മരണമില്ലാത്ത മാന്ത്രികൻ

ഹാരി പോട്ടർ മരിച്ചില്ല, ലോകമെമ്പാടുമുള്ള കുട്ടികളും മുതിർന്നവരുമായ ആരാധകർ ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ, ഇനി ഹാരി പോട്ടർ പുസ്തകങ്ങൾ ഉണ്ടാകില്ലെന്ന ജെ.കെ റൗളിംഗിന്റെ വാക്കു പാലിക്കപ്പെട്ടാൽ അതു മരണത്തിനു തുല്യം തന്നെയല്ലേ എന്നും വായനക്കാർ ചോദിക്കുന്നു. വർഷങ്ങൾക്കു മുമ്പ്‌ ഇതുപോലെ ഷെർലക്‌ ഹോംസിനെ കൊന്ന സർ ആർതർ കോനൻ ഡോയലിന്‌ വായനക്കാരുടെ ശക്തമായ ആവശ്യം പരിഗണിച്ച്‌ ഹോംസിനെ പുനരുജ്ജീവിപ്പിക്കേണ്ടിവന്നത്‌ റൗളിംഗിന്റെ ഓർമയിലുണ്ടാകും. പോട്ടറുടെ കാര്യത്തിൽ വായനക്കാർ മാത്രമല്ല, പ്രസാധകരും സിനിമാ നിർമാതാക്കളും കൂടി സമ്മർദവുമായി റൗളിംഗിനെ വിടാതെ പിന്തുടരുന്നുണ്ടാകുമെന്നു മാത്രം.

ഹാരി പോട്ടർ പരമ്പരയിലെ അഞ്ചാമത്തെ സിനിമയും അവസാനത്തേതെന്നു കരുതപ്പെടുന്ന പുസ്തകവും പുറത്തുവരുന്നത്‌ ഒരു മാസത്തിന്റെ ഇടവേളയിലാണ്‌. ഹാരി പോട്ടർ കഥകളുടെ മുഴുവൻ സിനിമാ നിർമാണ അവകാശം സ്വന്തമാക്കിയിരിക്കുന്ന വാർനർ ബ്രദേഴ്‌സിന്‌ അഞ്ചാം ചിത്രമായ ഹാരി പോട്ടർ ആൻഡ്‌ ദ ഓർഡർ ഓഫ്‌ ദ ഫീനിക്സ്‌ ഇതിനകം 50 കോടിയോളം ഡോളർ ഇനിഷ്യൽ നേടിക്കൊടുത്തു കഴിഞ്ഞു. ജെ.കെ. റൗളിംഗിന്റെ ഏഴാം പുസ്തകമായ ‘ഹാരി പോട്ടർ ആൻഡ്‌ ദ ഡെത്ത്‌ലി ഹാലോസി’നായി കാലേകൂട്ടി ബുക്ക്‌ ചെയ്തിരുന്നവർ മാത്രം 20 ലക്ഷത്തോളമായിരുന്നു. പ്രസാധകരായ ബ്ലൂംസ്‌ബറി പറയുന്നത്‌ സ്‌റ്റോക്ക്‌ മുഴുവൻ വിതരണക്കാർക്കു കൊടുത്തു കഴിഞ്ഞെന്നാണ്‌. വിതരണക്കാരാകട്ടെ, ആവശ്യത്തിനു പുസ്തകങ്ങൾ ലഭ്യമാക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്നു. പുസ്തകം റീപ്രിന്റ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ബ്ലൂംസ്‌ബറി വ്യക്തമാക്കിയിട്ടുണ്ട്‌.

