോള്‍ വൈലോപ്പിള്ളി കാക്കയെ പറ്റി പാടി. കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി. ഇരുട്ടും പ്രകാശവും പരസ്പരം ബന്ധപ്പെടുന്ന ഒരു ശക്തിയായി കാക്കയെ നമുക്ക് കാണാം. സ്വയം ഇരുട്ടാണെങ്കിലും പ്രകാശത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പക്ഷി പ്രകാശത്തിലേക്ക് പറന്നു വരുന്ന ഇരുട്ടിന്റെ ഒരു കീറാണെന്ന് ആരും ശ്രദ്ധിക്കാന്‍ വഴിയില്ല. എന്നാല്‍ വൈലോപ്പിള്ളി അത് കാണുന്നു. പരുപരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ മുഷിപ്പിക്കാതെ വിവരിക്കുമ്പോള്‍ നമ്മള്‍ അതില്‍ കാല്പനികതയുടെ രസവും സൗന്ദര്യദര്‍ശനവും കാണുന്നു.
കുട്ടികള്‍ പൂ പറിക്കുന്നത് കണ്ട് അത് പൂക്കളം ഒരുക്കാനായിരിക്കും എന്നു ധരിച്ച കവി പിന്നിട് അറിയുന്നു പൂക്കള്‍ വിറ്റു കിട്ടുന്ന കാശിന് വല്ലതും വാങ്ങി കഴിക്കാനാണെന്ന്. ഈ യാഥാര്‍ഥ്യത്തെയേയും കവി മനോഹരമായ ഒരു കവിതയാക്കി. വാസ്തവത്തില്‍ ജീവിതത്തിന്റെ വിവിധ രംഗങ്ങള്‍ കാണുന്ന കവിക്ക് അതേ കുറിച്ച് പറയാതിരിക്കാന്‍ നിവൃത്തിയില്ല. അനുഭൂതികളുടെ ലോകത്തിലേക്ക് പറന്ന് ചെന്ന് അവിടെന്ന് കുറെ വര്‍ണ്ണങ്ങള്‍ ശേഖരിച്ച് ചാരുതയാര്‍ന്ന പദങ്ങളുടെ അകമ്പടിയോടെ ആകര്‍ഷകമായി എഴുതി അനുവാചകരെ ആനന്ദിപ്പിക്കുന്നവരെപ്പോലെ തന്നെ യാഥാര്‍ത്ഥ്യങ്ങളെ കാവ്യത്മകമാക്കി അദ്ദേഹം വിവരിക്കുമ്പോള്‍ അത് അസ്വാദ്യകരമാകുന്നു.
‘നാല് മുക്കാലോ മറ്റോ നൂറു പൂ വിറ്റാല്‍ കിട്ടും
മാല കോര്‍ക്കാനാണെത്രെ വല്ലതും വാങ്ങി തിന്നാം.’
കുട്ടികള്‍ പറിച്ചെടുക്കുന്ന പൂക്കള്‍ അവരുടെ കൂടയില്‍ കിടന്ന് വാടുന്നു. കുട്ടികളും അതേ പോലെ വിശപ്പുകൊണ്ട് വാടുന്നു. പൂക്കളും കുട്ടികളും കളങ്കമറിയാത്തവര്‍. പൂ പൊലെ മൃദുലമായ കുഞ്ഞുമനസ്സുകളില്‍ പൂ വിറ്റു കിട്ടുന്ന പണം കൊണ്ട് വിശപ്പടക്കാമെന്ന മോഹമാണ്. അവര്‍ ഉത്സാഹത്തോടെ കൂടയില്‍ പറിച്ചു കൂട്ടുന്ന പൂക്കള്‍ വാടിക്കരിഞ്ഞു പോകുമ്പോള്‍ അവരുടെ മോഹങ്ങളും കൊഴിഞ്ഞു പോകും. ഈ കവിതയില്‍ കുട്ടികളുടെ ദുരിതത്തെക്കുറിച്ച് വിവരിക്കുന്നില്ലെങ്കിലും നമുക്കത് മനസ്സിലാകുന്നു. പൂക്കള്‍ വിറ്റ് കാശാക്കുന്ന കച്ചവടതന്ത്രത്തെ കുറിച്ച് സൂചന തരുമ്പോള്‍ എളുപ്പം അതിന് പ്രലോഭിതരാകുന്ന കുട്ടികളെ പറ്റി വിവരിക്കുന്നത് വായനക്കാരില്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതയെ കുറിച്ചും സ്വപ്നങ്ങളുടെ പിറകിലുള്ള യാഥാര്‍ത്ഥ്യത്തെ പറ്റിയും ഒരു ഉള്‍ക്കാഴ്ച ജനിപ്പിക്കുന്നു.
