കാലം മറക്കാത്ത ചലച്ചിത്ര പ്രതിഭകൾ

പ്രതിഭാസമ്പനനായ കലാകാരന്റെ മുന്നിൽ ഒരുപാട്‌ നൂതനമായ അവസരങ്ങൾ തുറന്നിടുന്ന മാധ്യമമാണ്‌, ചലച്ചിത്രം. സിനിമയുടെ സാങ്കേതികതയെ കലാപരമായും കാലാനുസൃതമായും എങ്ങനെയൊക്കെ മികവുറ്റതാക്കാമെന്നതിനെക്കുറിച്ച്‌ അനേകം നിരീക്ഷണങ്ങൾ നടത്തിയ ചലച്ചിത്രകാരന്മാർ നിരവധിയാണ്‌. അവരെയൊക്കെ യഥാസ്‌ഥാനത്ത്‌ നിർത്തിക്കൊണ്ടാണ്‌ ശ്രീ.എം.കെ.ചന്ദ്രശേഖരന്റെ ‘ലോകസിനിമ, കാലത്തിന്റെ കയ്യൊപ്പു മേടിച്ച ചലച്ചിത്ര പ്രതിഭകൾ’ എന്ന പുസ്‌തകം ലോകസിനിമയെക്കുറിച്ച്‌ ചർച്ച ചെയ്യുന്നത്‌.

എക്കാലത്തേയും ചലച്ചിത്രാചാര്യന്മാരായ ചാപ്ലിൻ, ബർഗ്‌മാൻ, ഡിസീക്ക, കുറേസോവ, സത്യജിത്‌റേ, ഗൊദാർദ്‌, ഐസൻസ്‌റ്റീൻ എന്നീ സംവിധായകരിലൂടെ അവരുടെ മഹത്തായ രചനകളിലൂടെ ലോകസിനിമയിലുരുത്തിരിഞ്ഞുവന്ന ചലനങ്ങളെ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്‌ ലേഖകൻ. ലേഖനങ്ങളെല്ലാം തന്നെ ചലച്ചിത്രമെന്ന മാധ്യമത്തെ സംവിധായകർ ഏത്‌ രീതിയിൽ സമീപിച്ചിരിക്കുന്നു എന്ന്‌ പരിശോധിക്കുന്നുമുണ്ട്‌.

സിനിമയിലൂടെ ജീവിതത്തിലെ യഥാർത്ഥ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ചാപ്ലിളിനിലെ കാലാകാരൻ. ചാപ്ലിന്റെ ആദ്യത്തെ മുഴുനീള ചിത്രമായ ‘കിഡ്‌’, തൊണ്ടിയായ ചാപ്ലിൻ കഥ.പാത്രത്തിന്റെയും ജാക്കി കൂഗൻ എന്ന ബാലനടന്റേയും സാന്നിധ്യംകൊണ്ടും അതോടൊപ്പം ചാപ്ലിന്റെ തന്നെ ബാല്യകാലദുരിതങ്ങളിലേയ്‌ക്ക്‌ ശ്രദ്ധക്ഷണിക്കുന്നതുകൊണ്ടും ശ്രദ്ധേയമായിത്തീർന്നു. 1928-ൽ നിർമ്മിച്ച ‘സർക്കസ്‌’, ചാപ്ലിൻ കോമഡിയുടെ പല സവിശേഷതകളും പ്രകടമാക്കുന്നുണ്ട്‌. നൃത്തവുമായി ചാപ്ലിന്റെ കോമഡിക്കുള്ള ബന്ധം ഏറെ പ്രകടമാക്കുന്ന ‘മോഡേൺ ടൈംസ്‌’ മുപ്പതുകളിലെ അമേരിക്കൻ യഥാർത്ഥ്യം ചിത്രീകരിക്കുന്നു. പട്ടിണിയും പണവും കേന്ദ്രപ്രമേയങ്ങളായി നിർമ്മിച്ച ഗോൾഡ്‌റഷ്‌, സിറ്റിലൈറ്റ്‌സ്‌ എന്നീ ചിത്രങ്ങളെകൂടാതെ ഹിറ്റ്‌ലറെ കളിയാക്കിക്കൊണ്ടും ചാപ്ലിൻ ഒരു ചിത്രം പൂർത്തിയാക്കി. ആദ്യമായി അദ്ദേഹം സംഭാഷണമുപയോഗിക്കുന്നത്‌ ഈ ചിത്രത്തിലാണ്‌. ട്രാജഡിയെ പ്രതിരോധിക്കാനുള്ള ഉപാധിയാണ്‌ പലപ്പോഴും ചാപ്ലിന്റെ നർമ്മബോധം. കാഴ്‌ചപ്പാടുകളോടൊപ്പം സിനിമ പകർന്നു നൽകുന്ന സന്ദേശങ്ങളെയും അവയർഹിക്കുന്ന രീതിയിൽ തന്നെ ബഹുമാനിക്കേണ്ടതുണ്ട്‌. എന്നോർമ്മിപ്പിക്കുന്നുണ്ട്‌ ചാപ്ലിനെക്കുറിച്ചുള്ള ലേഖനം.

