ഗോദോയെക്കാത്ത്‌

ജീവിതത്തിന്റെ അർത്ഥമില്ലായ്‌മ, അസംബന്ധം എന്നിവയുടെ അസ്‌തിത്വവാദ ദർശനം പ്രകാശിപ്പിക്കുന്ന 1950 കളിലേയും 60 കളിലേയും നാടകസൃഷ്‌ടികളാണ്‌ അസംബന്ധനാടക പ്രസ്‌ഥാനത്തിന്റേത്‌. (ABSURD THEATER) ആർതർ അഡാമൊവ്‌, എഡ്വാർഡ്‌ ഓൽബി, സാമുവൽ ബെക്കറ്റ്‌, ഴാങ്ങ്‌ഷനേ, യൂജീൻയോണെസ്‌കോ, ഹാരോൾഡ്‌പിന്റർ തുടങ്ങിയ നാടകകൃത്തുക്കൾ പരമ്പരാഗത ഇതിവൃത്തങ്ങൾ ഇല്ലാതെതന്നെ അസംബന്ധനാടകങ്ങൾ രചിച്ചു. അവയിലെ കഥാപാത്രങ്ങൾ ഉദ്ദേശ്യരഹിതമായ, തുടങ്ങിയിടത്തുതന്നെ തിരിച്ചു വരുന്നതരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അലഞ്ഞുതിരിയുന്ന രണ്ടുപേർ ഒരു നിഗൂഢമനുഷ്യനെ കാത്തിരിക്കുന്നതിനെക്കുറിച്ച്‌ പറയുന്ന സാമുവൽ ബെക്കറ്റിന്റെ ‘ഗോദോത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്‌ (1953) ഈ വിഭാഗത്തിലുള്ള ഒരു കൃതിയാണ്‌.

ലോകവും മനുഷ്യനും തമ്മിൽ പൊരുത്തമില്ല എന്നതാണ്‌ അബ്‌സർഡിറ്റി യുടെ പ്രധാന ആശയം. ക്രമവും വ്യവസ്‌ഥയും മൂല്യവും വേണമെന്നുണ്ട്‌ മനുഷ്യന്‌ ഇവയെക്കുറിച്ചുള്ള പ്രതീക്ഷകളുമായിട്ടാണ്‌ അവൻ ജീവിക്കാൻ തുടങ്ങുന്നത്‌. ലോകത്തിൽ ഇതൊന്നുമില്ല. അങ്ങനെ ലോകവും മനുഷ്യനും തമ്മിൽ ഇടയുന്നു. താൻ ഈ ലോകത്തിൽ അന്യനാണെന്ന്‌ തോന്നുന്നു. അസ്‌തിത്വത്തിന്റെ ഫലമായി അന്യവൽക്കരണം സംഭവിക്കുന്നു. മാനുഷികമായ ക്രമത്തോടും വ്യവസ്‌ഥയോടും മൂല്യങ്ങളെക്കുറിച്ചുള്ള ക്രമത്തോടും കൂടി ജീവിക്കാൻ തുടങ്ങുന്ന മനുഷ്യനോട്‌ ഇതൊന്നുമില്ലാത്ത ലോകവും ഇടയാൻ തുടങ്ങുമ്പോഴാണ്‌ അന്യവൽക്കരണം അവന്‌ അനുഭവപ്പെടുന്നത്‌.

പണം, GOD, വിധി എന്നൊക്കെയാവാം ’ഗോഡോട്ട്‌‘ എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. അധികാരത്തെ നിയന്ത്രിക്കുന്ന ഏതോ ഒരു ശക്തിയെ നിരന്തരം കാത്തിരിക്കുന്ന രംഗങ്ങളാണ്‌ ’ഗോദോയേക്കാത്ത്‌‘ എന്ന നാടകത്തിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത്‌. പ്രധാന പ്രമേയം ഇതാണെങ്കിൽ കൂടി ഈ കാത്തിരിപ്പ്‌ പ്രത്യാശാജനകമല്ല. വ്‌ളാഡിമർ, എസ്‌ട്രഗൺ എന്നീ രണ്ട്‌ നായകൻമാരാണ്‌ ഗോദോയെക്കാത്തിരിക്കുന്നത്‌.