ചിറ്റൂരപ്പന് എണ്ണ കൊണ്ടുപോകുന്ന പുഴുക്കളെ ദ്രോഹിക്കരുത് എന്ന ഒരു കവിതയുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ അമ്മയില്‍ നിന്നും കേട്ട കഥയിലെ പുഴുക്കളാണവ. വലുതായപ്പോള്‍ അതിന്റെ സത്യാവസ്ഥ മനസ്സിലായെങ്കിലും അവയെ അവയെ ഉപദ്രവിക്കാന്‍ തോന്നില്ല. എല്ലാ ജീവികളും ഓരോ ലക്ഷ്യവുമായി ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അവരെ ഉപദ്രവിക്കരുത് എന്ന സന്ദേശം കവി പകരുന്നു. പ്രകടമായ സൗന്ദര്യമുള്ള ഒരു വസ്തുവില്‍ ആകൃഷ്ടനാകുമ്പോള്‍ കവിയുടെ മനസ്സില്‍ ഊറിവരുന്ന ചിന്തകള്‍ പൂര്‍ണ്ണമല്ലെന്ന് തോന്നിയതിനാല്‍ ആ സൗന്ദര്യത്തിനപ്പുറം എന്താണെന്ന് അറിയുവാനുള്ള ഒരു ജിജ്ഞാസുവായി കവി മാറുന്നു. അങ്ങിനെയുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദോഷ അന്വേഷണങ്ങള്‍ മൂലം പലപ്പോഴും യാഥാര്‍ഥ്യത്തിന്റെ മറ്റൊരു മുഖം അദ്ദേഹത്തിന് തെളിഞ്ഞു കിട്ടിയിട്ടുണ്ട്. വായനക്കാരന്‍ ഒരു ഞെട്ടലോടെ അത്തരം നഗ്നസത്യങ്ങള്‍ കണ്ടറിയുമ്പോള്‍ കവി ഒരു സന്ദേശം പകര്‍ന്നു തരുന്നു. അരിയില്ലാഞ്ഞിട്ട് എന്ന കവിത മരണത്തിന് പിന്നിലെ ഒരു മഹാരഹസ്യം വെളിവാക്കുമ്പോള്‍ നമ്മള്‍ വേദനിക്കുന്നതോടോപ്പം തന്നെ നമ്മില്‍ ഒരു ഞെട്ടലുമത്ഭുതവും അതുളവാക്കുന്നു. വളരെ ചെറിയ ഒരു സംഭവമാണ് കവിതയുടെ ആശയം. എന്നാല്‍ അതിന്റെ ശില്പ്പഘടന എത്രയോ മനോഹരമായിരിക്കുന്നു. മറ്റു കവികളില്‍ കാണാത്ത ഒരു സവിശേഷതയാണ് ഈ കവിതയില്‍ വൈലോപ്പിള്ളി പ്രകടമാക്കുന്നത്.
കാലപനികതയുടെയും യാഥാര്‍ ഥ്യത്തിന്റെയും സംഗമസ്ഥാനത്ത് ഈ കവി തന്റെ സ്ഥാനമുറപ്പിക്കുന്നത് അദ്ദേഹത്തിന്റെ പല കവിതകളിലും കാണാവുന്നതാണ്. എവിടെ പോയാലും ഇത്തിരി കൊന്നപ്പൂവും ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സില്‍ കരുതണമെന്ന് വായനക്കാരോട് പറയുന്ന കവി തന്നെ ഗ്രാമത്തെകുറിച്ച് പറയുമ്പോള്‍ അവിടത്തെ മനോഹാരിത മാത്രമല്ല വരികളില്‍ നിറക്കുന്നത്. ഗ്രാമമായാലും നഗരമായാലും പണമുള്ളവരുടെ ജീവിതത്തില്‍ പ്രയാസങ്ങള്‍ കുറയുന്നു. അല്ലാത്തവര്‍ ജീവിക്കാന്‍ വേണ്ടി കണ്ടെടുത്ത ജീവിത മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നന്മയുടേതല്ല. ഗ്രാമത്തിനടുത്തുതന്നെ വേശ്യാവാടങ്ങളുണ്ട്. ശവപ്പറമ്പുണ്ട്. യാചകകേന്ദ്രങ്ങളുണ്ട്. ജീവിതത്തിന്റെ മധുരം നുകരുന്നവര്‍ മാത്രമല്ല കയ്പ്പുനീരു കുടിക്കുന്നവരുമുണ്ടെന്ന് എഴുതാന്‍ കവിക്ക് വിഷമമില്ല. എഴുത്തിലുള്ള ആത്മാര്‍ഥതയും സത്യസന്ധതയും കവി പൂര്‍ണ്ണമായി പാലിച്ചു. ഒരു കവിതയും ഭാവന കൊണ്ടുമാത്രം എഴുതിയതല്ല. ഭാവനാലോലുപനായി എഴുതിയിരുന്നെങ്കില്‍ സത്യത്തിന്റെ മുഖം വ്യക്തമാകാതെ പോകുമായിരുന്നു.
