അവനവൻ കടമ്പയും തനതുനാടകവേദിയും

നാട്ടിൻ പുറങ്ങളിൽ നിലവിലിരിക്കുന്ന വിശ്വാസങ്ങളും പാരമ്പര്യത്തിൽ നിന്നും സ്വീകരിക്കുന്ന വസ്‌തുതകളും അവതരിപ്പിച്ചുകൊണ്ട്‌ രംഗവേദിയെ പരീക്ഷണാർത്ഥം കണ്ടുകൊണ്ട്‌ നാടകരചനയിൽ മുഴുകിയ വ്യക്തിയാണ്‌ കാവാലം നാരായണപ്പണിക്കർ. ‘തിരുവരങ്ങ്‌’ നാടകസംഘത്തിലൂടെ തനതു നാടകങ്ങൾക്ക്‌ രൂപവും ഭാവവും നൽകി ആവിഷ്‌ക്കരിച്ചത്‌ കാവാലമാണ്‌. നാടൻ ശീലുകളുടെയും വായ്‌ത്താരികളിലൂടെയും നാടൻ കലാരൂപങ്ങളുടേയും പ്രയോക്താവായി അറിയപ്പെടുന്നു. വാചിക ആംഗിക ആഹാര്യരീതികൾ തന്റേതായ രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌. ‘അവനവൻ കടമ്പ’.

പ്രേക്ഷകൻ, ഇതിവൃത്തം, വേഷമെടുക്കുന്ന ആൾ എന്നീ ദൃശ്യകലയുടെ പ്രധാനഘടകങ്ങളെ പരിഗണിച്ചാൽ കേരളത്തിലെ അനുഷ്‌ഠാനകലകൾക്കൊക്കെയും നാടകീയ സ്വഭാവം ഉണ്ടെന്നു പറയാം. തെയ്യം, മുടിയേറ്റ്‌, പടയണി തുടങ്ങിയവ കേരളത്തിലെ പ്രധാന അനുഷ്‌ഠാന കലകളാണ്‌. ഇവയിലൊക്കെ ന ​‍ാടകത്തിന്റെ സ്വഭാവം ദർശിക്കാവുന്നതാണ്‌. അതോടൊപ്പം കൂടിയാട്ടം പോലുള്ള ക്ലാസ്സിക്കൽ സംസ്‌കൃത നാടകാവതരണ രീതികളും കേരളത്തിലുണ്ടായിരുന്നു. ഇതെല്ലാം നമ്മുടെ രംഗകലയുടെ, നാടക പാരമ്പര്യത്തിന്റെ പൂർവ്വ മാതൃകകളാണെന്ന്‌ പറയാം. ഇത്തരം കാര്യങ്ങളെ പരിഗണിക്കുമ്പോൾ നമുക്കിന്ന്‌ ഏറെ പരിചിതമായ ‘പ്രൊസീനീയം’ തീയേറ്ററും അതിന്റെ ആവിഷ്‌ക്കാര ചിട്ടകളും മാത്രമല്ല നാടകം എന്നു പറയേണ്ടിയിരിക്കുന്നു. ഇത്തരമൊരു തിരിച്ചറിവ്‌ കേരളത്തിലെ നാടക പ്രവർത്തകരെ പലതരം പരീക്ഷണങ്ങളിലേക്ക്‌ നയിച്ചിട്ടുണ്ട്‌. സി.എൻ. ശ്രീകണ്‌ഠൻ നായരുടെ ‘കലി’ എന്ന നാടകം ഇത്തരമൊരു പരീക്ഷണാത്‌മക ഭൂമികയിലാണ്‌ നിൽക്കുന്നത്‌.

കേരളത്തിന്റെ ദൃശ്യകലാപാരമ്പര്യത്തിലെ വ്യത്യസ്‌തങ്ങളായ ഘടകങ്ങളുടെ സംയോജനവും പുനഃസൃഷ്‌ടിയും ‘കലി’യിലും തുടർന്നു വന്ന തനതു നാടകവേദിയുടെ നാടക പ്രവർത്തനങ്ങളിലും കാണാവുന്നതാണ്‌. തനത്‌ അഥവാ സ്വന്തമായ, എന്നത്‌ നാടക പ്രവർത്തനത്തിന്റെ ജീവവായുവായി സ്വീകരിച്ച നാടക പ്രവർത്തകനാണ്‌ കാവാലം നാരായണപ്പണിക്കർ. കാവാലത്തിന്റെ നാടകക്കൂട്ടം തനത്‌ സങ്കല്‌പത്തിന്റെ പ്രായോഗിക പരീക്ഷണങ്ങൾ നടത്തിയുട്ടുണ്ട്‌. കാവാലവും അദ്ദേഹത്തിന്റെ നാടകസംഘത്തിലെ നെടുമുടിവേണു, നടരാജൻ തുടങ്ങിയ പ്രഗത്ഭരായ നടന്മാരും നാടകത്തെക്കുറിച്ചുള്ള തങ്ങളുടെ ബോധ്യത്തെ തനതു നാടകവേദിയിലൂടെ കഴിയുന്നത്ര വിനിമയം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്‌. ‘തനത്‌’ എന്നതുകൊണ്ടർത്ഥമാക്കുന്നത്‌ കേരളത്തിന്റെ തനതു രംഗപാരമ്പര്യത്തിന്റെ പിൻതുടർച്ചയായി വരുന്ന ഒരു നാടകവേദിയെയാണ്‌.