ഐസൻസ്‌റ്റീൻ, കുറേസോവ എന്നിവരെപ്പോലെ ബെർഗ്‌മാനും തന്റെ ചിത്രങ്ങളിൽ മരണഭയത്തെ സ്‌പർശിക്കുന്നുണ്ട്‌. ഈ ഭയത്തിൽ നിന്നാണ്‌ കുറോസോവയുടേയും ബെർഗ്‌മാന്റെയും നായകന്മാർ ജീവിതത്തിന്റെ അനിവാര്യതയെ അന്വേഷിക്കാൻ തുടങ്ങുന്നത്‌. പൊതുവേ നോക്കിയാൽ മരണഭയത്തിന്റെയും മറ്റു പ്രമേയങ്ങൾ കൂടാതെ മറ്റു ചില ഘടകങ്ങൾ കൂടി ഈ സമാഹാരത്തിലെ പല ലേഖനങ്ങളെയും പരസ്‌പരംബന്ധപ്പെടുത്തുന്നുണ്ട്‌. കല എന്ന നിലയിൽ സിനിമയെ സമീപിക്കുന്ന കലാകാരന്റെ ദർശനവും സ്വീകരിക്കുന്ന സമ്പ്രാദായവും ഉള്ളിൽ സംഘർഷം ഉണ്ടാക്കുന്നുവെന്ന്‌ വരികൾക്കിടയിലൂടെ വായിക്കുന്ന അനുവാചകന്‌ ബോധ്യപ്പെടുന്നു. നല്ല സിനിമകൾ കാണുമ്പോൾ, വ്യത്യസ്‌ത നാടുകളിൽ, വിവിധ ഭാഷകളിൽ അവ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതും കൗതുകകരമായ കാഴ്‌ചയാണ്‌. ലോകക്ലാസിക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ നാഴികക്കല്ലുകളായിത്തീർന്ന സെവൻത്‌സീൽ, വൈൽഡ്‌സ്‌ട്രോബറീസ്‌, വിന്റർലൈറ്റ്‌ തുടങ്ങിയ ബെർഗ്‌മാൻ ചിത്രങ്ങൾ അത്ഭുതമുണർത്തുന്നതും അതുകൊണ്ടുതന്നെയാണ്‌.

ശക്തമായ ജീവിതാനുഭവങ്ങളേയും കെട്ടുറപ്പുള്ള പ്രമേയത്തേയും ഒരു കലാകാരൻ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്‌ തെളിവാകുന്നവയാണ്‌ ഡിസീക്കയുടെ ചലച്ചിത്രങ്ങൾ. മനുഷ്യന്റെ അടിസ്‌ഥാനപരമായ ജീവിതത്വരകളെ യുക്തിയോടുകൂടി വായിക്കാവുന്നതും അകമ്പുറങ്ങളെ വെളിവാക്കിക്കൊണ്ട്‌ സ്‌നേഹപൂർവ്വം മനസ്സിലാക്കാവുന്നതുമാണെന്ന യഥാർത്ഥ്യം ലേഖകൻ കണ്ടെടുക്കുന്നുണ്ട്‌. സാധാരണ മനുഷ്യരുടെ ഭിന്നമായ ജീവിതത്തിന്റെ അസ്വാഭാവികതകളിലൂടെയാണ്‌ ഡിസീക്കയുടെ ചിത്രങ്ങൾ സഞ്ചരിക്കുന്നത്‌. പക്ഷേ അവർക്കും ജീവിതത്തെക്കുറിച്ച്‌ ചിലത്‌ പങ്കുവെയ്‌ക്കുവാനുണ്ടാകും.