‘മരണം കനിഞ്ഞോതി’ എന്ന കവിതയില്‍ ജീവിതസത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതു നോക്കു
‘ മരണം കനിഞ്ഞോതി , സര്‍വ്വവും വെടിഞ്ഞു നീ
വരണം, സമയമായി, വിളക്കു കെടുത്താം ഞാന്‍’
മരണത്തിന്റെ പിന്നാലെ ‘നിഴലായ് കൂടെ നടക്കുമ്പോഴും റൊമാന്റിക് ജീവിതത്തിന്റെ മധു നുകരാനുള്ള ആസക്തി ബാക്കി നില്‍ക്കുന്നു. എന്നും കവി വെളിപ്പെടുത്തുന്നുണ്ട്.
എങ്കിലുമെടുത്തേന്‍ ഞാന്‍ ഗൂഡമെന്‍ കന്നിക്കാതല്‍
പ്പെണ്‍ കൊടിയാള്‍ തന്‍ കൊച്ചു മധുരസ്മൃതി മാത്രം.
ചങ്ങമ്പുഴയുടെ കാല്‍പനിക ശൈലിയിലേക്ക് വൈലോപ്പിള്ളി വഴുതി വീഴുന്നു എന്ന് ”പുല്ലുകള്‍” എന്ന കവിതയിലെ ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് ആരോപണങ്ങള്‍ ഉന്നയിച്ച നിരൂപകന് വൈലോപ്പിള്ളി മറുപടി നല്‍കുന്നുണ്ട്. ” പുല്ലുകള്‍” എന്ന കവിതയിലെ നായകന്‍ ചങ്ങമ്പുഴ ആണ്. ഇടപ്പിള്ളി ഗ്രാമപ്രദേശത്തിന്റെ സന്താനമാണെന്ന് ഞാന്‍ കരുതുന്ന ചങ്ങമ്പുഴ ശിലകളുടെ കാനനമായ പട്ടണത്തില്‍ (തൃശൂരില്‍) ബിസ്സിനസ്സുകാരുടേയും കുടിയന്മാരുടേയും മറ്റും കൂട്ടുപിടിച്ച് സ്വന്തം ശാലീനതയെ വിറ്റു തിന്ന് ആത്മാവുകൊണ്ട് മരിച്ചതില്‍ അയല്‍ക്കാരനായ ഒരടിയാനും കൂട്ടുകാര്‍ക്കുമുള്ള ദു:ഖമാണ് ഈ കവിത. ഇതില്‍ ചങ്ങമ്പുഴക്കവിതയുടെ മാധുര്യമെന്ന് വിചാരിക്കുന്നത് പച്ചപുല്ലു പോലുള്ള എന്റെ തന്നെ ശൈലി രുചിച്ചു നോക്കുമ്പോള്‍ തോന്നുന്ന ഇളം മധുരമാണെന്നാണ് എന്റെ അഭിപ്രായം. ചങ്ങമ്പുഴയുടെ മാസ്മരശൈലിയില്‍ ഞാന്‍ എന്നെങ്കിലും പെട്ടുപോയിട്ടുണ്ടെന്ന് തോന്നുന്നില്ല. കവി പിന്നീടൊരിക്കല്‍ പറഞ്ഞു. ”യുഗപരിവര്‍ത്തനത്തില്‍ ഞാന്‍ സംബോധന ചെയ്യുന്നത് എന്റെ സാക്ഷാല്‍ സഹധര്‍മ്മിണിയെയാണ്. കവിതയെയല്ല. കെ. പി. ശങ്കരന്റെ ഒരു മിഥ്യാ സങ്കല്പ്പമാണ് മറ്റു നിരൂപകരെ ഈ സ്വപ്നത്തിലൂടെ തിരിച്ചു വിട്ടെതെന്ന് തോന്നുന്നു. കവിതയെ കാമിനിയാക്കി ആ പ്രതീകത്തോടൊപ്പം സര്‍ക്കീട്ടടിക്കുന്ന തരമല്ല ഞാന്‍. പ്രതീകങ്ങളില്‍ എനിക്ക് വലിയ പ്രിയമില്ല. ” നിരൂപകര്‍ക്ക് എഴുത്തുകാരന്റെ വിചാര വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അവരുടെ കണ്ടെത്തലുകളില്‍ അപാകതയുണ്ടാകുമെന്ന യാഥാര്‍ഥ്യം വൈലോപിള്ളി വെളിപ്പെടുത്തുന്നു. നിരൂപണ സാഹിത്യത്തില്‍ അവസാന വാക്കില്ല എന്നാണല്ലോ പറയുന്നത്.