ലോകനാടകവേദിയിൽ ഷേക്‌സ്‌പിയറുടെ കഥാപാത്രങ്ങൾ അരങ്ങുതകർത്തു വാണിരുന്ന സമയത്താണ്‌ ഇത്തരമൊരു കഥാപാത്രങ്ങൾ നാടകവേദിയിൽ പ്രത്യക്ഷപ്പെടുന്നത്‌. നാടകം ആരംഭിക്കുമ്പോൾ വേദിയുടെ വിശാലമായ പരപ്പിൽ വ്‌ളാഡിമറും എസ്‌ട്രഗണും ഉണ്ട്‌. അതേക്കൂടാതെ ഒരു മരം മാത്രമാണ്‌ അരങ്ങിൽ കാണപ്പെടുന്നത്‌. കഥാപാത്രങ്ങൾക്ക്‌ നല്ല വേഷവിധാനങ്ങൾ പോലും ഇല്ല എന്നത്‌ ശ്രദ്ധേയമാണ്‌. കാലിൽ ധരിച്ചിരിക്കുന്ന ’ബൂട്ട്‌‘ തന്നെ കടിക്കുന്നു എന്നതാണ്‌ ഒരാളുടെ പ്രശ്‌നം. മറ്റേയാൾ നിർവ്വികാരനായി ഇരുന്ന്‌ മുള്ളങ്കി തിന്നുകയാണ്‌. വ്‌ളാഡിമർ ഒരു തത്വചിന്തകന്റെ ഭാവം പുലർത്തുമ്പോൾ എസ്‌ട്രഗൺ മണ്ണിനോട്‌ ചേർന്നു നിൽക്കുന്നു. ഇവരുടെ സംഭാഷണങ്ങളിൽ യാതൊരു വിധത്തിലുള്ള അനുസ്യൂതിയും ഇല്ല.

പിന്നീട്‌ രംഗവേദിയിലേയ്‌ക്ക്‌ ലക്കിയും പോസോയും കടന്നു വരുന്നു. ലക്കിയെ അടിമയാക്കി വെച്ചിരിക്കുന്ന പോസോ അധികാരത്തിന്റെ പ്രതിനിധിയാണ്‌. ഇവർ കടന്നു പോവുമ്പോഴും വ്‌ളാഡിമറും എസ്‌ട്രഗണും ഗോദോയ്‌ക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടരുന്നു. ഒരു പയ്യൻ കടന്നു വന്ന്‌ ഗോദോവരില്ലെന്ന്‌ അറിയിക്കുന്നു. രണ്ടാം രംഗത്തിന്റെ ആരംഭത്തിൽ ആദ്യം കണ്ട വൃക്ഷത്തിൽ രണ്ട്‌ ഇലകൾ വിരിഞ്ഞിരിക്കുന്നു എന്നതു മാത്രമാണ്‌ മുൻ രംഗത്തിൽ നിന്നുള്ള വ്യത്യാസം. വീണ്ടും കടന്നുവരുന്ന പോസോ അന്ധനാണ്‌. ലക്കിയ്‌ക്ക്‌ കുറേക്കൂടി അധികാരഭാവം കൈവന്നിരിക്കുന്നു. ഗോദോവരില്ലെന്ന അറിയിപ്പുമായി വീണ്ടും പയ്യൻ കടന്നു വരികയാണ്‌.

നാടകം തുടങ്ങുമ്പോൾ തന്നെ നാം കാണുന്നത്‌ അകർമ്മണ്യതയുടെ ലോകമാണ്‌. ബെക്കറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌, കർമ്മങ്ങളില്ലാത്ത ലോകമാണ്‌ പരസ്‌പരമുള്ള ചേർന്നിരുപ്പ്‌ കഥാപാത്രങ്ങളുടെ പ്രവൃത്തിയിൽ ഇല്ലാത്തതുകൊണ്ട്‌ കർമ്മം നിരർത്ഥകമാണ്‌. കഥാപാത്രങ്ങളുടെ പേരിൽത്തന്നെ പൊരുത്തക്കേടുകളുണ്ട്‌. വ്‌ളാഡിമർ എന്നത്‌ റഷ്യൻ നാമവും അതേസമയം എസ്‌ട്രഗൺ ഫ്രഞ്ച്‌ നാമധേയവുമാണ്‌. ഇതുരണ്ടും പ്രതീകാത്മകവുമാണ്‌. ഇന്ന്‌ ലോകത്തിൽ കാണുന്ന, സ്വത്വം നഷ്‌ടപ്പെട്ട്‌ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ പ്രതിനിധികളാണ്‌ ഇവർ. കാലസമയബോദ്ധ്യങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളേയും നിയമങ്ങളേയും തകർത്തുകളയുന്നതാണ്‌ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം. ജീവിതത്തിന്റേയും വാക്കുകൾ ഉൾപ്പെട്ട ജീവിതത്തിനു സഹായകമായ ഉപാധികളുടേയും നിഷ്‌ഫലതയാണ്‌ ഇതിലെ പ്രമേയം.

