പ്രേമചന്ദ്രന്‌ ആദരാഞ്ജലികൾ

മലയാള നാടകവേദിയിലെ മഹാപ്രതിഭകളിൽ ഒരാൾകൂടി ഓർമ്മയായി. നാടകത്തട്ടും മനസ്സും നോക്കി അഭിനയത്തിന്റെ മർമ്മമറിഞ്ഞ്‌ പ്രേക്ഷക ഹൃദയങ്ങളിൽ വികാരമായി മാറിയ നടനാണ്‌ പ്രേമചന്ദ്രൻ. പ്രേംജിയെന്ന അഭിനയകുലപതിയ്‌ക്ക്‌ ഹൃദയം നിറഞ്ഞ്‌ ദൈവം കൊടുത്ത വരമാണ്‌ പ്രേമചന്ദ്രൻ. അച്ഛന്റെ അഭിനയകിരീടം എന്തുകൊണ്ടും അണിയാൻ യോഗ്യനായ മകൻ. അമേച്ച്വർ നാടകവേദിയിൽനിന്നും അച്ഛന്റെ അനുഗ്രഹത്തോടെ അഭിനയത്തിന്റെ ബാലപാഠങ്ങളറിഞ്ഞ്‌, കെ.പി.എ.സി അടക്കം ഒട്ടേറെ നാടകസംഘങ്ങളിലൂടെ പ്രേമചന്ദ്രൻ തന്റെ സാന്നിധ്യം അഭിനയലോകത്ത്‌ ഉറപ്പിക്കുകയായിരുന്നു. ഒടുവിൽ സിനിമയിലൂടെയും മിനി സ്‌ക്രീനിലൂടെയും കുടുംബസദസ്സുകൾക്ക്‌ പ്രിയങ്കരനായി മാറിയ ഈ നടന്റെ വേർപാട്‌ അഭിനയലോകത്തിന്‌ തീരാനഷ്‌ടമാണ്‌.

കെ.ജി. ശങ്കരപ്പിളളയുടെ നാടകക്കളരിയിലൂടെ അഭിനയലോകത്തേയ്‌ക്ക്‌ കടന്നുവന്ന പ്രേമചന്ദ്രന്റെ ആദ്യ പ്രൊഫഷണൽ നാടകം ‘തോജോവധം’ ആണ്‌. തുടർന്ന്‌ കെ.പി.എ.സിയുടെ യന്ത്രം, മുടിയനായ പുത്രൻ, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി, ഭഗവാൻ കാലുമാറുന്നു, കൈയ്യും തലയും പുറത്തിടരുത്‌ തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. ‘സഹസ്രയോഗ’ത്തിലെ ഇരട്ടവേഷത്തിന്‌ മികച്ച നടനുളള സംസ്ഥാന അവാർഡ്‌ ലഭിച്ചു. പിന്നീട്‌ ഷേയ്‌ക്‌സിപയറിന്റെ ദുരന്ത കഥാപാത്രമായ ഒഥല്ലോയെ ഹൃദയസ്പർശിയായി അവതരിപ്പിച്ചും ‘സുത്രധാരൻ’ എന്ന നാടകത്തിലെ മികച്ച വേഷത്തിനും രണ്ടുതവണകൂടി പ്രേമചന്ദ്രൻ സംസ്ഥാനത്തെ മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു.

ഉയർന്ന രക്തസമ്മർദ്ദംമൂലം രക്തസ്രാവമുണ്ടായതിനെ തുടർന്ന്‌ വെസ്‌റ്റ്‌ഫോർട്ട്‌ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അൻപ്പത്തിയഞ്ചു വയസ്സായിരുന്നു പ്രായം. ആര്യാ അന്തർജ്ജനമാണ്‌ അമ്മ. ശാന്ത ഭാര്യയും. കാലിക്കറ്റ്‌ സർവ്വകലാശാലകേന്ദ്രത്തിൽ എം.സി.എ. വിദ്യാർത്ഥിയായ നവീൻ മകനുമാണ്‌.

നാടകവേദിയെ പ്രകാശമാനമാക്കിയ ഈ ദീപ്ത നക്ഷത്രം പൊലിഞ്ഞപ്പോൾ പകരം വയ്‌ക്കാനില്ലാത്ത എന്തോ ഒന്നിന്റെ നഷ്‌ടമാണ്‌ നാമറിയുന്നത്‌. പ്രേമചന്ദ്രന്റെ മരണം തീർത്ത ശൂന്യത നാടകലോകത്ത്‌ എന്നുമുണ്ടാകും.

പ്രേമചന്ദ്രന്‌ ഹൃദയമറിഞ്ഞ ആദരാഞ്ജലികൾ.

Generated from archived content: vartha_mar28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English