വൈലോപ്പിള്ളി വിരിയിച്ചെടുത്ത കവിതാപുസ്തകങ്ങള്‍ ജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന തലങ്ങളെ സ്പര്‍ശിക്കുന്നതാണ്. വൈലോപ്പിള്ളിക്കവിതകള്‍ എന്ന് പറയുമ്പോള്‍ പലരുടേയും ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നത് സഹൃദയരുടെ കണ്ണുകള്‍ നനയിച്ച , അവരുടെ വികാരങ്ങളെ ഇളക്കി മറിച്ച ‘മാമ്പഴം’ എന്ന കവിതയാണ്. കവിക്ക് അനുവാചകമനസ്സിലും കാവ്യരംഗത്തും സ്ഥിരപ്രതിഷ്ടനേടാന്‍ സഹായിച്ച കവിത എന്നും മാമ്പഴത്തെ വിശേഷിപ്പിക്കാം. അങ്കണ തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്കേ, അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍ ഹൃദയം പൊട്ടിയൊലിച്ച രക്തത്തുള്ളീകളായി ഒരോ വായനക്കാരനും അനുഭവപ്പെടാന്‍ പാകത്തിന് വികാര തീവ്രത ജ്വലിക്കുന്ന കവിതയാണ് മാമ്പഴം. ഉണ്ണീക്കിടാവിന്റെ കുസൃതികള്‍ക്ക് കടിഞ്ഞാണിട്ട് അവനെ വേദനിപ്പിച്ച ഒരമ്മയുടെ തേങ്ങലുകളുടെ വേലിയേറ്റമാണ് നമ്മള്‍ മാമ്പഴത്തില്‍ കാണുന്നതെങ്കില്‍ ‘ഉജ്ജ്വല മുഹൂര്‍ത്തം’ എന്ന കവിതയില്‍ ആത്മസംതൃപ്തിയുടെ ആനന്ദാനുഭൂതിയില്‍ എല്ലം മറന്ന് നില്‍ക്കുന്ന അമ്മയെ കാണാം. രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്തെഴുതിയ ഭാവോജ്വലമായ കവിതയാണ് ‘ഉജ്ജ്വലമുഹൂര്‍ത്തം’. വനവാസ കാലത്ത് അത്രിമുനിയുടെ ആശ്രമത്തിലെത്തിയ സീതയെ ഒരു മകളില്ലാത്ത മുനിപത്നിയായ അനസൂയ സ്വന്തം മകളെപ്പോലെ കണക്കാക്കുന്നു. അനസൂയയെ ഭൂമിദേവിയായിട്ടാണ് സങ്കല്പ്പിച്ചിരിക്കുന്നത്. ഭൂമിദേവിക്ക് ഏതൊരു പെണ്‍കുട്ടിയും മകളാണ്. ഭൂമി തന്റെ മക്കളുടെ ക്ഷേമത്തിനായി എല്ലാം ഒരുക്കി കൊടുക്കുന്നതു പോലെ അനസൂയ സീതയുടെ സുഖവും സന്തോഷവും ആഗ്രഹിക്കുന്നു.
