അതീവ ഹൃദ്യമായ ചെറിയൊരു ഗ്രന്ഥം

കേരളത്തില്‍, വിശേഷിച്ചും മലബാറില്‍ ഹിന്ദു മുസ്ലീം സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം തീര്‍ത്തും ആശാസ്യവും മാതൃകാപരവുമായിരുന്നു. കുടുംബത്തിന്റെ ഇഴയടുപ്പോളം അതിവിടെ വളര്‍ന്നുയര്‍ന്നു നിന്നിരുന്നു . നല്ല അയല്‍ക്കാരായി അവരിവിടെ ജിവിച്ചു .ഈ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അതിരെവിടെ ആയിരുന്നു, ലക്ഷ്മണ രേഖയാരംഭിക്കുന്നതെവിടെ എന്നൊന്നും ആര്‍ക്കും അറിയില്ല .

തിരുവാതിരക്കളി കുമ്മി കോലാട്ടങ്ങള്‍ക്കൊപ്പം ഒപ്പനയും ദഫ്മുട്ടും ഇവിടെ ആസ്വദിക്കപ്പെട്ടു. തങ്ങളുടെ വികാരവിചാരങ്ങളുടെയും സാംസ്‌ക്കാരികാവബോധത്തിന്റെയും തെളിവുറ്റ മിന്നലാട്ടം ഇവിടെയനുഭവപ്പെട്ടു. അതിവിടെ നിലനിന്നു പോന്ന വൈചിത്ര്യമാര്‍ന്ന കലാതലങ്ങളിലും അഭിവ്യക്തമാക്കപ്പെട്ടു.

നമ്മുടെ വൈവിദ്ധ്യമാര്‍ന്ന അനുഷ്ഠനാകലകളിലും തെയ്യാട്ടത്തിന്റെ സ്ഥാനം മുഖ്യമാണു. അക്കൂട്ടത്തില്‍ മാപ്പിളക്കോലങ്ങള്‍ക്കു അപ്രധാനമല്ലാത്ത സ്ഥാനമാണുള്ളത്. സമൂഹങ്ങളന്യോന്യം കൊണ്ടും കൊടുത്തും അനുപമസുന്ദരമായ സൌഹൃദം നുണഞ്ഞും പോന്ന പഴയ ഗ്രാമ ജീവിതത്തിന്റെ തെളിഞ്ഞ കാഴ്ചയാണു ഇവയെല്ലാം സമ്മാനിക്കുന്നത്. നല്ല മനുഷ്യരായി മാതൃകാ മാനവരായി സമുല്‍കൃഷ്ട ജീവിതപഥത്തിലേക്കുയരാന്‍ ഇന്നലത്തെ സമൂഹം കണ്ടെത്തിയ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളില്‍ ചിലതായി ഈ തെയ്യാട്ടങ്ങളെയും അനുഷ്ഠനാകലകളെയും പരിഗണിക്കാവുന്നതാണു. സമുദായ വിഭേദങ്ങളുടെ പേരില്‍ ക്ഷേത്രസന്നിധിയില്‍ പതിത്വമോ അസ്പൃശ്യതയോ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. മാപ്പിളത്തെയ്യങ്ങളോടുള്ള സമീപനത്തിലും പക്ഷാന്തരങ്ങളൊട്ടുമില്ല. കൈലിയും ഉറുക്കിന്‍ തണ്ടും തലേക്കെട്ടുമായി മുറുകി നില്‍ക്കുന്ന ചെണ്ട മേളക്കൊഴുപ്പില്‍ തിമിര്‍ത്താടുമ്പോള്‍ ഭക്തജനങ്ങള്‍ ലയസാന്ദ്രത സമ്മാനിച്ച ആത്മനിര്‍വൃതിയുടെ അതിര്‍വരമ്പുകളതിലംഘിക്കുന്ന അവസ്ഥയോളമെത്താറുണ്ട്. ഗ്രാമജീവിതത്തിലെ സമുദായ സൌഹാര്‍ദ്ദത്തിലെ സന്തോഷവും സാമഞ്ജസ്യവുമെല്ലാം നേര്‍പ്പകര്‍പ്പെന്നോണം ഇവിടെയാവാസിക്കുന്നു.