വ്യക്തിക്കും സമൂഹത്തിനും തന്റെ സിനിമയിൽ ഒരേ പ്രാധാന്യം നൽകിയ കുറോസോവ 1950ൽ നിർമ്മിച്ച ‘റാഷോമോൺ’ ഏറ്റവും നല്ല കുറോസോവ ചിത്രമായി പറയാറുണ്ട്‌. എന്നാൽ കുറേസോവയുടെ മിക്ക ചിത്രങ്ങൾക്കും ഇതേ പ്രസക്‌തി അവകാശപ്പെടുന്നതിൽ തെറ്റില്ല. ഇകിറു (1952), മാക്‌ബത്തിനെ അവലംബമാക്കിനിർമ്മിച്ച ത്രോൺ ഓഫ്‌ ബ്ലഡ്‌ (1957) എന്നീ ചിത്രങ്ങൾ ലോകക്ലാസിക്കുകൾക്കിടയിൽ പ്രഥമഗണനീയം തന്നെയാണ്‌. ഷേക്‌സ്‌പിയറിന്റെ ‘കിങ്ങ്‌’ ലിയറിനെ ആധാരമാക്കി ഇദ്ദേഹം നിർമ്മിച്ച ‘റാൻ’ മറ്റൊരു മികച്ച ചിത്രമത്രെ. ജീവിതസ്‌പർശിയായ ചിത്രങ്ങളുടെ ഗണത്തിൽ ‘സെവൻ സമുറായ്‌ മികച്ചു നിൽക്കുന്നു.

കുറോസോവാ ചിത്രങ്ങളുടെയെല്ലാം പൊതുധാര, സത്യവും മിഥ്യയും തമ്മിലുള്ള ഇടച്ചിലുകളാണ്‌. ’റാഷോമോൺ‘ തന്നെയാണ്‌ ഇതിന്റെ ഏറ്റവും മികച്ച ഉദാ​‍ാഹരണം. 18-​‍ാം നൂറ്റാണ്ടിൽ ജപ്പാന്റെ ഒരുൾപ്രദേശത്തിലെ വനാന്തരത്തിൽ വച്ച്‌ നടന്നതായി സങ്കൽപ്പിക്കപ്പെടുന്ന ഒരു നാടോടിക്കഥയാണ്‌ കുറേസോവയുടെ ഈ സിനിമയ്‌ക്കാധാരം. ഇതിന്റെ ഘടനയാണെങ്കിൽ ഒരു കഥയ്‌ക്കുള്ളിൽ മറ്റൊരുകഥ സന്നിവേശനം ചെയ്‌തമട്ടിലുള്ളതും. റാഷോമോണിനകത്തെ പ്രകൃതിയുടെ ചിത്രണം, വന്യമായ മനുഷ്യകാമനകൾ എന്നിവയെല്ലാം ചിത്രത്തെ സഹായിച്ച ഘടകങ്ങളാണ്‌. അത്യുക്തിയോ അതിഭാവുകത്വമോ ഇല്ലാതെ ആവിഷ്‌കാരത്തെ സാധുവാക്കുന്നതോടൊപ്പം താളാത്മകതനിലനിർത്താനും കുറേസോവയ്‌ക്ക്‌ കഴിഞ്ഞിരിക്കുന്നു എന്ന്‌ ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു.