വ്‌ളാഡിമർ, ആലോചനാശീലവും തത്ത്വചിന്തയോട്‌ ആഭിമുഖ്യമുള്ളതുമായ കഥാപാത്രമാണെങ്കിൽ എസ്‌ട്രഗൺ ഭൂമിയിലേക്ക്‌ വേരുള്ളകഥാപാത്രമാണ്‌. എസ്‌ട്രഗൺ പോകാൻ തിടുക്കം കൂട്ടുകയും ഭക്ഷണത്തിനുവേണ്ടി ബഹളം വയ്‌ക്കുകയും ചെയ്യുമ്പോൾ വ്‌ളാഡിമർ തടസ്സപ്പെടുത്തുന്നു. എസ്‌ട്രഗണിന്റെ പൂരകത്വമാണ്‌ വ്‌ളാഡിമർ. മൂല്യമില്ലാത്ത മനുഷ്യാവസ്‌ഥയെക്കുറിക്കുന്ന ശരീരഭാഷ സമർത്ഥമായി ഇവിടെ ഉപയോഗിക്കുന്നുണ്ട്‌. എല്ലാത്തിനും അധിപതിയായ ഒരു ദൈവസങ്കല്‌പവുമായി ’പോസോ‘ യോജിച്ചുപോകുന്നുണ്ട്‌.“ നാടകത്തിൽ ’ബൈബിൾ‘ പലപ്പോഴും കടന്നുവരുന്നുണ്ട്‌. പക്ഷേ അത്‌ വിപരീതാർത്ഥത്തിലാണെന്നുമാത്രം. വ്‌ളാഡിമറാണ്‌ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്‌.

ഒന്നും ചെയ്യാനില്ലാഞ്ഞിട്ടും കാത്തിരിക്കുന്ന അവസ്‌ഥയാണ്‌ ഈ നാടകത്തിന്റെ കാതൽ. ഇരുവർക്കും കാത്തിരിക്കുന്ന വ്യക്തി ആരാണെന്നറിയില്ല. അപ്പോൾ അറിവില്ലായ്‌മയെയാണ്‌ കാത്തിരിക്കുന്നത്‌. കാത്തിരിക്കുന്നതിനെ തിരിച്ചറിയുമ്പോഴാണല്ലോ സാർത്ഥകത ഉണ്ടാവുന്നത്‌. അകർമ്മണ്യതയാണ്‌ നാടകത്തിന്റെ മുഖമുദ്ര. സുവിശേഷം പറയുന്നതുപോലും സമയം കളയുവാനാണ്‌. ജീവിതത്തിന്റെ പൊള്ളയായ ക്രമങ്ങളെ വിമർശിക്കുകയാണ്‌, ബെക്കറ്റ്‌ ഈ നാടകത്തിലൂടെ.

ജീവിതത്തിന്റെ അർത്ഥരാഹിത്യം തന്നെയാണ്‌ WAITING FOR GODOT വിൽ സാമുവൽ ബെക്കറ്റും എടുത്തുകാട്ടുന്നത്‌. ഭാഷയുടെ അപൂർണ്ണത, സംവാദത്തിനുള്ള വൈഷമ്യം, വിജ്ഞാനത്തിന്റെ പരിമിതി എന്നിവ മാത്രമല്ല ബെക്കറ്റിന്റെ ചിന്താവിഷയം. ’ഗോദോയെ കാത്തി‘ലെ കഥാപാത്രങ്ങൾ അനന്തമായി ഗോദോവിന്റെ വരവിനെ നോക്കിപ്പാർക്കയാണ്‌. ഗോദോ ഇന്നുവരും അല്ലെങ്കിൽ നാളെ. അദ്ദേഹത്തിന്റെ വരവിനെ ത്വരിതപ്പെടുത്താൻ ആരും ഒന്നും ചെയ്യുന്നില്ല. നാടകത്തിന്റെ അവസാനമെത്തുമ്പോഴേക്കും അനുവാചകൻ സന്ദേഹിക്കുന്നതു ഗോദോ എന്നൊരു കഥാപുരുഷൻ ഉണ്ടോ എന്നാണ്‌. എലിയറ്റിന്റെ WASTELAND, ജയിംസ്‌ ജോയിസിന്റെ ’ഉലീസസ്‌‘ എന്നിവയെപ്പോലെ വിശ്വസാഹിത്യത്തിൽ ഏറ്റവുമധികം ചർച്ചചെയ്യുപ്പെടുന്ന സാഹിത്യകൃതിയാണ്‌ ഗോദേയെകാത്ത്‌.