ലോകസാഹിത്യ ചരിത്രം കണ്ട ഏറ്റവും വലിയ വിപണന തന്ത്രങ്ങളും പ്രചാരവേലകളുമാണ്‌ ഹാരി പോട്ടർ പരമ്പരയിലെ പുസ്തകങ്ങൾ വിറ്റഴിക്കാൻ പ്രസാധകർ സ്വീകരിച്ചത്‌. അതേസമയം, ഏഴാമത്തെ പുസ്തകത്തിന്റെ ലാഭം മുഴുവൻ റൗളിംഗും ബ്ലൂംസ്‌ബറിയും ചേർന്നു വിഴുങ്ങുകയാണെന്നും, പുസ്തകം വിൽക്കുന്നതു തങ്ങൾക്കു നഷ്ടമാണെന്നുമാണ്‌ വിതരണക്കാരും വിൽപനക്കാരും പറയുന്നത്‌. ഹാരി പോട്ടർ ഇപ്പോൾ പുസ്തകമല്ലെന്നും ഒരു ‘വിപണനതന്ത്രം’ മാത്രമാണെന്നും അവർ ആരോപിക്കുന്നു. 759 പേജുകളുള്ള പുസ്തകത്തിന്റെ വില 34.99 ഡോളറാണ്‌ (ഇന്ത്യയിൽ 975രൂപ).

ആദ്യത്തെ പോട്ടർ പുസ്തകമായ ‘ഹാരി പോട്ടർ ആൻഡ്‌ ദ ഫിലോസഫേഴ്‌സ്‌ സ്‌റ്റോൺ’ പൂർണമായും കുട്ടികളെ ഉദ്ദേശിച്ച്‌ എഴുതിയതായിരുന്നു. എന്നാൽ, അത്‌ അപ്രതീക്ഷിതമായി മുതിർന്നവർക്കിടയിലും വൻ ജനപ്രീതി സമ്പാദിച്ചത്‌ കഥാകാരിയെയും പ്രസാധകരെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഏഴാമത്തെ പുസ്തകത്തിലെത്തുമ്പോഴേക്കും കുട്ടികൾക്കു വാങ്ങിക്കൊടുക്കാൻ കൊള്ളാത്ത തരത്തിലായിക്കഴിഞ്ഞു പുസ്തകത്തിന്റെ പ്രമേയമെന്ന്‌ ചില രക്ഷിതാക്കളെങ്കിലും പറയുന്നുണ്ട്‌.

സമാനമായ മാറ്റങ്ങൾ ഹാരി പോട്ടർ ചലച്ചിത്രങ്ങളുമുണ്ടായി. പൂർണമായും കുട്ടികൾക്കുള്ള ചിത്രമായിരുന്നു ‘ഹാരി പോട്ടർ ആൻഡ്‌ ദ സോർസറേഴ്സ്‌ സ്‌റ്റോൺ’. അതിൽ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഡാനിയൽ റാഡ്‌ക്ലിഫ്‌ (ഹാരി പോട്ടർ), എമ്മ വാട്‌സൺ (ഹെർമിയോൺ), റൂപർട്ട്‌ ഗ്രിന്റ്‌ (റോൺ) എന്നിവരാണ്‌ പിന്നീടുള്ള ചിത്രങ്ങളിലും വേഷമിട്ടത്‌. സ്വാഭാവികമായും കഥാപാത്രങ്ങൾക്കൊപ്പം താരങ്ങളും വളർന്നു. അഞ്ചാമത്തെ ചിത്രത്തിലെത്തുമ്പോൾ മൂവരും കൗമാരം പിന്നിട്ട്‌ യുവത്വത്തിലേക്കു കാലെടുത്തു വയ്‌ക്കുകയാണ്‌. അതിനനുസരിച്ച ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയും അതിനാവശ്യമായ മസാലകളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ആദ്യത്തെ നാലു ഹാരി പോട്ടർ ചിത്രങ്ങളിൽ നിന്നായി വാർനർ ബ്രദേഴ്‌സിനു ലഭിച്ച ടിക്കറ്റ്‌ വരുമാനം മാത്രം 3500 കോടി ഡോളറാണ്‌. ഇപ്പോൾ തീയേറ്ററുകളിലുള്ള അഞ്ചാം ചിത്രം നിർമാതാക്കളുടെ പ്രതീക്ഷകൾക്കൊത്ത മുന്നേറ്റം തന്നെയാണു നടത്തുന്നത്‌. 2008ലും 2010ലുമായി പുറത്തിറങ്ങാനിരിക്കുന്ന ശേഷിക്കുന്ന ചിത്രങ്ങൾക്കുമേലും വമ്പൻ പ്രതീക്ഷകളും മുതൽ മുടക്കുമാണുള്ളത്‌. ഇവയിൽ വേഷമിടുന്നതിനായും നിലവിലുള്ള മൂന്നു മുഖ്യതാരങ്ങളും കരാറൊപ്പിട്ടു കഴിഞ്ഞു. നായകൻ ഡാനിയൽ റാഡ്‌ക്ലിഫ്‌ കരാറൊപ്പു വച്ചത്‌ അഞ്ചുകോടി ഡോളറിനാണത്രെ.