വാചികം, ആംഗികം, ആഹാര്യം, സാത്വികം എന്നിവയാണല്ലോ ചതുർവിധാഭിനയങ്ങൾ. ഈ ആവിഷ്‌ക്കാരഘടകങ്ങളിലെല്ലാം തനതു നാടകവേദി നമ്മുടെ രംഗകലാപാരമ്പര്യത്തിന്റെ മുറിയാത്ത കണ്ണിയാകുന്നു. തികച്ചും നാട്ടുപഴമകളോടും നാടോടി പുരാവൃത്തങ്ങളോടും ചേർന്നു നിൽക്കുന്ന ഇതിവൃത്തമാണ്‌ അദ്ദേഹത്തിന്റെ സാക്ഷി, കരിങ്കുട്ടി, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്‌. ഉപയോഗിക്കുന്ന ഭാഷ, നാട്ടു വാമൊഴികളോട്‌ ചേർന്നു നിൽക്കുന്നവയാണ്‌. അപ്പോൾ വിഷയപരമായ ഒരു പാരമ്പര്യ അന്വേഷണം തനതു നാടക വേദിയ്‌ക്കുള്ളിലുണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

അവനവൻ കടമ്പ നാടകത്തിൽ എരട്ടക്കണ്ണൻ പക്കി, ദേശത്തുടയോൻ, ചിത്തിരപ്പെണ്ണ്‌, വടിവേലൻ തുടങ്ങിയ ചില കഥാപാത്രങ്ങളിലൂടെ ഏത്‌ നാട്ടകത്തും സംഭവിക്കാവുന്ന ചില കാര്യങ്ങളുടെ ആവിഷ്‌ക്കാരമാണ്‌ സാധിക്കുന്നത്‌. എരട്ടക്കണ്ണൻ പക്കി നടത്തുന്ന കൊലപാതകത്തിന്റെ ആഖ്യാനമാണ്‌ പാട്ടുപരിഷകളും ആട്ടപ്പണ്ടാരങ്ങളും പക്കിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ചുരുളഴിയുന്നത്‌. രണ്ടാമങ്കത്തിൽ പക്കിയുടെ മകൾ ചിത്തിരപ്പെണ്ണും ദേശത്തുടയോന്റെ മകൻ വടിവേലവനും തമ്മിലുള്ള അനുരാഗത്തെക്കുറിച്ച്‌ പറയുന്നു. ഇതിൽ തല്‌പര്യമില്ലാത്ത പക്കി, പാട്ടുപരിഷ ഒന്നാമനെ വടിവേലവനെ കൊല്ലാൻ നിയോഗിക്കുന്നു. വടിവേലവനെ, പാട്ടുപരിഷ ഒന്നാമൻ കൊല്ലുന്നു. ഈ വൃത്താന്തം ചിത്തിരപ്പെണ്ണിനെ അറിയിക്കുന്നു. അവൾ ദുഃഖിതയായി മാറുന്നു. മൂന്നാം രംഗത്തിൽ ദേശത്തുടയോനും പാട്ടുപരിഷകളും ആട്ടപ്പണ്ടാരങ്ങളുമാണുള്ളത്‌. പക്കിയും ദേശത്തുടയോനും തമ്മിൽ സംഘട്ടനം ഉണ്ടാകുന്നു. പക്കിയ്‌ക്ക്‌ ദേശത്തുടയോൻ ശിക്ഷ വിധിക്കുന്നു. പക്കിയുടെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കുവാൻ ദേശത്തുടയോൻ സമ്മതിക്കുന്നു. വാലടിക്കാവിലെ ഉത്സവം കൂടലാണ്‌ അന്ത്യാഭിലാഷം. അങ്ങനെ ആട്ടപ്പണ്ടാരങ്ങളും പാട്ടു പരിഷയും പക്കിയും ദേശത്തുടയോനും ഉത്സവം കാണാൻ പോകുന്നു. അതുവരെ തടഞ്ഞു വീണിരുന്ന കടമ്പ അവർ ഒന്നിച്ചു കടക്കുന്നു. പാട്ടുപാടി ഉത്സാഹത്തോടെ പോകുന്നു. ഇതാണ്‌ നാടകത്തിന്റെ ഇതിവൃത്തം എന്നു വേണമെങ്കിൽ പറയാം.

