കോൺഗ്രസ്സുകാർ ഇത്തവണ ഓണക്കാലം ബഹുഗംഭീരമായിട്ടാണാഘോഷിക്കുന്നത്. മുരളീധരൻ വക പുലികളി, ശോഭനാജോർജ്ജ് വക ഓണത്തല്ല്, കെ.വി.തോമസുവക വിജിലൻസ്, ഹവാലക്കളി… അങ്ങനെയങ്ങനെ അനങ്ങുവാൻ വയ്യാത്ത കരുണാകർജിയുടെ ഉറിയടിമത്സരം വരെയുണ്ട്. (സി.പി.എമ്മിനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ക്ഷീണം കാരണം വലിയ തരത്തിലൊരു ആഘോഷമൊന്നും നടത്തുന്നില്ല. സംസ്ഥാന കമ്മറ്റികൂടി വെറും പ്രതിക്ഷേധസദ്യമാത്രമേയുളളൂ..) ആന്റണിസാറാണെങ്കിൽ എല്ലാം ക്ഷമിക്കുന്ന, ആർക്കും എന്തും നല്‌കുന്ന മാവേലിസ്വരൂപം വെടിഞ്ഞ് അല്പസ്വല്പം രൗദ്രഭീമരൂപം പൂണ്ടിട്ടുണ്ട്. എൺപത് കഴിഞ്ഞ ചില ദുശ്ശാസനന്മാർ ‘എ’ക്കാരെ വസ്‌ത്രാക്ഷേപം ചെയ്യുമ്പോൾ ആന്റണിക്ക് കൃഷ്ണനാകാൻ പറ്റിയില്ലെങ്കിലും കംസനെങ്കിലുമാകാതെവയ്യ. കുട്ടപ്പൻസ്സാറും ശങ്കരനാരായണൻസാറും നടത്തിയ ആദിവാസിക്ഷേമഫണ്ട് ഒതുക്കൽ ആഘോഷം ഓണത്തിന്റെ സൈഡ് ‘ഡിഷാ’ക്കി അരങ്ങേറിയതും നമ്മൾ കണ്ടു.
ഇതിനിടയിലാണ് പാവമൊരു സൂര്യാടിവിക്കാരന്റെ (അനിൽനമ്പ്യാർ) പെടാപ്പാട് തുടങ്ങിയത്.. ഹവാല ഇടപാടിൽ എറണാകുളത്തുകാരൻ മന്ത്രി കെ.വി.തോമസുമുണ്ടെത്രേ… സൂര്യയിൽ കത്തുന്ന ന്യൂസ്, അടിയിൽ വരച്ചിട്ട റിപ്പോർട്ടുകൾ, ഇന്റലിജൻസ് കുറിപ്പുകൾ.. ബഹുകേമം.. തോമസൊന്ന് വിറച്ചു. കോൺഗ്രസ് ഗവൺമെന്റ് ഒന്നു കിടുങ്ങി. പക്ഷെ അണ്ടിയോടടുത്തപ്പോഴാ പുളിയറിഞ്ഞുതുടങ്ങിയത്… സംഗതി വ്യാജൻ.. അനിൽനമ്പ്യാരെ സൂര്യയിൽനിന്നും പോലീസ് കഴുത്തിനുപിടിച്ചു പൊക്കിയെടുത്തു.. “പറയടേയ് കാര്യം… ഇതെന്തിര് എടപാട്?” ശാന്തരായ് തിരുവനന്തപുരം പോലീസ് നമ്പ്യാരോട് ആരാഞ്ഞു. “എനിക്കിതൊരമ്മച്ചി തന്നതാണേ..” എന്നുപറഞ്ഞ് നമ്പ്യാർ പല്ലിളിച്ചു കാണിച്ചു.
അമ്മച്ചി എന്നുകേട്ടപ്പം പോലീസിന്റെ ഭാവം മാറി.
“ഏതെടേയ് ആ അമ്മച്ചി?”
“ശോഭനാമ്മച്ചി”
“ഏതു ശോഭനാമ്മച്ചി?”
“ശോഭനാജോർജമ്മച്ചി”
“എടേയ് പിസി തപ്പിയെടുക്കടാ അമ്മച്ചിയെ..”
നോ കമന്റ്‌സ്
“എന്താടേയ്..”
“തൊട്ടാൽ പൊളളും”
“എന്നാ പിന്നാകട്ട്”
-ശിഷ്‌ടം അനിൽ നമ്പ്യാരുടെ കാര്യം പൊഹപോലെ… മാക്‌സിമം ഏഴുവർഷംവരെ തടവും തലോടലും കിട്ടാം..
