യഥാർത്ഥ പാവകളിക്കാർ

രാവും പകലും വാർത്തകൾ പിറവിയെടുത്തുകൊണ്ടേയിരിക്കുകയാണ്‌. അവയിൽ ബീഭത്സമായ കാഴ്‌ചകളുണ്ട്‌; ഇക്കിളിപ്പെടുത്തുന്ന ചുംബനവിവാദങ്ങളുണ്ട്‌; അധികാര ഭ്രാന്തുകൊണ്ട്‌ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുന്നവന്റെ വീരവാദമുണ്ട്‌; പിന്നെ, ജാതി, മത, രാഷ്‌ട്രീയ സംഘർഷങ്ങൾക്കിടയിൽ സർവതും നഷ്‌ടമാകുന്നവന്റെ ദീനരോദനങ്ങളുണ്ട്‌. ഇത്തരം വർത്തമാനങ്ങളോടും സമൂഹത്തിന്റെ പാവകളികളോടും അതിനു ചരടു വലിക്കുന്ന യഥാർത്ഥ പാവകളിക്കാരോടുമുളള ഒരു മാധ്യമ പ്രവർത്തകന്റെ പ്രതികരണങ്ങളാണ്‌ ‘യഥാർത്ഥപാവകളിക്കാർ’ എന്ന ലേഖന സമാഹാരം.

ദുബായിലെ അറേബ്യൻ റേഡിയോ നെറ്റ്‌വർക്കിൽ ഹിറ്റ്‌ 96.7 എഫ്‌.എമ്മിന്റെ വാർത്താവിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ തന്റെ പ്രഥമ ഗ്രന്ഥത്തിലൂടെ പ്രകാശിപ്പിക്കുന്നത്‌ പാവകളി കാണുന്നവന്റെ ഈ ‘ഇൻസ്‌റ്റന്റ്‌’ പ്രതികരണങ്ങൾ തന്നെ. പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂരിഭാഗം ലേഖനങ്ങളും ഹിറ്റ്‌ എഫ്‌.എമ്മിൽ സ്‌പെഷ്യൽ ന്യൂസ്‌ എന്ന പേരിൽ പ്രക്ഷേപണം ചെയ്‌തവയാണ്‌. റേഡിയോ രൂപത്തിന്റെ ഘടനാലാളിത്യവും ക്ലിപ്‌തതയും ഒഴുക്കും ഗദ്യരൂപത്തിലും നിലനിർത്തിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ വാമൊഴിയെ വരമൊഴിയാക്കി മാറ്റാനുളള മനഃപൂർവ്വമായൊരു ശ്രമം വരുത്തിവച്ചേക്കാവുന്ന കൃത്രിമത്വം ഒഴിവാക്കാനും സാധിച്ചിരിക്കുന്നു.

“തീവ്രവാദത്തിനു ജാതിയും മതവും പ്രത്യയശാസ്‌ത്രങ്ങളുമില്ല, ഇരകൾ മാത്രമേയുളളൂ” എന്ന തിരിച്ചറിവിൽ തുടങ്ങി, ശില്‌പ ഷെട്ടിയുടെ പബ്ലിസിറ്റി സ്‌റ്റണ്ടിലൂടെയും തീറ്റ റപ്പായിമാരാകുന്ന ജനപ്രതിനിധികളുടെ ആർത്തികളിലൂടെയുമൊക്കെ സഞ്ചരിച്ച്‌, ഫോർട്ട്‌ പോലീസ്‌ സ്‌റ്റേഷനിലെ ഉരുട്ടിക്കൊല വരെ സ്‌പർശിച്ചു കടന്നു പോകുകയാണ്‌ ലേഖകൻ. സമകാലികവും കാലാതീതവുമായ വിവിധ വിഷയങ്ങളിലൂടെ, ഒരു മാധ്യമ പ്രവർത്തകന്റെ വിശകലാത്മകമായ ചേതന നടത്തുന്ന യാത്രയാണ്‌ ഈ പുസ്‌തകം. ഒരു പൊതുജന മാധ്യമത്തിന്‌ ഏതെങ്കിലുമൊരു വിഷയത്തിൽ മാത്രമായി ഒതുങ്ങി നിൽക്കാനാവില്ല എന്നതുകൊണ്ടു തന്നെ ഇവിടെ ഈ വിഷയവൈവിധ്യം സാധൂകരിക്കപ്പെടുന്നു.