നിറങ്ങളില്ലാത്ത ’പാതയുടെ സംഗീത‘ത്തിൽ പ്രകൃതിയും മനുഷ്യരും പരസ്‌പരം ഇഴചേർന്നു നിൽക്കുന്നു. ദീർഘനാളത്തെ ചലച്ചിത്രസപര്യങ്ങൾയ്‌ക്കിടയിൽ സത്യയജിത്‌റേ ഇരുപത്തഞ്ചോളം ഫീച്ചർ ചിത്രങ്ങളും അഞ്ച്‌ ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്‌. ചിഡിയാഖാന, പരസ്‌പഥർ, സോണാർ കെല്ല, കാപുരുഷ്‌ – ഓമഹാപുരുഷ്‌ തുടങ്ങിയ ചിത്രങ്ങളേക്കാൾ കലാമേന്മ കൈവരിച്ചവയാണ്‌ പിന്നീടുള്ളവ. വിവിധ ചലച്ചിത്രമേളകളിലായി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ പഥേർ പഞ്ചാലിയ്‌ക്കും അപരാജിതയ്‌ക്കും മാത്രമായി ഒരു ഡസനോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌.

കച്ചവട സിനിമയുടെ പൊലിമയ്‌ക്കും ശീലങ്ങൾക്കും എതിരെയായിരുന്നു എപ്പോഴും റേയുടെ ക്യാമറ. ഇന്ത്യൻ സിനിമയ്‌ക്ക്‌ പുതിയൊരു തിരക്കഥ എഴുതിച്ചേർക്കുന്നതിൽ മഹത്തായ സംഭാവനയാണ്‌ അദ്ദേഹം നൽകിയത്‌. തന്റെ ആദ്യസംരംഭം കൊണ്ടുതന്നെ ചലച്ചിത്രാസ്വാദകരിലും വിമർശകരിലും ഏറെ പ്രതീക്ഷകൾ ഉയർത്തുകയുണ്ടായി. പഥേർ പാഞ്ചാലി എന്ന ചലച്ചിത്രരചനകൊണ്ട്‌ ഇന്ത്യൻ സിനിമയ്‌ക്ക്‌ ലോക ചലച്ചിത്രവേദിയിൽ ഇടം നേടിക്കൊടുക്കുകമാത്രമല്ല, റെനയർ, ഗൊദാർദ്‌, ബർഗ്‌മാൻ, കുറേസോവ തുടങ്ങിയ സമുന്നതരായ പ്രതിഭകളുടെ നിരയിലേയ്‌ക്ക്‌ സ്വയമുയരുക കൂടി ചെയ്‌തു.

’ഇന്ത്യൻ സിനിമയുടെ രാജശില്‌പി‘യെന്ന്‌ പുകഴ്‌ത്തപ്പെട്ടപ്പോൾത്തന്നെ അദ്ദേഹത്തിന്റെ പരിമിതികളെ വെളിപ്പെടുത്തിക്കൊണ്ടും എഴുത്തുകൾ ഉണ്ടായിട്ടുണ്ട്‌ റേയുടെ ചിത്രങ്ങൾ കാണാനിടയായ പലവിദേശിയരെയും അവയിലെ വിരസവും സ്വച്ഛന്ദവുമായ മന്ദഗതി അലോസരപെടുത്തിയെന്ന്‌ മേരിസേറ്റൺ എഴുതിയിട്ടുണ്ട്‌. സാധാരണ സിനിമാ വിമർശനങ്ങളുടെ സ്വാഭാവികതയിൽ നിന്നുകൊണ്ട്‌ ഒരോയൊരു സത്യജിത്‌റേയുടെ കാഴ്‌ചപ്പാടുകളെ നിരീക്ഷിക്കുകയാണ്‌ ലേഖകൻ.