മറ്റ് പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉത്തരകേരളത്തിലെ മുസ്ലിങ്ങള്‍ ഹൈന്ദവജീവിതവുമായി സകലാര്‍ത്ഥത്തിലും വല്ലാത്ത പാരമ്പര്യം സൂക്ഷിച്ചു പോന്നവരായിരുന്നു. ആദ്ധ്യാത്മിക സാമൂഹിക ചിന്താപദ്ധതികളിലും അവരന്യോന്യം ഭാഗഭാഗുക്കളായിരുന്നു. പല ഹൈന്ദവക്ഷേത്രങ്ങളിലെയും നിത്യ നൈമിത്തിക കാര്യങ്ങളില്‍ പോലും മുസ്‌ളിം സമുദായക്കാരുടെ പങ്കാളിത്തം കാണാം. പാപ്പിനിശേരിയിലെ മൂന്നുപെറ്റുമ്മ ആരാധനാലയത്തിലെ നിത്യനൈവേദ്യം പോലും ഹൈന്ദവഗൃഹങ്ങളില്‍ പാകം ചെയ്‌തെടുക്കുന്നവയാണു. കാപ്പാട്ട്കാവ് ദൈവത്താര്‍ ക്ഷേത്രത്തില്‍, അയല്പക്കത്തെ മുസ്ലീം വീട്ടിലെ നിവേദ്യത്തിനു പ്രാമുഖ്യമുണ്ട്. തിരുവെട്ടൂര്‍ മഖാം, മഡിയന്‍ കോവിലകം, പുളീങ്ങോം ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ക്കും താദൃശ്യങ്ങളായ കഥകള്‍ പറയാനുണ്ട്. മാപ്പിളമാര്‍ ചില ഹൈന്ദവ ജന്മി നാടുവാഴി ഭവനങ്ങളില്‍ സ്ഥാനികരും ആദരണീയരുമായിട്ടുണ്ട്. ഗ്രാമജീവിതത്തിന്റെ സകല മേഖലകളിലും ഹിന്ദുക്കളുമായി സൌഹൃദപൂര്‍വ്വം ഇടപഴകാന്‍ മുസ്‌ളിം കുടുംബങ്ങള്‍ക്കു കഴിഞ്ഞിരുന്നു. വിശ്വസ്തരായ കൂട്ടുകാരും നല്ല അയല്പക്കക്കാരുമാണു തങ്ങളെന്നു ബോദ്ധ്യപെടുത്താന്‍ മാപ്പിളമാര്‍ക്കിവിടെ സാധിച്ചിട്ടുണ്ട്.

ഹൈന്ദവ ജനതയുടെ ഭൌതിക ആദ്ധ്യാത്മിക ജീവിതതലങ്ങളിലെല്ലാം കലവറയില്ലാതെ കടന്നു ചെന്ന് പെരുമാറുവാന്‍ അവര്‍ക്കു കഴിഞ്ഞു. ജീവിതാവലംബികളായ ഐതിഹ്യകഥകളിലും അനുഷ്ഠനാകലകളില്‍ പോലും അവരുടെ വിളയാട്ടമനുഭവപ്പെട്ടെങ്കില്‍ അതില്‍ വിസ്മയാവഹമായൊന്നുമില്ല.

മുമ്പേ തന്നെ വടക്കന്‍ കേരളത്തിലെ മാപ്പിളമാര്‍ ഹൈന്ദവസമൂഹവുമായി പുലര്‍ത്തിപ്പോന്ന കലവറയില്ലാത്ത സാഹോദര്യത്തിന്റെ പ്രത്യക്ഷോദാഹരണങ്ങള്‍ മാപ്പിളക്കോലങ്ങളില്‍ കാണാം. കെട്ടിയാടുന്ന മാപ്പിളക്കോലത്തെയ്യങ്ങള്‍ ഹൈന്ദവഭക്തന്മാരെ മനസ്സുറഞ്ഞു നീട്ടിവിളിക്കുന്ന ”എന്റെ കൂടെപ്പിറപ്പേ , ” എന്റെ ഉടപ്പിറന്നോനേ” തുടങ്ങിയ വാക്കുകളില്‍ സമൃദ്ധമായ ഹൃദയബന്ധത്തിന്റെ ഉദാത്തഭാവം നുരഞ്ഞുനില്‍ക്കുന്നതുകാണാം.

ഒന്നുറപ്പ് ഇന്നു കാണുന്നതിലും എത്രയോ ഉദാരവും ഉല്‍കൃഷ്ടവുമായിരുന്നു ഹിന്ദു മുസ്ലീം സമുദായങ്ങള്‍. ഇന്നലെ ഇവിടെ പരിരക്ഷിച്ചു പോന്ന ഹൃദബന്ധങ്ങള്‍ എങ്ങനെ ഇന്നിങ്ങനെയായി? പാലാഴിയില്‍ നഞ്ഞുകലക്കിയതാരാണു?

നാടന്‍ കലകളില്‍ അതീവ തത്പരനും പണ്ഡിതനും ഗവേഷകനുമായ എന്റെ ആത്മബന്ധു ആര്‍ സി കരിപ്പത്ത് സമുദായ സൌഹാര്‍ദ്ദത്തിന്റെ സംരചനയില്‍ നാടന്‍ കലകള്‍ പരിരക്ഷിച്ചു പോരുന്ന പ്രതിബദ്ധത കണ്ടറിയാനും മതനിരപേക്ഷസംസ്‌കൃതിയുടെ രംഗത്ത് സ്വാര്‍ത്ഥകമായ സംഭാവന നിര്‍വ്വഹിക്കാനും ചെയ്തു പോരുന്ന സാഹിതീയ ശ്രമങ്ങള്‍ ശ്ലാഘനീയമാണു. ഗൌരവമിയന്ന പഠനവും കൌതുകരമായ കഥാകഥനവുമുണ്ടിതില്‍. ഒരു ചെറിയ വലിയ ഗ്രന്ഥമാണിത്.

മാപ്പിളത്തൈയ്യങ്ങള്‍

ഡോ. ആര്‍.സി. കരിപ്പത്ത്

വില- 70 രൂപ

ന്യൂ ബുക്‌സ്‌

Generated from archived content: book1_apr25_14.html Author: vanidas_elayavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English