പിന്നെ കളി കോർട്ടുമാറിയായി.. കരുണാകർജി ഇടപെട്ടു… ഐക്കാരെ നാറ്റിക്കാനാണെത്രെ കേസ്… ആന്റണിയുടെ കറുത്തകരങ്ങൾ ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം തേങ്ങലോടെ പറഞ്ഞു.
ആന്റണി ചുണ്ടുകൊണ്ട് തന്റെ സ്വതസിദ്ധമായ ഗോഷ്‌ടി കാട്ടി മറുപടി ഓതി. “കാർണോരേ… ശോഭനാജോർജ്ജ് ‘ഐ’ക്കാരി തന്നയല്ലയോ… അല്ലാതെ ‘എ’ക്കാരിയല്ലല്ലോ?”
“തന്നെ… തന്നെ” കരുണാകർജിക്ക് എതിരുപറയുവാനാവില്ലല്ലോ.. എന്നാലും പുളളി കുറെയെണ്ണത്തിനെ അങ്ങ് ദില്ലിയിലേക്ക് വിട്ടു. മാഡത്തിന് പരാതികൊടുക്കാൻ… മാഡം സ്വല്പം ഇടവമായി… കനത്ത പേമാരിയിലും ഇടിമിന്നലിലും നനഞ്ഞൊലിച്ച് വിറച്ചുവിറച്ച് ഐ കോൺഗ്രസ്സുകാർ തിരുവനന്തപുരത്ത് തിരികെ വണ്ടിയിറങ്ങി.
ഇപ്പോൾ ട്രൗസറ് കീറിയത് അനിൽ നമ്പ്യാരുടേതാണ്. ഏതെങ്കിലും അമ്മച്ചിയും പോലീസിലെ അമ്മാവന്മാരും വല്ല തുണ്ടു കടലാസ് പൊക്കിക്കാണിച്ചുതന്നാൽ അങ്ങിനെതന്നെയങ്ങ് ന്യൂസിൽ കയറ്റാമോ… ഒപ്പും സീലുമൊക്കെ ഒന്നു നോക്കണ്ടേ… പൊല്ലാപ്പിന് പോകുമ്പോൾ ഒരു പിടിവളളി കരുതേണ്ടേ. നമ്പ്യാരുടെ റിപ്പോർട്ട് വ്യാജനാണെന്ന് തിരിച്ചറിഞ്ഞതിനുശേഷം കെ.വി.തോമസിനെതിരെ എത്ര വിജിലൻസ് കേസാ വന്നത്. ലക്ഷങ്ങളുടെ ഫ്ലാറ്റ്, എസ്‌റ്റേറ്റ്, ബംഗ്ലാവ്… അങ്ങിനെ പോകുന്നു. ആർക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ… തോമസ് പഴയതുപോലെ അടിപൊടി… വേണമെങ്കിൽ ഒരു മഴനൃത്തംകൂടി എറണാകുളത്ത് സംഘടിപ്പിച്ചു കളയും… പളളീലച്ചന്മാരൊക്കെ റെഡിയാ… ശോഭനാജോർജ്ജാണെങ്കിൽ പഴയതിലും സുമുഖിയായി.. വിട്ടുമാറാത്ത പുഞ്ചിരിയുമായി കേരളത്തിലും കേന്ദ്രത്തിലും അങ്ങോളമിങ്ങോളം പാറിനടക്കുന്ന പൂമ്പാറ്റയായി വിലസുന്നു… നാളെ വേണമെങ്കിൽ കരുണാകർജി ആന്റണിയെ കെട്ടിപ്പിടിച്ച് നല്ല നാലുമുത്തവും കൊടുക്കും… ചിലപ്പോൾ പത്‌മജ മന്ത്രിയായെന്നുംവരാം… ഈ കോൺഗ്രസ്സുകാർ പരസ്പരം കുതികാലുവെട്ടൽ, കാലുവലിക്കൽ, പിന്നിൽനിന്നു കുത്തൽ എന്നിവ വളരെ നന്നായി നടത്തും.. അതുകഴിഞ്ഞാൽ തോളേല് കൈയ്യിട്ട് നടക്കുകയും ചെയ്യും. അതിനിടയിൽ എന്തിനാ നമ്പ്യാരേ സ്വന്തം തലവെച്ചുകൊടുക്കുന്നത്?
———-
Generated from archived content: varthakal_ithavana_onathallu.html