പരിമിതമായ ഇതിവൃത്തവും സംഭവങ്ങളുംകൊണ്ട്‌ ശ്രദ്ധേയമായ ഈ നാടകം അസംബന്ധ നാടകവേദിയെ പ്രതീകവത്‌കരിച്ചു. അസംബന്ധരചനകൾ തന്നെയായ ഇദ്ദേഹത്തിന്റെ പിൽക്കാലരചനകളും മനുഷ്യാസ്‌തിത്വത്തിന്റെ നിരാശയേയും നിഗൂഢതയെക്കുറിച്ചുള്ള ഹാസ്യാത്മകമായ പരിമിതസജ്ജീകാരണങ്ങളോടു കൂടിയതും ആയിരുന്നു. ഇതിൽ എൻഡ്‌ഗെയിം (1957), ക്രാപ്പസ്‌ലാസ്‌റ്റ്‌റ്റേപ്പ്‌ (1958), ഹാപ്പിഡേയ്‌സ്‌ (1961) എന്നിവ ഉൾപ്പെടുന്നു.

മനുഷ്യാവസ്ഥയുടെ പരിഹാസ്യതയ്‌ക്കുമേൽ വാദിക്കുന്നത്‌ അസംബന്ധ നാടകവേദി തിരസ്‌കരിച്ചിട്ടുണ്ട്‌. കവിതയുടേയും ഭാഷയുടെ മൂല്യച്യുതിയുടേയും നേരെ ഒരു ചായ്‌വ്‌ ഇവർ കാണിക്കുന്നു. അതായത്‌ ഭൗതികവും വസ്‌തുനിഷ്‌ഠവുമായ പ്രതിബിംബങ്ങൾ വേദിയിൽ ദൃശ്യമാക്കുന്നു. ആശയരൂപികരണത്തിൽ ഭാഷ ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ട്‌. പക്ഷേ വേദിയിൽ എന്തു സംഭവിക്കുന്നു എന്നത്‌ കഥാപാത്രങ്ങളുടെ സംഭാഷണത്തിന്‌ വിരുദ്ധവുമാകുന്നു.

സുനിശ്‌ചിതമായ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ പ്രവർത്തനത്തിന്‌ കഴിയുമ്പോൾ മാത്രമെ ആ പ്രവർത്തനത്തിന്‌ അർത്ഥമുള്ളു. ആധുനിക ലോകത്തിന്‌ സുനിശ്ചിതമായ ലക്ഷ്യമില്ല. അതിനാൽ പ്രവർത്തനങ്ങൾ വ്യർത്ഥമാണ്‌. ഈ വ്യർതഥതാബോധം ’അബ്‌സർഡിറ്റി‘ യുടെ അനുഭവതലമാണ്‌. ഈ ചിന്തയുടെ സന്നിവേശമാണ്‌ ബെക്കറ്റ്‌ നാടകത്തിലൂടെ സാധിച്ചത്‌.

സഹായഗ്രന്ഥങ്ങൾ

1. ഗോദോയെക്കാത്ത്‌ – സാമുവൽ ബക്കറ്റ്‌

2. ഉൾക്കാഴ്‌ചകൾ – ഡോ. ജാൻസി ജെയിംസ്‌

3. വിശ്വമഹാഗ്രന്ഥങ്ങൾ (4) – കേരളഭാഷാ ഇൻസ്‌റ്റിട്ട്യൂട്ട്‌

Generated from archived content: essay1_dec15_08.html Author: vandhana_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here