അതേസമയം, കാഴ്‌ചക്കാരുടേയും വായനക്കാരുടേയും മനസുകളിൽ ഹാരി – ഹെർമിയോൺ – റോൺ പ്രതിച്ഛായയിൽ ഉറച്ചുപോയ റാഡ്‌ക്ലിഫ്‌ – എമ്മ – ഗ്രിന്റ്‌ ത്രയത്തിന്‌ ഇനി മറ്റു വേഷങ്ങൾ എങ്ങനെ സ്വീകരിക്കാൻ കഴിയുമെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്‌. അടുത്തിടെ ഒരു ഇംഗ്ലീഷ്‌ നാടകത്തിൽ വളരെ ‘വ്യത്യസ്ത’മായ വേഷത്തിലഭിനയിച്ച റാഡ്‌ക്ലിഫിന്റെ കഥാപാത്രം തീരെ സ്വീകരിക്കപ്പെട്ടില്ല. നാടകത്തിലെ കഥാപാത്രത്തിനുവേണ്ടി റാഡ്‌ക്ലിഫ്‌ വേദിയിൽ നഗ്നനായെത്തുമ്പോഴും, അവനെ ഹാരി പോട്ടർ എന്ന കുട്ടിയായല്ലാതെ മുതിർന്ന ഒരു പുരുഷനായി കാണാൻ സദസിനു കഴിയുന്നുണ്ടായിരുന്നില്ല.

ഹാരി പോട്ടർ കഥകൾക്കു നേരെ ധാർമികമായ നിരവധി ചോദ്യങ്ങളാണ്‌ മുമ്പില്ലാത്ത വിധം ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്‌. പോട്ടർ കഥകൾ കുട്ടികളെയും യുവാക്കളെയും നിരീശ്വരവാദികളാക്കുന്നു എന്നും ഇവ മന്ത്രവാദവും അന്ധവിശ്വാസങ്ങളും പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങൾ പാടേ തള്ളിക്കളയാൻ കഴിയില്ല. പക്ഷേ, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ പുസ്തകങ്ങളുടെ ഗണത്തിൽ പോട്ടർ കഥകൾ ഇടം നേടിക്കഴിഞ്ഞു. അതിനു കാരണം വിലകുറഞ്ഞ വിപണന തന്ത്രങ്ങളായാലും ഉള്ളടക്കത്തിന്റെ മാന്ത്രികസ്പർശമായാലും, അതുവഴി ചില പുസ്തകവിരോധികളെങ്കിലും അങ്ങനെ അല്ലാതായി മാറിയിട്ടുണ്ടെങ്കിൽ അതോർത്തെങ്കിലും ആശ്വസിക്കാം.

(ഹാരി പോട്ടർ വാങ്ങിക്കുവാൻ ഃ www.dcbookstore.com സന്ദർശിക്കുക)

Generated from archived content: essay1_july26_07.html Author: vasanth_sanju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here