എന്റെ ക്രിസ്‌തുമസ്‌ ഓർമ്മകൾ

ജനിച്ചു വളർന്ന ഗ്രാമം. അന്ന്‌ ആധുനിക ഗൃഹോപകരണങ്ങളില്ലാതെ മനസ്സിലെ സ്‌നേഹം കൊണ്ട്‌ ഊർജ്ജം കൈവരിക്കുന്ന കാലം. അടുത്ത വീട്ടിലെ കർമ്മലിചേച്ചി വലിയ പൊതികളുമായി വീട്ടിൽ വരുമ്പോഴാണറിയുന്നത്‌ ഇന്ന്‌ ‘ക്രിസ്‌മസ്‌’ ആണെന്ന്‌. കേക്കും ബ്രഡ്‌ഡും ഇറച്ചിയും കൊതിയോടെ കഴിക്കുമ്പോഴും അറിയില്ല ക്രിസ്‌തുമസ്സ്‌ എന്താണെന്ന്‌. ആരും പറഞ്ഞു തരാറുമില്ല. കൂടുതൽ അന്വേഷിക്കാനും മുതിർന്നില്ല. യേശു ജനിച്ച ദിവസം എന്ന ശുഷ്‌ക്കമായ അറിവുമാത്രമേയുണ്ടായിരുന്നുളളു.

പിന്നീട്‌ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയായതിനുശേഷം, ധാരാളം ക്രിസ്‌തുമതവിശ്വാസികളുടെയിടയിൽ താമസിക്കാനിടവന്നപ്പോഴാണ്‌ “മനുഷ്യൻ ദൈവമാകാൻ വേണ്ടി ദൈവം മനുഷ്യനായവതരിച്ച ആ പുണ്യദിനമാണ്‌ ക്രിസ്‌തുമസ്സ്‌‘ എന്നു മനസ്സിലായത്‌.

ദൈവത്തെ ഏറ്റവും കൂടുതലനുസരിച്ച കന്യാമറിയം ദൈവഹിതത്തിന്റെ പവിത്രമായ പാത്രവും ദൈവീകമായ തീരുമാനത്തിന്റെ പരിശുദ്ധമായ പ്രതീകവുമായിരുന്നു. കവികൾ മറിയത്തിന്റെ പവിത്രതയെ പാടിപ്പുകഴ്‌ത്തിയിരുന്നത്‌ ഞാനേറെ വായിച്ചിട്ടുണ്ട്‌.

മറിയം പവിത്രതയാൽ ശക്തിപ്പെട്ടവളായിരുന്നു.

ലോകത്തിലെ ഏറ്റവും വിശിഷ്‌ടവിശുദ്ധ ജീസസിനെ പ്രസവിച്ചവളായിരുന്നു വിശുദ്ധ കന്യകയായ മറിയം.

മറിയം ആരിലും തിന്മ കാണാത്തവളായിരുന്നു.

പവിത്രത മറിയത്തിന്‌ ദൈവം കൊടുത്ത അധികാരമായിരുന്നു.

വിശുദ്ധിയുടെ പുണ്യദിനത്തെക്കുറിച്ചറിഞ്ഞപ്പോൾ ദൈവപുത്രനും കന്യാമറിയവും മനസ്സിൽ നിറഞ്ഞു. ഞാൻ ഉണ്ണിയേശുവിന്റെയും കന്യാമറിയത്തിന്റെയും കളിമൺ പ്രതിമയുണ്ടാക്കി. പുൽകൂടു കെട്ടി. പുൽത്തൊട്ടിയും സ്വർണ്ണനക്ഷത്രങ്ങളുമുണ്ടാക്കി അലങ്കരിച്ചു. ആളുകളേറെ കാണാൻ വന്നു. എനിക്കും ഭർത്താവിനും മകൾക്കും വേണ്ടി കേക്കും വൈനും, അപ്പവും അവർ കൊണ്ടുവന്നു. നല്ല സന്തോഷമുളള ക്രിസ്‌തുമസ്‌ ആസംശിക്കാനും അവർ മറന്നില്ല. ഒരു പ്രത്യേകത ഞങ്ങൾക്കു മനസ്സിലായത്‌, ധനവാനും ദരിദ്രനും പണ്ഡിതനും പാമരനും കൂട്ടായ്‌മയുടെ തണലിൽ നിന്നുകൊണ്ട്‌ ഉണ്ണിയേശുവിന്റെ ജനനത്തെ വരവേൽക്കുന്നു.

ഡിസംബർ 25. യേശുവിന്റെ ജനനസ്‌മരണയുടെ ആഘോഷദിനം വരികയാണ്‌. വിപണികൾ പൂത്തുലയുന്നു. നിറമുളള നക്ഷത്രവിളക്കുകളിൽ വെളിച്ചം നിറക്കാൻ മത്സരം. കാർഡുകളിൽ ആശയനിർഭരമായ ആശംസകൾ നിറക്കാൻ തിരക്കു കൂട്ടുന്നു. ബേക്കറികളിൽ കേക്കുകളുടെ നീണ്ട നിര. സമൂഹത്തിലെ സംഘർഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊന്നും ക്രിസ്‌തുമസിന്റെ വർണ്ണത്തിളക്കത്തിന്‌ കുറവു വരുത്തുന്നില്ല.

അദ്ധ്വാനിക്കുന്നവർക്കും പാപം ചുമക്കുന്നവർക്കും അത്താണിയുടെ പുതിയ അർത്ഥ കൽപ്പന നൽകി യേശു. ദാരിദ്ര്യത്തിനും രോഗങ്ങൾക്കുമെതിരെ ദൈവീകവും മാനുഷികവുമായ സാമീപ്യത്തിന്റെ കർമ്മഫലം സുവിശേഷിച്ചു. ശത്രുവിനെ സ്‌നേഹിക്കാനും വിട്ടുവീഴ്‌ചകളിലൂടെ സ്വീകരിക്കാനും കഴിയുമ്പോഴാണ്‌ സ്‌നേഹവും കരുണയും പ്രായോഗികമാകുന്നതെന്ന്‌ യേശു പറഞ്ഞു തന്നു. സമൂഹവും, ലോകം തന്നെയും ഇന്ന്‌ ഈ തത്വങ്ങളിൽ നിന്നും എത്രയുമകലെയാണ്‌.

Generated from archived content: nativeland1_dec22.html Author: valsala_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English