പാട്ടുപരിഷ ഒന്നാമൻ, വടിവേലവനെ കൊന്നതിന്റെ ആഖ്യാനം നിർവ്വഹിക്കുന്നിടത്ത്‌ ആഭിചാരം, മഷിനോട്ടം, സർപ്പം തുള്ളലിലെ ഉറയൽ തുടങ്ങിയ നാടോടിയായ അനുഷ്‌ഠാനങ്ങളുടെ സ്വീകരണംകൊണ്ട്‌ ഒരു പുത്തൻ നാടകാവിഷ്‌ക്കാര സങ്കേതത്തെ സൃഷ്‌ടിക്കുന്നതിന്‌ ശ്രമിക്കുന്നു. ദേശത്തുടയോന്റെ വരവിൽ പടയണിയിലെ കോലം തുള്ളലിന്റെ സങ്കേതമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. പാളക്കോലങ്ങളുടെ മുഖത്തെഴുത്തും ഈ രംഗത്ത്‌ പ്രയോഗിക്കുന്നുണ്ട്‌. അതുപോലെ ആട്ടവും പാട്ടുമായി നടക്കുന്ന രണ്ട്‌ കൂട്ടങ്ങളുടെ സംഭാഷണത്തിലൂടെയും ആട്ടത്തിലൂടെയും പാട്ടിലൂടെയുമാണ്‌ നാടകത്തിലെ കഥ അവതരിപ്പിക്കപ്പെടുന്നത്‌. അവയ്‌ക്ക്‌ പൊറാട്ട്‌ പോലെയുള്ള നാടോടി നാടകങ്ങളുടെ വേഷച്ഛായയാണുള്ളത്‌. ഏകാഗ്രമായ ഒരു കഥയുടെ ചുരുൾ നിവർത്തലൊന്നും അവർ നടത്തുന്നില്ല. പകരം പാടുകയും ചുവടുവയ്‌ക്കുകയും ഒരു സംഭവത്തിന്റെ കുറച്ചൊക്കെ ആഖ്യാനം ചെയ്യുകയും ചെയ്യുന്നു.

ഇതിലെ എടുത്തു പറയേണ്ട ഒരു കാര്യം വായ്‌ത്താരികളുടെ പ്രയോഗമാണ്‌. തികച്ചും നാടൻ വായ്‌ത്താരികളുടെ പ്രയോഗവും ആ ഈണത്തിലുള്ള പാട്ടുകളും കൂടിച്ചേരുമ്പോൾ ഒരു നാടോടി ഗാന പാരമ്പര്യത്തിന്റെ പിൻബലവും കടമ്പയുടെ ആവിഷ്‌ക്കാരത്തിൽ അനുഭവപ്പെടുന്നു. അതുപോലെ നൃത്തങ്ങളും ചുവടുകളും കലാശങ്ങളും എടുത്തു പറയേണ്ടവയാണ്‌. അവ നമ്മുടെ അനുഷ്‌ഠാനകലകളുടെ രംഗചലനത്തെ നിർണ്ണയിക്കുന്നവയാണ്‌. ഇവിടെയും നാടകാവിഷ്‌ക്കാരത്തെ ചലനാത്മകമാക്കുന്നതിൽ നാടൻ വായ്‌ത്താരികളും അവയ്‌ക്കനുസരിച്ചുള്ള ചുവടുകളും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. പിന്നെ കുരുത്തോലയും പാളയും മുഖത്തെഴുത്തും സ്വീകരിക്കുന്നതുവഴി തനതു നാടകവേദി ആഹാര്യഭിനയത്തിൽ നമ്മുടെ അനുഷ്‌ഠാനകലകളോട്‌ കടപ്പെട്ടിരിക്കുന്നു. ചെണ്ടപോലുള്ള കേരളീയ വാദ്യങ്ങൾ ഇതിന്റെ പശ്ചാത്തലത്തിൽ പ്രയോഗിക്കപ്പെടുന്നു.

