ഒരു കിനാവൂരിന്റെ തിരുമുറ്റത്ത്
മൃതസന്ധ്യ ചിതയൊടുങ്ങുന്ന നേരം
കരയുവാനുടയോരാരുമില്ലാതെ
ഉയിരറ്റൊരു കുമാരൻ കിടപ്പൂ
കണ്ണിലടങ്ങാത്ത സ്വപ്‌നമുണ്ട്
തിരയടിക്കും തീവ്രരാഗമുണ്ട്
ചുണ്ടിലൊടുങ്ങാത്ത ചോപ്പുമുണ്ട്
നേർത്തൊരു സാന്ത്വനസ്മേരമുണ്ട്
ചാരത്തു ഞെട്ടറ്റ കൈകളൊന്നിൽ
ചോരക്കറയുള്ള കത്തിയുണ്ട്
വേറിട്ട കണ്‌ഠനാളത്തിലെങ്ങോ
വേദന വിങ്ങുന്ന തേങ്ങലുണ്ട്
മുങ്ങിക്കുളിച്ച് മുടിയുണക്കി
ചെമ്പട്ടരയിൽ തെറുത്തുടുത്ത്
മണ്ണിൽ വീണ് വലം മൂന്ന് വെച്ച്
മന്ത്രാക്ഷരം പോലവൻ കിടപ്പൂ
ആണായ് പിറന്ന നിയോഗമേറി
ആജ്ഞാനുസാരം ശിരസ്സുതാഴ്‌ത്തി
ആത്‌മബലിയേകി വീണതാകാം
ആരോകുരുതിയ്‌ക്കായ് നേർന്നതാകാം
ഇനിയെത്ര പേരീബലിക്കളത്തിൽ
നിണബലിയർപ്പിച്ചൊടുങ്ങിടേണം
ഇമചിമ്മി ശ്രീകോവിലറയിൽ വാഴും
പരദൈവമുണരാൻ; നടതുറക്കാൻ!
Generated from archived content: bali.html Author: valsananchampeedika
Click this button or press Ctrl+G to toggle between Malayalam and English