വീടു പണിയുമ്പോൾ എനിക്കറിയില്ലായിരുന്നു
ചോരയും വയസ്സും സ്വപ്നങ്ങളും
കുഴച്ചിട്ടല്ല പണിയേണ്ടതെന്ന്
അതിനാൽ ഗൃഹപ്രവേശം കഴിഞ്ഞതും
ഏണിക്കടയിൽ ഇഷ്‌ടദൈവങ്ങൾ
കുത്തിയിരിപ്പ് തുടങ്ങി.
തീൻമോശക്കുമുന്നിൽ
മലവിസർജ്ജനമുറി തുറന്നുകിടക്കുന്നു.
പോരായ്‌മകളുടെ കണ്ണീർ ശിശിരങ്ങൾ
വീട്ടിൽ പോക്കുവരവു തുടങ്ങി.
പെൺകുട്ടിയെ പ്രണയിക്കുമ്പോൾ
എനിക്കറിയില്ലായിരുന്നു
പെണ്ണുടലിനെയാണ് പ്രണയിക്കേണ്ടതെന്ന്.
ഒരു താലിയിൽ കുരുക്കിമുറുക്കാനും
ഒന്നിച്ചുറക്കാനും ചുംബിച്ചുണർത്താനും
കെൽപ്പറ്റുപോയതതിനാലാണ്.
കാലത്തിന്റെ മീനച്ചൂടെരിയുമ്പോൾ
പ്രായത്തുള്ളികളിറ്റിറ്റുവീണ്
നിറയുകയാണെന്നേ തോന്നിയുള്ളു.
ഒഴുകിപ്പോകുന്നെന്നറിഞ്ഞില്ല.
ഇതുവരെയൊന്ന് മരിച്ച് ശീലമില്ലാത്തതിനാൽ
പരിചിതമല്ലായിരുന്നു
പരലോകയാത്രവഴിത്താര
മൃതസാരമൊരളവറിഞ്ഞിരുന്നെങ്കിൽ
സ്വന്തമാക്കാമായിരുന്നു
തികച്ചു മികച്ച ഒരു മരണമെങ്കിലും……
Generated from archived content: poem1_april7_09.html Author: valsananchampeedika