‘ദീര്‍ഘമാം തപസ്സിനാല്‍ നേടിയ കരുത്തുണ്ടെന്‍
വാക്കിന് നിനക്കു ഞാനെന്തു ചെയ്യേണ്ടു ഭദ്രേ’
എന്ന് വാത്സല്യത്തോടെ ചോദിച്ചുകൊണ്ട് അനസൂയ സീതയെ ആടയാഭരണങ്ങളണിയിച്ച് മനോഹരിയാക്കി.
‘അന്തരാ കൃതാര്‍ഥയായ്, പൊണ്‍ മകളുടെ വേളി
പ്പന്തലില്‍ നില്‍ക്കും പോലെ പുളകം പൂണ്ടു വൃദ്ധ’
സര്‍വ്വാഭരണവിഭൂഷിതയായി കല്യാണപ്പന്തലില്‍ നില്‍ക്കുന്ന മകളെ കാണുമ്പോഴുള്ള അമ്മയുടെ അനുഭൂതിയും മാതൃഭാവത്തിന്റെ ഉദാത്തതയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാതൃസ്നേഹത്തിന്റെ ശീതളച്ഛായയിലും സംരക്ഷണയിലും ആശ്വാസം കണ്ടെത്താത്തവരുണ്ടോ? പലരും നമ്മേ ശുശ്രൂഷിക്കാന്‍ ഉണ്ടെങ്കിലും ‘പരമിതുപോലെയാരിനിസ്നേഹിപ്പാന്‍’ എന്ന് അമ്മയുടെ നിസ്തുല സ്നേഹത്തിന്റെ മധുരം നുണഞ്ഞിട്ടുള്ള ഏതൊരാളും ചോദിച്ചു പോകും.
വൈലോപിള്ളിയുടെ ജീവിത ദര്‍ശനത്തിന്റെ ഭാഗമാണ് ശുഭാപ്തി വിശ്വാസം. അ സവിശേഷത പല കവിതകളിലും അന്തര്‍ധാരയായി ഒഴുകുന്നുണ്ട്. ആസാം പണിക്കാരില്‍ ജോലി അന്വേഷിച്ച് ആസാമിലേക്ക് തീവണ്ടി കയറിയ ഒരു കൂട്ടം മലയാളികള്‍ ജന്മനാടിന്റെ സവിശേഷതകളെപറ്റി അഭിമാനിക്കുന്നുണ്ടെങ്കിലും അവയിലൊന്നും അവരിപ്പോള്‍ ആകൃഷ്ടരല്ല. തൊഴിലില്ലായ്മമൂലം പട്ടിണികൊണ്ട് നട്ടം തിരിയുന്ന അവര്‍ ആസാമില്‍ എത്തി വേല ചെയ്താല്‍ വിശപ്പടക്കാനും കുടുംബം പുലര്‍ത്താനുമുള്ള വക കിട്ടുമെന്നു സമാധനിച്ചുകൊണ്ട് പറയുന്നു.
‘കടന്നൊക്കെ തട്ടിക്കളഞ്ഞ് പായട്ടെ കനത്ത തീവണ്ടിയിരുമ്പിന്റെ മുഷ്ടി’
കടല്‍ക്കാക്കയിലെ
കൊള്ളാന്‍ വല്ലതും ഒന്ന് കൊടുക്കാന്‍ ഇല്ലാതില്ലൊരു മുള്‍ചെടിയും
ഉദയക്കതിരിനെ മുത്തും മാനവഹൃദയപ്പനിനീര്‍പ്പൊന്തോപ്പില്‍’
എന്ന വരികളിലും ശുഭാപ്തി വിശ്വാസത്തിന്റെ സ്ഫുരണം കണാം.
വൈലോപ്പിള്ളിയുടെ കാവ്യപ്രപഞ്ചത്തിന്റെ ഒരു കോണില്‍ ഒന്നു സ്പര്‍ശിക്കുക മാത്രമേ ഇവിടെ ചെയ്തിട്ടുള്ളു. പല ജീവിത തത്വങ്ങളും പ്രകാശിപ്പിച്ചുകൊണ്ട് വൈലോപ്പിള്ളി വിരിയിച്ചെടുത്ത കവിതാപുഷ്പ്പങ്ങളുടെ സൗന്ദര്യവും സുഗന്ധവും സാഹിത്യ നഭോമണ്ടലത്തില്‍ എന്നെന്നും നില നിലനില്‍ക്കും.
Generated from archived content: essay1_sep3_11.html Author: vasudev_pulickal
Click this button or press Ctrl+G to toggle between Malayalam and English