പ്രവാസി പ്രേക്ഷക സമൂഹത്തെ ലക്ഷ്യമിടുന്ന റേഡിയോ പ്രക്ഷേപണത്തിനായി തയ്യാറാക്കപ്പെട്ടവ എന്ന നിലയിൽ, പ്രവാസികൾക്കിടയിൽ സജീവ ചർച്ചയ്‌ക്കു പാത്രമാകാറുളള, ആകാനിടയുളള സംഭവങ്ങൾ തന്നെയാണ്‌ ‘യഥാർത്ഥ പാവകളിക്കാരും’ ചർച്ച ചെയ്യുന്നത്‌. അതിലേറെയും നാടിനെയും നാട്ടാരെയും കുറിച്ചുളള ആശങ്കകളും വർത്തമാന ലോകത്തിന്റെ പോക്കിനെച്ചൊല്ലിയുളള സാധാരണക്കാരന്റെ അന്ധാളിപ്പും ഭാവി പ്രതീക്ഷകൾക്കു മേൽ പരക്കുന്ന കരിനിഴൽ തിരിച്ചറിയുന്നവന്റെ ആകുലതകളുമെല്ലാം നിറഞ്ഞു നിൽക്കുന്നു.

യൂറോപ്പും അമേരിക്കൻ ഐക്യനാടുകളും ഉൾപ്പെടുന്ന പാശ്ചാത്യ ലോകത്തേക്കു ചേക്കേറുന്ന മലയാളിയും, ജീവിതങ്ങളിൽ ചാലിക്കാൻ സ്വപ്‌നത്തിന്റെ നിറക്കൂട്ടുകൾ തേടി ഗൾഫ്‌ രാജ്യങ്ങളിലേക്കു പറക്കുന്ന മലയാളിയും തമ്മിൽ സാംസ്‌കാരികവും സാമൂഹികവുമായി വലിയൊരു വൈജാത്യം നിലനിൽക്കുന്നുണ്ട്‌. നാടിന്റെ മണവും ഗുണവും മനസ്സിൽ സൂക്ഷിച്ചാലും പാശ്ചാത്യ സംസ്‌കാരവും ജീവിതശൈലിയും സ്വാംശീകരിച്ച്‌, അവിടെയൊരു സ്ഥിരം മേൽവിലാസം സമ്പാദിക്കാനുളള പ്രവണത പാശ്ചാത്യ ലോകത്തു കുടിയേറുന്നവരിൽ നിലനിൽക്കുന്നുണ്ടെന്നതു നിഷേധിക്കാനാകാത്ത വസ്‌തുതയാണ്‌. ചിലപ്പോഴൊക്കെ അവരതിനു നിർബന്ധിതരാകുകയുമാകാം.

എന്നാൽ, ഇത്തരമൊരു പ്രവണതയോ സാധ്യതയോ ഗൾഫ്‌ മലയാളിക്കു മുന്നിലില്ല. ചുട്ടുപഴുത്ത മണലാരണ്യത്തിനും തീമഴ ചൊരിയുന്ന ആകാശത്തിനുമിടയിൽ അവരുടെ ചിന്തകളുടെ ഒരറ്റം എന്നും പിറന്ന മണ്ണിൽ തന്നെ ആഴത്തിൽ വേരൂന്നിയിരിക്കും. നാടിനോടുളള ഗൃഹാതുരതകൾക്കപ്പുറം ഗൾഫിൽ സ്ഥിരവാസമുറപ്പിക്കുന്നതിന്റെ പ്രായോഗിക തടസ്സങ്ങളും ഇതിനു കാരണമാകുന്നുണ്ടാകാമെങ്കിലും, അറബി നാടുകൾക്ക്‌ ജീവിതത്തിന്റെ ഇടത്താവളങ്ങൾ എന്നതിൽ കവിഞ്ഞൊരു സ്ഥാനം പ്രവാസി മനസ്സുകളിൽ ഉണ്ടാകാറില്ല.

