പ്രവാസി സാഹിത്യഅവാർഡ്‌

ഗൾഫ്‌ മലയാളി റിട്ടേണീസ്‌ അസോസിയേഷൻ ഏർപ്പെടുത്തിയ പ്രവാസിസാഹിത്യ അവാർഡ്‌ ശ്രീ.എ.എം.മുഹമ്മദിന്റെ ‘റൊബസ്‌റ്റ’ എന്ന ചെറുകഥയ്‌ക്ക്‌ നൽകുവാൻ തീരുമാനിച്ചതായി അവാർഡ്‌ നിർണ്ണയ കമ്മിറ്റി ചെയർമാൻ ഡോ. എം.ആർ.തമ്പാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

അബുദാബി മലയാളി സമാജത്തിന്റെ സെക്രട്ടറി കൂടിയായ എ.എം.മുഹമ്മദ്‌ രചിച്ചതും 2002 ജൂൺ 9-ന്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതുമായ ‘റൊബസ്‌റ്റ’ എന്ന ചെറുകഥയാണ്‌ സമ്മാനാർഹമായി തെരഞ്ഞെടുക്കപ്പെട്ടത്‌.

നൂതന ഭാവുകത്വം നേടി വളരുന്ന ചെറുകഥ മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയാണ്‌. സാങ്കേതിക സംഞ്ഞ്‌ജകൾക്കപ്പുറം ജീവിതത്തിന്റെ സത്യങ്ങൾ തിരയുന്ന വർത്തമാനകാല ചെറുകഥയുടെ ഭാവി ഭദ്രമാണെന്ന്‌ വ്യക്തമാക്കുന്നവയാണ്‌ നമ്മുടെ യുവത്വത്തിന്റെ സൃഷ്‌ടികൾ.

യുവതലമുറയിൽ ശ്രദ്ധേയമായ കഥാകാരൻമാർക്കിടയിൽ വ്യത്യസ്‌തമായ ഒരു സംവേദനശൈലി പുലർത്തുന്ന കഥാകാരനാണ്‌ ശ്രീ.എ.എം.മുഹമ്മദ്‌ എന്ന്‌ ഡോ.എം.ആർ. തമ്പാൻ ചെയർമാനും, ഡോ.ജോർജ്ജ്‌ ഓണക്കൂർ, ചുനക്കര ജനാർദ്ദനൻ നായർ എന്നിവർ അംഗങ്ങളുമായുളള അവാർഡ്‌ നിർണ്ണയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജന്മനാടിന്റെ ശാദ്വലകളിൽ നിന്ന്‌ അകലെയാണെങ്കിലും താൻ പിന്നിട്ട ചെറുബാല്യത്തിന്റെ സ്‌നിഗ്‌ധതകൾ ഗൃഹാതുരത്വത്തോടെ ഓർമ്മിച്ചെടുക്കുന്ന ഈ പ്രവാസി സാഹിത്യകാരൻ മലയാളസാഹിത്യത്തിന്‌ ചൈതന്യമാർന്ന മുഖഛായ നൽകുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഭൂമിയും കർഷകനും തമ്മിലുളള ആത്മബന്ധമാണ്‌ ‘റൊബസ്‌റ്റ’ എന്ന സമ്മാനാർഹമായ കഥയുടെ പ്രമേയം. കാർഷികവിളകളുടെ വിലയിടിവുമൂലം ദുരന്തം അനുഭവിക്കുന്ന കർഷകന്റെ ദുഃഖവും മണ്ണിൽനിന്ന്‌ അകന്ന്‌ ഉപഭോഗ സംസ്‌ക്കാരത്തിൽ ഉഴലുന്ന യുവത്വത്തിന്റെ വീക്ഷണവും ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്‌.

ഓച്ചിറ സ്വദേശിയായ ശ്രീ.എ.എം.മുഹമ്മദ്‌ 1981 മുതൽ ഗൾഫിലെ കലാ-സാംസ്‌കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന തലത്തിൽ ചെറുകഥയ്‌ക്ക്‌ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്‌. മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി സാഹിത്യസൃഷ്‌ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ചെറുകഥാസമാഹാരമായ ‘വെളളിമേഘങ്ങളിലെ ഒരു തൂവൽ കൊഴിയുന്നു’, നോവലുകളായ ‘മരുഭൂമിയിലെ പക്ഷി’ ‘നിഴൽനിലങ്ങൾ’ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതികൾ.

പതിനായിരത്തി ഒരുന്നൂറ്റിപതിനൊന്ന്‌ രൂപയും ഫലകവും അടങ്ങുന്നതാണ്‌ അവാർഡ്‌. ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന സാഹിത്യസമ്മേളനത്തിൽ വച്ച്‌ പ്രവാസിക്ഷേമകാര്യ മന്ത്രി ശ്രീ. എം.എം.ഹസ്സൻ അവാർഡ്‌ സമ്മാനിക്കും. സാംസ്‌കാരിക മന്ത്രി ശ്രീ. ജി. കാർത്തികേയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

Generated from archived content: vartha_pravasi.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here