നവരാത്രി! ഒൻപതു പുണ്യദിനങ്ങൾ

അക്ഷരങ്ങളുടെ സൂര്യപ്രകാശത്തിലേക്ക്‌ കുഞ്ഞുങ്ങൾ പിച്ചവയ്‌ക്കുന്നു. അക്ഷരങ്ങൾ പൂക്കുന്ന സരസ്വതീസവിധങ്ങളിൽ ഉത്സവാഘോഷങ്ങളുടെ ശബ്‌ദകോലാഹലങ്ങൾക്കിടയിൽ കേൾക്കാം…

ഹരിശ്രീ ഗണപതായ നമഃ

ദുർഗ്ഗാപൂജയിലൂടെ സംസാരദുഃഖങ്ങളകറ്റി അറിവിന്റേയും ഐശ്വര്യത്തിന്റേയും ഊർജ്ജം അഥവാ ശക്തി ആർജ്ജിക്കുന്ന ഒരു പ്രക്രിയയാണ്‌ മനുഷ്യരാശിയിൽ നടമാടുന്നത്‌. ഊർജ്ജം എല്ലായിടത്തുമുണ്ട്‌. അതു നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയുകയില്ല എന്ന ശാസ്‌ത്രസിദ്ധാന്തം ഒന്നുവേറെ.

കന്നിമാസത്തിലെ തിരുവോണനാളിൽ സരസ്വതീക്ഷേത്രാങ്കണങ്ങളിൽ ആബാലവൃദ്ധ ജനങ്ങൾ, അമ്മയുടെ മുമ്പിൽ കുഞ്ഞുങ്ങളെന്നപോലെ തിരുമുറ്റത്തിരുന്ന്‌ ആദ്യാക്ഷരം കുറിക്കുന്നു.

ഹരിശ്രീ ഗണപതായ നമഃ അവിഘ്‌നമസ്തുഃ

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ദക്ഷിണ മൂകാംബികയെന്നറിയപ്പെടുന്ന പ്രസിദ്ധമായ സരസ്വതീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആയിരക്കണക്കിന്‌ കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കാനെത്തുന്നു. കുടജാദ്രിയിലെ വൈഷ്ണവദുർഗ്ഗ തന്നെയാണ്‌ ഇവിടത്തേയും പ്രതിഷ്‌ഠ. വെളുത്ത താമരയിൽ വെളുത്ത വസ്‌ത്രമുടുത്ത്‌ വെളുത്ത നിറത്തോടുകൂടിയ സരസ്വതിയുടെ വലത്തെ കൈകളിൽ ജപമാലയും വ്യാഖാനമുദ്രയും ഇടതുകൈകളിൽ ഗ്രന്ഥവും വെളുത്ത താമരയും എന്നാണ്‌ സങ്കല്പം. ശ്രീകോവിലിനു ചുറ്റും താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചതുരത്തിൽ ആഴമുളള കിണർ. ഈ കിണർ ഒരിക്കലും വറ്റുകയില്ലത്രെ!

ഒൻപതു രാത്രികൾ! ഒൻപതു പകലുകൾ! മഹാമായയുടെ മൂന്നു സ്വരൂപങ്ങളെ ആരാധിക്കുന്നതിനായി ഒൻപതു ദിനങ്ങളെ മുമ്മൂന്നായി ഭാഗിച്ചിരിക്കുന്നു.

ആദ്യ മൂന്നുദിനങ്ങളിൽ ശക്തി സ്വരൂപിണിയായ ദുർഗ്ഗയെയാണ്‌ ആരാധിക്കുന്നത്‌. ദുർഘടഘട്ടങ്ങളെ തരണം ചെയ്യാനുളള ശക്തി തരുകയും മനസ്സിലെ മാലിന്യങ്ങളകറ്റി നിഷ്‌ക്കളങ്ക മനസ്സായിത്തീരുകയും ചെയ്യുന്നതപ്പോഴാണ്‌.

അടുത്ത മൂന്നുദിവസങ്ങളിൽ ലക്ഷ്‌മീദേവിയെ പ്രീതിപ്പെടുത്തുന്ന പൂജകളാണ്‌. സമ്പത്‌സമൃദ്ധിയും ഐശ്വര്യവും വന്നുചേരുമെന്നു വിശ്വസിക്കുന്നു.

ഒടുവിലത്തെ മൂന്നുദിവസം സരസ്വതീദേവിയെയാണ്‌ പൂജിച്ചാരാധിക്കുക. ബുദ്ധിയുടെയും വിദ്യയുടെയും കലയുടെയും ദേവത.

ഈ മൂന്നു സ്വരൂപങ്ങളുടെയും അനുഗ്രഹാശിസ്സുകളില്ലാതെ മനുഷ്യരാശിയുടെ ജീവിതം ധന്യവും പൂർണ്ണവുമാവുകയില്ല.

മേൽപറഞ്ഞ ദക്ഷിണ മൂകാംബികയിൽ പ്രധാന നിവേദ്യം കഷായമാണ്‌. പ്രത്യേക വിധിപ്രകാരമുണ്ടാക്കുന്ന ഈ കഷായം ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഉത്തമമെന്ന്‌ പറയപ്പെടുന്നു.

മഞ്ഞുകാലത്തിന്റെ തുടക്കത്തിൽ ഭൗമാന്തരീക്ഷത്തിൽ കാതലായ മാറ്റങ്ങളാണുണ്ടാവുക. സൂര്യന്റെ പ്രഭാവത്തിനും വ്യതിയാനമുണ്ടാകുന്നു. ഇക്കാലത്താണ്‌ നവരാത്രി സമാഗതമാകുന്നത്‌. സൂര്യനെ പ്രദിക്ഷണം വയ്‌ക്കാനും സ്വയം ഭ്രമണം ചെയ്യാനും ഭൂമിയെ പ്രേരിതമാക്കുന്ന ഒരു തേജോശക്തിയാണെന്ന്‌ നമ്മൾ വിശ്വസിക്കുന്നു. ഋതു പരിണാമങ്ങൾക്കും അതുവഴി ഭൂമിയുടെ ഉർവരതയ്‌ക്കും കാരണമാകുന്ന ഈ ശക്തിയെ നാം നന്ദിപൂർവ്വം സ്‌മരിക്കുകകൂടിയാണ്‌ നവരാത്രിപോലുളള പൂജകർമ്മാദികളിലൂടെ നാം നിർവ്വഹിക്കുന്നത്‌. ഋതുക്കൾ മാറുമ്പോൾ നമ്മുടെ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന കാതലായ മാറ്റങ്ങൾ, ആ സമയത്ത്‌ നമ്മുടെ ശാരീരിക മാനസികതലങ്ങളെ സന്തുലിതാവസ്ഥയിൽ നിർത്താൻ ഈശ്വരശക്തിക്കേ കഴിയൂ. ഈ ചൈതന്യത്തോടുളള സമർപ്പണം കൂടിയാണ്‌ നമ്മുടെ നവരാത്രി പൂജകൾ.

Generated from archived content: essay_oct10_05.html Author: valsala_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here