അങ്ങനെ, സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങളാൽ, പാശ്ചാത്യ ലോകത്തെ പ്രവാസി മലയാളിയും ഗൾഫ്‌ രാജ്യങ്ങളിലെ പ്രവാസി മലയാളിയും പലവിധത്തിൽ വ്യത്യസ്‌തനായിരിക്കുന്നു. നാടിനെക്കുറിച്ചുളള അവന്റെ കാഴ്‌ചപ്പാടുകളിലും നിരീക്ഷണങ്ങളിലും പ്രതീക്ഷകളിലും ഈ വൈജാത്യം പ്രകടമാകാറുണ്ട്‌. നാടിനെ സംബന്ധിക്കുന്ന ഓരോ ചെറിയ വർത്തമാനങ്ങളും അവനു വലിയ വാർത്തകളാകുന്നു. കോടികളുടെ നിക്ഷേപ പദ്ധതികളും റിയൽ എസ്‌റ്റേറ്റ്‌ ബിസിനസിന്റെ മായിക ലോകവുമൊക്കെ, ചൈനയെപ്പറ്റിയും ക്യൂബയെപ്പറ്റിയും ഊറ്റം കൊളളുന്ന മലയാളി കമ്യൂണിസ്‌റ്റിന്റേത്‌ എന്നതുപോലെ, ഉപരിപ്ലവമായ ചർച്ചാവിഷയങ്ങൾ മാത്രമാണ്‌ സാധാരണക്കാരനായ ഗൾഫ്‌ മലയാളിക്ക്‌​‍്‌. ഏറിയ കൂറും സാധാരണക്കാരായ പ്രവാസികളുടെ അഭയസ്ഥാനമായ ഗൾഫ്‌ നാടുകളിൽ സാധാരണക്കാരന്റെ സാധാരണ പ്രശ്‌നങ്ങൾ കൂടുതൽ ഗൗരവമുളള ചർച്ചകളിൽ സ്ഥാനം നേടുന്നതിൽ അത്ഭുതത്തിനിടമില്ല.

മണ്ണിന്റെ മണമുളള കവിതകളുടെയും പതിരില്ലാത്ത പഴമൊഴികളുടെയും ഗൃഹാതുരത്വം നിറഞ്ഞ നാടൻ പ്രയോഗങ്ങളുടെയും ധാരാളിത്തവുമായി ഇവിടെ ലേഖകൻ പ്രവാസികളും അല്ലാത്തവരുമായ, നാടിനെ സ്‌നേഹിക്കുന്ന എല്ലാവരുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌. സാധാരണക്കാരന്റെ സംഭാഷണ വിഷയങ്ങൾ സങ്കീർണതകളില്ലാതെ അവതരിപ്പിക്കപ്പെടുമ്പോൾ ലളിതമായൊരു വായനാനുഭവത്തിലൂടെ ഗൗരവമേറിയ ചില ആശങ്കകൾ പങ്കു വയ്‌ക്കപ്പെടുന്നു.

യഥാർത്ഥ പാവകളിക്കാർ

ലേഖന സമാഹാരം

ഷാബു കിളിത്തട്ടിൽ

ചിരന്തന ദുബായ്‌& കൈരളി ബുക്‌സ്‌ കണ്ണൂർ

വില – 55 രൂപ.

Generated from archived content: book1_mar13_08.html Author: vasanth_sanju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here