“എപ്പോഴും പരമ്പരാഗത മൂല്യങ്ങൾക്കെതിരെ കലഹിക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഓരോ സിനിമ കുണുമ്പോഴും നമുക്കനുഭവപ്പെടും. ”(പി.45) ഗൊദാർദിനെക്കുറിച്ചുള്ള ലേഖനം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ചുറ്റുകൾക്കുള്ളിലെ അച്ചടക്കങ്ങൾക്ക്‌ വഴങ്ങാതെ നിൽക്കുകയും പൊതുധാരണകൾക്ക്‌ എതിരായ ദിശാബോധം രൂപപ്പെടുത്തുകയും ചെയ്യുന്നവരെ സമൂഹവും വ്യവസ്‌ഥിതികളും ഭയപ്പെടും. അവരെ അകറ്റിനിർത്താൻ മുഖ്യധാരകൾ ശ്രമിക്കുകയും ചെയ്യും. പാരമ്പര്യമൂല്യങ്ങൾക്കെതിരെ കലഹിച്ച ചലച്ചിത്രപ്രതിഭയായി ഗൊദാർദിനെ തിരിച്ചറിയുമ്പോൾ ചലച്ചിത്രപ്രതിഭയുടെ അനുഭവലോകം സിനിമയുടെ ഭൂമികയിൽ പ്രാധാന്യമർഹിക്കുന്നു എന്ന ചിന്തയ്‌ക്ക്‌ ആക്കം കൂടുന്നു.

സ്‌ക്രീനിന്റെ വെള്ളിവെളിച്ചത്തിൽ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന കൗതുക കാഴ്‌ചകളിൽ നിന്ന്‌ എത്രയോ ഭിന്നമാണ്‌ ’ബാറ്റിൽഷിപ്പ്‌ പൊട്ടെൻകിൻ‘ എന്ന നിശ്ശബ്‌ദ സിനിമയെന്ന്‌ ഐസൻ സ്‌റ്റൈനെ പരിചയപ്പെടുത്തിക്കൊണ്ട്‌ ഗ്രന്ഥകർത്താവ്‌ സമർത്ഥിക്കുന്നുണ്ട്‌. ആധുനിക സിനിമയിലൊരിടത്തും കണ്ടുമുട്ടാനിടയില്ലാത്ത ഷോട്ടുകളാണ്‌ ആ സിനിമയിലുള്ളത്‌“. (പി. 54) എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സാമ്പ്രദായികമായ സിനിമാശീലങ്ങൾക്കപ്പുറം നിൽക്കുന്ന ആവിഷ്‌കാരമായിരുന്നു ഐസൻസ്‌റ്റീ​‍േൻത്‌. സംഘർഷങ്ങളും സന്നിഗ്‌ദ്ധതകളും കൂടിച്ചേർന്ന കാലാവസ്‌ഥ ഉൽപ്പന്നമായിരുന്നു. ’ബാറ്റിൽഷിപ്പ്‌ പൊട്ടെൻഷ്യൻ‘.

ചാപ്ലിനിൽ തുടങ്ങി ഐസൻസ്‌റ്റൈനിൽ അവസാനിക്കുന്ന ഏഴ്‌ ലേഖനങ്ങളിലൂടെ വർഷങ്ങളുടെ ഓർമ്മകളിൽ തെളിയുന്ന ക്ലാസ്സിക്കുകളെ ഓരോന്നായി അടർത്തിയെടുത്ത്‌ വിശദീകരിക്കുകയാണ്‌ ശ്രീ..ചന്ദ്രശേഖരൻ. ഈ ചിത്രങ്ങളിലൂടെ കടന്നു പോകുമ്പോൾ സംവേദനത്തിന്റെ ശക്തമായ കലാമാധ്യമമായ സിനിമയുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച്‌ വേവലാതിപ്പെടുന്ന ഒരു മനസ്സിനെ നമുക്കീ പുസ്‌തകത്താളുകളിൽ കാണാം. ചലച്ചിത്രകാരന്‌ നൽകാൻ കഴിയുന്ന ദൃശ്യഭാഷ്യത്തിന്റെ ഉൾക്കരുത്ത്‌ ചോർന്നു പോകാതെ, ആ വിജ്ഞാനവും ദർശനവും അതേപടി പകർന്നു നൽകാൻ ശ്രമിച്ചുകൊണ്ടാണ്‌ സിനിമയെ ഗൗരവപൂർവ്വം സമീപിക്കുന്ന മലയാളവായനക്കാരുടെ കൈകളിലേയ്‌ക്ക്‌ ഈ പുസ്‌തകൾ സമർപ്പിക്കപ്പെടുന്നത്‌.

Generated from archived content: essay1_jun4_09.html Author: vandhana_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here