യൂറോപ്യൻ നാടകവേദിയിൽ സാധാരണകാണുന്ന സ്‌ഥലകാലഭേദമോ വൈകാരിക ഏകാഗ്രതയോ അനുഭവപ്പെടുത്താത്ത ഇതിവൃത്തഘടനയാണ്‌ ഇതിലേത്‌. നമ്മുടെ പൊറാട്ട്‌ നാടകങ്ങളിൽ കാണുന്ന നാടൻ സംഭാഷണങ്ങളും നാട്ടുഭാഷകളും കഥകളും ഈ അവനവൻ കടമ്പയിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി മനസ്സിലാക്കാം. ‘Aristotilean Theatre’ മുന്നോട്ടു വയ്‌ക്കുന്നതുപോലെയുള്ള വികാരവിമലീകരണമൊന്നും – കഥാർസിസ്‌ – ഇവിടെ ലക്ഷ്യമാക്കുന്നില്ല. കുറേപ്പേർ ഒന്നിച്ചുകൂടി ആടിപ്പാടി ഒരു കഥ പറഞ്ഞ്‌ അതിനെ അഭിനയിച്ച്‌ അവതരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ കഥയുടെ ആവിഷ്‌കാരത്തിൽ ആഭിചാരക്രിയകളുടേയും ഉച്ചാടനങ്ങളുടേയും മഷിനോട്ടത്തിന്റെയും കോലം തുള്ളലിന്റേയും ഒക്കെ ഘടകങ്ങൾ സന്നിവേശിപ്പിച്ചിട്ടുണ്ട്‌.

ലഘുവെങ്കിലും അർത്ഥവത്തായ ഒരു സത്യത്തിനു മേൽ രൂപം കൊള്ളുന്ന ഒന്നാണ്‌ ഈ നാടകം. അഹന്തയും സ്വാർത്ഥവുമകന്ന കടമ്പ കടക്കാൻ നമുക്കാർക്കും പലപ്പോഴും സാധിക്കുന്നില്ല. ഹിംസയും ദ്രോഹബുദ്ധിയും കൈവെടിഞ്ഞാൽ മാത്രമേ അതു സാധിക്കൂ. വാലടിക്കാവിലെ ഉത്സവം കാണണമെന്ന്‌ എല്ലാവർക്കും ആഗ്രഹമുണ്ട്‌. പക്ഷേ സാധിക്കുന്നില്ല. അവിടെയ്‌ക്കെത്തിച്ചേരാൻ ഒരു പ്രതിസന്ധി തരണം ചെയ്യേണ്ടതുണ്ട്‌. അതാണ്‌ അവനവൻ കടമ്പ. ആട്ടപ്പണ്ടാരങ്ങളെന്നു പേരുള്ള സംഘവും പാട്ടുപരിഷ എന്നുപേരുള്ള സംഘവും അവനവൻ കടമ്പ കടക്കാനാവാതെ അതിലെ മുള്ളുകൾ കേറി, ഉടൽ കീറി വീഴുന്നു. അവസാനം ദേശത്തുടയോനും ഇരട്ടക്കണ്ണൻ പക്കിയും മറ്റും കറകൾ കഴുകിക്കളയുകയും കത്തിവലിച്ചെറിയുകയും ചെയ്യുന്നതോടെ കടമ്പകടക്കാൻ ശക്തരാവുന്നു. ഈ പ്രധാന കഥയ്‌ക്കിടയ്‌ക്ക്‌ ഇരട്ടക്കണ്ണൻ പക്കിയുടെ മകളായ ചിത്തിരപ്പെണ്ണിന്റേയും ദേശത്തുടയോന്റെ മകനായ വടിവേലവന്റേയും പ്രേമകഥയും ഇണക്കിച്ചേർത്തിട്ടുണ്ട്‌. ഗാനങ്ങളും നൃത്തങ്ങളും വാദ്യപ്രയോഗവും എല്ലാം കൂടിച്ചേരുമ്പോൾ അവനവൻ കടമ്പ അവിസ്‌മരണീയമായ ഒരു ദൃശ്യ ശ്രവ്യാനുഭവമായിത്തീരുന്നു.

സഹായകഗ്രന്ഥങ്ങൾ

1. അവനവൻ കടമ്പ – കാവാലം നാരായണപ്പണിക്കർ

2. മലയാളനാടകസാഹിത്യ ചരിത്രം – ജി. ശങ്കരപ്പിള്ള

3. ധ്വനിപാഠം – ആധുനിക മലയാളനാടകത്തിൽ – ഡോ. ജോയ്‌പോൾ.

Generated from archived content: essay1_mar28_09.html Author: vandhana_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ഒരു പള്ളിയിലച്ചനും, പൂജാരിയും ഇടക്കിടെ വരുന്ന ഒരു കഥകളി രൂപവും ഉള്ള ഒരു ഏകാങ്കം ഉണ്ട്. പ്രായകൂടുതലും. മറവിയും കാരണം നാടകത്തിൻ്റെ പേര് മറന്നു. മാപ്പ്. അറിയുന്നവർ ഒന്ന് പേര് പറഞ്ഞു തരാമോ.വീണ്ടു കണ്ടെത്തി വായിക്കാൻ മോഹം’

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here